കരൾ രോഗങ്ങൾ
Wednesday, January 25, 2017 1:14 AM IST
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്‌ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും.

കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ’എന്റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികൾ സംബോധന ചെയ്യാറുണ്ട്.

കരളിന് അനേകം ജോലികളുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്‌തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു.

ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാർത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്‌തക്കുഴലുകൾക്കും പ്രശ്നമു ണ്ടാക്കുന്നു.

രക്‌തം കട്ടി പിടിക്കാനാവശ്യമായ കോഗുലേഷൻ ഫാക്ടേഴ്സ് കരളാണ് നിർമ്മിക്കുന്നത്. കരൾ ഒരു കലവറ കൂടിയാണ്. ഗ്ളൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരൾ കരുതിവയ്ക്കുന്നു.

സാധാരണയായി കാണുന്ന കരൾ രോഗങ്ങൾ

1. ഫാറ്റി ലിവർ അഥവാ കരളിലെ കൊഴുപ്പുരോഗം

സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവർ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാവാം ഇതിനു കാരണം. അല്ലെങ്കിൽ വന്നുചേർന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാൻ കരളിനു സാധിക്കാത്തതിനാലാകാം. ചിലപ്പോൾ ഈ കൊഴുപ്പ് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗം എന്നു പറയുന്നത്.

ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ധാരാളമായി കാണുന്നു. MAFKD അഥവാ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം

ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങൾ

* അമിത വണ്ണം അതായത് പൊണ്ണത്തടി
* രക്‌തത്തിൽ അധികം കൊളസ്ട്രോൾ
* പ്രമേഹം
* പാരമ്പര്യം
* പെട്ടെന്നുള്ള ശരീരം മെലച്ചിൽ
* ചില ഔഷധങ്ങളുടെ പാർശ്വഫലം
* ഗർഭാവസ്‌ഥ

ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങൾ

മിക്കവാറും രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്‌ഥത ഉണ്ടാവാം. ഉദരഭാരം പരിശോധിക്കുമ്പോൾ കരൾ വലുതായിരിക്കുന്നതായി കണ്ടെത്തിയെന്നിരിക്കാം.

ഫാറ്റി ലിവറിന്റെ കാഠിന്യം കൂടുമ്പോൾ കരളിന്റെ കോശങ്ങൾ അധികമായി നശിക്കുന്നു. കോശത്തിനു അധികം വരുന്നത് നാരുകൾ ആയിരിക്കും. ഇവ അധികമാകുമ്പോൾ ഫൈബ്രോസിസ് എന്ന രോഗാവസ്‌ഥ ഉണ്ടാകുന്നു. ഇതിന്റെ പരിണിതഫലമാണ് ലിവർ സിറോസിസ്. ഈ രോഗാവസ്‌ഥയും തുടക്കത്തിൽ ഒരു രോഗലക്ഷണവും കാണിക്കുകയില്ല. പക്ഷേ, അടുത്ത ഘട്ടം കരളിന്റെ പ്രവർത്തനം പൂർണമായി പരാജയപ്പെടുന്നരാണ്. ഹെപ്പാറ്റിക് ഫെയ്ലുവർ എന്ന പേരിൽ ഇതറിയപ്പെടുന്നു. ഹാർട്ട് ഫെയ്ലുവർ, കിഡ്നി ഫെയ്ലുവർ എന്നിവ പോലെയുള്ള ഒരു മാരക രോഗമാണിത്. ലക്ഷണങ്ങൾ മഞ്ഞപ്പിത്തം, മഹോദരം (വയറിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്‌ഥ), കാലിൽ നീര്, രക്‌തം ഛർദ്ദിക്കുക എന്നിങ്ങനെയാണ്. ഏറ്റവും കടുത്ത രോഗമാകുമ്പോൾ തലച്ചോറിനെ ബാധിച്ച് സ്വബോധം നഷ്‌ടപ്പെടുന്നു.

രോഗനിർണ്ണയം

ലബോറട്ടറി പരിശോധന വഴി കരളിന്റെ രോഗാവസ്‌ഥ കണ്ടുപിടിക്കാം. രക്‌തത്തിലെ ബിലിറൂബിൻ മഞ്ഞപ്പിത്തത്തിന്റെ അളവ് രേഖപ്പെടുത്തുന്നു. RGNS, RTOS എന്നീ ടെസ്റ്റുകൾ കരൾ കോശത്തിന്റെ നഷ്‌ടം അളക്കുന്നു. രക്‌തത്തിലെ ആൽബുമിൻ അളവ് കുറഞ്ഞാൽ അത് കരൾ പ്രവർത്തനത്തിന്റെ പരാജയം അറിയിക്കുന്നു.

