നോമ്പുതുറ ജോറാക്കാൻ കോയിക്കോട്ടേക്ക് പോന്നോളീ...
നോമ്പുതുറ ജോറാക്കാൻ കോയിക്കോട്ടേക്ക് പോന്നോളീ...
നോമ്പുതുറയ്ക്ക് പുതിയ രുചിഭേദങ്ങൾ ഒരുക്കുകയാണ് കോഴിക്കോട്ടെ ചെറുപ്പക്കാർ. മലബാറിന്റെ തനിനാടൻ വിഭവങ്ങളെ കോഴിക്കോടൻ ഭാഷയുടെ എണ്ണയിൽ മുക്കിയെടുത്ത് പുതിയ പേരും രുചിയും നൽകിയാണിവർ നോമ്പിനെ വരവേൽക്കുന്നത്. മുൻകാലങ്ങളിൽ നോമ്പ് തുറക്കാനായി ഒരുക്കിയിരുന്ന വിഭവങ്ങളെ പാടെ മാറ്റാതെയാണ് അടിപൊളി നോമ്പുതുറ ഇന്ന് കോഴിക്കോട്ട് കണ്ടുവരുന്നത്. പഴമയുടെ രുചിഭേദങ്ങളെ ഒട്ടും കുറയ്ക്കാതെ പുത്തൻ സ്വാദിന്റെ രുചിക്കൂട്ടാണ് നോമ്പുതുറയ്ക്കായി വിവിധ ഹോട്ടലുകളിലും നോമ്പുതുറ സ്പെഷൽ കടകളിലും ഒരുക്കുന്നത്.

തനതു സ്വാദിന് വലിയ മാറ്റം വരുത്താതെ തയാറാക്കുന്ന വിഭവങ്ങൾക്കായി ന്യുജനറേഷൻ തലമുറ മാത്രമല്ല പ്രായമായവരും ഓടിയെത്തുന്നുണ്ട്. നോമ്പുതുറയുടെ അനിവാര്യ വിഭവങ്ങളായ ഇറച്ചിപ്പത്തിരി, തുർക്കിപ്പത്തിരി, പഴം നിറച്ചത്, തരിക്കഞ്ഞി തുടങ്ങിയ വിഭവങ്ങളെ പുതിയ പേരിൽ അവതരിപ്പിച്ച് ഭക്ഷണപ്രേമികളെ ആകർഷിക്കുകയാണിവർ. പേരിനൊപ്പം സ്വാദിലും ചെറിയ മാറ്റം വരുത്തിയാണ് ഇത്തരം വിഭവങ്ങൾ തയാറാക്കുന്നത്. ഇവയെ ചിലർ ‘ഒയിവാക്കാനാവാത്ത നോമ്പുതുറ കടികൾ’ എന്നും വിശേഷിപ്പിക്കുന്നു.

നോമ്പുതുറയ്ക്ക് അനിവാര്യമായ ചട്ടിപ്പത്തിരി, ഉന്നക്കായ, പഴംനിറച്ചത് തുടങ്ങിയ വിഭവങ്ങളെയാണ് ‘ഒയിവാക്കാനാകാത്ത കടി’കളായി ഇവർ വിശേഷിപ്പിക്കുന്നത്. ഇത്തരം പലഹാരങ്ങൾ ഏത് ന്യൂ ജെൻ നോമ്പുതുറ കടയിലും ലഭിക്കാറുമുണ്ട്. എന്നാൽ ഇതിന്റെ പേരുകൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തുർക്കിപ്പത്തിരി ‘അന്തംവിട്ട അപ്പം’ ആയി മാറുമ്പോൾ പഴം നിറച്ചത് ‘കീറിമുറിച്ച വായക്ക’യായി മാറുന്നു. തരിക്കഞ്ഞി ‘മെജമെജ തരിക്കഞ്ഞി’യായി വിപണിയിലെത്തുമ്പോൾ ‘തെക്കേപ്പുറം സ്വീറ്റ് സാൻവിച്ചാ’യി സാക്ഷാൽ ചട്ടിപ്പത്തിരി നോമ്പുകാരെ ആകർഷിക്കുന്നു.

ദുനിയാവിലെ ചിക്കൻ, പത്തിരിയും കൂട്ടരും, പലജാതി കൂട്ടാൻ എന്നിവയായും നിരവധി വിഭവങ്ങൾ നോമ്പ് തുറക്കാനായി വൈകുന്നേരങ്ങളിൽ കടകളിലെ ചില്ലുകൂട്ടിൽ എത്തുന്നു. പഴമയുടെ സ്വാദിനെ പുതിയ പേരിൽ ചെറിയ രുചിവ്യത്യാസത്തോടെ തയാറാക്കുമ്പോൾ ഇതിന് ജനപ്രീതിയും വർധിക്കുന്നതായാണ് കോഴിക്കോട്ടെ നോമ്പുതുറ കാഴ്ചകൾ വ്യക്‌തമാക്കുന്നത്. നോമ്പുകാലത്ത് മാത്രം തുറക്കുന്ന ഇത്തരം കടകളിൽ വൈകുന്നേരങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. പലഹാരങ്ങൾ മിക്കതും രാത്രി ഏഴോടെ തന്നെ ഭൂരിഭാഗം കടകളിലും തീർന്നിരിക്കും. ചില കടകളിൽ രാത്രി വരെ ഡൈനിംഗ് ഉള്ളതിനാൽ പലഹാരങ്ങൾ തീരുന്നതിന് അനുസരിച്ച് ഉണ്ടാക്കാറുമുണ്ട്.


