പരീക്ഷാഭയം മാറ്റാം!
പരീക്ഷാഭയം മാറ്റാം!
പരീക്ഷയെന്നു കേൾക്കുമ്പോൾ പേടിച്ചു വിറയ്ക്കുകയും പ്രശ്നപരിഹാരത്തിനു പഴുതറിയാതെ വിഷാദത്തിലേക്കു വീഴുകയും ചെയ്ത ഒരു സാധു പെൺകുട്ടിയുടെ കേസ് ഇവിടെ പ്രതിപാദിക്കട്ടെ. പത്താം ക്ലാസിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ഈ കുട്ടിയുമായി മാതാപിതാക്കൾ എന്നെ കാണാൻ വരുമ്പോൾ തീവ്രദുഃഖത്തിലായിരുന്നു അവർ. കൺസൾട്ടേഷൻ റൂമിൽ കയറിവന്നപാടേ മാതാപിതാക്കൾ തിടുക്കത്തിൽ അവളുടെ മാനസികപ്രശ്നങ്ങൾ പറഞ്ഞു തുടങ്ങി:

സർ, ഇതു ഞങ്ങളുടെ മൂത്ത മകളാണ്. അവൾ ബുദ്ധിമതിയാണ്, നന്നായി പഠിക്കുന്നുണ്ട്. എന്നാൽ പരീക്ഷ അടുത്തുവരുന്തോറും അവൾക്കു വല്ലാത്ത പേടിയാണ്. ഏറെനാൾ കഷ്‌ടപ്പെട്ടു പഠിച്ച കാര്യങ്ങളെല്ലാം പരീക്ഷ അടുക്കുമ്പോഴേക്കും മറന്നുപോകുന്നു എന്നതാണ് അവളുടെ പ്രധാന പ്രശ്നം. പഠിക്കാൻ ശ്രദ്ധ കിട്ടുന്നില്ല. ചിന്തകൾ കൂടിവരുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിയുമോ എന്ന ചിന്തകാരണം നെഞ്ചിടിപ്പു കൂടുന്നു. കൈയും കാലും വിറയ്ക്കുന്നു. പരീക്ഷാഹാളിലേക്കു കയറിപ്പോകുന്നത് ഓർക്കുമ്പോൾതന്നെ തലകറക്കം തോന്നും. കൂടെക്കൂടെ ടോയ്ലറ്റിൽ പോകണമെന്നും തോന്നും. ഉള്ളംകൈയും ഉള്ളംകാലും തണുത്തുവിറങ്ങലിക്കും. അങ്ങനെ നീളുന്നൂ അവളുടെ പ്രശ്നങ്ങൾ... അതൊക്ക കേൾക്കുമ്പോൾ ഏറെ പ്രതീക്ഷയോടെ അവളെ പഠിപ്പിച്ചുകൊണ്ടുവരുന്ന ഞങ്ങളുടെ തലയിൽ ഇടിത്തീ വീഴുന്നതുപോലെ തോന്നും. നിനക്കു നല്ല തല്ലുകൊള്ളാത്തതിന്റെ അസുഖമാണെന്നും അഹങ്കാരമാണെന്നുമൊക്കെപ്പറഞ്ഞ് അവളുടെ അമ്മ അവളെ എപ്പോഴും കുറ്റപ്പെടുത്തി. പക്ഷേ അതുകൊണ്ടൊന്നും അവളുടെ പ്രശ്നത്തിനു പരിഹാരമായില്ല.

എന്തെങ്കിലും ശാരീരികഅസുഖമാണോ എന്നറിയാൻ ഞങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ഫിസിഷ്യനെ കാണിച്ചിരുന്നു. പരിശോധനകൾക്കുശേഷം അവൾക്കു യാതൊരു അസുഖവുമില്ലെന്നും ഇതു വെറും ടെൻഷനാണെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശിച്ചമനുസരിച്ച് ഒന്നുരണ്ടു കൗൺസിലർമാരെ കാണിച്ചു കൗൺസലിംഗ് നടത്തി. പക്ഷേ ഉദ്ദ്യേശിച്ച ഫലം കണ്ടില്ല. ഇതു പരീക്ഷയിൽനിന്നു രക്ഷപ്പെടാനുള്ള ഒരടവാണെന്നു തോന്നിയതിനാൽ ഞങ്ങൾ അവളെ വഴക്കുപറഞ്ഞു.