രക്‌തം സാധാരണരീതിയിൽ കട്ടിപിടിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുമ്പോൾ രോഗം വളരെ ഗുരുതരമാണെന്ന് ഡോക്ടർ മനസ്സിലാക്കണം. OS (:MQ) എന്ന ടെസ്റ്റാണ് ഇതിനുപയോഗിക്കുന്നത്.

കരളിന്റെ രോഗം മനസ്സിലാക്കുവാൻ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റാണ് ചില പ്രത്യേക തരത്തിലുള്ള ശബ്ദ വീചികൾ ഉപയോഗിച്ച് വയറിന്റെ ഉപരിഭാഗത്ത് പ്രോബ് വയ്ക്കുമ്പോൾ കമ്പ്യൂട്ടർ മോണിട്ടറിൽ കരളിന്റെ നിഴൽ തെളിയുന്നു. ഈ പരിശോധന തികച്ചും വേദനാരഹിതവും പാർശ്വഫലരഹിതവുമാണ്. ഇതു വഴി കിട്ടുന്ന കരളിന്റെ രോഗനിലയുടെ വിവരങ്ങൾ രോഗനിർണ്ണയത്തിന് വളരെ സഹായം ചെയ്യുന്നു. CS R\Zj, LQ: R\Zj എന്നീ പരിശോധനകളും അപൂർവ്വമായി വേണ്ടി വരാറുണ്ട്.

ലിവർ ബയോപ്സി ടെസ്റ്റ് ചിലപ്പോൾ ചെയ്യാറുണ്ട്. നെഞ്ചിന്റെ വലതുഭാഗത്ത് താഴത്തെ വാരിയെല്ലിൽ ഇടയിൽ കൂടി ചെറിയൊരു സൂചി കടത്തി കരളിന്റെ ഒരു ചെറിയ അംശം വലിച്ചെടുക്കുന്നു. ഇത് മൈക്രോസ്കോപ്പിൽ കൂടി നിീക്ഷിക്കുമ്പോൾ കരളിന്റെ കോശത്തിന്റെ യഥാർത്ഥ സ്‌ഥിതി, കൊഴുപ്പിന്റെ അളവ് എന്നിവ കൃത്യമായി ദൃശ്യമാകുന്നു. ഫാറ്റി ലിവർ സ്‌ഥിതീകരിക്കാൻ ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ട് . പക്ഷേ, ഒരു സൂചി പ്രയോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഈ പരിശോധന പതിവായി ചെയ്യാറില്ല.


കരൾ രോഗത്തിന്റെ പരിണാമഘട്ടങ്ങൾ പ്രഥമഘട്ടം

ആദ്യമായി വരുന്നത് കരളിൽ ക്രമാതീതം കൊഴുപ്പടിഞ്ഞ ഫാറ്റി ലിവർ ആണ്. പക്ഷേ, ഈ ഘട്ടത്തിൽ കരളിനോ രോഗിക്കോ കാര്യമായ ദോഷമോ പ്രവർത്തന വൈഷമ്യമോ ഉണ്ടാവില്ല. ഒരു വിശദ പരിശോധന വഴി മാത്രമേ ഡോക്ടർക്ക് പോലും രോഗാവസ്‌ഥ മനസ്സിലാവുകയുള്ളു. ഈ ഘട്ടത്തിൽ പരിഹാര ചികിത്സാ നടപടികൾ തുടങ്ങാൻ കഴിഞ്ഞാൽ കരൾ പൂർണ്ണ ആരോഗ്യ സ്‌ഥിതിയിലേക്ക് മടങ്ങും.

രണ്ടാമത്തെ ഘട്ടം

ഇപ്പോൾ കരളിനു വീക്കം അഥവാ ഇൻഫ്ളമേഷൻ പിടിപെടുന്നു. ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. കോശങ്ങൾ കാര്യമായി അളവിൽ നഷ്‌ടപ്പെട്ടു തുടങ്ങുന്നു. രക്‌തം പരിശോധിക്കുമ്പോൾ കരളിൽ നിന്നുണ്ടാകുന്ന RGOS, RGDS എന്നീ എൻസൈമുകൾ കൂടിയ അളവിൽ കാണുന്നു. ഈ ഘട്ടത്തിൽ പോലും രോഗിയുടെ ആരോഗ്യത്തിൽ ബാഹ്യമായ വ്യതിയാനങ്ങൾ കണ്ടെന്നു വരില്ല.

