കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പിക്കുവാൻ പത്തു മീറ്റർ മാത്രം ദൂരമുള്ള ഒരു തടിപ്പാലം. ഇരുവശങ്ങളിലും പൊന്തക്കാടുകൾ നിറഞ്ഞ ചെമ്മൺപാതയിൽ നിന്നുവേണം പാലത്തിലേക്കു കയറുവാൻ. പിന്നിടുന്ന ഒരോ ചുവടുവയ്പ്പിനും ഒരു യുഗങ്ങളുടെ ദൈർഘ്യം. കാലപ്പഴക്കത്താൽ ഞെരങ്ങുന്ന തടിപ്പാലത്തിൽ ഒരു ജനതയുടെ കുടിയിറക്കത്തിന്റെ ഓർമകൾ. ദ്രവിച്ചുതുടങ്ങിയ പാലത്തിൽ നിന്നും ഇറങ്ങുന്നത് കാലങ്ങളുടെ അതിജീവനത്തിൽ അനാഥരാക്കപ്പെട്ട ആറു കുടുംബങ്ങളുടെ ലോകത്തേക്കാണ്. അവിടേക്ക് വരുന്ന ഓരോ ആളുകളോടും കാവുങ്കൽ തുരുത്തിനു പറയാനുള്ളത് ഒരു തോൽവിയുടെ കഥയാണ്. കാടുകയറി അനാഥമാകാൻ പോകുന്ന 36 ഏക്കർ മണ്ണിന്റെ അവകാശികളുടെ കഥ.

<യ> ചരിത്രവും വെല്ലുവിളിയും

മൂന്നുവശങ്ങളിൽ കൈപ്പാടവും വടക്ക് മുള്ളൂൽ പുഴയും അതിരായ കാവുങ്കൽ തുരുത്തിൽ 1940 കളിലാണ് ജനവാസമാരംഭിച്ചത്. മുള്ളൂൽ പുഴ കയറിയിറങ്ങിയ നനഞ്ഞ മണ്ണിൽ പൊന്നുവിളയുമെന്നൊരു ചൊല്ല് അന്നേ നാട്ടിലുണ്ടായിരുന്നു. വിത്തുകളെറിഞ്ഞ് തിങ്ങിവളരുന്ന നെൽക്കതിരുകൾ കണ്ട് പഴമക്കാർ തുരുത്തിലേക്ക് കുടിലുകൾ കെട്ടിപ്പാർക്കുകയായിരുന്നു. ആറു കുടുംബങ്ങളായിരുന്നു ആദ്യകാലങ്ങളിൽ കാവുങ്കലിൽ വാസമുറപ്പിച്ചത്. കൃഷിക്കു പുറമേ മത്സ്യബന്ധനമായിരുന്നു തുരുത്തിലെ പ്രധാന ജീവനോപാധി. വെള്ളം കയറിയിറങ്ങുന്ന കൈപ്പാടങ്ങളും മുള്ളൂൽപ്പുഴയും കടന്ന് തുരുത്തിലെത്തണമെങ്കിൽ തോണിമാത്രമായിരുന്നു അന്ന് ഏകആശ്രയം. കാലങ്ങളോടും രോഗങ്ങളോടും പടപൊരുതി മുൻതലമുറ തങ്ങളുടെ ജീവിതം കാവുങ്കലിൽ കെട്ടിയുയർത്തി. മണ്ണിന്റ നന്മ തിരിച്ചറിഞ്ഞ് ആളുകൾ തുരുത്തിലെ 36 ഏക്കർ മണ്ണിലേക്ക് പിന്നെയും വന്നുകൊണ്ടിരുന്നു. അക്കാലങ്ങളിൽ തുരുത്തിൽ ഒരു വീട് പണിയുക എന്നതായിരുന്നു പഴമക്കാർ നേരിട്ട വെല്ലുവിളി.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ17മെ2.ഷുഴ മഹശഴി=ഹലളേ>

