രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങൾ
Wednesday, February 10, 2016 5:36 AM IST
രോഗങ്ങളെ തടയാൻ ശരീരത്തിന് ശക്‌തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങൾ, പ്രമേഹം, കാൻസർ, അൾഷിമേഷ്യസ് തുടങ്ങിയ എന്തിനെയും പ്രതിരോധിക്കാൻ ശരീരത്തിന് കഴിയും. എന്നാൽ പ്രതിരോധ സംവിധാനത്തിന് തകരാർ സംഭവിക്കുമ്പോഴാണ് രോഗങ്ങൾ ശരീരത്തെ കീഴ്പ്പെടുത്തുന്നത്. ഭക്ഷണ ശീലത്തിലെ പ്രശ്നങ്ങൾ, വ്യായാമത്തിന്റെ കുറവ്, അമിതമായ സ്ട്രെസ് തുടങ്ങി എന്തും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്‌തിപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിൽ പ്രധാനമാണ് ആന്റി ഓക്സിഡന്റസ്.

ശരീരത്തിലെത്തുന്ന വിഷമാലിന്യങ്ങളെ നിർജീവമാക്കുന്നതിന് ആന്റി ഓക്സിഡൻസ് അത്യാവശ്യമാണ്. വൈറ്റമിൻ സിയിലാണ് ആന്റി ഓക്സിഡന്റ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. കോളിഫ്ളവർ, കാബേജ്, നെല്ലിക്ക, കാരറ്റ് തുടങ്ങിയവയിലൊക്കെ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ശരീര കോശങ്ങളെ നശിക്കാതെ കാത്തു രക്ഷിക്കാൻ ആന്റി ഓക്സിഡന്റ്സിന് കഴിയും.

കാൻസറിനെപ്പോലും പ്രതിരോധിക്കുന്നതാണ് ഒമേഗാ ത്രി ഫാറ്റി ആസിഡ്. ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഒമേഗാ ത്രി. മത്സ്യങ്ങളിലാണ് ഒമേഗാ ത്രി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. മത്തിയടക്കമുള്ള ചെറുമീനുകൾ ഒമേഗാ ത്രിയുടെ കലവറയാണ്.


പ്രകൃതിയിലെ തന്നെ ഏറ്റവും ശക്‌തമായ ഒരു ആന്റി ഇൻഫ്ളമേറ്ററി ഘടകമാണ് കർകുമിൻ. മഞ്ഞളിലാണ് ഇത് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. രോഗപ്രതിരോധനത്തിന് മഞ്ഞളിനോടും ഗുണമുള്ള മറ്റൊന്നുമില്ല. കടുംനിറമുള്ള ഫലങ്ങളിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾസും ഇതേപോലെ തന്നെ ശരീരത്തിന് ഏറെ അത്യാവശ്യമാണ് ഘടകമാണ്. ആപ്പിൾ, ബ്ലൂബെറി, ചെറി, ബ്രോക്കോളി എന്നിവയിൽ ധാരാളം പോളിഫിനോൾസ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും മികച്ച ഫ്ളവനോയിഡാണ് ക്വിർസ്റ്റിൻ. വെളുത്തുള്ളി, ബ്രോക്കോളി, മുന്തിരി, എന്നിവയിലൊക്കെ ക്വിർസ്റ്റിൻ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെട്ടു നിൽക്കുകയും അതുവഴി രോഗങ്ങളെ തടയാനും കഴിയും.