ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന കറിവേപ്പ്
Wednesday, March 11, 2015 3:55 AM IST
ഒന്നോ രണ്ടോ കറിവേപ്പില്ലാത്ത ഒറ്റവീടും കേരളത്തിൽ കാണില്ല. കറികൾക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാത്രമായിട്ടാണ് പൊതുവെ കറിവേപ്പിനെ കരുതിപ്പോരുന്നത്. ആയുർവേദ ചികിത്സാരംഗത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളിൽ ഒന്നാണിത്. ആഹാരത്തിൽ കടന്നുകൂടാൻ സാധ്യതയുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നു. ദഹനശക്‌തി വർധിപ്പിക്കുന്നു. അതിസാരം, പ്രവാഹിക എന്നീ അസുഖങ്ങൾക്കും സിദ്ധൗഷധമാണ് കറിവേപ്പില. കൈഡുര്യാദി കഷായത്തിലെ മുഖ്യഘടകം കറിവേപ്പില ഞെട്ടാണ്.

വയറിളക്കത്തിനും ഭക്ഷണം കഴിച്ചാലുടനെ അനുഭവപ്പെടുന്ന മലശോധനയ്ക്കും കറിവേപ്പിലഞെട്ട് 24ഗ്രാം, കടുക്ക 16ഗ്രാം, ചുക്ക് എട്ട് ഗ്രാം ഇവ ഒരു കുപ്പി വെള്ളത്തിൽ (24 ഔൺസ്) കഷായം വച്ച് കുറുക്കി മൂന്ന് ഔൺസ് ആക്കി വെറും വയറ്റിൽ കഴിച്ചാൽ രോഗം പൂർണമായും സുഖപ്പെടും. വായ്ക്ക് രുചിയുണ്ടാകുന്നതിന് കറിവേപ്പിലയുടെ കുരുന്നില ചവച്ച് നീരിറക്കിയാൽ മതി.


ദഹനക്കേട് ഒഴിവാക്കാൻ കറിവേപ്പിലയും ഇഞ്ചിയും സമമെടുത്ത് ചതച്ച് നീരെടുത്തു കഴിച്ചാൽ മതി. കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരുമാസം തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽ അനുഭവപ്പെടുന്ന ചൊറിച്ചിലിന് (അലർജി) ശമനമുണ്ടാകും. വടക്കേമലബാറിൽ പ്രസവരക്ഷാലേഹ്യം കറിവേപ്പിലയുടെ സ്വരസം ചേർത്താണ് തയാർ ചെയ്യുന്നത്. നിത്യവും ഭക്ഷണത്തിൽ കറിവേപ്പില ചേർത്ത് കഴിച്ചാൽ വയറിനു പിടിപെടാറുള്ള മിക്ക അസുഖങ്ങൾക്കും ശമനമുണ്ടാകും.

കുടുംബം: റൂട്ടേസി
ശാസ്ത്രനാമം: മുറിയ കൊയ്നിജി സ്പ്രെങ്
സംസ്കൃതം: കൈഡൂര്യം, സുരഭി, നിംബ

തയാറാക്കിയത്: <യ>എം.എം. ഗാഥ, വെള്ളിയൂർ