കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 6.7 ഗ്രാം നാരുണ്ട്. ഈന്തപ്പഴം ശീലമാക്കിയാൽ അതു സാധ്യമാവും. ആമാശയ അർബുദം തടയാൻ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം. കുടലിലെ അർബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകൾ സഹായകം. ദഹനം വേഗത്തിലാക്കുന്നു. കുടലിൽ നിന്നു വിസർജ്യങ്ങളെ വളരെവേഗം പുറന്തളളുന്നതിനു സഹാായിക്കുന്നു. ഈന്തപ്പഴത്തിൻറെ വിരേചനസ്വഭാവം കുടലിൽ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അൾസർ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.

ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ജലത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ, എസെൻഷ്യൽ ഫാറ്റി ആസിഡുകൾ, പലതരം അമിനോആഡിസുകൾ എന്നിവ ധാരാളം. ഇവ ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. വിറ്റാമിൻ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിൻ, തയമിൻ തുടങ്ങിയ വിറ്റാമിനുകൾ ഈന്തപ്പഴത്തിലുണ്ട്. ഇരുന്പ്, പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പർ, ഫ്ളൂറിൻ തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാൽസ്യവും ഈന്തപ്പഴത്തിലുണ്ട്. ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ അസ്‌ഥിസംബന്ധമായ പ്രശ്നങ്ങളും ദന്തസംബന്ധമായ പ്രശ്നങ്ങളും അകന്നു നിൽക്കും. മദ്യാസക്‌തി മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിനും ഈന്തപ്പഴം ഗുണപ്രദമെന്നു ഗവേഷകർ. ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ചുരുക്കത്തിൽ ചർമത്തിൻറെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും. ഈന്തപ്പഴം ശീലമാക്കിയാൽ.


പ്രായമാകുന്നതുമൂലം ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ കുറയ്ക്കാം. യുവത്വം നിലനിർത്താം. വിറ്റാമിൻ ബി 5 മുടിയുടെ ആരോഗ്യത്തിനും ഗുണപ്രദം. മുടി പൊട്ടുക, അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാം.

വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്. കൃത്രിമ മധുരം പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഉപഭോക്‌താവിന് അതിനുളള അവകാശമുണ്ട്. ഈന്തപ്പഴത്തിൽ പൊടി പറ്റാനുളള സാധ്യതയുളളതിനാൽ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിൻറെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.

തയാറാക്കിയത്: ടി.ജി.ബി