ജലാശയങ്ങളിൽ വാഹനങ്ങൾ കഴുകരുത്
Friday, January 20, 2017 4:34 AM IST
പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോൾ

ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംബ്ളിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തിൽ ലെഡ് കലരാനുള്ള സാധ്യതയുണ്ട്. രക്‌തത്തിൽ ലെഡ് ക്രമാതീതമായാൽ കുട്ടികളിൽ വിളർച്ച, പഠനത്തിനും കേൾവിക്കും തകരാറുകൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഐക്യു കുറയൽ എന്നിവയ്ക്കു സാധ്യതയേറും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം കുഴപ്പത്തിലാകും. നാഡീവ്യവസ്‌ഥ, തലച്ചോറ്, മറ്റ് അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ലെഡ് വിഷബാധ തകരാറിലാക്കുന്നു. പെരുമാറ്റപ്രശ്നങ്ങൾക്കും പ്രത്യുത്പാദന വ്യവസ്‌ഥയിൽ തകരാറുകൾക്കും ഇടയാക്കുന്നു. ലെഡ് വിഷബാധ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാണ്; ആറു വയസിൽ താഴെയുളള കുികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളിൽ മൂന്നു മുതൽ എട്ടു ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു. പൈപ്പിൽ കിടന്നു ചൂടായ വെളളത്തിൽ ലെഡിൻറെ അംശം കൂടുതലാണ്. പൈപ്പിൽ കെട്ടിക്കിടക്കുന്ന വെളളം രാവിലെ ഉപയോഗത്തിനു മുന്പ് അല്പനേരം തുറന്നുവിടണം. പൈപ്പിൽ കെട്ടിക്കിടന്നു ചൂടായ വെളളവും അല്പനേരം തുറന്നുകളയണം. പൈപ്പ് വെളളത്തിൻറെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക.

പുഴയിലേക്ക് എറിയരുതേ..!

പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രാസപദാർഥങ്ങളുടെ കുപ്പികൾ തുടങ്ങിയവ തോടുകളിലും മറ്റു ജലാശയങ്ങളിലും ഉപേക്ഷിക്കരുത്. പെയിൻറ്, എണ്ണ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലുകൾ, ക്ലീനിംഗ് സോൾവെൻറുകൾ, പോളിഷുകൾ, പ്രാണികളെ തുരത്തുന്നതിനു പ്രയോഗിക്കുന്ന മരുന്നുകൾ, വീട്ടിൽ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കൾ എന്നിവയുടെ അവശിഷ്‌ടങ്ങൾ ടോയ് ലറ്റ്, അഴുക്കുചാലുകൾ, സിങ്ക് എന്നിവയിൽ നിക്ഷേപിക്കരുത്. ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, പെട്രോളിയം ഡിസ്റ്റിലേറ്റ്സ്, ഫിനോൾ, ക്രിസോൾ, അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ ഉപദ്രവകാരികളായ രാസപദാർഥങ്ങൾ അന്തിമമായി സമീപത്തെ കുടിവെളളസ്രോതസുകളിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്.


പുഴയിൽ വാഹനം കഴുകരുത്

കുളങ്ങൾ, ചെറുതോടുകൾ, നദികൾ എന്നിവയിലോ അവയുടെ സമീപത്തോ വാഹനങ്ങൾ കഴുകുന്നതും ഒഴിവാക്കുക. വാഹനങ്ങളിലെ ഓയിൽ, മറ്റ് രാസപദാർഥങ്ങൾ എന്നിവ കുടിവെളള സ്രോതസുകൾ മലിനപ്പെടുത്തുന്നതു തടയാം.. മോട്ടോർ വാഹനങ്ങൾ വീട്ടിൽ കഴുകുന്നവർ മലിനജലം കിണർ, കുളം, അരുവികൾ എന്നിവയിൽ കലരാതെ ശ്രദ്ധിക്കുക. പ്രഫഷണൽ ഗാരേജുകളെ സമീപിക്കുന്നതാണ് ഉത്തമം. അത്തരം ഇടങ്ങളിൽ അശുദ്ധജലം റീസൈക്കിൾ ചെയ്തു ശുദ്ധമാക്കി ഉപയോഗിക്കാനുളള സംവിധാനമുണ്ട്.