ഒപ്പംകൂടാം ന്യൂജനറേഷനൊപ്പം, ആഘോഷമാക്കാം രണ്ടാംബാല്യം (ഒക്ടോബർ 1 ലോക വയോജനദിനം)
ഒപ്പംകൂടാം ന്യൂജനറേഷനൊപ്പം, ആഘോഷമാക്കാം രണ്ടാംബാല്യം (ഒക്ടോബർ 1 ലോക വയോജനദിനം)
നാരുകളടങ്ങിയ ഭക്ഷണം, വ്യായാമം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അതുെ സഹായകം. ഡിപ്രഷൻ(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം.

* ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഊർജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു.

* നാരുകൾ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങൾ, കുറുക്കുകൾ, ബീൻസ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ നാരുകൾ ധാരാളം. ഇതു ഹൃദയരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും.

* മത്തി, നെത്തോലി, അയല പോലെയുളള മീനുകൾ കറിവച്ചു കഴിക്കുക. ചിക്കൻ പാകം ചെയ്യുന്നതിനു മുമ്പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും കുറയ്ക്കാൻ സഹായകം. കായികാദ്ധ്വാനമുളള പ്രവർത്തികളിലേർപ്പെടാത്തവർക്കു കുറവു കലോറി ഊർജം മതിയാകും.

* വിറ്റാമിൻ ഡി അടങ്ങിയ പാൽ, തൈര്, ഓറഞ്ച്, മീനെണ്ണ, വെണ്ണ തുടങ്ങിയവ കഴിക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക. പാലുത്പന്നങ്ങളിലെ കാത്സ്യവും വിറ്റാമിൻ ഡിയും എല്ലുകൾ ശക്‌തമാക്കും. ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ഡി സപ്ളിമെന്റുകൾ കഴിക്കുന്നതും ഗുണപ്രദം.

* വിറ്റാമിൻ ബി 12 അടങ്ങിയ ആഹാരം(മുട്ട, മീൻ, തൈര്, പാൽ...)കഴിക്കുക. 50 വയസിനുമേൽ പ്രായമുളളവരിൽ മതിയായ തോതിൽ ബി 12 ആഗിരണം ചെയ്യാനുളള കഴിവു കുറയുന്നു. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ബി 12 സപ്ളിമെന്റുകൾ കഴിക്കുന്നതും ഗുണപ്രദം.

* കൂടുതൽ കലോറി ഊർജമടങ്ങിയ വിഭവങ്ങൾ കുറച്ചു മാത്രം കഴിക്കുക. കേക്ക്, ചിപ്സ് ബേക്കറി വിഭവങ്ങൾ എന്നിവയുടെ അളവും കഴിക്കുന്ന തവണകളും കുറയ്ക്കുക.

* പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ബിപി എന്നിവയ്ക്കു ചികിത്സ സ്വീകരിക്കുന്നവർ ഭക്ഷണക്കാര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കണം. മരുന്നു കൃത്യസമയത്തു കഴിക്കണം. ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നു നിർത്തുകയോ അളവിൽ മാറ്റം വരുത്തുകയോ അരുത്. സ്വയം ചികിത്സ അപകടം.

* ശാരീരികപ്രശ്നങ്ങളില്ലാത്തവർ ആയാസരഹിതമായ ജോലികളിലേർപ്പെടണം. പച്ചക്കറിത്തോട്ട നിർമാണം, പൂന്തോട്ട നിർമാണം എന്നിവ പ്രായമായവരുടെ മനസിനും ശരീരത്തിനു ഉന്മേഷം പകരും. വാർധക്യം സായാഹ്നത്തിലെ വസന്തമാണ്. അതു തിരിച്ചറിയുക.

* പേരക്കുട്ടികളോടൊപ്പം കളിക്കാം. കുട്ടിക്കാലത്തെ നല്ല ഓർമകൾ പങ്കുവയ്ക്കാം. അവരുടെ കുഞ്ഞിക്കൈകൾ നിങ്ങളെ ബാല്യത്തിന്റെ നാട്ടുമാഞ്ചോട്ടിലെത്തിക്കും. ഓർമകൾ മധുരം കിനിയുന്ന നാട്ടുമാമ്പഴം പോലെ പൊഴിയും. അതു നല്കുന്ന മാനസിക ഊർജത്തിനു പകരം വയ്ക്കാൻ ഡോക്ടറുടെ മരുന്നിനോ സൈക്കോളജിസ്റ്റിന്റെ മന്ത്രത്തിനോ ആവില്ല. അവശതകൾ ശരീരത്തെ തളർത്തിയാലും ചുറുചുറുക്കുളള മനസിന് എവിടെ വാർധകം.

നടത്തം, സൗഹൃദം, കുടുംബ ഡോക്ടർ

പ്രമേഹം, ഹൃദയരോഗങ്ങൾ, കുടലിലെ കാൻ സർ എന്നിവയെ പ്രതിരോധിക്കുന്നതിന് ശാരീരിക പ്രവൃത്തികൾ സഹായകമെന്നു വിദഗ്ധർ.. എന്നാൽ ശാരീരിക പ്രയാസങ്ങൾ ഉളളവർ ശാരീരിക പ്രവർത്തികളിൽ (വ്യായാമം ഉൾപ്പെടെ) ഏർപ്പെടുന്നതു സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. ശ്വാസംമുട്ടൽ, ശരീരവേദന, ബോധക്കേട് തുടങ്ങിയവ അനുഭവപ്പെട്ടാൽ അതു കുടുംബ ഡോക്ടറുമായി പങ്കുവയ്ക്കുക.


