ആരോഗ്യഭക്ഷണം അയല്‍ക്കാര്‍ക്കും
ആരോഗ്യഭക്ഷണം അയല്‍ക്കാര്‍ക്കും
Friday, August 10, 2018 4:28 PM IST
മത്സ്യത്തിലെ വിഷാംശത്തെക്കുറിച്ചുള്ള വാര്‍ത്തകളും സര്‍ക്കാര്‍ നടപടികളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരുമാസമാണ് കടന്നുപോയത്. ഫോര്‍മലിന്‍ പോലുള്ള വിഷ രാസവസ്തുക്കള്‍ മുക്കിവരുന്ന മത്സ്യം എത്രനാള്‍ വേണമെങ്കിലും കേടുകൂടാതിരിക്കും. ഐസിടാത്ത ഫ്രഷ് മത്സ്യമെന്നു കരുതി ആളുകള്‍ ഇവ വാങ്ങുകയും ചെയ്തിരുന്നു. ഇത് മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കാവുന്ന രോഗാവസ്ഥകളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ മത്സ്യത്തില്‍ മാത്രമല്ല, ഇറച്ചിയിലും മറ്റു ഭക്ഷണപദാര്‍ഥങ്ങളിലുമെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളത് വസ്തുതയാണ്.

ഇറച്ചിക്കു തൂക്കം ലഭിക്കാന്‍ കാരവെള്ളം പോലുള്ള രാസലായനികള്‍ നല്‍കിയശേഷം മാടുകളെ കൊല്ലുന്നത് കുറച്ചു നാള്‍മുമ്പ് വാര്‍ത്തയായിരുന്നു. ഇതിപ്പോഴും പലയിടങ്ങളിലും തുടരുന്നുമുണ്ട്. എന്നാല്‍ ഭക്ഷണത്തിലെ ഇത്തരം മായങ്ങളും രാസസാന്നിധ്യവും കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് സ്ഥിരസംവിധാനങ്ങള്‍ ഇല്ലെന്നതുതന്നെയാണ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നതിനു കാരണം. വാര്‍ത്തകളില്‍ നിന്ന് ഇവ മായുന്നതിനൊപ്പം പരിശോധനകളും അവസാനിക്കുന്നു. വീണ്ടും ഇത്തരം മത്സ്യവും മാംസവും വിപണിയില്‍ എത്തുകയും ചെയ്യുന്നു.

ഇത്തരം രാസവസ്തുക്കള്‍ കലരാത്ത ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിക്കുകയോ ഉത്പാദിപ്പിക്കുന്നിടത്തുനിന്ന് വാങ്ങുകയോ ഒക്കെയാണ് വിഷഭക്ഷണത്തില്‍ നിന്ന് മുക്തി നേടാന്‍ നമുക്ക് ചെയ്യാവുന്നത്.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ സാധ്യതകള്‍

നമ്മുടെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സജീവമാകുന്ന റസിന്റ്‌സ് അസോസിയേഷനുകളെ ഒന്ന് ആസൂത്രണം ചെയ്താല്‍ വിഷമുക്തഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കാം. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന, കൃഷി താത്പര്യമുള്ളവരെ കണ്ടെത്തി, ഇവരെക്കൊണ്ട് കൃഷിചെയ്യിപ്പിക്കുകയും അത് ആ അസോസിയേഷനിലുള്ളവര്‍ തന്നെ വാങ്ങിക്കുകയും ചെയ്താല്‍ വിപണിയില്ലാതെ കര്‍ഷകകര്‍ കൃഷി മടുക്കുന്ന സാഹചര്യം ഒഴിവാക്കാം. ധാരാളം ആളുകള്‍ ഇത്തരത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മമൂലം ആ ഗ്രാമവാസികള്‍ക്ക് ഇവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാകാതെ പോകുന്നു. ഏതുവീട്ടില്‍ ഏത് ഉത്പന്നമുണ്ടെന്ന് പ്രചാരണം നല്‍കുന്ന ജോലി അസോസിയേഷനുകള്‍ ഏറ്റെടുത്താല്‍ സ്വന്തം ഗ്രാമത്തിലെ ഉത്പന്നങ്ങള്‍ ആ ഗ്രാമത്തില്‍തന്നെ ലഭ്യമാകും.