പരീക്ഷ വളരെ അടുത്തുവന്നിട്ടും പഠിക്കാതെ ഉറങ്ങുന്നതുകണ്ട് സങ്കടംകൊണ്ട് ഒരു ദിവസം ഞങ്ങൾ അവളെ വഴക്കുപറഞ്ഞപ്പോൾ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് അവൾ മുറിയിൽ കയറി ബ്ലേഡുകൊണ്ടു വെയിൻ കട്ട് ചെയ്യാൻ ശ്രമം നടത്തി. കാരണം തിരക്കിയപ്പോൾ തന്റെ വിഷമം ആരും മനസിലാക്കുന്നില്ലെന്നും താൻ മറ്റുളളവർക്ക് ഒരു ഭാരമാണെന്നും അതുകൊണ്ടു മരിക്കുന്നതാണു നല്ലതെന്നു തോന്നിയതായും അവൾ പറഞ്ഞു. അപ്പോൾ മാത്രമാണ് ഇത് എന്തോ മാനസികപ്രശ്നമാണെന്ന സംശയം ഞങ്ങൾക്കുണ്ടായത്. അതിൽപ്പിന്നെ ഞങ്ങളവളെ വഴക്കുപറയാറേയില്ല. ഇപ്പോൾ അവളുടെ ക്ലാസ് ടീച്ചറിന്റെ നിർബന്ധപ്രകാരമാണു ഞങ്ങൾ അങ്ങയെ കാണാൻ വന്നിരിക്കുന്നത്. ഇതു മാറ്റിയെടുക്കുന്നതിനു മനഃശാസ്ത്രത്തിൽ എന്തോ പുതിയ ചികിത്സയുണ്ടെന്നും അവളുടെ ചിന്തകൾ മാറ്റാൻ ഹിപ്നോട്ടിസംവഴി സാധിക്കുമെന്നും ടീച്ചർ ഞങ്ങളോടു പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും നശിച്ചിരുന്ന ഞങ്ങൾക്കു വലിയ ആശ്വാസമായി. അവളെ സൗഖ്യപ്പെടുത്തണമെന്ന് അപേക്ഷിച്ചമാതാപിതാക്കളെ പുറത്തിരുത്തിയശേഷം ആ കുട്ടിയുടെ മനോനിലയും വ്യക്‌തിത്വ തകരാറുകളും ഞാൻ ആഴത്തിൽ പഠിച്ചു.

ബാല്യകാലം മുതൽ വീട്ടിൽ നിലനിന്നിരുന്ന കലഹങ്ങൾ സൃഷ്‌ടിച്ച അരക്ഷിതബോധമാണ് അവളുടെ വ്യക്‌തിത്വത്തിൽ ഇത്രയേറെ തകരാറുണ്ടാക്കിയതെന്ന് എനിക്കു ബോധ്യമായി. സ്വന്തം ദാമ്പത്യജീവിതത്തിന്റെ അസംതൃപ്തി മുഴുവൻ അടിച്ചമർത്തി അവളുടെ അമ്മയുടെ ഈർഷ്യയും ദേഷ്യവുമെല്ലാം തന്റെ മകളിലേക്കു കുറ്റപ്പെടുത്തലായി പ്രവഹിച്ചപ്പോൾ നിസഹായയായി ഉത്കണ്ഠയിലും മറ്റും അഭയം തേടേണ്ടിവന്ന ആ സാധുപെൺകുട്ടിയുടെ വൈകാരികലോകം സംഘർഷഭൂമിയായി മാറിയതെങ്ങനെയെന്നു മനഃശാസ്ത്ര പരിശോധനകളിലൂടെ അറിയാൻ കഴിഞ്ഞു.


