മുൻവിധി വേണ്ട; പരാജയഭീതിയും
Tuesday, March 7, 2017 2:42 AM IST
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്കാലവും വിജയത്തിനു സഹായിക്കും. നമ്മുടെ കഴിവ് എത്ര ചെറുതോ വലുതോ ആകട്ടെ, നമ്മുടെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകണം. ഇതുവരെ പല പരാജയങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും ഇനിയും പരിശ്രമിച്ചാൽ വിജയിക്കാം. ഈ ദിവസങ്ങളെങ്കിലും ഫലപ്രദമായി വിനിയോഗിക്കും എന്ന ഒരു തീരുമാനം മതി; വിജയം സുനിശ്ചിതം.

മുൻവിധികൾ വേണ്ട, പരാജയഭീതിയും

പരീക്ഷയുടെ ആദ്യ 15 മിനിറ്റ് കൂൾ ഓഫ് ടൈമാണ്. ചോദ്യപേപ്പർ കൈയിൽ കിട്ടിയാൽ ചോദ്യങ്ങളിലൂടെ ഒന്നോടിച്ചു പോയി വളരെ ശാന്തമായി പരീക്ഷയെഴുതാൻ കുട്ടിയെ ഒരുക്കുന്ന സമയം. വാസ്തവത്തിൽ സ്റ്റഡി ലീവിനെയും കൂൾഓഫ് ടൈമായി കണക്കാക്കാം. ഒരു വർഷത്തെ പഠനത്തിനുശേഷം മനസു ശാന്തമാക്കി പഠിച്ചതൊക്കെ ഓർമയിൽ കൊണ്ടുവന്ന് പരീക്ഷയ്ക്കു തയാറെടുക്കാൻ കുട്ടികളെ മാനസികമായി സജ്‌ജരാക്കുന്ന സമയം.

പരീക്ഷ എഴുതിയാൽ മാത്രമേ ജയിക്കാനാവൂ. മറ്റൊരു ചോയ്സ് ഇല്ല. നേരിട്ടേ പറ്റൂ. പരീക്ഷയിൽ നിന്ന് എങ്ങനെ ഒഴിയാം എന്ന ചിന്തയ്ക്കു പ്രസക്‌തിയില്ല. അതിനാൽ പരീക്ഷയെ നേരിടാൻ മനസൊരുക്കണം. പക്ഷേ, ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കോം. അതിലൊന്നാണു നമ്മുടെ മുൻവിധികൾ. പരീക്ഷക്കാലത്ത് അസുഖം വന്നേക്കാം, പരീക്ഷയെഴുതുന്പോൾ എല്ലാം മറന്നുപോയേക്കാം എന്നിങ്ങനെ. മുൻകാല അനുഭവങ്ങൾ പലപ്പോഴും അങ്ങനെ ആയതിനാൽ ഈ പരീക്ഷയും അങ്ങനെയാകാൻ ഇടയുണ്ട് എന്ന മട്ടിൽ നെഗറ്റീവായ ചില മുൻവിധികൾ. അത്തരം പരാജയ ചിന്തകൾ ഒഴിവാക്കണം. നന്നായി പഠിക്കുന്ന കുട്ടികളുടെ ടെൻഷൻ എല്ലായ്പ്പോഴും പെർഫക്്ഷനു വേണ്ടിയാവും. ഫുൾ എ പ്ലസ് നിന്ന് ഒരെണ്ണം കുറഞ്ഞാൽ ഉണ്ടാകാവുന്ന അപമാനം, താൻ കാരണം സ്കൂളിന് ഫുൾ എ പ്ലസ് നേടിയ സ്കൂൾ എന്ന പദവി നഷ്‌ടമാകുമോ, മറ്റുള്ളവർ എന്തു വിചാരിക്കും എന്നിങ്ങനെയുളള ടെൻഷൻ. എൻറെ കഴിവുകൾ ഉപയോഗപ്പെടുത്തി എന്നെക്കൊണ്ടു പറ്റുന്നതുപോലെ ഞാൻ ശ്രമിക്കും എന്ന ചിന്തയാണു കുട്ടിക്കു വേണ്ടത്.

ഇതുവരെ പഠിച്ചില്ലേ, വഴിയുണ്ട്!

