സായിപ്പും മദാമ്മയും കണ്ട സോമാലിയ!
സായിപ്പും മദാമ്മയും കണ്ട സോമാലിയ!
<യ>ജോൺസൺ പൂവന്തുരുത്ത്

രാവിലെ ഉണർന്ന സായിപ്പ് കോഫി കപ്പുമായി ആലോചനയിൽ മുഴുകിയിരിക്കുന്നതു കണ്ടാണ് സ്വന്തം വൈഫൈ അടുത്തേക്കു ചെന്നത്. എന്താണ് ഇത്ര ആലോചിക്കാനെന്ന ചോദ്യം ആംഗ്യത്തിലൂടെ. സായിപ്പിന്റെ മറുപടി ഇങ്ങനെ: ‘നമ്മൾ എത്രയോ സ്‌ഥലങ്ങളിൽ ചുറ്റിയടിച്ചു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, സിംഗപ്പൂർ... അങ്ങനെ സമ്പന്ന രാജ്യങ്ങളേറെ കണ്ടു. ഇത്തവണ നമുക്ക് അല്പം വെറൈറ്റിയുള്ള എവിടേക്കെങ്കിലും പോയാലോ?’

ഇതുകേട്ട മദാമ്മയുടെ മുഖംതെളിഞ്ഞു: ‘ഗുഡ് ഐഡിയ, എങ്കിൽ നമുക്കു സോമാലിയയിൽ പോയാലോ? അവിടെ കൊടുംപട്ടിണിയും ദുരിതങ്ങളുമൊക്കെയാണെന്നാ കേട്ടിട്ടുള്ളത്. കുറച്ചു ഫണ്ട് കൊണ്ടുപോയാൽ അവർക്കു സഹായവും നൽകാം.’

ഇതുകേട്ട സായിപ്പ് ഞെട്ടി: ‘ന്റമ്മോ സോമാലിയയോ? പട്ടിണിയൊക്കെ ശരിതന്നെ, പക്ഷേ, അവിടെ ഭീകരർ അഴിഞ്ഞാടുന്ന നാടല്ലേ... പിന്നെ യുദ്ധവും ഏറ്റുമുട്ടലുകളും വേറേ.’

സായിപ്പിന്റെ പേടി കണ്ടതും മദാമ്മ തിരുത്തി: ‘അയ്യോ ഞാൻ പറഞ്ഞത് ആഫ്രിക്കയിലെ സൊമാലിയയെക്കുറിച്ചല്ല.‘

‘വേറെയും സോമാലിയ ഉണ്ടോ?’ – സായിപ്പിനു സംശയം.

‘ഉണ്ടെന്നേ... ഇന്നലെ ബിബിസിയിൽ കേട്ടില്ലേ...’ ഇന്ത്യയുടെ തെക്കേയറ്റത്ത് എവിടെയോ ഒരു സൊമാലിയ കണ്ടെത്തിയെന്ന്. ഭീകരരും യുദ്ധവും ഒന്നുമില്ലെങ്കിലും സംഗതി സോമാലിയ തന്നെയാണെന്നാണ് അവിടത്തെ പ്രധാനമന്ത്രിതന്നെ പോയി കണ്ടിട്ടു പറഞ്ഞതത്രേ.

‘ഓഹോ, എങ്കിൽ ഇനി ആഫ്രിക്കയിലെ സൊമാലിയയുടെ ബ്രാഞ്ചോ മറ്റോ ആയിരിക്കും. ഡവലപ് ചെയ്തു വരുന്നതേയുള്ളായിരിക്കും. എങ്കിൽ പോവുകതന്നെ’ – സായിപ്പിനും ആവേശം.

