ഓണക്കാഴ്ചകൾ...
ഓണക്കാഴ്ചകൾ...
<യ> ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഉപ്പേരി നാലുവിധം. ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.

വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിേൾരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയു വറുക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ടിൽ പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിേൾരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.

<യ> ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജന്മിക്കല്ലെന്ന് മാത്രം. ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ചക്കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്‌തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കുന്നത്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്.


<യ> ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണ് ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശ്യം.

<യ> ഓണപ്പാട്ടുകൾ

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട് ഇങ്ങനെ:
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

<യ> ഓണച്ചൊല്ലുകൾ

ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം, ഉള്ളതുകൊണ്ട് ഓണം പോലെ’ എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.

തയാറാക്കിയത്: <യ> പ്രദീപ് ഗോപി