സമുദ്രത്തിലെ തിരമാലകൾപോലെ അവളുടെ മനസിൽ അലയടിക്കുന്ന ഉത്കണ്ഠകളെ അടക്കി വിശ്രാന്തിയുടെ ശാന്തതീരങ്ങളിലേക്ക് ആനയിക്കുന്നതിനു ക്ലിനിക്കൽ സൈക്കോളജിയിലെ വിപ്ലവാത്മക ചികിത്സയായ ബിഹേവിയർ തെറാപ്പിയും കംപ്യൂട്ടറൈസ്ഡ് ബയോ ഫീഡ്ബാക്ക് ടെക്നോളജിയും സമന്വയിപ്പിച്ച ചികിത്സ നല്കി. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തെറാപ്പി അവൾ നിരന്തരം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ സ്വച്ഛന്ത നാഡീവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളായ നെഞ്ചിടിപ്പും വിറയലുമെല്ലാം പടിപടിയായി കുറയ്ക്കാൻ കഴിഞ്ഞു. Thermistor കൈവിരലുകളിൽ ഘടിപ്പിച്ചുകൊണ്ടു കംപ്യൂട്ടർ സ്ക്രീനുകളിൽ തെളിഞ്ഞുവരുന്ന വൈകാരിക ഫീഡ് ബാക്കിനെ വേർതിരിച്ചു മനസിലാക്കി ടെൻഷൻ കുറയ്ക്കാൻ പരിശീലനം നല്കുന്ന ക്ലിനിക്കൽ സൈക്കോളജിയിലെ ടെമ്പറേച്ചർ ബയോ ഫീഡ് ബാക്ക് ഉപകരണത്തിന്റെ സഹായത്തോടെ അവളുടെ തണുത്ത കൈകളിൽ ചൂട് ഉയർത്താൻ കഴിഞ്ഞപ്പോൾ വിസ്മയം കലർന്ന സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടരുന്നത് ഈ മനശാസ്ത്രജ്‌ഞനു കൗതുകപൂർവം വീക്ഷിക്കാനായി.

നോക്കൂ! മനുഷ്യമനസിന്റെ ചിന്തകൾ മനുഷ്യരുടെ ജൈവഘടനയിൽവരെ വരുത്തുന്ന ന്യൂറോ പ്ലാസ്റ്റിക് വ്യതിയാനത്തിന്റെ മാസ്മരശക്‌തി എത്ര അദ്ഭുതകരമാണെന്ന്. അടിസ്‌ഥാന ഭയത്തിന്റെ തീവ്രതയും സങ്കീർണതയും നിർവാര്യമാക്കിയശേഷം സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ ചികിത്സയിലൂടെ അവളുടെ പരീക്ഷാഭയം പടിപടിയായി കുറയ്ക്കാൻ അനായാസം കഴിഞ്ഞു. ഇന്നവൾ ഉത്കണ്ഠയോടു വിടപറഞ്ഞു റിലാക്സേഷൻ നേടി പരീക്ഷയെ നേരിടുന്നു. വിജയകരമായി ജീവിതം അഭിമുഖീകരിക്കുന്നു.

പരീക്ഷ ഒരു പേടിസ്വപ്നമായി കരുതി ഉത്കണ്ഠയുടെ ലോകത്ത് സകല ഊർജവും നശിപ്പിച്ചു നിരാശരായി കഴിയുന്ന അനേകം യുവതീയുവാക്കൾ പ്രശ്നപരിഹാരത്തിന്റെ ശാസ്ത്രീയ വഴികളറിയാതെ നമുക്കുചുറ്റും നട്ടംതിരിയുന്നവരാണ്. അങ്ങനെയുള്ളവർ മനഃശാസ്ത്രത്തിൽ വേണ്ടത്ര ബിരുദമില്ലാത്ത വ്യാജ കൗൺസിലർമാരെ സമീപിച്ചു നിരാശയിൽ നിപതിക്കുന്നതായി അറിയുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ മഹത്തായ സംഭാവനയായ ബിഹേവിയർ തെറാപ്പിയിലൂടെ പരീക്ഷാഭയങ്ങളെയെല്ലാം പരിഹരിക്കാൻ അനായാസം സാധിക്കുമെന്ന് അങ്ങനെയുള്ളവർ അറിഞ്ഞിരിക്കണം. ടെൻഷൻ പെട്ടെന്നു കുറയ്ക്കാമെന്ന വ്യാമോഹത്തോടെ തലച്ചോറിലെ സെല്ലുകളിലേക്കു വിഷം കടത്തിവിട്ട് ചിന്തകളെ ഇല്ലാതാക്കുന്ന ഗുളികകൾ കഴിച്ച് പഠനപ്രക്രിയ അസാധ്യമാക്കുന്ന അനേകം വിദ്യാർഥികളും വൈകിമാത്രം ചികിത്സയ്ക്കു വന്നുചേരുന്നു. ഇത്തരം ഗുളികകൾ കഴിക്കുന്നവർ എലിയെ പേടിച്ച് ഇല്ലം ചുടുകയാണെന്ന് ഓർക്കുന്നതു നന്ന്.



ഡോ.ജോസഫ് ഐസക്,
അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി,മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഫോൺ നമ്പർ – 9847054817
***********
വിലാസം: മന:ശാസ്ത്രജ്ഞൻ, താര, 360–എ, കരുണാലയം ലെയിൻ, സെന്റ് ജോസഫ് സ്കൂളിനു സമീപം, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം
************
[email protected]