ടാങ്കർവെള്ളത്തിൻറെ ശുദ്ധി ഉറപ്പാക്കണം
Sunday, January 22, 2017 2:43 AM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും വിനോദയാത്രകളുടെ രസംകൊല്ലുന്നത് അസുഖങ്ങളാവാം. മാലിന്യങ്ങൾ കലർന്ന കുടിവെളളത്തിലൂടെയാവാം പലപ്പോഴും അവയുടെ വരവ്. ഇ–കോളായ് പോലെയുളള ബാക്ടീരിയകൾ ആമാശയരോഗങ്ങൾക്ക് ഇടയാക്കുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ്, പോളിയോ വൈറസ് എന്നിവയും മലിനജലത്തിലൂടെയാണ് എത്തുന്നത്. തിളപ്പിച്ചാറിച്ച വെളളം, മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെ ശുദ്ധീകരിച്ച വെളളം എന്നിവ ഉപയോഗിക്കാം. യാത്രകളിൽ തിളപ്പിച്ചാറിച്ച വെളളം കരുതുന്നത് ഉത്തമം. രാമച്ചം, അയമോദകം എന്നിവയിലൊന്നു ചേർത്തു തിളപ്പിച്ച വെളളം രണ്ടു ദിവസത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാം. ഫ്ളാസ്കിൽ തിളപ്പിച്ച വെളളം കരുതുന്നതും ഉചിതം. കുളവും പുഴയും മറ്റും മലിനീകരിക്കപ്പെതാണെന്നു തിരിച്ചറിഞ്ഞാൽ അത്തരം ഇടങ്ങളിലെ കുളി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. യാത്രകൾക്കിടെ സാലഡുകൾ ഒഴിവാക്കാം. മലിനജലത്തിൽ കഴുകിയ പച്ചക്കറികളും പഴങ്ങളും രോഗാണുക്കൾക്കു ശരീരത്തിലേക്കു വഴിയൊരുക്കും എന്നത് ഓർക്കുമല്ലോ.

ജലസ്രോതസുകൾ മലിനമാക്കരുത്

കുളങ്ങളിലേക്കും മറ്റു ജലാശയങ്ങളിലേക്കും മാലിന്യങ്ങൾ ഒഴുക്കിവിടുന്നതും അവയിൽ അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതും ഒഴിവാക്കണം. പൊങ്ങിക്കിടക്കുന്ന ചപ്പുചവറുകൾ വെളളത്തിലേക്കു കടന്നുചെല്ലുന്ന സൂര്യപ്രകാശത്തിെൻറ തോതു കുറയ്ക്കുന്നു. അതു ജലസ്രോതസുകളുടെ സ്വാഭാവികത നിലനിർത്തുന്ന സൂക്ഷ്മസസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും വളർച്ച തടയുന്നു.

കുളങ്ങളിലെ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നീക്കാം. ജലം ശുദ്ധമാക്കാൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കാം. കിണറും കിണറിെൻറ പരിസരവും ശുചിയായി സംരക്ഷിക്കണം. കിണറ്റിൻകരയിലെ കുളി നല്ല ശീലമല്ല. സോപ്പും എണ്ണയും മറ്റു മാലിന്യങ്ങളും കിണറ്റിൽ കലരാനുളള സാധ്യത ഏറെയാണ്. കിണറ്റിൻകരയിലും പരിസരങ്ങളിലും വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്നതും അവയെ കുളിപ്പിക്കുന്നതും മറ്റും ഒഴിവാക്കണം.


ടാങ്കർവെള്ളത്തിൻറെ ശുദ്ധി ഉറപ്പാക്കാം

ജലാശയങ്ങളുടെ വക്കുകൾ കെട്ടിയടച്ചു മാലിന്യങ്ങൾ കലരുന്ന സാഹചര്യം ഒഴിവാക്കണം. കുടിവെളളത്തിന് ആശ്രയമാകുന്ന ജലസ്രോതസുകളിൽ ഇറങ്ങി കുളിക്കുന്ന പ്രവണത തടയണം. സോപ്പും എണ്ണയും വെളളത്തിെൻറ സ്വാഭാവികത നഷ്‌ടമാക്കുന്നു. ജലസ്രോതസുകളുടെ ആയുസു കുറയ്ക്കുന്നു .ടാങ്കർ ലോറികളിലും മറ്റും എത്തിക്കുന്ന വെളളത്തിെൻറ ശുദ്ധിയിൽ വിതരണക്കാരനൊപ്പം ഉപഭോക്‌താവും സജീവജാഗ്രത പുലർത്തണം. വെളളം ശേഖരിക്കുന്ന ഇടങ്ങളിലെത്തി വൃത്തി ഉറപ്പാക്കാൻ റെസിഡൻറ്സ് അസോസിയേഷനുകൾ, ഫ്ളാറ്റുകളിലെ കൂട്ടായ്മകൾ എന്നിവരും ശ്രദ്ധിക്കണം. പ്രാദേശിക ഭരണകൂടങ്ങൾക്കും രാഷ്്ട്രീയപാർട്ടികൾക്കും യുവജനസംഘടനകൾക്കും വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്കും ഗ്രാമീണകൂട്ടായ്മകൾക്കും റോട്ടറി, ലയൺസ് ക്ലബ് തുടങ്ങിയ സാമൂഹികപ്രസ്‌ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായും കാര്യക്ഷമമായും ഇടപെടാനാവും.