ജലത്തിന്റെ ശുദ്ധി: നിസാര കാര്യങ്ങൾ അവഗണിക്കരുത്
Tuesday, April 12, 2016 3:52 AM IST
പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കിൽ കാര്യം നിസാരമെന്നു കരുതി അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാൻ നാളേറെ വേണ്ട! വാട്ടർടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക. വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിൽ അകപ്പെട്ടു ചീയാനുളള സാധ്യത തളളിക്കളയരുത്. കിണർ തേകിവൃത്തിയാക്കിയ ശേഷം ഊറിക്കൂടുന്ന വെളളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാക്കി നേർപ്പിച്ചു ചേർക്കാം. ബ്ലീച്ചിംഗ് പൗഡർ വിതറിയും ജലം ശുദ്ധമാക്കാം. കൂടാതെ പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമുളള മറ്റ് ആരോഗ്യസുരക്ഷാമാർഗങ്ങളും സ്വീകരിക്കണം.

കിണർ തേകി വൃത്തിയാക്കിയശേഷം കരിയും ഉപ്പും ചേർത്ത മിശ്രിതം കിണറിന്റെ അടിത്തട്ടിലിടുന്ന രീതി പഴമക്കാർ സ്വീകരിച്ചിരുന്നു. വെളളം ശുദ്ധമാകുന്നതിനാണ് അങ്ങനെ ചെയ്തിരുന്നത്. അത്തരം നാട്ടറിവുകൾ സ്വീകരിക്കാം.

വെളളം കടന്നുപോകുന്ന പൈപ്പ് ലൈനിലും തടസങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ട്. ആവശ്യമെങ്കിൽ പംപ്ലറുടെ സഹായത്തോടെ പൈപ്പ് ലൈനിലെ തടസം പരിഹരിക്കണം. പൈപ്പിൽ എവിടെയെങ്കിലും വിളളലുകൾ ഉണ്ടെങ്കിൽ അതിലൂടെ കുടിവെളളത്തിൽ മാലിന്യങ്ങൾ കലരാനുളള സാധ്യതയുണ്ട്. ചുരുക്കത്തിൽ, കിണർവെളളം ടാങ്കിലെത്തിച്ചോ നേരിട്ടോ ഉപയോഗിക്കുന്നവർക്ക് തങ്ങൾ ഉപയോഗിക്കുന്ന കുടിവെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തേണ്ട ബാധ്യതയുണ്ട്. തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നത് ഉത്തമം.

* കുളങ്ങളിലേക്കും മറ്റു ജലാശയങ്ങളിലേക്കും മാലിന്യങ്ങൾ ഒഴുക്കിവിടുന്നതും അവയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും തടയുക. കുളങ്ങളിലെ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ വൃത്തിയാക്കുക. ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ച് അണുവിമുക്‌തമാക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയ അണുനാശക സ്വഭാവമുളള രാസവസ്തുക്കൾ ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം.


* ടോയ്ലറ്റുകളിലും അഴുക്കുചാലുകളിലും എണ്ണ, പെയിന്റ് തുടങ്ങിയവ കലരാതിരിക്കാൻ ശ്രദ്ധിക്കുക. ഇവ ജലത്തിന്റെ ഓക്സിജൻ സംഭരണശേഷി കുറയ്ക്കുന്നു; ഉപകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു.

* കിണറും കിണറിന്റെ പരിസരപ്രദേശങ്ങളും ശുചിയായി സംരക്ഷിക്കണം. കിണറ്റിൻകരയിലെ കുളി നല്ല ശീലമല്ല. സോപ്പും എണ്ണയും മറ്റു മാലിന്യങ്ങളും കിണറ്റിൽ കലരാനുളള സാധ്യത ഏറെയാണ്. കിണറ്റിൻകരയിലും പരിസരങ്ങളിലും വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്നതും അവയെ കുളിപ്പിക്കുന്നതും മറ്റും ഒഴിവാക്കണം.

* ജലസ്രോതസുകളിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. കുളങ്ങൾ, ചെറുതോടുകൾ എന്നിവിടങ്ങളിൽ നിന്ന് അത്തരം മാലിന്യങ്ങൾ നീക്കുക. വെളളത്തിൽ പൊങ്ങിക്കിടക്കുന്ന അത്തരം മാലിന്യങ്ങൾ വെളളത്തിലേക്കു കടന്നുചെല്ലുന്ന സൂര്യപ്രകാശത്തിന്റെ തോതു കുറയ്ക്കുന്നു. അതു ജലസ്രോതസുകളുടെ സ്വാഭാവികത നിലനിർത്തുന്ന സൂക്ഷ്മസസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും വളർച്ച തടയുന്നു.

* ഹോസ് ഉപയോഗിക്കുമ്പോൾ അല്പം ശ്രദ്ധപുലർത്തിയാൽ മലിനീകരണസാധ്യത ഒഴിവാക്കാം. ഹോസിന്റെ അഗ്രം ബാത്ത് ടബ്, മീൻ കുളം, അലങ്കാരമത്സ്യങ്ങളെ വളർത്താനുപയോഗിക്കുന്ന ചില്ലുപാത്രം, അടുക്കളയിലെ സിങ്ക് തുടങ്ങിയ ഇടങ്ങളിൽ സ്പർശിക്കാനിടയാകരുത്. ഹോസിൽ മാലിന്യങ്ങൾ പറ്റിപ്പിടിക്കുന്നതു തടയാൻ അതു സഹായകം. (തുടരും)