ബിപി വരുതിയിലാക്കാൻ തക്കാളി
പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായിയാണ്. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആൻറിഓക്സിഡൻറ് ബോൺ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആൻറി ഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.

തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആൻറി ഓക്സിഡൻറാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.

തൂക്കം കുറച്ച് സ്ളിം ആകാൻ ആലോചിക്കു ന്നവർ ആഹാരക്രമത്തിൽ തക്കാളി കൂടുതൽ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്.

തക്കാളിയിൽ കൊഴുപ്പു കുറവാണ്. കൊളസ്ട്രോൾ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാൽ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.

തക്കാളിയിൽ പൊാസ്യം ധാരാളം. രക്‌തസർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്പോഴാണ് രക്‌തസർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്‌തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.

തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു.

തുടർന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആൻറി ഇൻഫ്ളമേറ്ററി ഏജൻറുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിൻറെ തോത് കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

മാർക്കറ്റിൽ നിന്നു വാങ്ങിയ തക്കാളി പുളിവെള്ളത്തിൽ മുങ്ങിക്കിടക്കും വിധം സൂക്ഷിക്കുക. പിന്നീടു നന്നായി കഴുകിയെടുത്തു പാകം ചെയ്യുക. വീട്ടുവളപ്പിൽ വിളയിച്ച തക്കാളിയാണ് ഏറ്റവും സുരക്ഷിതം.

തയാറാക്കിയത് – ടിജി ബി