മുടിയഴകിന്...
Wednesday, January 18, 2017 2:03 AM IST
പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില വഴികൾ...

* അഴകുളള മുടിക്ക് അടിസ്‌ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം. നാളികേരവിഭവങ്ങൾ കേശാരോഗ്യത്തിനു ഗുണകരം.
* രാസപദാർഥങ്ങളും പ്രിസർവേറ്റിവുകളും(ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേർക്കുന്ന രാസവസ്തുക്കൾ) ചേർത്ത ഭക്ഷണം ഒഴിവാക്കുക.
* കുരുമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു കേശാരോഗ്യത്തിനു ഗുണപ്രദം
* ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാർഗങ്ങളിലൂടെ ടെൻഷൻ കുറയ്ക്കുക.
* കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുന്പോൾ എല്ലാ വശങ്ങളിൽ നിന്നും പതിയെ ചീകുക.
* തലയോട്ടിയിൽ സ്പർശിക്കത്തക്ക വിധം അമർത്തി ചീകരുത്.
* നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരൻ അകറ്റുന്നതിനും അതു ഗുണപ്രദം.
* അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. രാസപദാർഥങ്ങൾ കഴിവതും ഒഴിവാക്കുന്നതാണു മുടിയുടെ ആരോഗ്യത്തിനു ഗുണകരം.

* ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവർ ശുദ്ധജലം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക
* രാസപദാർഥങ്ങൾ അടങ്ങിയ ഷാന്പൂ ഒഴിവാക്കുക; പ്രകൃതിദത്തമെന്നും മറ്റുമുളള പരസ്യവാചകങ്ങളിൽ അകപ്പെടാതിരിക്കുക.
* ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുക. വിരലുകളുടെ അഗ്രം ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുന്പോൾ നഖം തലയിൽ കൊളളരുത്. പിന്നീടു വീര്യം കുറഞ്ഞ ഷാന്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ഷാന്പുവിനു പകരം ചെമ്പരത്തിയില താളിയായി ഉപയോഗിക്കാം.
* ഡ്രയർ തലയ്ക്കു വളരെയടുത്തു നീക്കിവച്ചു മുടിയുണക്കുന്ന രീതി ഒഴിവാക്കുക.
* ഹെയർ ലോഷൻ ഉപയോഗിക്കുന്പോൾ തലയോട്ടിയിൽ നേരിട്ടു തേച്ചു പിടിപ്പിക്കരുത്
* മുടിക്കു വലിച്ചിലുണ്ടാക്കുന്ന ഹെയർ സ്റ്റൈലുകൾ ഉപേക്ഷിക്കുക.
* തേനും മുട്ടയുടെ മഞ്ഞക്കരുവും ചേർത്തു തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതു മുടികൊഴിച്ചിൽ പ്രതിരോധിക്കും.