ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചുഴറ്റി വരുന്നതുപോലെ കൈയിലുണ്ടായിരുന്ന തോർത്തു തലയ്ക്കു മുകളിൽ വീശി നേതാവ് ചായക്കടയിലേക്കു ചാടിക്കയറി. തന്നെ കാത്തു പത്രക്കാർ കടയിലിരിക്കുന്നുവെന്നു കേട്ടുള്ള വരവാണ്. നേതാവിന്റെ ഡയലോഗ് കേട്ടതും ചായക്കടക്കാരൻ തൊമ്മിച്ചേട്ടനു സംശയം. ‘അതെന്താ നേതാവേ അവിടുത്തെ അടുക്കളയിൽ അത്രയ്ക്കു ചൂടു കൂടാൻ കാരണം?’’... അതിനു മറുപടിയായി നേതാവ് അസംബ്ലി മണ്ഡലം മുഴുവൻ നിറയുന്ന ചിരി പാസാക്കി. അപ്പോഴാണ് തൊമ്മിച്ചേട്ടനു ഗുട്ടൻസ് പിടികിട്ടിയത്. നേതാവിന്റെ ഭാര്യയുടെ മുൻകോപത്തെക്കുറിച്ചുള്ള കഥകൾ നാട്ടിൽ പണ്ടേ പ്രചാരത്തിലുള്ളതാണല്ലോ.

ചൂടിനെക്കുറിച്ചു സംസാരിക്കാനാണു പത്രക്കാർ വന്നിരിക്കുന്നതെന്നു കേട്ടപ്പോൾ ഒരു ചൂടു ചായ കൂടിയാകാമെന്നു നേതാവിനു മോഹം. തൊട്ടടുത്തുതന്നെയുള്ള തന്റെ വീട്ടിലേക്ക് ആരോ കയറുന്നതു കണ്ടിട്ടാണു തൊമ്മിച്ചേട്ടൻ എത്തിനോക്കിയത്. വാതിൽക്കൽ കാവലിനു കിടക്കുന്ന ടിപ്പു അപരിചിതനെ കണ്ടിട്ടു മൈൻഡ് ചെയ്യുന്നതുപോലുമില്ല. ‘സാധാരണ പരിചയമില്ലാത്തവരെ കണ്ടാൽ കുരച്ചു നാടിളക്കുന്ന ഭടനാണ്, ഇന്നെന്തു പറ്റി?’’– തൊമ്മിച്ചേട്ടന്റെ ആത്മഗതം.

മറുപടി പറഞ്ഞതു നേതാവാണ്. “‘രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം മൂന്നുവരെ തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കരുതെന്നല്ലേ സർക്കാർ പറഞ്ഞിരിക്കുന്നത്. അവനും അറിഞ്ഞുകാണും!’’... ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയിൽ പത്രക്കാരുടെ ആദ്യ ചോദ്യമെത്തി: ഈ ചൂട് എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ട്... എന്തെങ്കിലും കുറവ് അനുഭവപ്പെടുന്നുണ്ടോ?
ചോദ്യത്തിനു മറുപടി പറഞ്ഞത് തൊമ്മിച്ചേട്ടനാണ്: ‘ഉണ്ട് സാറേ ഉണ്ട്. ഉച്ചസമയത്ത് ഇപ്പോൾ പിരിവുകാരുടെ നല്ല കുറവ് അനുഭവപ്പെടുന്നുണ്ട്.!’

ആ ഉത്തരം നേതാവിന് അത്രയങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെന്നു മുഖഭാവം തെളിയിച്ചു. തൊഴിലിനെ തൊട്ടുകളിച്ചാൽ ആർക്കായാലും ഇഷ്ടപ്പെടില്ലല്ലോ! ഉടൻ വന്നു പത്രക്കാരുടെ തിരുത്ത്: അയ്യോ ഞങ്ങൾ ചോദിച്ചത്, ചൂടുകാല പ്രചാരണത്തിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. പലേടത്തും വെള്ളം കുറവാണല്ലോ..


‘കുടിവെള്ളത്തിന്റെ കുറവു പോലെതന്നെയാണു മൂത്രത്തിന്റെ കാര്യവും... ചൂടുകാലത്ത് ഒഴിക്കാൻ ഈ നാട്ടുകാരുടെ കൈവശം മൂത്രമുണ്ടോ... പിന്നെന്തിനു വെള്ളത്തിന്റെ കാര്യം മാത്രം പറയുന്നു.. ഇതൊക്കെ ആഗോളപ്രതിഭാസമാണ്!.’
‘അതല്ല നേതാവേ പലേടത്തും കുടിവെള്ളം ഇല്ലല്ലോ...’’
‘അതിനു കുടിവെള്ളത്തിന്റെ ഷോപ്പു തുടങ്ങാമെന്നുവച്ചാൽ അപ്പോൾത്തന്നെ നാട്ടുകാർ സമരം തുടങ്ങില്ലേ...’
“‘ആ കുടിവെള്ളമല്ല നേതാവേ, ദാഹജലം. കേട്ടില്ലേ... കേരളത്തിന്റെ ഭൂഗർഭജലത്തിന്റെ അളവ് കുത്തനേ കുറയുകയാണെന്ന്. അതിന്റെ അളവ് കൂട്ടേണ്ടേ.. മരംവച്ചുപിടിപ്പിക്കേണ്ടതല്ലേ...’’“‘മരംവച്ചു പിടിപ്പിക്കാനുള്ള സ്‌ഥലം നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളാറ്റുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ വച്ചുപിടിപ്പിക്കാവുന്ന മരങ്ങൾ വികസിപ്പിക്കാൻ ഫോറസ്റ്റുകാരോടു പറഞ്ഞിട്ടുണ്ട്!’’
‘അതുകൊണ്ടു ഭൂഗർഭജലത്തിന്റെ അളവു കൂടുമോ നേതാവേ..?’’
‘അതിനാണല്ലോ ഞങ്ങൾ രാഷ്ട്രീയക്കാർ വയൽ നികത്താൻ അനുവാദം കൊടുക്കുന്നത്. പക്ഷേ, പരിസ്‌ഥിതിവാദികൾ സമ്മതിക്കേണ്ടേ?’
‘അതെങ്ങനെയാ നേതാവേ വയൽനികത്തിയാൽ ഭൂഗർഭജലത്തിന്റെ അളവു കൂടുന്നത്’– പത്രക്കാർക്കു വീണ്ടും സംശയം.
ഇക്കാര്യത്തിൽ പത്രക്കാരും പഠിക്കാനുണ്ട്. അതായത്, ഈ ഭൂഗർഭജലം എന്നു പറഞ്ഞാൽ എന്താ? മണ്ണിനടിയിലുള്ള വെള്ളം. ആണല്ലോ. വയലിൽ മണ്ണിടുന്നത് എവിടെയാണ്... വെള്ളത്തിനു മീതെ. മണ്ണിട്ടുനികത്തിക്കഴിയുമ്പോൾ വെള്ളം എവിടെയാണ് ? മണ്ണിനടിയിൽ..! മണ്ണിനടിയിൽ ഉള്ള വെള്ളമാണല്ലോ ഭൂഗർഭജലം!

<യ>മിസ്ഡ് കോൾ
=വരൾച്ച: വെനസ്വേലയിൽ സർക്കാർ ജോലി
ആഴ്ചയിൽ രണ്ടു ദിവസം മാത്രം!
– വാർത്ത
= വോട്ട്, വെനസ്വേലയിലേക്ക് ഒരു ട്രാൻസ്ഫർ വാങ്ങിത്തരുന്നവർക്ക്!