മൂന്നാമത്തെ ഘട്ടം

സിറോസിസ് എന്ന അവസ്‌ഥയിൽ കരളിലെ സാധാരണ കോശങ്ങൾ നശിച്ച് പകരം നാരുകൾ പോലുള്ള ഫൈബറസ് ടിഷ്യൂസ് സ്‌ഥാനംപിടിക്കുന്നു. കരൾ ചുരുങ്ങി ചെറുതാകുന്നു. അങ്ങിങ്ങായി മുഴകൾ പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് പകുതിയിലധികം കരൾ കോശങ്ങൾ നഷ്‌ടപ്പെട്ടു കഴിയുമ്പോൾ രോഗി അവശതയിലാകുന്നു. മഞ്ഞപ്പിത്തം, രക്‌തം ഛർദ്ദിക്കൽ, വയർ പെരുക്കം, കുടലിൽ നീര് എന്നീ ലക്ഷണങ്ങൾ കാണുന്നു. അവസാനം തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി രോഗി അബോധാവസ്‌ഥയിലാകുന്നു . ഈ അവസ്‌ഥയിൽ നിന്ന് കരളിന്റെ ആരോഗ്യം പൂർവ്വസ്‌ഥിതിയിലേക്ക് വീണ്ടെടുക്കുക പ്രയാസമാണ്.

കരൾ രോഗത്തിന്റെ ചികിത്സ

ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. ഇവിടെയാണ് നമ്മൾ കരളിന് കേട് വരാതിരിക്കാനുള്ള നടപടികൾ എടുക്കുവാൻ സാധിക്കുന്നത്.

1. നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വസ്തുക്കൾ, എണ്ണയിൽ കുതിർത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നതും വർജിക്കണം.

2. മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയിൽ കൂടുതൽ വീര്യം കൂടിയ മദ്യം ( അതായത് 2 ലാർജ് പെഗ് വിസ്കിയോ ബ്രാൻഡിയോ റമ്മോ) കഴിച്ചാൽ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളിൽ കുറഞ്ഞ അളവിൽ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാൽ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിർത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി.

4. ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് ക്രമേണ കുറയ്ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്ക്കുന്നതും കരളിന് നല്ലതല്ല.

5. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുന്നു. ദിവസവും 30–40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ചെയ്യുക.
6. കരളിനു ദോഷം ചെയ്യുന്ന മരുന്നുകൾ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോൾ പോലും അധികമായാൽ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാം.

7. കരളിന് സ്വയം കേടുപാട് തീർക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരൾ രോഗത്തിൽ നിന്ന് മോചനം കിട്ടുവാൻ ഉള്ള ഏറ്റവും സുഗമമായ മാർഗ്ഗം.

8. സിറോസിസ് രോഗം വന്നു കഴിഞ്ഞാൽ പൂർണരോഗവിമുക്‌തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്പോൾ മഞ്ഞപ്പിത്തം, രക്‌തം ഛർദ്ദിക്കൽ, അബോധാവസ്‌ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ അവസ്‌ഥയിൽ തീവ്ര പരിചരണം മൂലം തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്പോൾ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

സന്ദേശം

ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ കൊഴുപ്പുരോഗം അഥവാ ഫാറ്റി ലിവർ വളരെ സാധാരണയായി കാണപ്പെടുന്നു. തുടക്കത്തിൽ കണ്ടുപിടിച്ചാൽ കരളിനെ പൂർണ്ണ ആരോഗ്യത്തിലാക്കാം. താമസിച്ചാൽ, ഇത് സിറോസിസ് രോഗത്തിൽ അവസാനിക്കാം. സ്വയം കേടുപാട് തീർക്കുവാനുളള കരളിന്റെ കഴിവ് അപാരമാണ്. ഈ പ്രക്രിയയെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്. കൃത്യമായ ജീവിത ശൈലിയും മദ്യവർജനവും ഇതിന് അത്യാവശ്യമായി ചെയ്യേണ്ട നടപടികളാണ്.

Dr. Ajith Nair
Gastroenterologist, KIMS Hospital, Trivandrum