ഉപ്പൂറ്റി വിണ്ടുകീറുന്നതിനു പിന്നിൽ...
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഉപ്പൂറ്റിയിലെ ചർമത്തിൻറെ കട്ടി കൂടുന്നു. വിളളലുകൾ പ്രത്യക്ഷമാകുന്നു. ഒപ്പം വേദനയും അനുഭവപ്പെടുന്നു. ചിലപ്പോൾ രക്‌തസ്രാവവും. മഞ്ഞ, ഇരുണ്ട ബ്രൗൺ എന്നീ നിറങ്ങളിൽ ചർമത്തിനു നിറഭേദം സംഭവിക്കുന്നു. അതു ചിലപ്പോൾ അണുബാധയ്ക്കിടയാക്കുന്നു. സ്ത്രീകളെയും പുരുഷൻമാരെയും ഇതു ബാധിക്കുന്നു. ഉപ്പൂറ്റിയിൽ അനുഭവപ്പെടുന്ന മർദം മൂലമാണു ചർമത്തിൽ വിളളലുകളുണ്ടാകുന്നത്. ഉപ്പൂറ്റിയിലെ ചെറിയ വിളളലുകൾ അവഗണിക്കുതാണു പ്രശ്നം രൂക്ഷമാക്കുന്നത്.

കാലുകളുടെ സംരക്ഷണത്തിനു മതിയായ ശ്രദ്ധ നല്കാത്തതാണ് ഉപ്പൂറ്റി വിണ്ടു കീറുന്നതിൻറെ മുഖ്യകാരണം.

മറ്റു കാരണങ്ങൾ–

1. കടുപ്പമേറിയ തറയിൽ നിന്ന് ഏറെനേരം ജോലി ചെയ്യേണ്ടിവരുന്ന സ്‌ഥിതി.
2. അമിതവണ്ണവും അമിതഭാരവും കാൽപ്പാദങ്ങളിലെ മർദം വർധിപ്പിക്കുന്നു.
3. പിൻവശം തുറന്ന ഷൂസ് ധരിക്കുന്നതും കാലിനുപാകമല്ലാത്ത ചെരുപ്പു ധരിക്കുന്നതും
4. സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെ കുറവ്
5. വരണ്ട ചർമം
6. ഏറെ നേരം തുടർച്ചയായി നടക്കേണ്ടി വരിക
7. പ്രമേഹം, അത് ലറ്റ്സ്ഫൂട്ട്, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ
8. സ്‌ഥിരമായി കാലുകൾ ചൂടുവെളളമുപയോഗിച്ചു കഴുകുന്നവർ. ചൂടുവെളളം ചർമത്തിലെ സ്വാഭാവിക എണ്ണയുടെ ഉത്പാദനം കുറയ്ക്കുന്നു. ഇതു ചർമം വരളുന്നതിനും വിളളലുകൾ വീഴുന്നതിനും ഇടയാക്കുന്നു.

9. കാലാവസ്‌ഥാവ്യതിയാനം. അധികമായ ചൂടും അസഹ്യമായ തണുപ്പും ചർമത്തിൻറെ ഈർപ്പം നഷ്‌ടപ്പെടുത്തുന്നു.
10. ശുചിത്വമില്ലായ്മ
11. വിറ്റാമിനുകൾ, ധാതുക്കൾ, സിങ്ക് എന്നിവയുടെ കുറവ്വിളളലൊഴിവാക്കാൻ നിങ്ങൾക്കു ചെയ്യാവുന്നത്

* കാലുകൾ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാലുകൾ കഴുകി വിരലുകൾക്കിടയിലും പാദത്തിലുംഉണങ്ങിയ കോട്ടൺ തുണി കൊണ്ടു തുടയ്ക്കുക.
* കാലുകൾ ചൂടുവെളളവും തണുത്ത വെളളവും മാറിമാറി ഉപയോഗിച്ചു കഴുകുക.
* കാലുകൾ ഈർപ്പമുളളതായി (എണ്ണമയം) സൂക്ഷിക്കുക.
* നഗ്നപാദരായി നടക്കുന്നതും ഓടുന്നതുമൊക്കെ ഒഴിവാക്കുക.
* തുണിയലക്കുന്പോഴും മറ്റും കാലുകൾ നനയാതെ ശ്രദ്ധിക്കുക. കാലിൽ സോപ്പു വെളളം വീഴാതെ ശ്രദ്ധിക്കുക. ഡിറ്റർജൻറുകൾ കലർന്ന വെളളം കാലിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു.
* കുളി കഴിഞ്ഞ് കാൽപ്പാദങ്ങളിൽ ജലാംശം നിലനിർത്താൻ സഹായകമായ ജെല്ലുകൾ പുരുക.
* അല്പം ഒലീവ് എണ്ണ കലർത്തിയ ചെറുചൂടുവെളളത്തിൽ കാൽ മുക്കിവയ്ക്കുക.
* ഉപ്പൂറ്റിയിൽ കർപ്പൂരത്തൈലം ചേർന്ന ലോഷനുകൾ പുരുട്ടുന്നതു ചർമത്തിൻറെ ജലാംശം നിലനിർത്താൻ സഹായകം (തുടരും)