ഇനിയുള്ള ദിവസങ്ങളിൽ പഠനത്തിനു വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ചില മുൻഗണനാക്രമം സ്വീകരിക്കണം. മോഡൽ പരീക്ഷയിൽ കുറവു മാർക്കു കിട്ടിയ വിഷയത്തിനു കൂടുതൽ സമയം ചെലവഴിക്കണം. മോഡലിനു നന്നായി പഠിച്ചെങ്കിലും വേണ്ടതുപോലെ എഴുതാൻ കഴിയാതെപോയ ചില വിഷയങ്ങളുണ്ടാവാം. അതിനും കൂടുതൽ ശ്രദ്ധകൊടുക്കാം. ഏതെങ്കിലും പരീക്ഷയ്ക്കുവേണ്ടി പാഠഭാഗങ്ങൾ മുഴുവൻ റിവൈസ് ചെയ്തവരാവും ചിലർ. അവർക്ക് ആദ്യം മുതൽ ഒരുവട്ടംകൂടി ആവർത്തിക്കാൻ സമയമുണ്ട്. ചില വിഷയങ്ങളും ചില ചാപ്റ്ററുകളും ഒഴിവാക്കി പഠിച്ചവരുമുണ്ടാകാം. വിട്ടുപോയ ഭാഗങ്ങൾ കൂടുതൽ മാർക്കിനു സാധ്യതയുള്ളതാണെങ്കിൽ അതിനു പ്രാധാന്യം കൊടുത്ത് ഇനി പഠിക്കണം. ഇതുവരെ ഒന്നും പഠിച്ചിട്ടില്ല എന്നു പറയുന്ന ഒരു കൂട്ടരും ഉണ്ടാവും. അവർ ഇനി മൊത്തം പഠിക്കാനുള്ള സാധ്യത കുറവാണ്. ഓരോ പാഠത്തിലും പ്രാധാന്യമുള്ളതെന്നു മുന്പ് അധ്യാപകർ സൂചിപ്പിച്ച ഭാഗങ്ങൾ അധ്യാപകരോടാ സുഹൃത്തുക്കളോടോ ചോദിച്ചു മനസിലാക്കി അതുമാത്രം വളരെ കൃത്യമായി ആവർത്തിച്ചു പഠിക്കണം.

ചോദ്യപേപ്പറുകൾ ചെയ്തുനോക്കാം

മേൽ സൂചിപ്പിച്ച മൂന്നുകൂട്ടർക്കും പ്രയോജനപ്പെടുന്നവയാണു മുൻകാല ചോദ്യപേപ്പറുകൾ. അവ പുസ്തകരൂപത്തിൽ ലഭ്യമാണ്. പരീക്ഷയടുക്കുന്പോൾ ദീപിക ഉൾപ്പെടെയുള്ള മിക്ക പത്രങ്ങളിലും മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും പാഠവിശകലനങ്ങളും വരുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അത്തരം കുറിപ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. പാഠസംഗ്രഹം ഓർത്തിരുന്നാൽ പല ചോദ്യങ്ങൾക്കും ഉത്തരമെഴുതാം. ദിവസവും ഒരു വിഷയത്തിൻറെയെങ്കിലും ചോദ്യപേപ്പർ ചെയ്തുനോക്കുന്നതു പ്രയോജനകരം. ദിവസവും രണ്ടര മൂന്നു മണിക്കൂർ ചോദ്യപേപ്പർ റിവിഷനുവേണ്ടി മാറ്റിവയ്ക്കണം. സ്റ്റഡീ ലീവ് ദിനങ്ങളിൽ ചോദ്യപേപ്പറുകളെ പലതവണ നേരിട്ടു പരിചയിച്ച കുട്ടിക്കാണ് പരീക്ഷാഹാളിൽ ടെൻഷനില്ലാതെ ഉത്തരമെഴുതാനാവുക. ടെൻഷൻ കുറയ്ക്കാനും അതു സഹായകം. നിശ്ചിത സമയത്തിനകം എല്ലാ ചോദ്യങ്ങൾക്കും കൃത്യമായും വ്യക്‌തമായും ഉത്തരമെഴുതാനുമുള്ള പരിശീലനവും സ്വയംവിലയിരുത്തലും അതിലൂടെ സാധ്യമാകും.


കണക്കും സയൻസും അതിരാവിലെ

ഏറ്റവും പ്രയാസമുള്ള വിഷയം മനസ് ഏറ്റവും ഫ്രഷ് ആയിരിക്കുന്പോൾ പഠിക്കണം. കണക്ക്്, സയൻസ് തുടങ്ങിയ വിഷയങ്ങൾ അതിരാവിലെ ഉണർന്ന ഉടൻ പഠിക്കണം. പക്ഷേ, ഉറക്കം തൂങ്ങിയുള്ള പഠനം നിഷ്ഫലം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവ എഴുതിത്തന്നെ പഠിക്കണം. കണക്ക് ഒരിക്കലും വായിച്ചു പഠിക്കരുത്. പഠിച്ചു ക്ഷീണിച്ചിരിക്കുന്പോൾ ഭാഷയും വായിച്ചാൽ എളുപ്പം മനസിലാകുന്ന മറ്റു വിഷയങ്ങളും പഠിക്കാം.

