ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
Friday, February 24, 2017 4:32 AM IST
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേവുകൂടിയാൽ ജിഐ കൂടും. ഓട്സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയിൽനിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റിൽ കൂടുതൽ തിളപ്പിച്ചാൽ അതിലെ അമൂല്യമായ നാരുകൾ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാൽ പെട്ടെന്നു നെു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്‌തത്തിലെ ഷുഗർനില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്.

* പഴവർഗങ്ങൾ കഴിക്കുമ്പോൾ അതിൻറെ നാരുകളുളള മാംസളഭാഗം സഹിതം വേണം വിഴുങ്ങാൻ. അതായത് ഓറഞ്ചും മറ്റും കഴിക്കുമ്പോൾ അതിൻറെ നീര് മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടുതന്നെ നാരുകളുളള മാംസളഭാഗമില്ലാത്ത ജ്യൂസുകൾ നിഷിദ്ധമാണ്. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവർഗങ്ങൾ വേവിക്കുകയോ ആവിക്കു വയ്ക്കുകയോ ചെയ്താൽ അതിലെ വിറ്റാമിനുകളും നാരുകളും നഷ്‌ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കായ പുഴുങ്ങിക്കഴിക്കുന്നതിൻറെ ദോഷമിതാണ്.

* ഒരു കുക്കുംബർ അല്ലെങ്കിൽ വെള്ളരി, ഒരു കാരറ്റ്, ഒരു തക്കാളി, 10 കോവയ്ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവർ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ് പാകത്തിന് ഉപ്പും നാരങ്ങാനീരോ നെയ്യ് മാറ്റിയ തൈരോ ചേർത്ത് ചോറു കഴിക്കുന്നതിനു മുന്പ് കഴിക്കുന്നത് ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്. വേവിക്കുന്പോൾ പച്ചക്കറികളുടെ നാരുകൾ ധാരാളമായി നശിക്കുന്നതുകൊണ്ടാണ് സാലഡ് തീർച്ചയായും കഴിക്കണമെന്നു പറയുന്നത്. കാരറ്റ് ചെറിയ അളവിൽ സാലഡിൽ ചേർക്കാമെങ്കിലും വേവിച്ച കാരറ്റിൻറെ ജിഐ 100 ആയതുകൊണ്ട് തീരെ ഒഴിവാക്കുക.


* കപ്പ, ചേമ്പ്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ പ്രമേഹരോഗികൾക്ക് വളരെ ഇഷ്‌ടമാണ്. അവയുടെ ജിഐ ഏതാണ്ട് 100 ആയതിനാൽ ഒഴിവാക്കേണ്ടതുമാണ്. നിങ്ങൾക്കു കൊതിയുണ്ടെങ്കിൽ മിതമായ അളവിൽ അവ കഴിക്കാൻ മാർഗമുണ്ട്. ഇവ കഴിക്കുന്നതിനു മുന്പ് ഒരു പാത്രം സലാഡ് കഴിക്കുക. സലാഡിൻറെ ജിഐ 30ൽ താഴെയായതിനാൽ കപ്പയുടെ ജിഐ 50– 65 ആയി താഴുന്നു.

വിവരങ്ങൾ: ഡോ.യു. രാജേന്ദ്രൻ, ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ * ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.