തുമ്മലും ജലദോഷവും
Friday, December 16, 2016 6:22 AM IST
? 16 വയസുള്ള മകനുവേണ്ടിയാണ് ഇതെഴുതുന്നത്. കുട്ടിക്കു ചില സമയങ്ങളിൽ ശക്‌തമായ തുമ്മലും ജലദോഷവും ഉണ്ടാകാറുണ്ട്. ഇത് ദിവസം മുഴുവൻ നീണ്ടുനിൽക്കും. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും മൂക്കിൽ ദശ വളരുന്നതാണെന്നും 18 വയസിനു ശേഷം മാത്രമേ ഓപ്പറേഷൻ ചെയ്യാൻ പാടുള്ളൂവെന്നും പറയുന്നു. കുട്ടിയുടെ മുത്തശിക്കും ഇങ്ങനെ തുമ്മൽ ഉണ്ടാകാറുണ്ട്. ഇത് ഒരു പാരമ്പര്യ രോഗമാണോ? ഓപ്പറേഷൻ ചെയ്യുന്നതിന് 18 വയസു തികയണോ? ഓപ്പറേഷനിലൂടെ ഇത് മാറ്റിയെടുക്കാൻ കഴിയുമോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
പ്രദീപ്, ആലുവ

ഈ പ്രായത്തിൽ കുഞ്ഞിനു ഇത്തരം നാസോ ബ്രോങ്കിയൽ അലർജി ഉണ്ടാവുന്നതും മൂക്കിൽ നിന്ന് ഒലിക്കുന്നതും സാധാരണയാണ്. 18 വയസുവരെ മൂക്കിനും വളർച്ചയുണ്ടാവുന്നണ്ട്. അതുകൊണ്ടു തന്നെ കുറച്ചു കൂടി സാവകാശം കൊടുക്കുന്നതാണ് നല്ലത്. എന്തെങ്കിലം ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിൽ അത് സ്വയം ശരിപ്പെടുത്താൻ ശരീരത്തിനു തന്നെ അവസരം കൊടുക്കാം. അതുവരെ ലഘുവായ മരുന്നുകളോ മൂക്കിൽ അടിക്കാനുള്ള സ്പ്രേകളോ ഒക്കെ ഉപയോഗിച്ച് ലക്ഷണങ്ങളും അസ്വസ്‌ഥതകളും ഒഴിവാക്കാവുന്നതേയുള്ളൂ. നല്ലൊരു ചികിൽസാകേന്ദ്രത്തിലെ ശിശു ചികിൽസാ വിദഗ്ധനെയും ഇ.എൻ.ടി ഡോക്ടറെയും കണ്ട് ഉപദേശങ്ങൾ സ്വീകരിക്കുകയും അവരുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുക.