ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചു വച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ച് അടുപ്പിക്കാനുള്ള ഉള്ളിയുടെ ശേഷി അപാരമാണ്.

സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. ഉളളി അരിഞ്ഞത് അധികനേരം തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്പു മാത്രമേ ളള്ളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.

ഡെയിഞ്ചർ സോൺ

ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക. വിളന്പുന്നനേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോൺ. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.


വൃത്തിയുളള പശ്ചാത്തലം

ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുള്ളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽക്കൂടിയും അണുബാധയുണ്ടാവാം. ഏതു ഘട്ടത്തിലും ഇതു സംഭവിക്കാം. ഫ്രഷ് ചിക്കൻ ഫ്രിഡ്ജിൽ ഇരിക്കുന്പോൾ അതിൽ മൈക്രോബ്സ് (അണുക്കൾ) പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുള്ള സാധ്യത കൂടുതലാണ്.

തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ രോഗാണുക്കൾ കലരാനിടയുണ്ട്.

വിവരങ്ങൾ: ഡോ. അനിതാമോഹൻ, കൺസൾട്ടൻറ് ഡയറ്റീഷൻ* നുട്രീഷനിസ്റ്റ്