പുകവലിക്കാരിൽ സ്ട്രോക്ക് സാധ്യത കൂടുതൽ
Sunday, February 19, 2017 4:15 AM IST
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോൺ ഡെൻസിറ്റി കുറയ്ക്കുന്നതായി പഠനങ്ങൾ. പുകവലി, പ്രായമായവരിൽ എല്ലുകൾ ദുർബലമാവുകയും പൊട്ടലുകൾക്കിടയാക്കുകയും ചെയ്യുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കൂട്ടുന്നു. പുകവലി സ്ത്രീകളിൽ ഈസ്ട്രജൻറെ തോതു കുറയ്ക്കുന്നു. ആർത്തവവിരാമം നേരത്തേയാകുന്നതിനുള്ള സാധ്യത കൂടുന്നു. ഇതു സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിപ്പിക്കുന്നു.

പുക വലിക്കുന്നവർക്കു മോണയിൽ നീര്, അണുബാധ, പല്ലുകൾക്കു കേടുപാട്, നാശം, ദുർഗന്ധമുള്ള ശ്വാസം എന്നിവയ്ക്കു സാധ്യതയേറെ. പുകവലി രുചിയറിയാനുള്ള കഴിവു കുറയ്ക്കും, ഗന്ധമറിയാനുള്ള ശേഷിയും. ഒരു ഭക്ഷണവും ആസ്വദിച്ചു കഴിക്കാനാകാതെയാവും. പുകവലി വിശപ്പ് ദുർബലമാക്കുന്നു. ശരീരത്തിനു മതിയായ അളവിൽ പോഷകങ്ങൾ ലഭിക്കാതെയാകുന്നു.

കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി ഭീഷണിയാകുന്നു. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാർ ഡീജനറേഷൻ, തിമിരം, ഒപ്റ്റിക് നേർവ് തകരാർ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. ഇവയെല്ലാം കാലക്രമത്തിൽ അന്ധതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളാണ്. തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്‌തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ്. പുകവലിക്കാരിൽ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.


പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. പുകവലിക്കുന്നവർക്ക് ഇൻസുലിൻ റസിസ്റ്റൻസ് കൂടുതലാണ്. പുകവലിക്കാരിൽ പ്രമേഹസാധ്യത കൂടുതലാണെന്നു ചുരുക്കം. പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്.