ജോലിക്കിടെ വെളളം കുടിക്കുക. ചൂടുകാലത്തു ജോലി ചെയ്യുമ്പോൾ അയവുളള വേഷം ധരിക്കുക.
എന്നാൽ തണുപ്പുകാലത്ത് കമ്പിളി വസ്ത്രമോ സ്വെറ്ററോ ധരിക്കുക. വെയിലത്ത് നടക്കുമ്പോൾ സൺഗ്ലാസ് ധരിക്കുക.

* നടക്കാനിറങ്ങുമ്പോൾ സുഹൃത്തുക്കളെയോ കൊച്ചുമക്കളെയോ കൂടെക്കൂട്ടുക. ഒറ്റയ്ക്കുളള യാത്ര വേണ്ട. നടക്കുമ്പോൾ സൂക്ഷിക്കുക. നമ്മുടെ നാട്ടിലെ വാഹനങ്ങളുടെ ലക്കും ലഗാനുമില്ലാത്ത പോക്കും തെരുവു നായകളുടെ ഭീഷണിയും മറക്കരുത്. പ്രത്യേകിച്ചും പ്രഭാതസവാരിക്കിറങ്ങുമ്പോൾ അക്കാര്യം മനസിൽ വയ്ക്കുക. നടക്കാനിറങ്ങുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുക. അടുത്ത ബന്ധുക്കളുടെ നമ്പർ സേവ് ചെയ്്തു സൂക്ഷിക്കുക.

സന്ധികളുടെ അയവിനും വാതസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നടത്തം ഗുണപ്രദം. അത് എല്ലുകളുടെയും പേശികളുടെയും കരുത്തു കൂട്ടുന്നു. അസ്‌ഥികൾ പൊട്ടുന്നത് ഒഴിവാക്കാനും അഥവാ പൊട്ടിയാൽത്തന്നെ വേഗം സുഖം പ്രാപിക്കുന്നതിനും മിതമായ തോതിൽ ശാരീരിക പ്രവൃത്തികലിലേർപ്പെടുന്നതു സഹായിക്കും.

നടത്തം മനസിന്റെ ഭാരം കുറയ്ക്കുന്നു. ബിപിയും കൊളസ്ട്രോളും സാധാരണനിലയിൽ നിലനിർത്താൻ നടത്തം സഹായകം. അമിതഭാരം കുറയ്ക്കുന്നതിനും സഹായകം. ഹൃദയരോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനും ഇതു ഫലപ്രദം.

* മതിയാവോളം ഉറങ്ങുക.

* സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഫോണിലും സാമൂഹിക മാധ്യമങ്ങളിലും
സൗഹൃദം പുലർത്തുക.

* സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കു വഴികാട്ടിയാവുക.

* ആഴ്ചയിൽ കുറച്ചു മണിക്കൂറുകൾ കുട്ടികൾക്കു പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ സമയം ചെലവഴിക്കുക.

* തമാശ നിറഞ്ഞതും ചിരിക്കാൻ വകയുളളതുമായ ടിവി പരിപാടികൾ കാണുക. അത്തരം സിനിമകൾ ഇടയ്ക്കിടെ കാണുന്നതും ടെൻഷൻ അകറ്റാൻ സഹായകം.

* പാചകത്തിൽ താത്പര്യമുളളവർ ഇടയ്ക്കിടെ ചില പരീക്ഷണങ്ങൾക്കു മുതിരുക.

* ആവിയിൽ പാകം ചെയ്ത വിഭവങ്ങൾ കഴിക്കുക. നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്തുക.

* പാലും പാലുത്പന്നങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. (ഇക്കാര്യത്തിൽ ഡോക്ടറുടെ നിർദേശം പാലിക്കുക.) പാൽ പാട നീക്കി ഉപയോഗിക്കുക. പാലിലും പാലുത്പന്നങ്ങളിലും അടങ്ങിയ കാത്സ്യവും വിറ്റാമിൻ ഡിയും എല്ലിന്റെ കരുത്തു കൂട്ടുന്നു.

* പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം ഭക്ഷണക്രമത്തിൽ പാലിക്കുക.

* വിററാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശം കൂടാതെ കഴിക്കരുത്. പ്രായമാകുന്നതു തടയാനോ ഓർമശക്‌തി കൂട്ടാനോ ഗുളികയില്ല എന്ന സത്യം തിരിച്ചറിയുക. പരസ്യങ്ങളുടെ ചതിക്കുഴിയിൽ വീഴരുത്. ആരോഗ്യസംബന്ധമായ സംശയങ്ങൽ കുടുംബഡോക്ടറുമായി ചർച്ച ചെയ്തു പരിഹരിക്കുക.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്