ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലിൽ ഏറെ ആശങ്കപ്പെടുന്നത്.

മിക്കവരിലും ദിവസം 50 – 100 മുടിയിഴകൾ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിർത്തുവരുന്നതിനാൽ തലയിൽ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തിൽ മുടികൊഴിച്ചിലിന്റെ യഥാർഥ കാരണം പൂർണമായി വ്യക്‌തമല്ല. പാരമ്പര്യം, ഹോർമോൺ വ്യതിയാനം, രോഗാവസ്‌ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഹോർമോൺ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാക്കുന്നു. ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചർമരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു.

കാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ, സന്ധിവാതം, ഡിപ്രഷൻ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകൾ, രക്‌തത്തിൻറെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ, ചിലതരം ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകൾ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാൽ ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തുകയോ ഡോസിൽ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിൻ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്.

തലയിൽ നല്കുന്ന റേഡിയേഷൻ തെറാപ്പി സ്‌ഥിരമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. കടുത്ത പനി, സർജറി തുടങ്ങിയവയ്ക്കുശേഷം സംഭവിക്കുന്ന മുടികൊഴിച്ചിൽ താത്കാലികമാണ്.


മുടിയുടെ സൗന്ദര്യവും സ്റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയർ സ്റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകൾ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയിൽ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാർഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പ്രോട്ടീൻ, ഇരുന്പ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവും മുടികൊഴിച്ചിലിനു കാരണമാകാറുള്ളതായി പഠനങ്ങളുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണു മുടികൊഴിച്ചിലിനുള്ള പ്രധാനകാരണം. പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിെൻറ തോതു കൂടുന്നതായി റിപ്പോർട്ടുണ്ട്.

ഹെയർ ഫോളിക്കിളിൾ ദുർബലമാകൽ, പോഷകാഹാരക്കുറവ്, പ്രമേഹം പോലെയുളള ചിലതരം രോഗങ്ങൾ, മാനസിക സമ്മർദം, പെട്ടെന്നുണ്ടാകുന്ന കടുത്ത വൈകാരിക പിരിമുറുക്കം എന്നിവയെല്ലാം മുടികൊഴിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ. മിക്കപ്പോഴും സ്്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നത്. മാനസികസമ്മർദം മുടിയുടെ നിറത്തെയും ബാധിക്കും. കടുത്ത മാനസിക സർദം(ടെൻഷൻ) പൊതുവെയുള്ള ആരോഗ്യത്തിനും ഗുണകരമല്ല.

ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.