ആരോഗ്യജീവിതത്തിനു തവിടു കളയാത്ത ധാന്യപ്പൊടി
Saturday, January 9, 2016 6:10 AM IST
നാരുകൾ... ദഹനം യഥാവിധി നടക്കാൻ പറ്റിയ കൂട്ട്. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കിൽ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കണം. അതിനു നാരുകൾ നന്നായി സഹായിക്കും.. കുടലിൽ കാൻസറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം. തവിടിൽ ധാരാളം നാരുകളുണ്ട്. വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഇഷ്‌ടം പോലെ. നാരുകളില്ലാതെ എന്തോന്നാരോഗ്യം!

എച്ച്ഡിഎൽ എന്നതു നല്ല കൊളസ്ട്രോൾ. എൽഡിഎൽ എന്നതു ചീത്ത കൊളസ്ട്രോൾ. എച്ച്ഡിഎൽ ശരീരത്തിന്റെ പ്രവർത്തനത്തിനു കൂട്ടാണ്. നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ അളവു കുറയ്ക്കും.

എൽഡിഎൽ കൂടിയാൽ ഹൃദയത്തിലും തലച്ചോറിലും രക്‌തമെത്തിക്കുന്ന കുഴലുകളടയും. കാര്യം കുഴപ്പത്തിലാകും. ഹൃദയാഘാതവും പക്ഷാഘാതവും നേരവും കാലവും നോക്കാതെയെത്തും. എന്നാൽ, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഹൃദയാഘാതം തടയും. ഇതിന്റെ അളവു തീരെക്കുറഞ്ഞാൽ ഹൃദയാഘാതസാധ്യത കൂടും.

എച്ച്ഡിഎലും എൽഡിഎലും കൂടാതെ ട്രൈഗ്ലിസറൈഡ്സ് എന്നറിയപ്പെടുന്ന ഒരു തരം കൊഴുപ്പും നമ്മുടെ ശരീരത്തിലുണ്ട്്. പൊണ്ണത്തടി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, കാർബോഹൈഡ്രൈറ്റ് അടങ്ങിയ ആഹാരം കൂടുതൽ കഴിക്കുക എന്നിവയെല്ലാം ട്രൈഗ്ലിസറൈഡ്സിന്റെ അളവു കൂട്ടും.

എച്ച്ഡിഎൽ, എൽഡിഎൽ, ട്രൈഗ്ളിസറൈഡ് തുടങ്ങിയവ ചേർന്നതാണ് ആകെയുളള കൊളസ്ട്രോൾ അഥവാ ടോട്ടൽ കൊളസ്ട്രോൾ. ട്രൈഗ്ലിസറൈഡ്സിന്റെ അളവു കൂടിയാൽ ചീത്ത കൊളസ്ട്രോളും കൂടും. ഫലത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ നല്ല കൊളസ്ട്രോളിന്റെ തോതു കുറയും. അങ്ങനെയുളളവരിലാണു ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കൂടുന്നത്. രക്‌തം പരിശോധിക്കാൻ പോകുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ പരിശോധിക്കാൻ ലാബുകാരോടു
പ്രത്യേകം ആവശ്യപ്പെടാം.

കൊളസ്ട്രോളെന്നാൽ ഒരുതരം കൊഴുപ്പ്. അതു രക്‌തത്തിൽ അലിയില്ല. എന്നാൽ അതിനു വിവിധ ശരീര കോശങ്ങളിൽ എത്താനാകും. തനിയേ എത്തില്ല. ലിപ്പോ പ്രോട്ടീനുകളാണു കൊളസ്ട്രോളിനെ വിവിധ കോശങ്ങളിലെത്തിക്കുന്നത്്. ചീത്തക്കൊഴുപ്പ് രക്‌തക്കുഴലിന്റെ ഉൾഭിത്തിയിൽ അടിഞ്ഞു കൂടിയാൽ അതിലൂടെയുളള രക്‌തസഞ്ചാരം തടസപ്പെടും.


വീട്ടിലെ പൈപ്പിൽ പായലും മറ്റും അടഞ്ഞുകൂടിയാ എന്താ സംഭവിക്കുക? ടാപ്പു തിരിച്ചാൽ ശക്‌തിയോടെ വെള്ളം വരില്ല. ക്രമേണ പൈപ്പ് അടയും. വെളളം തങ്ങിനിന്ന് അവസാനം പൈപ്പ് പൊട്ടും. നമ്മുടെ നഗരങ്ങളിൽ പൈപ്പുകൾ പൊട്ടുന്ന മാതിരി. ഇതേ കാര്യം തന്നെ രക്‌തക്കുഴലിനുള്ളിലും നടക്കും. കൊളസ്ട്രോൾ അടിഞ്ഞു രക്‌തസഞ്ചാരം തടസപ്പെടും. രക്‌തക്കുഴലിനുളളിൽ മർദം കൂടും. ഉടൻ ഡോക്ടർ പറയും ബിപി കൂടീന്ന്. ബിബി വന്നു കൂടിയാ കുടുംബക്കാരു കൂട്ടത്തോടെയെത്തും. ഷുഗറും കൊളസ്ട്രോളുമേ. ഒന്നു വന്നാ മറ്റേതൊക്കെ താനേ വരും. അത്തരം ലക്ഷണങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ രക്‌തക്കുഴലുകൾ പൊട്ടാനിടയാകും.

അതു കൊണ്ടു ഭക്ഷണം കരുതി കഴിക്കണം. അതിനാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്നു മുമ്പു പറഞ്ഞത്. തവിടു കളയാത്ത ധാന്യപ്പൊടിയിൽ നാരുകൾ ധാരാളം. എന്നാൽ കമ്പനി നിർമിത പായ്ക്കറ്റ് പൊടിയിൽ...അതിൽ നാരുകളുടെ അളവു തീരെ കുറവായിരിക്കും. നാരൊക്കെ കളഞ്ഞ് നന്നായി വെളുപ്പിച്ചിരിക്കും. മൈദയുടെ അംശം കൂടിയ പൊടി. ചപ്പാത്തി പരത്താൻ സുഖം. നല്ല മയം. നല്ല സ്വാദ്. ആഹാ എന്തു രസം. പക്ഷേ, അതു ശീലമാക്കിയാൽ ആരോഗ്യകാര്യം അവതാളത്തിലാകും.

കേടുകൂടാതെ അധികനാളിരിക്കാൻ കമ്പനിക്കാർ പ്രിസർവേറ്റീവുകളും മറ്റും ചേർക്കും.
അത്തരം ധാന്യപ്പൊടി ശീലമാക്കിയാൽ കാലാന്തരത്തിൽ അപകടം ഉറപ്പ്. അധികവില കൊടുത്തു കൊടിയ ആരോഗ്യപ്രശ്നങ്ങൾ വരുത്തി വയ്ക്കണോ. നമുക്കും മടങ്ങാം പഴമക്കാരുടെ അടുക്കളശീലങ്ങളിലേക്ക്, ആരോഗ്യനേരുകളിലേക്ക്...

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്