ആനന്ദസംഗീതം
ആനന്ദസംഗീതം
<യ> ടി.ജി.ബൈജുനാഥ്

’ആനന്ദ് മധുസൂദനൻ എന്ന പ്രോമിസിംഗ് ആയ മ്യൂസിക് ഡയറക്ടറെയാണ് ഈ പാട്ടുകളിലൂടെ മലയാളത്തിനു കിട്ടിയിരിക്കുന്നത്..’പാവയിലെ പാട്ടുകൾ കേട്ടവരൊക്കെയും നടൻ മുരളിഗോപിയുടെ വാക്കുകളോടു മനസു ചേർക്കുന്നു.

പാപ്പന്റെയും വർക്കിയുടെയും അനശ്വര സൗഹൃദത്തിന്റെ കഥപറയുന്ന പാ.വ ഫാമിലിഹിറ്റ്. അതിലെ നാടൻചന്തമുള്ള പാട്ടുകൾ മലയാളിയുടെ ഇടനെഞ്ചിൽ അലിഞ്ഞുനിൽക്കുന്നു. ‘പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചിൽ ബാന്റടി മേളം...’ ഭാവഗായകൻ പി. ജയചന്ദ്രന്റെ ചെറുപ്പംതുളുമ്പുന്ന സ്വരമധുരിമയെ ഒരിക്കൽക്കൂടി പ്രണമിച്ചു മലയാളത്തിന്റെ പാട്ടുമനസ്. ഒരിക്കലും വരികൾക്കു മേലെയാകുന്നില്ല പാ.വയിലെ സംഗീതം, വരികൾ വ്യക്‌തമായി കേൾക്കാം. കഥയിൽ അലിഞ്ഞുനിൽക്കുന്ന വരികളും സംഗീതവും– ഇതൊക്കെയാണു പാ.വയിലെ പാട്ടുകളുടെ പുതുമകളെന്ന് ആസ്വാദകർ. പാ.വയ്ക്കു പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയ യുവ സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ സംസാരിക്കുന്നു..

പാട്ടുപിറവിയുടെ രസനിമിഷങ്ങളെക്കുറിച്ച്.

‘‘സൗഹൃദത്തിന്റെ ഊഷ്മളതയിലാണു പാവയിലെ പാട്ടുകൾ വിടർന്നത്. സംവിധായകൻ സൂരജ് ടോം, തിരക്കഥയൊരുക്കിയ അജീഷ് തോമസ് എന്നിവരൊക്കെ സുഹൃത്തുക്കൾ. ഒരു കോട്ടയം കഥയാണു പാ.വ. കുടിയേറ്റ കർഷകരുടെ കൂടി കഥ. പശ്ചാത്തല സംഗീതം ചെയ്യണമെന്നായിരുന്നു എന്നോട് ആദ്യം പറഞ്ഞത്. അന്ന് അതിലെ ഗാനങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. എങ്കിലും കഥ മനസിലുണ്ടായിരുന്നതിനാൽ അതിലെ ചില സന്ദർഭങ്ങൾക്കു യോജ്യമായ ട്യൂണുകൾ ഒരുക്കിവച്ചു. അതിരമ്പുഴക്കാരൻ സിയാദ് മുഹമ്മദ് നിർമാതാവായി വന്നതോടെയാണ് പാട്ടുകൾ ഫിക്സായത്. ആദ്യം മൂന്നു പാട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. സിനിമ തീർന്നപ്പോഴേക്കും അത് ആറിലെത്തി.

