മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങൾ ദാനം ചെയ്തു
Friday, October 20, 2017 3:59 AM IST
കൊച്ചി: മസ്തിഷ്കാഘാതം മൂലം മസ്തിഷ്ക മരണം സംഭവിച്ച വൈറ്റില മാന്പ്രയിൽ വീട്ടിൽ ബിനുകൃഷ്ണന്‍റെ (34) അവയവങ്ങൾ ദാനം ചെയ്തു. ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ബിനുകൃഷ്ണന്‍റെ ഹൃദയം ഹെലികോപ്റ്റർ മാർഗമാണ് കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയത്.

ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കരൾ ആസ്റ്റർ മെഡ്സിറ്റി
ഒരു വൃക്കയും പാൻക്രിയാസും അമൃത ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്ക് പുതുജീവനേകും. ബൈക്കിൽ സഞ്ചരിക്കവെ കടുത്ത തലവേദന അനുഭവപ്പെട്ട ബിനുകൃഷ്ണൻ തുടർച്ചയായി ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അത്യാസന്ന നിലയിലായ ബിനുകൃഷണനെ അബോധാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ച്ച മുൻപാണ് ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചത്. എന്നാൽ വ്യാഴാഴ്ച്ച അർദ്ധരാത്രിയോടെ സർക്കാർ ഡോക്ടറടങ്ങുന്ന സംഘം മസ്തിഷ്ക്കമരണം സ്ഥിരീകരിച്ചു.


അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതമറിയിച്ചതോടെ മററ് നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 10.30 ഓടെ അവയവങ്ങൾ വീണ്ടെടുക്കാനുള്ള ശസ്ത്രക്കിയ ആരംഭിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ കണ്‍സൽട്ടന്‍റ് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്‍റ് സർജൻ ഡോ. മാത്യു ജേക്കബ്ബിന്‍റെ നേതൃത്തിൽ നടന്ന ശസ്ത്രക്രിയയിൽ സ്പെഷ്യലിസ്റ്റ് ഡോ. നൗഷിഫ്, മെട്രോ ഹോസ്പിറ്റൽ ഡോക്ടർമാരായ ഡോ രോഹിത്, ഡോ ശിശിർ, ഡോ അശോക്, അമൃതയിലെ ഡോ ബിനോജ്, ഡോ ജോണ്‍സ്, ഡോ അഭിഷേക് എന്നിവർ പങ്കെടുത്തു.