കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം
Monday, February 13, 2017 2:05 AM IST
* ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വാക്സിനുകൾ സ്വീകരിക്കുക.(ഡെങ്കിപ്പനിക്കു ഫലപ്രദമായതും അംഗീകൃതവുമായ വാക്സിനുകൾ നിലവിലില്ല).സ്വയംചികിത്സ പാടില്ല.

* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിൻറെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്.

* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിനു മുട്ടയിടാൻ ഒരു കുളത്തിലെ വെളളം വേണമെന്നില്ല. ഇലയുടെയും നാമ്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്ക്കുന്ന മഴവെള്ളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യൻറെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചലും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല.

* ആറു മാസം മുതൽ ഒരു വർഷം വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും.അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ.

* വേനൽക്കാലത്ത് ഈഡിസ് മുട്ടകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്‌ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന കാലാവസ്‌ഥാ വ്യതിയാനവും. ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം.


* മഴവെളളം പാഴ് വസ്തുക്കളിലും മരങ്ങളിലെ ഫലാവശിഷ്‌ടങ്ങളിൽപോലും ചെറിയ തോതിൽ തങ്ങിനില്ക്കും. മഴ മാറിയാലും ആ വെള്ളം ആഴ്ചകളോളം അവിടെ കെട്ടിനില്ക്കും. താവളം തേടി നടക്കുന്ന കൊതുകുകൾ അവിടെ തന്പടിക്കും. മഴയെ കുറ്റം പറയും മുന്പേ, ചുറ്റുപാടും കൺതുറന്നു കാണുക. മുൻകരുതലെടുത്താൽ രോഗങ്ങൾ ഒരുപരിധിവരെ അകന്നു നില്ക്കും. വെറുതേ നടക്കുന്നതിനിടെ പോലും ഇത്തരം പാഴ് വസ്തുക്കൾ വെളളം തങ്ങിനില്ക്കാനിടനല്കാത്ത വിധം മറിച്ചിടാം. ഉപയോഗശൂന്യമായ ടയറുകൾക്കുളളിലും വെളളം കെട്ടിനില്ക്കാനിടയുണ്ട്. അതും ശ്രദ്ധിക്കണം.

* മറ്റൊരു വില്ലൻ റബർമരങ്ങളിലെ ചിരട്ടകളാണ്. ഇവയിൽ വെളളം തങ്ങിനിൽക്കാനുളള സാധ്യത ഏറെയാണ്, അതിനാൽ ഉപയോഗശേഷവും ടാപ്പിംഗ് ഇല്ലാത്ത കാലത്തും ഇവ കമഴ്ത്തിവയ്ക്കാൻ ശ്രദ്ധിക്കണം. വീടിനുളളിലെ ചെടിച്ചട്ടികളിൽ വെളളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

* ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോളും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം.

* രാത്രിയും പകലും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. ശരീരം പൂർണമായും മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കുക. മുറിയിൽ കുന്തിരിക്കം പുകയ്ക്കുക.

തയാറാക്കിയത്: ടി.ജി.ബി