പി.ജയചന്ദ്രനൊപ്പം ‘പൊടിമീശ മുളയ്ക്കണകാലം’

മുമ്പു ഞാൻ ഒരുക്കിയ ഈണം സന്തോഷ് വർമയെ കേൾപ്പിച്ചു. എന്നാൽ ട്യൂണില്ലാതെ എഴുതാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. തുടർന്നു ട്യൂണിനൊപ്പിച്ചും അല്ലാതെയും അദ്ദേഹം വരികളെഴുതി. അങ്ങനെ ഒരേ സ്വിറ്റേഷനു തന്നെ രണ്ടു പാട്ടുകളുണ്ടായി. ട്യൂണിട്ടിട്ട് എഴുതിയത്് എല്ലാവർക്കും ഇഷ്‌ടമായി. വരികളും ട്യൂണും ചേർന്നുവന്നു. അതാണ് ഇപ്പോൾ ഏറെ ഹിറ്റായി മാറിയ ‘പൊടിമീശ മുളയ്ക്കണ കാലം.’ സന്തോഷ് വർമയാണ് പി.ജയചന്ദ്രൻ സാറിന്റെ പേരുനിർദേശിച്ചത്. അദ്ദേഹം റിക്കാർഡിംഗിനു വന്നത് ഉച്ചയോടെയാണ്. പാട്ടു കേട്ടു കഴിഞ്ഞപ്പോൾ.. ‘ഇതു കൊള്ളാം, രാഘവൻ മാസ്റ്റർ ചെയ്തുവച്ചതുപോലെ ഒരു സ്വഭാവം ഇതിനുണ്ട്. ചിലപ്പോൾ അടുത്തവർഷം എനിക്കു കിട്ടുന്ന ഹിറ്റാവും ഇത്...’ അദ്ദേഹം പറഞ്ഞു. ഒട്ടും ദേഷ്യപ്പെടാതെ പ്രയാസങ്ങളൊന്നും പറയാതെ രണ്ടു മണിക്കൂറിലേറെ ഇരുന്ന് പാടി പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം ഭക്ഷണത്തിനു പോയത്. അദ്ദേഹത്തിനു ട്രാക്കു കേൾക്കുന്ന സ്വഭാവമില്ലാത്തതിനാൽ സ്റ്റുഡിയോയിലെത്തിയശേഷം ഞാൻ വരികൾ പറഞ്ഞുകൊടുക്കുകയായിരുന്നു. ഇടയ്ക്കു തന്റേതായ ചില ഇംപ്രോവൈസേഷൻ ചേർത്തോട്ടെ എന്ന് അദ്ദേഹം. ‘സാർ, എന്തു പാടിത്തന്നാലും ഞാൻ എടുക്കും. എന്റെ ട്യൂണിൽ പാടുന്നതിനൊപ്പം അങ്ങയുടെ ഇംപ്രോവൈസേഷനും വരട്ടെ. ഫൈനൽ എഡിറ്റിംഗിൽ എല്ലാ സംഭാവനകളും ഉണ്ടാവും ’– ഞാൻ പറഞ്ഞു. ഒരു പാട്ടിനെ ഫീലിന്റെ തലത്തിൽ എത്രത്തോളം മുകളിലേക്ക് എത്തിക്കാം എന്ന അനുഭവമാണ് അദ്ദേഹം തന്നത്. ‘കാണണമൊരു കുറി കാണണമെന്നൊരു തോന്നലു കൊണ്ടാണ്..’ എന്ന വരി ഇത്രമേൽ ഭംഗിയാക്കാനാകുമെന്ന് ഞാനറിഞ്ഞു. കംപോസ് ചെയ്തു വച്ചപ്പോൾ ഇത്രയും ഭംഗി എനിക്കു തോന്നിയിരുന്നില്ല. ജയചന്ദ്രൻസാർ അതിന്റെ ഭംഗി ഇരട്ടിയാക്കി തിരിച്ചുതന്നു.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ27സമ2.ഷുഴ മഹശഴി=ഹലളേ>

മുരളിഗോപി പാടിയ ‘ഇന്നു ഞാൻ പോകും’

