മലബന്ധത്തിനുള്ള മരുന്നു തുടർച്ചയായി കഴിക്കുന്നത് പ്രശ്നമാകുമോ?
Saturday, September 26, 2015 5:00 AM IST
? ഞാൻ 65 വയസുളള വ്യക്‌തിയാണ്. ഹാർട്ട് അറ്റാക്ക് വന്നതിനെ തുടർന്നു ആൻജിയോപ്ലാസ്റ്റി നടത്തി. മരുന്നുകൾ സ്‌ഥിരമായി കഴിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി സ്‌ഥിരമായ മലബന്ധം അനുഭവപ്പെടുന്നു. ക്രിമാഫിൻ പ്ലസ് എന്ന മരുന്നു കഴിക്കുമ്പോൾ ശോധന ശരിയാകുന്നുണ്ട്. ഇതു നിർത്തിയാൽ ശോധന വീണ്ടും തടസപ്പെടും. ഈ മരുന്നു തുടർച്ചയായി കഴിക്കുന്നത് നല്ലതാണോ? മരുന്ന് കഴിക്കാതെ മലശോധന ശരിയാക്കാൻ പറ്റുമോ?

പ്രായം കൂടുന്തോറും മലബന്ധം വരുന്നതു വളരെ സാധാരണമാണ്. കുടലിന്റെയും വയറ്റിലെയും മാംസപേശികൾ, പ്രായം കൂടുന്തോറും ശക്‌തികുറയാനും ശോഷിക്കാനും സാധ്യതയുണ്ട്. കൂടാതെ ഹൃദ്രോഗം വന്ന നിങ്ങൾ പലതരം മരുന്നുകൾ കഴിക്കുന്നുമുണ്ടായിരിക്കും. ഇവയിൽ ചില മരുന്നുകൾ കുടലിലെ ചലനങ്ങളെ കുറയ്ക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു നിങ്ങളുടെ പ്രായവും രോഗവും മരുന്നുകളും ആഹാരക്രമീകരണങ്ങളും എല്ലാംകൂടി ഉണ്ടാക്കിയ ഒരു സാഹചര്യം മാത്രമാണ് ഇപ്പോഴത്തെ മലബന്ധം.

ഹൃദ്രോഗം ഉള്ളതിനാൽ മലശോധനക്കുവേണ്ടി, അമിതമായി ശക്‌തിക്കൊടുത്തു ശ്രമിക്കുന്നതു നല്ലതല്ല. ദിവസം ഒരു സ്പൂൺ ക്രിമാഫിൻ പ്ലസ് കൊണ്ടു നിങ്ങളുടെ മലബന്ധത്തിനു ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ, അതുകൊണ്ടു വലിയ കുഴപ്പമില്ല. ഈ മരുന്നു കൂടിയ ഡോസിൽ കൂടുതൽ കാലം കഴിച്ചാൽ ദൂഷ്യഫലങ്ങൾ കാണാൻ സാധ്യതയുണ്ട്.


കഴിക്കുന്ന ആഹാരത്തിലെ ഫൈബറിന്റെ അംശം കൂടുതലായിട്ടുണ്ടെങ്കിൽ മലശോധന ശരിയാകും. പിന്നെ ആഹാരത്തിൽ തവിടിന്റെ അംശം നല്ലവണ്ണം ഉണ്ടെങ്കിൽ മലശോധന ശരിയായിരിക്കും. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന അരിയിൽ മില്ലുകളിൽ കുത്തിവരുന്നതുകൊണ്ട് തവിടിന്റെ അംശം കുറവാണ്. അതും ഒരു കാരണമാകാം. അതിനാൽ പച്ചക്കറികളും പഴവർഗങ്ങളും നാരിന്റെ അംശം കൂടുതലുള്ള ആഹാരസാധനങ്ങളും തവിടുള്ള അരിയും ഉപയോഗിച്ചാൽ ഒരു പരിധിവരെ മലശോധന ശരിയായി നടക്കാൻ സാധ്യതയുണ്ട്. ഇത്രയുമെല്ലാം ശ്രമിച്ചിട്ടും പ്രയോജനമില്ലെങ്കിൽ മലബന്ധത്തിനു മരുന്നുകൾ വേണ്ടിവരും.