‘തുരുത്തിൽ ആളുകൾ കൂടുകയും കുടിലുകളിൽ സൗകര്യങ്ങൾ പോരാതെയും വന്നപ്പോഴാണ് നല്ലൊരു വീടിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചു തുടങ്ങിയത്. കരമാർഗം സാധനങ്ങൾ കൊണ്ടുവരിക എന്നത് തികച്ചും അപ്രായോഗികമായിരുന്നു. തോണിമാർഗം തന്നെ സാധനങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. വീടുപണിക്കുള്ള മണൽമുതൽ കതകും ജനലും വരെ പുഴകടത്തി തന്നെ കൊണ്ടുവരണമായിരുന്നു. മുള്ളൂലിൽ നിന്നും അരിയിൽ നിന്നും സാധനങ്ങൾ വാങ്ങി ചീനയെന്നു പേരുള്ള വലിയ തോണിയിൽ കെട്ടിയുറപ്പിച്ചാണ് തുരുത്തിലേക്ക് കൊണ്ടുവരുന്നത്. ഓരോ വീട് നിർമാണവും തുരുത്തിൽ ആഘോഷങ്ങളാണ്. തോണിയിൽ നിന്ന് നിർമാണ വസ്തുക്കൾ ഇറക്കുന്നത് മുതൽ ഗൃഹപ്രവേശനം വരെ തുരുത്തിലെ ഓരോ ആളുകളും വീട് നിർമാണത്തിൽ പങ്കാളികളായിരിക്കും. മേസ്തിരിപ്പണിക്കും ആശാരിപ്പണിക്കും പുറമേനിന്ന് ഒരാളുടെപോലും ആവശ്യം കാവുങ്കലിന് അന്നില്ലായിരുന്നു’. തുരുത്തിൽ അവശേഷിക്കുന്ന ജീവിതങ്ങളുടെ നേർസാക്ഷ്യമായി റിട്ട. ഹെഡ്മാസ്റ്ററായിരുന്ന എൻ. മാധവൻ(74) മാഷിന്റെ വാക്കുകൾ.

<യ> വളരുന്ന തലമുറകൾ

അതിരുകൾ തിരിച്ച് വീടുകൾ ഉയരുന്നതിനൊപ്പം പുതിയ തലമുറകളും അവിടെ വളർന്നുവന്നു. 1970 കളോടെ തുരുത്തിലെ ജനസംഖ്യ 200 കടന്നു. കാവുങ്കലിലെ ആളുകൾ കൃഷിയിലും മത്സ്യബന്ധനത്തിലും സന്തോഷം കണ്ടെത്തിയ അക്കാലത്താണ് അസംതൃപ്തിയുടെ അന്യതാബോധം ആദ്യം ജനിക്കുന്നത്. തങ്ങളുടെ 36 ഏക്കർ ലോകത്തിനു പുറത്ത് വികസനം കടന്നുവരുന്നത് അവർകണ്ടു. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയെല്ലാം എല്ലാ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി. പക്ഷെ നാടും നഗരവും കടന്നെത്തിയ എല്ലാ വികസനങ്ങളും തുരുത്തിനു മുന്നിൽ അന്യംനിൽക്കുകാണെന്ന സത്യം പതിയെയാണ് അവർ തിരിച്ചറിഞ്ഞത്.

<യ> ഉടലെടുക്കുന്ന നഷ്‌ടബോധങ്ങൾ

ചുറ്റുമുള്ള പ്രദേശങ്ങളിൽ വികസനം കടന്നുവന്നപ്പോൾ കാവുങ്കലിനു നഷ്‌ടമായത് തങ്ങളുടെ പരിമിതമായ സൗകര്യങ്ങളായിരുന്നു. തുരുത്തിലുണ്ടായിരുന്ന ഏക പലചരക്കു കടയാണ് തങ്ങളുടെ നഷ്‌ടകണക്കുകളിൽ ഒന്നാമതായുള്ളത്. 1962ൽ ഉണ്ടായിരുന്ന ചായപ്പീടിക പിന്നീട് പലചരക്കു പീടികയായി മാറുകയായിരുന്നു. പുഴകടക്കാതെതന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ ലഭിക്കുമെന്നതിനാൽ തുരുത്തിലുള്ള ആളുകൾക്ക് വലിയൊരു ആശ്രയം തന്നെയായിരുന്നു. കുറ്റിക്കോൽ പാലം മുതൽ പഴയങ്ങാടിവരെ അക്കാലങ്ങളിൽ ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അതിനാൽ പീടികയിലേക്കു വേണ്ടുന്ന സാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഇല്ലായിരുന്നു. വീടുകളിലേക്കു വേണ്ടുന്ന അരിയും ഉപ്പും തുടങ്ങി പച്ചക്കറികൾക്ക് വരെ ദിവസേന വന്നും പോയുമിരുന്നു. എന്നാൽ 1970–കളോടെ ചുറ്റുപാടും നിരവധി പാലങ്ങളും റോഡുകളും വന്നതോടെ ബോട്ട് സർവീസിന്റെ വരവും നിലച്ചു. ബോട്ടുകൾ വരാതായതോടെ യഥേഷ്‌ടം ലഭിച്ചിരുന്ന അവശ്യസാധനങ്ങൾക്ക് വലിയ ക്ഷാമം നേരിട്ടു. പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ എഴുപതുകളുടെ അവസാനത്തോടെ പലചരക്ക് പീടികയ്ക്ക് എന്നന്നേക്കുമായി പൂട്ട് വീണു.