മുരളിഗോപി പാടിയ ‘ഇന്നു ഞാൻ പോകും..’ പൂർണമായും കാരക്ടർ ബേസ് സോംഗാണ്. രചന റഫീക് അഹമ്മദ്. റഫീഖ് സാറിന്റെ തന്നെ ‘മരണമെത്തുന്ന നേരത്ത് നീയെന്നരികിൽ..’എന്ന പാട്ടൊക്കെ മുമ്പു കേട്ടിട്ടുള്ളതാണ്. ക്രിസ്ത്യൻ മരണാനന്തര ചടങ്ങിൽ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന പാട്ടുകളുടെ ഒരു സ്വഭാവത്തിലാവണം എന്നു നിർദേശിച്ചിരുന്നു. ഈ പാട്ടിനു താളമില്ല. താളജതിയില്ലാതെ പരുക്കൻ രീതിയിൽ. അധികം ഇൻസ്ട്രുമെന്റ്സ് ഉപയോഗിച്ചിട്ടില്ല. ഒരു പ്രഫഷണൽ ഗായകൻ പാടേണ്ട സ്വഭാവമായിരുന്നില്ല ആ ഗാനത്തിന്. ഒരു കാരക്ടറിനു പറയാനുള്ളത് എന്താണോ അത് അങ്ങനെ തന്നെ പാടിക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. സൂരജാണ് മുരളിഗോപിയെക്കൊണ്ടു പാടിക്കാം എന്ന നിർദേശം വച്ചത്. തുടക്കത്തിലെ വരി ഒരു ഡയലോഗു പോലെ പറഞ്ഞിട്ടാണ് പാട്ടിലേക്കു കടക്കുന്നത്. വരികളെഴുതിയ ശേഷം ട്യൂണിടുകയായിരുന്നു.

‘പാവയ്ക്കു ഭൂമിയിൽ എന്നും ബാല്യം’

‘പാവയ്ക്കു ഭൂമിയിൽ എന്നും ബാല്യം’ എന്ന പാട്ട് ടൈറ്റിൽ സോംഗായിട്ടാണ് റഫീക് സാർ എഴുതിയത്. എന്നാൽ, ഇപ്പോൾ ആ പാട്ടുള്ളതു ടൈറ്റിലിൽ അല്ല. സിനിമയുടെ റീറിക്കാർഡിംഗ് സമയത്താണ് ഒരു പ്രത്യേക സന്ദർഭത്തിലേക്ക് ആ പാട്ട് ഉപയോഗിക്കാമെന്നു സംവിധായകൻ തീരുമാനിച്ചത്. പിന്നീടാണ് പാട്ടിന്റെ റിക്കാർഡിംഗ് തന്നെ നടന്നത്. ആദ്യം റഫീക് സാർ വരികളെഴുതി. പിന്നീടു ഞാൻ ട്യൂൺ ചെയ്തു. മലയാളിക്കു മലയാളിത്തമുള്ള കാര്യങ്ങളോട് ഒരു എന്നും ഒരു പ്രത്യേക പ്രിയമുണ്ട്, എവിടെപ്പോയായാലും. അങ്ങനെയാണ് നാടൻ രീതിയിൽ ചിട്ടപ്പെടുത്താൻ തീരുമാനിച്ചത്. പഴയ ജനറേഷന്റെ പാട്ടുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ പാട്ടുപാടാൻ അനുയോജ്യമായ ശബ്ദം തന്നെ കിട്ടി. അങ്ങനെ സിതാരയുടെ ശബ്ദത്തിൽ ‘പാവയ്ക്കു ഭൂമിയിൽ എന്നും ബാല്യം’ എന്ന പാട്ടു പിറന്നു.