<ശാഴ െൃര=/ളലമേൗൃല/െുലരശമഹബളീീറബ062116.ഷുഴ മഹശഴി=ഹലളേ>

പ്രായമായവർ മുതൽ കുട്ടികൾവരെ നോമ്പുതുറ സ്പെഷൽ കടകളിലെത്തി വിഭവങ്ങൾ രുചിച്ച് അഭിപ്രായം പങ്കുവയ്ക്കുന്നതു കോഴിക്കോട്ടെ പതിവാണ്. നോമ്പിന്റെ ആദ്യദിനങ്ങളിൽ തന്നെ വിഭവങ്ങൾ രുചിച്ചു നോക്കാൻ ദുരസ്‌ഥലങ്ങളിൽ നിന്നുപോലും ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. ബീച്ച് പരിസരത്താണ് ഇത്തരം കടകൾ വൈകുന്നേരങ്ങളിൽ സജീവമാകുന്നത്. ഉച്ചയോടെ തന്നെ ഇവർ പലഹാരത്തിനുള്ള കൂട്ടൊരുക്കി തുടങ്ങും. നോമ്പ് തുറക്കാനുള്ള സമയമാകുമ്പോഴേക്കും മിക്ക വിഭവങ്ങളും കടകളിലെ കണ്ണാടിക്കൂട്ടിൽ കയറിയിരിക്കും. നാവിൽ കൊതിയൂറുന്ന തരത്തിലുള്ള നറുമണം ബീച്ചിലെ കാറ്റിൽ പരക്കുന്നതോടെ കടകളിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്യും. നോമ്പ് തുറക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ തന്നെ കടകൾ തിരക്കിലമരും. ദിനംപ്രതി ഒരോ വിഭവങ്ങൾ രുചിക്കാനായി എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.

എന്നാൽ വിഭവങ്ങൾ തയാറാക്കുന്നത് കോഴിക്കോട്ടുകാർ മാത്രമല്ല. ചില കടകളിൽ അന്യസംസ്‌ഥാന തൊഴിലാളികളാണ് വ്യത്യസ്ത വിഭവങ്ങൾ തയാറാക്കുന്നത്. തലശേരിയിൽ നിന്നുള്ള സംഘങ്ങളും ഇത്തരം കടകളിൽ പലഹാരവും ഭക്ഷണവും പാകം ചെയ്യാനെത്തിയിട്ടുണ്ട്. നോമ്പുതുറ വിഭവങ്ങൾ മാത്രം പാകം ചെയ്യിക്കാനാണ് ഹോട്ടലുകാരും നോമ്പുതുറ സ്പെഷൽ കടക്കാരും തലശേരിയിൽ നിന്നുള്ളവരെ കോഴിക്കോട്ടെത്തിച്ചത്. ഇവരുടെ കരങ്ങൾ തീർത്തെടുക്കുന്ന തേങ്ങാപ്പുട്ട്, ഇറച്ചിപ്പുട്ട് തുടങ്ങിയവയ്ക്കും ആവശ്യക്കാർ എറെയെത്തുന്നുണ്ട്.

അതേസമയം, പരമ്പരാഗത രീതിയിലെ നോമ്പുതുറ വിഭവങ്ങൾക്കും കോഴിക്കോട്ട് ഡിമാൻഡ് കുറഞ്ഞിട്ടില്ല. സമൂസ, കട്ലറ്റ്, മുട്ടമാല എന്നിവയ്ക്കും ജനങ്ങൾ ഏറെ എത്തുന്നുണ്ട്. നോമ്പ് തുറയ്ക്ക് വീടുകൾ സാക്ഷ്യം വഹിക്കുന്നതും കുറഞ്ഞിട്ടില്ല. വീടുകളിൽ പരിചയക്കാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്ന രീതിക്ക് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല. വീട്ടിലെ സ്ത്രീകൾ വൈകുന്നേരം വരെ സ്വന്തം അടുക്കളയിൽ പാകം ചെയ്തെടുക്കുന്ന ഭക്ഷണങ്ങൾക്കു പുറമേയാണ് രുചിഭേദങ്ങൾ തേടിയിറങ്ങുന്നത്.

<യ>പ്രബൽ ഭരതൻ