<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ17മെ3.ഷുഴ മഹശഴി=ഹലളേ>

<യ> വളരുന്ന സ്വപ്നങ്ങൾ

പുറംലോകം തങ്ങളുടെ മുന്നിൽ വാതിൽ കൊട്ടിയടച്ച ആ കാലഘട്ടത്തിലാണ് നേർത്തതെങ്കിലും ചില വികസനപ്രതീക്ഷകൾ കാവുങ്കലിലേക്ക് വരുന്നത്. കരകളായ കരകളൊക്കെ ഉപ്പുവെള്ളത്താൽ വേലികെട്ടിയ കാവുങ്കൽ ചെമ്മീനുകളാലും കരിമീനുകളാലും സമ്പുഷ്‌ടമായ തുരുത്തായിരുന്നു. ചെമ്മീൻകൃഷിയുടെ വാണിജ്യസാധ്യതകൾ മുന്നിൽക്കണ്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഒരു ചെമ്മീൻകണ്ടി തുടങ്ങുവാൻ തീരുമാനിക്കുന്നത്. 1970 കളുടെ അവസാനത്തോടെ പഞ്ചായത്തും കർഷകസമിതിയും സംയുക്‌തമായി കാവുങ്കലിൽ ചെമ്മീൻകണ്ടിയുടെ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. അഞ്ചു വർഷങ്ങൾക്കൊണ്ട് ചെമ്മീൻകൃഷി ലാഭത്തിലേക്ക് കുതിച്ചുകയറി. കൂടുതൽ ലാഭങ്ങൾക്കും നേട്ടങ്ങൾക്കുമായി ചെമ്മീൻകണ്ടി 1975ൽ ലേലത്തിൽ വയ്ക്കുവാൻ സംയുക്‌തതീരുമാനമായി. പദ്ധതിപ്രകാരം ലേലത്തിൽ കിട്ടുന്ന തുകയുടെ 40 ശതമാനം പഞ്ചായത്തിനും 40 ശതമാനം കർഷകസമിതിക്കും 20 ശതമാനം തുരുത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും പരസ്പരധാരണയുണ്ടായി. ‘1,39,200 രൂപയാണ് ആദ്യ ചെമ്മീൻകണ്ടി ലേലത്തിൽ ലഭിച്ചത്. 80 ശതമാനം തുക പഞ്ചായത്തും കർഷക സമിതിയും പരസ്പരം വീതിച്ചെടുത്തെങ്കിലും തുരുത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നറിയിച്ച 20 ശതമാനം ലേലത്തുക നാളിതുവരെയായി വികസനമെന്നപേരിൽ തുരുത്തിലേക്ക് എത്തിച്ചേർന്നിട്ടില്ല. കണ്ടി ലേലത്തിനെടുത്തവർ സ്വകാര്യ ആവശ്യങ്ങൾക്കായി നിർമിച്ച നടവരമ്പും തടിപ്പാലവുമുള്ളതുകൊണ്ട് നടന്നിട്ടാണെങ്കിലും തുരുത്തിലെത്താമെന്ന സ്‌ഥിതി ഉണ്ടായി. പിന്നീട് വർഷങ്ങൾ 41 കഴിഞ്ഞെങ്കിലും വഴിയും ആശ്രയവും ഇതുതന്നെ’ –തുരുത്തിലുള്ള ഏക പോസ്റ്റ് ഗ്രാജ്യുവേറ്റായ എം. ഷാജി പറയുന്നു.

<യ> വെല്ലുവിളികൾ പിന്നേയും

1972 ൽ വൈദ്യുതിയും 1984 ൽ ഫോൺ കണക്ഷനും കാവുങ്കലിനു ലഭിച്ചു. പക്ഷെ തുരുത്തിലേക്ക് വരുവാൻ ദ്രവിച്ചുതുടങ്ങിയ ഒരു മരപ്പാലമല്ലാതെ മറ്റ് മാർഗമില്ലാതിരുന്ന അവസ്‌ഥ വികസനങ്ങളെയെല്ലാം പിറകോട്ടടിച്ചു. വികസനം കടന്നുവരാൻ മടിക്കുന്ന നാട്ടിലേക്ക് പുതിയ ബന്ധങ്ങൾ കൂട്ടിച്ചേർക്കാൻ ആളുകൾ മടിച്ചു. നിരവധി ആലോചനകളാണ് ചെളിവരമ്പിലൂടെ നടന്ന് കൈപ്പാടത്തിന്റെ വഴുക്കുന്ന മണ്ണിലൂടെ ഉയർത്തിപ്പിടിച്ച മുണ്ടും ഊരിപ്പിടിച്ച ചെരിപ്പുകളുമായി തിരിച്ചുപോയത്.