വിജയ് യേശുദാസും അപർണ ബാലമുരളിയും

വിജയ് യേശുദാസും ‘മഹേഷിന്റെ പ്രതികാരം’ ഫെയിം നടി അപർണ ബാലമുരളിയും ചേർന്നു പാടിയ ‘വിണ്ണിൽ തെളിയുന്ന മേഘമേ, മണ്ണിൽ മഴയായ് പൊഴിയുമോ’ എന്ന പാട്ട് ആദ്യം ചിത്രത്തിലുണ്ടായിരുന്നില്ല. ഷൂട്ടിംഗിനുശേഷം ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ ഒരു സ്വീകൻസ് ഓഫ് മൊണ്ടാഷിൽ തുടർച്ചയായി ഓർക്കസ്ട്രേഷൻ മാത്രമായി കാണപ്പെട്ടു. അതു വിരസമാകുമെന്നു തോന്നി. ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി ഒരു പാട്ട് വേണമെന്നു തോന്നി. പാട്ടെഴുതിയതു സുകു ദാമോദർ. മറ്റൊരു സിനിമയുടെ തിരക്കിനിടയിലും അപർണ തൃശൂരിലെത്തി. ലേറ്റ് നൈറ്റിലായിരുന്നു റിക്കോർഡിംഗ്. നാലു വരികൾ മാത്രമായിരുന്നു പാടാനുണ്ടായിരുന്നത്. കോറൽ പോർഷനിലാണ് പാട്ടു തുടങ്ങുന്നത്. സ്വർണ വിനയൻ, അന്ന ബേബി എന്നിവർ ചേർന്നാണ് കോറൽ ഭാഗം പാടിയത്. ഈ പാട്ടിന്റെ കുറച്ചു ഭാഗം ട്യൂണിനൊപ്പിച്ച് എഴുതുകയായിരുന്നു.

സ്വർണയുടെ സ്വരത്തിൽ ഒരു കോട്ടയം പാട്ട്
‘ദേ ഇതെന്നെടാ, ദോണ്ടേ വരുന്നെടാ...’എന്ന പാട്ട്

തനി കോട്ടയം ഭാഷയിലാണ് എഴുതിയിരിക്കുന്നത്. വരികളെഴുതിയതു ബി.കെ.ഹരിനാരായണൻ. ട്യൂണിനൊപ്പിച്ച് എഴുതുകയായിരുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ പാട്ടാണത്. നാടൻ സ്വഭാവമുണ്ട് വരികൾക്ക്. ആ പാട്ടാണ് ഇപ്പോൾ സിനിമയുടെ ടൈറ്റിൽ സോംഗായി വരുന്നത്. ക്യൂറിയോസിറ്റി ഉണർത്തുന്ന പാട്ടാണത്. ഒരുപാടു ചോദ്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. നിരവധി ആഡ് സോംഗുകളിൽ പാടിയിട്ടുള്ള സ്വർണ വിനയനാണ് ഈ പാട്ടുപാടിയത്.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ27സമ3.ഷുഴ മഹശഴി=ഹലളേ>

വീണ്ടും മിൻമിനി... കല്യാണം, കല്യാണം

സിനിമയിൽ കല്യാണ സ്വീകൻസിൽ വരുന്ന പാട്ടാണു ‘കല്യാണം, കല്യാണം..’ പള്ളിയിൽ സാധാരണ പാടുന്നതുപോലെ ഒരു പാട്ട്. സന്തോഷ് വർമയുടേതാണു വരികൾ. അതും എഴുതിയിട്ടു ട്യൂൺ ചെയ്തതാണ്. വളരെക്കാലത്തിനുശേഷം മിൻമിനിയുടെ ശബ്ദത്തിൽ ഒരു പാട്ടു വരികയാണ്. ‘ചിന്ന ചിന്ന ആസൈ’ ഇപ്പോഴും മനസിനെ പിന്തുടരുന്ന പാട്ടുകളിലൊന്നാണ്. മെയിൽ ട്രാക്ക് പാടിയതു നിതിൻ എന്ന പുതിയ പാട്ടുകാരൻ.

