അലർജി: കാരണങ്ങൾ പലത്
Monday, December 5, 2016 7:12 AM IST
ശരീരത്തിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മൾ അലർജി എന്ന് വിളിക്കുന്നു. ഇത്തരം അലർജനുകൾ ത്വക്കിലൂടേയും ശ്വസനത്തിലൂടേയും മരുന്നിലൂടേയും ഭക്ഷണത്തിലൂടേയും ഒക്കെ ശരീരത്തിൽ പ്രവേശിക്കാം. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം, കടന്നൽ, തേനീച്ച, തേൾ, എട്ടുകാലി, വിവിധ പുഴുക്കൾ, പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ, ചില ആഭരണങ്ങൾ എന്നിവയൊക്കെ ത്വക്കിലൂടെ അലർജി ഉണ്ടാക്കും. വീട്ടിലെ പൊടി, പൂമ്പൊടികൾ, മൃഗരോമങ്ങൾ, പൂപ്പലുകൾ, അടച്ചിട്ട മുറികൾ എന്നിവ നാസികാ അലർജിക്ക് കാരണമാവാം.

പെൻസിലിൻ, സൽഫ അടങ്ങിയ ചില മരുന്നുകൾ, ആസ്പിരിൻ തുടങ്ങിയ വേദനാസംഹാരികൾ, കർപ്പൂരം തുടങ്ങിയ ചില ലേപനങ്ങൾ എന്നിവയും പാൽ, മുട്ട, ബീഫ്, മട്ടൻ, പോർക്ക്, തോട് അടങ്ങിയ കടൽ മത്സ്യങ്ങൾ, ടിൻ ഫുഡുകൾ, ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ എന്നിവയൊക്കെ അലർജിയുണ്ടാക്കാം.

ഒരു വ്യക്‌തി ഒരു പ്രാവശ്യം അലർജനുകളുമായി സമ്പർക്കം പുലർത്തിയതുകൊണ്ട് ശരീരത്തിൽ ചൊറിച്ചിലോ തുമ്മലോ കണ്ണ് ചൊറിച്ചിലോ വയറിളക്കമോ ഉണ്ടാവണമെന്നില്ല. തുടർച്ചയായ സമ്പർക്കം മൂലം ശരീരത്തിൽ ചില പ്രതിപ്രവർത്തനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. പിന്നീട് അതേ അലർജനുമായി സമ്പർക്കം പുലർത്തുമ്പോൾ ശരീരം പ്രതികരിക്കാൻ തുടങ്ങുന്നു.

സാധാരണ അലർജിയുടെ ലക്ഷണങ്ങൾ


അലർജനുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ചൊറിച്ചിൽ, തടിപ്പ്, കണ്ണ് ചൊറിച്ചിൽ, നീർവെപ്പ്, ചിലപ്പോൾ ശ്വാസതടസംവരെ അനുഭവപ്പെടാം. നാസിക അലർജിക്ക് തുടക്കത്തിൽ തുടരെതുടരെയുള്ള ജലദോഷം, തുമ്മൽ, തൊണ്ടയടപ്പ്, തൊണ്ടവേദന, മൂക്കടപ്പ്, ശ്വാസംമുട്ടൽ എന്നിവയൊക്കെ അനുഭവപ്പെടാം.

ഇത് കുട്ടികളിൽ അഡിനോയ്സ് ഗ്രന്ഥി തടിക്കാനും ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ വരാനും തുടർന്ന് നിരന്തരമായ കഫക്കെട്ട്, ചുമ, ശ്വാസംമുട്ട് എന്നിവയ്ക്കും കാരണമാകുന്നു. ഇതിനെ നമ്മൾ അലർജിക്ക് ബ്രോങ്കൈറ്റിസ് എന്നും അലർജിക് ആസ്തമ എന്നും വിളിക്കും. ത്വക്കിലെ അലർജി കുട്ടികളിൽ എക്സിമ (കരപ്പൻ) ഉണ്ടാവാൻ പ്രധാന കാരണം ആണ്. ഇത്തരം കുട്ടികളിൽ ഐജിഇയുടെ അളവ് പത്തോ അതിൽ അധികമോ മടങ്ങ് കാണപ്പെടാറുണ്ട്. തുടക്കത്തിലെ പ്രതിരോധ ശക്‌തി വർധിപ്പിക്കാൻ ഹോമിയോ മരുന്നുകൾ ഫലപ്രദമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അലർജി ആസ്തമയിലേക്ക് പ്രവേശിക്കാം. (തുടരും)

ഡോ. സജിൻ എംഡി ഹോമിയോപ്പതി
സ്കിൻ * അലർജി വിഭാഗം ചെയർമാൻ * മാനേജിംഗ് ഡയറക്ടർ
വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204.