ഗാർഹിക അപകടങ്ങൾക്ക് ഹോമിയോ പ്രതിവിധി
Friday, April 13, 2018 3:51 PM IST
ആധുനിക വൈദ്യശാസ്ത്രത്തിൽ എംഡി ബിരുദമുണ്ടായിരുന്ന ഡോ. സാമുവൽ ഹാനിമാൻ തന്‍റെ വൈദ്യശാസ്ത്രത്തിൽ അന്നുണ്ടായിരുന്ന പല പോരായ്മകളെയും മരുന്നിനെയും രോഗത്തേയും തമ്മിൽ യോജിപ്പിക്കുന്ന രീതിയേക്കുറിച്ചും അതൃപ്തനായിരുന്നു. 14 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ആ മഹാൻ, രോഗികളെ വഞ്ചിക്കുന്ന ചികിത്സാരീതി ഉപേക്ഷിച്ച് വൈദ്യശാസ്ത്ര പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്ന നിരുപദ്രവകരമായ ജോലിയിലേക്കു മാറി. അതിനിടെ ലഭിച്ച ഒരു ആശയമാണ് 1976 ൽ ഹോമിയോപ്പതി കണ്ടെത്തുന്നതിനു കാരണമായത്.

"സമം സമേന ശാന്തി'' എന്ന പ്രകൃതിതത്വമനുസരിച്ച് മനുഷ്യരിൽ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങൾ കുറഞ്ഞ ചികിത്സാരീതിയായ ഹോമിയോപ്പതി ഇന്നു മാറാവുന്ന ഏതു രോഗവും മാറ്റാവുന്ന രീതിയിലേക്കു വളർന്നിരിക്കുന്നു.

പ്രഥമ ശുശ്രൂഷാരംഗത്ത് സമാന്തര വൈദ്യശാഖകൾക്കു വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലായെന്നതു നിസ്തർക്കമായ വസ്തുതയാണ്. പ്രഥമ ശുശ്രൂഷക്കുതകുന്ന നൂറു ശതമാനം ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നു പലർക്കുമറിയില്ല.

വിദഗ്ധ ചികിത്സ ലഭിക്കുന്നതിനു മുന്പ് വീട്ടിൽവച്ച് ചെയ്യാവുന്ന ആദ്യ ചികിത്സയെ പ്രഥമ ശുശ്രൂഷയെന്നു നിർവചിക്കാം.

പ്രഥമ ശൂശ്രൂഷ ആവശ്യമായ മൂന്ന് അവസ്ഥകളും അവയ്ക്കുള്ള ഹോമിയോപ്പതി ചികിത്സയും മാത്രമാണിവിടെ പരാമർശിക്കുന്നത്.

മുറിവ്:

കത്തികൊണ്ടായാലും മറ്റു ക്ഷതങ്ങൾകൊണ്ടായാലും ശരീരത്തിലുണ്ടാകുന്ന മുറിവിനു "കലെൻഡുല'' എന്ന മരുന്ന് അത്യുത്തമം. "കലെൻഡുല മദർ ടിങ്ചർ'' മുറിവിൽ പുരട്ടുക, ചെറിയ നീറ്റലുണ്ടാകുമെങ്കിലും മുറിവ് പെട്ടെന്ന് ഉണങ്ങും. ഈ മരുന്നുകൊണ്ട് ബാൻഡേജ് കെട്ടുക. രണ്ടു ദിവസത്തേക്ക് മുറിവഴിക്കാതെ തന്നെ പഞ്ഞിയും മുറിവും നനയുന്ന രീതിയിൽ മൂന്നുനേരം മരുന്നു പ്രയോഗിക്കുക. വളരെ പെട്ടെന്ന് മുറിവുണങ്ങുന്നതു കാണാം. പൊടിയും മാലിന്യവും പുരളാത്ത സാഹചര്യമാണെങ്കിൽ മുറിവ് തുറന്നിടുകയാണ് ഉണങ്ങാൻ എളുപ്പം. മുറിവിലുണ്ടാകുന്ന പൊറ്റകൾ പൊളിച്ചു കളയാതെയാണു മരുന്നു പുരട്ടേണ്ടത്! ഈ മരുന്നു പതിനഞ്ച് തുള്ളി ചൂട് വെള്ളത്തിൽ ചേർത്തു കുളിക്കുന്നതു ചൂടുകുരു ശമിക്കാനുത്തമം.


ചതവ്:

കുട്ടികളുള്ള വീട്ടിൽ വീഴ്ചയും ചതവും സാധാരണമാണല്ലോ?

"ആർണിക്ക മദർ ടിങ്ചർ'' ഉടനെതന്നെ ചതവു പറ്റിയ ഭാഗത്ത് അമർത്തി തിരുമ്മുക. ആവശ്യമെങ്കിൽ ദിവസവും മൂന്നുനേരം പുരട്ടുക. കൂടെ "ആർണിക്ക 30'' നാലു ഗുളിക വീതം, വേദനയുടെ തീവ്രതയനുസരിച്ച് അരമണിക്കൂറിടവിട്ടോ മൂന്നു നേരമോ കഴിക്കാവുന്നതാണ്.
ഏതു ശരീരഭാഗത്തെ ക്ഷതങ്ങളും രക്തം കല്ലിച്ച് ഇരുണ്ട നിറമായതും പഴകിയ ക്ഷതങ്ങളും ക്ഷതജന്യമായ നാനാവിധ രോഗാവസ്ഥകളും ശമിപ്പിക്കാൻ അദ്ഭുത ശേഷിയുണ്ട് ഈ മരുന്നിന്. തലച്ചോറിലെ രക്തസ്രാവത്തിനും ആന്തരാവയവങ്ങളിലെ രക്തസ്രാവത്തിനും അതുകൊണ്ടുണ്ടാകുന്ന വൈഷമ്യതകൾക്കും ഇത് ഉപകരിക്കുമെന്നറിയുക.
ചതവുകൾ സാധാരണമായ ചില ജോലികൾ ഉണ്ട്. അവിടങ്ങളിൽ ഈ മരുന്നു സൂക്ഷിക്കുന്നത്
വളരെയധികം ഉപകരിക്കും.

പൊള്ളൽ:

അടുക്കള ജോലിക്കിടെ നിത്യസംഭവമാണല്ലോ ചെറു പൊള്ളലുകൾ. പൊള്ളൽ സംഭവിച്ച ഉടനെ "കാന്തരിസ് മദർ ടിങ്ചർ'' പുരട്ടിയാൽ കുമിളയുണ്ടാകില്ല. നീറ്റലും കുറയും കുമിളയുണ്ടായശേഷമാണു പരട്ടുന്നതെങ്കിൽ അനന്തര പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും. കൂടെ
"കാന്തീരിസ് 30'' നാലു ഗുളിക വീതം പൊള്ളലിന്‍റെ തീവ്രാവസ്ഥയനുസരിച്ച് അരമണിക്കൂർ ഇടവിട്ടോ മൂന്നുനേരമോ കഴിക്കാം.

മേൽപ്പറഞ്ഞ മൂന്നു മരുന്നുകളും മദർ ടിങ്ചർ, ഓയിൽ, ഓയിൽമെന്‍റ് രൂപത്തിൽ എല്ലാ ഹോമിയോ ഫാർമസികളിലും ലഭ്യമാണ്. ഇവയിലേതും ബാഹ്യലേപനമായി ഉപയോഗിക്കാം. ഇവ മൂന്നും അതതിന്‍റെ ഉപയോഗത്തിനു നൂറുശതമാനം ഉപകരിക്കുമെന്നതുകൊണ്ടാണ് മരുന്നിന്‍റെ പേരുകൾതന്നെ പരാമർശിച്ചിരിക്കുന്നത്.

മേൽപ്പറഞ്ഞ മരുന്നുകളും അവയുടെകൂടെ പഞ്ഞി, കത്രിക, പ്ലാസ്റ്റർ, മുറിവുകെട്ടുന്ന തുണി, ബ്ലേഡ്, സോപ്പ് എന്നിവയെല്ലാം ഒരു ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചാൽ ഒന്നാന്തരം ഹോമിയോപ്പതിക് ഫസ്റ്റ് എയ്ഡ് കിറ്റ് ആയി. ഏകദേശം മുന്നൂറു രൂപയോളം ചെലവു വരും. എങ്കിലും ആയിരക്കണക്കിനു രൂപയും വേദനയും ഒഴിവാക്കാൻ ഇതു ധാരാളം.

ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി
കണിച്ചാർ