കണ്ണുകളുടെ കരുത്തിന് കറിവേപ്പില
Saturday, June 25, 2016 4:11 AM IST
കറികളിൽ നിന്നു കറിവേപ്പില വലിച്ചെറിയുന്ന ശീലം ആരോഗ്യജീവിതത്തിനു ഗുണം ചെയ്യില്ല.
കറിവേപ്പില ചേർത്താൽ ആഹാരത്തിന്റെ രുചി കൂടും. ഗന്ധം ഹൃദ്യമാകും. ആഹാരം ആരോഗ്യകരമാവും. കറികൾക്കു ഗന്ധത്തിനു വേണ്ടിമാത്രമാണ് കറിവേപ്പില ചേർക്കുന്നതെന്നാണ് പലരുടെയും ധാരണ. അതിനാൽ കഴിക്കുന്നതിനിടെ അവ എടുത്തുകളയണമെന്നും ഇക്കൂട്ടർ കരുതുന്നു. എന്നാൽ അതിന്റെ അമൂല്യമായ ആരോഗ്യസിദ്ധികൾ തിരിച്ചറിയാത്തതിനാലാണ് അങ്ങനെ കരുതുന്നത്. സാധ്യമെങ്കിൽ കറികളിൽ കറിവേപ്പില അരച്ചുതന്നെ ചേർക്കണം. കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ എ, ബി,സി, ഇ, അമിനോ ആസിഡുകൾ, ഫ്ളേവനോയിഡുകൾ തുടങ്ങി നിരവധി പോഷകങ്ങൾ കറിവേപ്പിലയിൽ ധാരാളം.

കറിവേപ്പിലയിലുളള കാർബസോൾ ആൽക്കലോയിഡുകൾക്ക് ആന്റി ഓക്സിഡന്റ് ഗുണമുണ്ടെന്നു ഗവേഷകർ. വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയ വിറ്റാമിനുകൾക്കും ആന്റി ഓക്സിഡന്റ് സ്വഭാവമുണ്ട്.

കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളം. അതു കാഴ്ചശക്‌തി മെച്ചപ്പെടുത്തും. വിറ്റാമിൻ എയിലുളള കരോട്ടിനോയിഡുകൾ കോർണിയയെ കാത്തുരക്ഷിക്കുന്നു. വിറ്റാമിൻ എയുടെ കുറവ് നിശാന്ധത, കാഴ്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു.
async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">

താരൻ ഉൾപ്പെടെയുളള പ്രശ്നങ്ങൾക്കു പ്രതിവിധിയാണു കറിവേപ്പില. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന്, മുടിയുടെ കേടുപാടുകൾ തീർക്കുന്നതിന്, മുടിയിഴകളുടെ കരുത്തുകൂട്ടുന്നതിന്, മുടിവളർച്ചയ്ക്ക്... കറിവേപ്പില ഗുണപ്രദം. കറിവേപ്പിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ തേക്കുന്നതു ശീലമാക്കിയാൽ അകാലനര തടയാം.

വിളർച്ചാസാധ്യത സ്ത്രീകൾക്കു പൊതുവേ കൂടുതലാണ്. ഇരുമ്പിന്റെയും ഫോളിക്കാസിഡിന്റെയും കലവറയാണ് കറിവേപ്പില. വിളർച്ച തടയാൻ ഇവ രണ്ടും സഹായകം. ഇരുമ്പിന്റെ കുറവു കൊണ്ടുമാത്രമല്ല; നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഇരുമ്പ് ഫലപ്രദമായി വലിച്ചെടുക്കാൻ ശരീരത്തിനു കഴിയാതെവരുമ്പോഴും വിളർച്ച ഉണ്ടാകാം. ഇവിടെയാണ് ഫോളിക്കാസിഡിന്റെ പ്രസക്‌തി. ഇരുമ്പിന്റെ ആഗിരണത്തിന് ഫോളിക്കാസിഡിന്റെ സാന്നിധ്യം സഹായകം. ചുരുക്കത്തിൽ സ്ത്രീകളെ വിളർച്ചാഭീഷണിയിൽ നിന്നു രക്ഷിക്കുന്നതിന് കറിവേപ്പില ഗുണപ്രദം. വിളർച്ചയുളളവർ രാവിലെ വെറുംവയറ്റിൽ കറിവേപ്പില കഴിക്കുന്നത് ഗുണകരം. (തുടരും)