ക്ഷയം ഭേദമാക്കാൻ ഡോട് ചികിത്സ
Monday, February 27, 2017 2:33 AM IST
ക്ഷയരോഗാണു വായുവിലൂടെ മറ്റൊരാളിലേക്കു പകരുന്നത്, അയാൾ ശരിയായി ചികിത്സിക്കപ്പെടാതിരിക്കുമ്പോഴാണ്.

രണ്ടാഴ്ചയിലധികമുള്ള ചുമയാണു ശ്വാസകോശ ക്ഷയരോഗത്തിൻറെ മുഖ്യലക്ഷണം. കഫ പരിശോധന വഴി ക്ഷയരോഗം എളുപ്പത്തിൽ തിരിച്ചറിയാം. കണ്ടെത്തിയാൽ സൗജന്യ ‘ഡോട്’ ചികിത്സ വഴി ക്ഷയം പൂർണമായും ഭേദമാക്കാം. അപൂർണവും ഇടയ്ക്കിടെ മുടക്കുന്നതുമായ ചികിത്സ അപകടകരം. ഇതു പിന്നീടു ക്ഷയരോഗ മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം (എംഡിആർടിബി) ആയി മാറുന്നു. ഇതു ചികിത്സിച്ചു മാറ്റുക പ്രയാസകരവും ചെലവേറിയതുമാണ്. ഇത്തരത്തിലുള്ള രോഗികളുടെ ആവിർഭാവം ഇന്ന് ഒരു പ്രധാന പ്രശ്നമാണ്.

എംഡിആർടിബി പോലെ പ്രമേഹവും എച്ച്ഐവി അണുബാധയും ക്ഷയം ഉണ്ടാക്കാനുളള സാഹചര്യം സൃഷ്‌ടിക്കുന്നു.

പുകവലിയും ക്ഷയരോഗ സാധ്യത മൂന്നിരിയായി വർധിപ്പിക്കുന്നു. കേരള, കേന്ദ്ര സർക്കാരുകളുടെ നിർദേശപ്രകാരം ക്ഷയരോഗികളെ എവിടെ കണ്ടെത്തിയാലും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ‘ഡോട് സന്പ്രദായം പരമാവധി രോഗികൾക്കു പ്രയോജനപ്പെടുത്തണമെന്നും ഉത്തരവുണ്ട്. (നോട്ടിഫിക്കേഷൻ ഓഫ് ടിബി ഇൻ ഇന്ത്യ) സ്വകാര്യ ആശുപത്രികൾക്കും ലബോറട്ടറികൾക്കും ക്ലിനിക്കുകൾക്കും സ്വകാര്യപ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്കും ഇതു നിർബന്ധമാക്കിയിട്ടുണ്ട്. അവർ കണ്ടെത്തുന്നതും ചികിത്സിക്കുന്നതുമായ ക്ഷയരോഗികളുടെ മുഴുവൻ വിവരവും ജില്ലാ ടി.ബി ഓഫീസർ വഴി ആരോഗ്യവകുപ്പിനെ അറിയിക്കണം.


സൗജന്യ കഫ പരിശോധനയും സൗജന്യ ‘ഡോട്ട് ’ ചികിത്സയും രാജ്യവ്യാപകമായി വിവിധ ആരോഗ്യകേന്ദ്രങ്ങൾ വഴിയും സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ വഴിയും നടപ്പാക്കിവരുന്നു.

വിവരങ്ങൾ
എം.കെ. ഉമേഷ്, നോഡൽ ഓഫീസർ
കണ്ണൂർ ജില്ലാ ടിബി സെൻറർ ഐഇസി.