വിദ്യാഭ്യാസമായിരുന്നു കാവുങ്കൽ നേരിട്ട മറ്റൊരു വെല്ലുവിളി. മുള്ളൂൽപ്പുഴ കടന്നുള്ള എൽപി സ്കൂളും നാലു കിലോമീറ്റർ മാറിയുള്ള ചെറുകുന്ന് ഹൈസ്കൂളും മാത്രമായിരുന്നു വിദ്യാർഥികളുടെ ഏക ആശ്രയം. വരമ്പും പുഴയും കടന്നുപോകുന്ന കുട്ടികൾ തിരിച്ചെത്തുന്നതുവരെ ഓരോ അമ്മമാരുടേയും നെഞ്ചിൽ തീയായിരിക്കും. അസുഖങ്ങളോ അത്യാഹിതങ്ങളോ തുരുത്തിൽ സംഭവിച്ചാൽ ദുഷ്കരമായ യാത്രയായിരിക്കും ഫലം. തെന്നിത്തെറിച്ചു കിടക്കുന്ന വരമ്പിലൂടെ രോഗിയേയും എടുത്തുകൊണ്ട് തുരുത്തിനക്കരെയുള്ള പാടി വരെ ഓടണം. അവിടെനിന്നു വണ്ടി കിട്ടിയാൽ മാത്രം ചെറുകുന്ന് ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാം. മഴക്കാലത്തും പുഴയിൽ വെള്ളമുയരുമ്പോഴും രോഗിയെ സമയത്ത് എത്തിക്കുകയെന്നതാണ് ഏറ്റവും തീവ്രമായ ശ്രമം.

<യ> കൊഴിഞ്ഞുപോക്കുകൾ

കാവുങ്കൽ തുരുത്തിലെ തൂണോലി തറവാട്ടിൽ മാത്രം 50–ലധികം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. ഓണംപോലുള്ള വിശേഷദിവസങ്ങളിൽ പൂവിറുക്കാനും പൂക്കളമിടാനുമെല്ലാം തുരുത്തു നിറയെ കുട്ടികളുടെ ഓട്ടവും ബഹളവുമാണ്. തുരുത്തിലെ അവസാന തിരിതാഴ്ന്നാലും കുട്ടികളുടെ കളിചിരികൾ മുള്ളൂൽപ്പുഴയിൽ അലയടിച്ചുകൊണ്ടിരിക്കും. കാവുങ്കലിലെ ഏകപ്രതിഷ്ഠയായ തൊണ്ടച്ചൻ തെക്കുംപാടൻ കുടുംബക്ഷേത്രത്തിൽ കോലംകെട്ടിയാടുമ്പോൾ തെളിദീപത്തിനു മുന്നിൽ കൈകൂപ്പിനിൽക്കാൻ ഒരു നാട് മുഴുവൻ എത്തുമായിരുന്നു. പിന്നീട് വിദ്യാഭ്യാസവും കല്യാണാലോചനകളുമെല്ലാം പരിഹരിക്കാനാത്ത പ്രശ്നങ്ങളായി തുടർന്നപ്പോഴാണ് കൊഴിഞ്ഞുപോക്കുകളുടെ ആരംഭം തുടങ്ങുന്നത്.
പ്രാദേശിക ഭരണകൂടങ്ങൾ നിരന്തരമായി തുരുത്തിനെതിരേ വിവേചനം തുടർന്നപ്പോൾ കൊഴിഞ്ഞുപോക്ക് തുടർന്നുകൊണ്ടേയിരുന്നു. കാലങ്ങൾക്കിപ്പുറം കാവുങ്കൽ എന്ന ഗ്രാമം ആറ് കുടുംബങ്ങളിലേക്കായി ചുരുങ്ങി. അവശേഷിക്കുന്ന ആളുകൾ കത്തുകളും നിവേദനങ്ങളുമായി അധികാരത്തിന്റെ നടവഴികൾ പലതവണ കയറിയിറങ്ങി. മാറിമാറിവന്ന ഭരണകൂടങ്ങളിൽ പ്രതീക്ഷകൾ നഷ്‌ടപ്പെട്ടെങ്കിലും ആറുകുടുംബങ്ങൾ തങ്ങളുടെ പോരാട്ടം തുടരുകയാണ്. വൈകിയാണെങ്കിലും തങ്ങൾക്ക് നീതിലഭിക്കും എന്ന പ്രതീക്ഷയിൽ.

–<യ>അനു സെബാസ്റ്റ്യൻ