കരൾ വാടാതിരിക്കാൻ ബീറ്റ് റൂട്ട്
Monday, January 16, 2017 2:49 AM IST
മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിർത്തുന്നതും ദഹനപ്രക്രിയ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ളതുമായ അഞ്ഞൂറോളം കർത്തവ്യങ്ങളാണ് കരൾ നിർവഹിക്കുന്നത്. രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന കരൾ തളർന്നുപോയാൽ ശരീരത്തിന്റെ മുഴുവൻ ജീവൽപ്രവർത്തനങ്ങളുടെയും താളംതെറ്റും. ജീവന്റെ നിലനിൽപ്പിന് ഇത്രമേൽ നിർണായകമായ കരൾ സംരക്ഷണത്തിനായി പ്രകൃതിയിൽ തന്നെ ഒരു മരുന്നുണ്ട്...നമ്മുടെ സ്വന്തം ബീറ്റ് റൂട്ട്.

കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ബീറ്റ്റൂട്ട്. മഗ്നീഷ്യം, കാൽസ്യം, അയൺ, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമൃദ്ധമായ ബീറ്റ്റൂട്ട് കരളിലെ പ്രവർത്തനങ്ങളെ ഉദ്ദീപിക്കും. കൂടാതെ ബീറ്റ്റൂട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിൻ കരൾ കോശങ്ങൾ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും.


മദ്യപാനം മൂലമുണ്ടാകുന്ന കരളിലെ കേടുപാടുകൾ ഒരു പരിധി വരെ തടയാനും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റെയിന് സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് ആയോ ഉച്ചയൂണിനൊപ്പം കറിയായോ കഴിക്കാവുന്നതാണ്. ജ്യൂസായാണ് ഉപയോഗിക്കുന്നതെങ്കിൽ പഞ്ചസാരയോ മറ്റ് കൃത്രിമ രാസവസ്തുക്കളോ ചേർക്കരുത്. ബീറ്റ്റൂട്ടിനൊപ്പം കാരറ്റും രുചിക്കായി അല്പം നാരങ്ങാ നീരും ചേർക്കാവുന്നതാണ്.