പഠിക്കാനിരിക്കുന്പോൾ മുന്പിൽ പേപ്പറും പേനയും ഉണ്ടായിരിക്കണം. ചിത്രങ്ങൾ വരച്ചുതന്നെ പഠിക്കണം. സമവാക്യങ്ങളും പ്രധാന ആശയങ്ങളും ഉൾപ്പെടുത്തി കുറിപ്പു തയാറാക്കാം. ഒരു വിഷയം ഒറ്റയിരുപ്പിലിരുന്നു രണ്ടര മൂന്നു മണിക്കൂർ പഠിക്കുക അസാധ്യം. ഒന്നര മണിക്കൂർ കഴിയുന്പോൾ 10– 15 മിനിട്ടോ ഉച്ചയ്ക്കാണെങ്കിൽ ഒരു മണിക്കൂറോ ഇടവേളയെടുക്കാം. പത്രം വായിക്കുകയോ അല്പനേരം കളിക്കുകയോ ഒക്കെ ആവാം. അല്പനേരം ഇഷ്‌ടമുള്ള ടിവി പ്രോഗ്രാം കാണുന്നതിലും തെറ്റില്ല. പക്ഷേ, അതിൽ നിന്നു വിട്ടുപോകാൻ പ്രയാസമുള്ളവരാണെങ്കിൽ അതിനു മുതിരേണ്ട.

കംപ്യൂർ, ടിവി, ഫോൺ... നിയന്ത്രണം വേണം

മൊബൈൽ, ടിവി, കംപ്യൂർ എന്നിവയെല്ലാം സ്വസ്‌ഥമായ പഠനത്തിനു വലിയ ശല്യങ്ങളാണ്. എന്നാൽ, മോഡൽ ചോദ്യപേപ്പറുകൾ വിശകലനസഹിതം ഇൻറർനെറ്റിൽ ലഭ്യമാകുന്നതിനാൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കംപ്യൂറും നെറ്റും ഉപയോഗപ്പെടുത്തുന്നതു ഗുണപരമാണ്. എസ് സി ഇആർടിയുടെയും മറ്റും വെബ്സൈറ്റുകളിൽ ഇപ്പോൾ ധാരാളം ചോദ്യപേപ്പറുകളുണ്ട്. വിക്ടേഴ്സ് ചാനലിൽ വിദഗ്ധ അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കുന്നതും ഗുണകരം. വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ നോട്സ് കൈമാറുന്നവർക്ക് ഇടയ്ക്കു 10 മിനിട്ടു നേരം ഇവ ഉപയോഗിക്കാൻ ഫോൺ നല്കുന്നതിലും തെറ്റില്ല. എന്നാൽ അതിൻറെ പേരിൽ ഫോൺ ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. അത്തരം സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള രക്ഷിതാക്കൾ മാത്രം അതിനു തുനിഞ്ഞാൽ മതി. മാത്രമല്ല, പരസ്യമായ ഇടങ്ങളിൽ ഇരുന്നാവണം ഫോണും കംപ്യൂറും ഉപയോഗിക്കേണ്ടത്. മുറി അടച്ചിട്ടിരുന്നുള്ള പഠനവും ഫോൺ, കംപ്യൂർ ഉപയോഗവും നിരുത്സാഹപ്പെടുത്തണം; പ്രത്യേകിച്ചും പരീക്ഷക്കാലത്ത്.

സമയം പാഴാക്കരുത്

ചിലർ ഒറ്റയ്ക്കു പഠിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്. മറ്റുചിലർക്കു കംബൈൻഡ് സ്റ്റഡിയും. അവനവനു ഗുണപരമായ രീതി തുടരാം. പക്ഷേ, സമയം പാഴാക്കിക്കളയരുതെന്നുമാത്രം. കംബൻഡ് സ്റ്റഡി ശീലമുളള കുട്ടികൾ ആരുടെ വീട്ടിലാണു പോകുന്നത്, അവിടെ എത്രസമയം പഠനത്തിനു ചെലവഴിക്കുന്നു എന്നിങ്ങനെയുളള കാര്യങ്ങൾ അവരുടെ രക്ഷിതാക്കൾ അന്വേഷിച്ചറിയണം.
തുടരും

ഡോ. റോസമ്മ ഫിലിപ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം;
കരിക്കുലം എക്സ്പർട്ട്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്