ആദ്യം ഇന്റർനെറ്റിൽ പരതി സോമാലിയൻ ദൃശ്യങ്ങളൊക്കെ ഒന്നു മനസിലാക്കിവച്ചു. കുഴിഞ്ഞ കണ്ണുകളും തെളിഞ്ഞ എല്ലുകളും ഒട്ടിയ വയറുകളുമൊക്കെയുള്ള മനുഷ്യരെ കണ്ടപ്പോൾ സായിപ്പിന്റെ മനസുവിങ്ങി. സന്ദർശകർക്കു മുന്നിൽ തൊഴുകൈകളോടെ സഹായം തേടുന്ന മനുഷ്യരെ തങ്ങളാലാവും വിധം സഹായിക്കണമെന്ന തീരുമാനത്തോടെയാണ് ഇരുവരും ഇന്ത്യയിലേക്കു ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽനിന്നു പുറത്തേക്കു വന്ന സായിപ്പും മദാമ്മയും ചുറ്റുപാടുമൊന്നു നോക്കി. വല്യ കുഴപ്പമൊന്നും കാണാനില്ല. കാണേണ്ട കാഴ്ചകൾ തെരുവിലായിരിക്കും... മദാമ്മയുടെ കൈയുംപിടിച്ചു സായിപ്പു വേഗത്തിൽ നടന്നു. തെരുവിലൂടെ നടക്കുമ്പോൾ സായിപ്പ് വിശ്വാസം വരാത്ത മട്ടിൽ ചുറ്റുംനോക്കുന്നുണ്ടായിരുന്നു. ഫോട്ടോയിൽ കണ്ട കാഴ്ചകളൊന്നും കാണാതിരുന്നതിന്റെ ടെൻഷൻ മദാമ്മയുടെ മുഖത്തുമുണ്ട്. ഇടയ്ക്കു വഴിയോരത്തു ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസുകാരനെ കണ്ടപ്പോൾ സായിപ്പ് മദാമ്മയെ, നോക്കിക്കേ എന്ന മട്ടിൽ ഒന്നു തോണ്ടി. പോലീസുകാരനെ ആകെപ്പാടെ ഒന്നു വീക്ഷിച്ച മദാമ്മ സായിപ്പിനെ ചോദ്യഭാവത്തിൽ നോക്കി. സായിപ്പ് പറഞ്ഞു: ‘നമ്മൾ ഫോട്ടോയിൽ കണ്ട സോമാലിയക്കാരുടെ എല്ലാം വയറ് അകത്തേക്ക് ഒട്ടിയ നിലയിൽ ആയിരുന്നല്ലോ. ഇതിപ്പം മിക്കവരുടെയും പുറത്തേക്കാണല്ലോ തള്ളിയിരിക്കുന്നത്?’


‘എനിക്കും തോന്നി. ഒരുപക്ഷേ, ഇവിടത്തെ പട്ടിണി ഇങ്ങനെയായിരിക്കും’– മദാമ്മ സമാധാനിപ്പിച്ചു. സോമാലിയ തേടി നടന്നു വലഞ്ഞ സായിപ്പും മദാമ്മയും തിരികെ പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജന്മനാട്ടിൽനിന്നു സുഹൃത്തിന്റെ ഫോൺകോൾ. ഇന്ത്യൻ സൊമാലിയയിലെ വിശേഷങ്ങൾ അറിയാനുള്ള വിളിയാണ്.

സായിപ്പ് പറഞ്ഞു: ‘ഡിയർ ഫ്രണ്ട്, ഇതിപ്പം ആഫ്രിക്കൻ സോമാലിയയുടെ അത്രയുമങ്ങോട്ടു വളർന്നിട്ടില്ല. എന്നാലും ഇവിടെയും സഹായം തേടി നടക്കുന്നവർ ഏറെയുണ്ടു കേട്ടോ. കുറെയേറെപേർ ജാഥയായി നിലവിളിച്ചു കൈയും കൂപ്പി സഹായം തേടി വന്നിരുന്നു. പിന്നെ, വന്നവരെല്ലാം കൊട്ടുംപാട്ടും മൈക്കുമൊക്കെയായി അലങ്കരിച്ച വണ്ടികളിലാ വന്നത്. ഭയങ്കര നിലവിളിയും റിക്വസ്റ്റുമായിരുന്നു. സഹായം കൊടുത്താലും ഇല്ലെങ്കിലും കൈകൂപ്പി നിൽക്കും.. ചിലർ കെട്ടിപ്പിടിക്കും, ചിലർ കാലേ വീഴും... ഓരോരോ ആചാരങ്ങളേ..!’

<യ>മിസ്ഡ് കോൾ

കണ്ണൂരിലെ പോളിംഗ് ഉദ്യോഗസ്‌ഥർക്കു പായും തലയണയും തെരഞ്ഞെടുപ്പു കമ്മീഷൻ നൽകും! – വാർത്ത

ഉറക്കഗുളിക വോട്ടർമാർ കൊണ്ടുവരണം!