ആയുർവേദ വിധിപ്രകാരം ഗർഭിണികൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
Sunday, September 25, 2016 3:22 AM IST
ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെപ്പറ്റി ആയൂർവേദ സംഹിതകളിൽ വിശദമായി പറയുന്നുണ്ട്. ഗർഭിണികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയം ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മൂന്നുമാസവുമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിനുവേണ്ടി പാൽകഷായം, എണ്ണ തേച്ചുള്ള കുളി, വായന എന്നിവയെക്കുറിച്ച് ആയുർവേദത്തിൽ പ്രതിപാദിക്കുന്നു.

* പാൽകഷായം എപ്പോഴാണ് കഴിക്കേണ്ടത്? പാൽകഷായം കൊണ്ടുള്ള പ്രയോജനം എന്താണ്?

ഓരോ മാസവും ഓരോ ഔഷധമാണ് പാൽകഷായത്തിന് വിധിച്ചിരിക്കുന്നത്. ഒന്നാം മാസത്തിൽ കുറുന്തോട്ടിവേര്, രണ്ടാം മാസത്തിൽ തിരുതാളി, മൂന്നാംമാസത്തിൽ ചെറുവഴുതിന വേര്, നാലാം മാസത്തിൽ ഓരില വേര്, അഞ്ചാം മാസത്തിൽ ചിറ്റമൃത്, ആറാം മാസത്തിൽ പുത്തരിച്ചുണ്ടവേര്, ഏഴാം മാസത്തിൽ യവം, എട്ടാം മാസത്തിൽ പെരുകുരുമ്പവേര്, ഒമ്പതാം മാസത്തിൽ ശതാവരിക്കിഴങ്ങ് ഈ രീതിയിലാണ് പാൽകഷായം കഴിക്കേണ്ടത്.


ഗർഭസ്‌ഥശിശുവിന്റെ വളർച്ചയ്ക്ക് ഹോർമോണുകളും ധാതുക്കളും അധികമായി വേണം. പാൽകഷായം കഴിക്കുന്നതുകൊണ്ട് ഇവ ലഭ്യമാകുകയും ആരോഗ്യമുള്ള ഗർഭത്തിനും സുഖപ്രസവത്തിനും സഹായിക്കുകയും ചെയ്യുന്നു.

* ഗർഭാവസ്‌ഥയിൽ എങ്ങനെയുള്ള ആഹാരക്രമമാണ് നല്ലത് ?

ഗർഭിണിക്ക് ആഗ്രഹമുള്ള എല്ലാ ആഹാരവും കഴിക്കാവുന്നതാണ്. പ്രിസർവേറ്റീവ്സ് ഉള്ളതും കൊഴുപ്പു കൂടുതൽ ഉള്ളതുമായ ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. യഥാസമയം ഭക്ഷണം കഴിക്കാൻ പരമാവധി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വായുക്ഷോഭം ഉണ്ടാകാൻ കാരണമാകും.