കഥ ഇതുവരെ

നാട് ഇരിങ്ങാലക്കുട. സിനിമാ ബാക്ക്ഗ്രൗണ്ട് ഒട്ടുംതന്നെ ഇല്ലായിരുന്നു. അച്ഛൻ റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ. ഞാൻ ആദ്യം പഠിച്ചതു ചെണ്ട. തായമ്പകയ്ക്കു കൊട്ടി നടന്നു പണം സ്വരൂപിച്ചു കീ ബോർഡ് വാങ്ങി. സ്വന്തം കാലിൽ നിൽക്കാൻ അച്ഛനാണു പ്രേരിപ്പിച്ചത്. കലാമണ്ഡലം ശിവദാസ് ചെണ്ടയിലും രാജു തോമസ് ഗിറ്റാറിലും ഗുരുക്കന്മാർ. കീബോർഡ് സ്വയം പഠിച്ചെടുത്തു. ചെണ്ടയുടെ ബാക്ക്ഗ്രൗണ്ട് ഉള്ളതിനാൽ ഇടയ്ക്ക വായിക്കാൻ തുടങ്ങി. 15 വയസോടെ ദൂരദർശൻ, ആകാശവാണി നാഷണൽ പരിപാടികളിൽ ഇടയ്ക്ക, ഡ്രംസ് വായിച്ചു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ ഗൾഫ് ടൂറിൽ സോളോ പെർഫോമൻസ്, ഇടയ്ക്കയിൽ. സ്കൂൾവിദ്യാഭ്യാസത്തിനുശേഷം സൗണ്ട് എൻജിനീയറിംഗ് ഡിപ്ലോമയ്ക്കു ചേർന്നു, ചെന്നൈ സ്കൂൾ ഓഫ് ഓഡിയോ എൻജിനിയറിംഗിൽ. എഴാം ക്ലാസ് കഴിഞ്ഞപ്പോഴേ സംഗീത സംവിധായകനാകണമെന്നു തീരുമാനിച്ചിരുന്നു. സാങ്കേതിക പരിജ്‌ഞാനത്തിനാണു സൗണ്ട് എൻജിനിയറിംഗ് പഠിച്ചത്. തിരിച്ചുവന്നു കുറച്ചുകാലം തൃശൂർ റെഡ് എഫ്എമ്മിൽ. ആറു മാസത്തിനുശേഷം ആ ജോലി വിട്ടു. ലക്ഷ്യം സംഗീതസംവിധാനം തന്നെയായിരുന്നു. പരസ്യങ്ങളും ജിംഗിളുകളുമായി കുറേക്കാലം. രഞ്ജിത് ശങ്കറിന്റെ ‘മേയ് ഫ്ളവർ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യം സംഗീതം ചെയ്തത്. പക്ഷേ, ആ സിനിമ പുറത്തിറങ്ങിയില്ല. തുടർന്ന് അദ്ദേഹം ചെയ്ത സിനിമയാണു മോളി ആന്റി റോക്സ്. അതിലാണ് ഓപ്പണിംഗ്. തുടർന്നു വീപ്പിംഗ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, മലേറ്റം(കുട്ടികളുടെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു). അതിലൊക്കെ പാട്ടുകൾ കുറവായിരുന്നു. വീപ്പിംഗ് ബോയിയിലെ രണ്ടു പാട്ടുകളും ഹിറ്റ് ചാർട്ടിലായിരുന്നു. നജീമും സിതാരയും ചേർന്നു പാടിയ ഒരു ഗാനവും സൂര്യടിവി റിയാലിറ്റിഷോയിലൂടെ വന്ന ശ്രേയ എന്ന കൊച്ചു ഗായിക പാടിയ മറ്റൊരു ഗാനവും. ശ്രേയയുടെ സിനിമയിലെ ആദ്യത്തെ പാട്ട് അതായിരുന്നു. അഞ്ചാമത്തെ പടമാണു പാ.വ. ഇത്രയധികം പാട്ടുകളുള്ള സിനിമ ആദ്യമായാണു ചെയ്യുന്നത്.

അടുത്ത പടം ‘പ്രേതം’

രഞ്്ജിത് ശങ്കർ– ജയസൂര്യ ടീമിന്റെ പ്രേതത്തിനു പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കി. റീലീസ് ഓഗസ്റ്റ് 12ന്. അതിൽ ഒരു പാട്ടാണുള്ളത്. അത് അടുത്തുതന്നെ യൂ ട്യൂബിലെത്തും. ചിത്രത്തിന്റെ ട്രയിലറുകളുടെ സംഗീതത്തിനും നല്ല അഭിപ്രായമാണു കിട്ടുന്നത്.’