പ്രമേഹം ഡയറ്റ്: മൈദ ഒഴിവാക്കാം
Tuesday, January 10, 2017 5:35 AM IST
പ്രമേഹമുള്ളവർക്ക് ആഹാരരീതിയാണ് എന്നും കീറാമുട്ടി. ഇഷ്‌ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാൻ കഴിയില്ലെന്നുള്ളതാണ് അവരുടെ പരാതിയും നിരാശയും. അതുകൊണ്ട് ഒരു വിഭാഗം രോഗികൾ കരുതലിന്റെ ഭാഗമായ നിയന്ത്രണം വകവയ്ക്കാതെ വിലക്കപ്പെട്ട എല്ലാ ആഹാരസാധനങ്ങളും കഴിക്കും. അങ്ങനെ നിയന്ത്രണമില്ലാതെ പ്രമേഹത്തിന്റെ എല്ലാ പ്രശ്നങ്ങളും ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഡോക്ടർമാർ ആഹാരത്തെക്കുറിച്ച് ഒന്നും വ്യക്‌തമായി പറയുന്നില്ല. ഡയറ്റീഷന്റെയടുത്തു ചെന്നാലോ അവരുടെ ഇഷ്‌ടങ്ങളൊന്നും കണക്കാക്കാതെ കുറെ കലോറിക്കണക്കും പറഞ്ഞ് ഒരു ലിസ്റ്റ് കൊടുത്തുവിടും. മിക്കവരും അത് ചവറ്റുകുട്ടയിലെറിഞ്ഞ് അവർക്കിഷ്‌ടമുള്ളതു കഴിക്കും. പ്രമേഹബാധിതരുടെ ഇഷ്‌ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണെങ്കിൽ മാത്രമേ അതുകൊണ്ടു പ്രയോജനമുള്ളൂ.

ആഹാരത്തിന്റെ ഗ്ലൈസീമിക് ഇൻഡക്സ്(ജിഐ), അതായതു ഗ്ലൂക്കോസുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ആഹാരവും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ അനുപാതം അനുസരിച്ചാണ് പ്രമേഹക്കാർക്ക് കഴിക്കാവുന്നവ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്നത്. ഗ്ലൂക്കോസിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 100 ആണ്. എന്നുവച്ചാൽ 100 ശതമാനവും ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണതിനർഥം. ജിഐ കുറഞ്ഞ ആഹാരമാണു പ്രമേഹക്കാർക്കു വേണ്ടത്. ജിഐ –70നു മുകളിലുള്ള ആഹാരസാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉദാഹരണം: ഉരുളക്കിഴങ്ങ് (96), കോൺ ഫ്ളേക്സ് (90), പച്ചരി (96), തണ്ണിമത്തൻ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ.


ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങൾക്ക് ഊന്നൽകൊടുക്കേണ്ടതുണ്ട്.

1. ധാന്യങ്ങളുടെ തവിട്, തൊലി തുടങ്ങിയവ കളഞ്ഞാൽ ജിഐ കൂടും. ഗോതമ്പ്, പഞ്ഞപ്പുല്ല് (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാൻ. തൊലി അരിച്ചുകളയാൻ പാടില്ല. റിഫൈൻ ചെയ്ത ധാന്യപ്പൊടികൾ (ഉദാ– മൈദ) ഒഴിവാക്കേണ്ടതാണ്. പുഴുങ്ങിക്കുത്തിയ നെല്ലിന്റെ തവിടുകളയാത്ത ചുവന്ന അരിയാണ് ചോറിനുത്തമം. വെള്ളയരിയാണു ഷുഗറുകാർക്കു നല്ലതെന്ന വിശ്വാസം തെറ്റാണ്. കാരണം ചുവന്ന അരി (കുത്തരി)യുടെ ജിഐ 65 ആണെങ്കിൽ വെള്ളയരിയുടേത് 80 ആണെന്നറിയുക.

2. ഖരരൂപത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ പാനീയ രൂപത്തിള്ളതിന് ജിഐ കൂടും. ചോറിനേക്കാൾ ജിഐ കൂടും കഞ്ഞിക്ക്. റാഗിപുട്ടിനെക്കാൾ ജിഐ കൂടും
റാഗി കാച്ചിയതിന്. (തുടരും)

വിവരങ്ങൾ: ഡോ.യു. രാജേന്ദ്രൻ,
ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, * ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.