സര്‍ക്കാര്‍ സഹായിക്കണം

നിലവില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നില്ല. എന്നാല്‍ കൃഷിചെയ്യാന്‍ താത്പര്യമുള്ള ഇത്തരക്കാര്‍ക്കും സര്‍ക്കാര്‍ പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുകയാണെങ്കില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയുള്ള കൃഷി വ്യാപനം സാധ്യമാകും.


സ്വയം കൃഷി ചെയ്യാം അല്‍പം അയല്‍ക്കാര്‍ക്കും

നഗരങ്ങളില്‍ വളരെ കുറച്ചുസ്ഥലമുള്ളിടത്തുപോലും കൃഷി വിസ്മയങ്ങള്‍ തീര്‍ക്കുന്ന ധാരാളം കര്‍ഷകമനസുകള്‍ ഇന്ന് കേരളത്തിലുണ്ട.് അവനവനാവശ്യമുള്ള മത്സ്യവും മാംസവും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിനൊപ്പം ന്യായമായ നിരക്കില്‍ അയല്‍ക്കാര്‍ക്കും ഇവര്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിത ഭക്ഷണം നല്‍കുന്നവര്‍. ഭക്ഷണമാണ് ഔഷധം. നല്ല ഭക്ഷണം അയല്‍ക്കാര്‍ക്കുകൂടി ഉത്പാദിപ്പിച്ചു നല്‍കുന്നവര്‍ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നവരാണ്. വിഷഭക്ഷണത്തിന്റെ പിടിയില്‍ നിന്നും മുക്തിനേടാന്‍ ഇത്തരം കര്‍ഷക മനസുകളെ ഉപയോഗിക്കാം. ഒപ്പം ഭക്ഷ്യസുരക്ഷയിലേക്കുള്ള പ്രായോഗിക കാല്‍വയ്പുമാകുമിത്. ഇത്തരത്തില്‍ ആരോഗ്യഭക്ഷണം അയല്‍ക്കാര്‍ക്കുമൊരുക്കുന്ന ചില കര്‍ഷകരെ പരിചയപ്പെടുത്തുകയാണ് കര്‍ഷകന്‍. ഇത്തരം മാതൃകകള്‍ ഓരോ നഗരത്തിലും ഗ്രാമത്തിലുമുണ്ടാകട്ടെ. വിഷമുക്ത ഭക്ഷണത്തിലേക്കുള്ള ഇത്തരം സംരംഭങ്ങളിലേക്ക് കൃഷി താത്പര്യമുള്ളവരെ ആകര്‍ഷിക്കാനും ഇവരുടെ ഉത്പന്നങ്ങള്‍ പ്രദേശവാസികളിലേക്കെത്തിക്കാനും സംഘടനകളുടെ സഹായമുണ്ടായാല്‍ പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും നയിക്കുമിത്.

ഒരു അമേരിക്കന്‍ പാഠം

അമേരിക്കന്‍ പച്ചക്കറിവിപണിയില്‍ താനുത്പാദിപ്പിച്ച ഉത്പന്നം വില്‍ക്കാനെത്തി അറസ്റ്റിലായ മലയാളിയുടെ അനുഭവത്തില്‍ നിന്ന് നമ്മുടെ സര്‍ക്കാരിന് ചിലതുപഠിക്കാനും പ്രാവര്‍ത്തികമാക്കാനും സാധിക്കും. അനുഭവമിങ്ങനെ: അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി അമേരിക്കയിലെ വിപണിയില്‍ താനുത്പാദിപ്പിച്ച പച്ചക്കറി വില്‍ക്കാനെത്തുന്നു. അല്‍പ സമയത്തിനകം ചില അധികാരികളെത്തി ഇദ്ദേഹത്തെ ഉത്പന്നത്തോടൊപ്പം കസ്റ്റഡിയിലെടുത്തു. ഓഫീസിലെത്തിയപ്പോള്‍ അറസ്റ്റിന്റെ കാരണമന്വേഷിച്ചു. അപ്പോഴാണ് ഇവിടത്തെ മാര്‍ക്കറ്റില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ മാര്‍ക്കറ്റിനുള്ളിലെ ഫുഡ്‌സേഫ്റ്റി വിഭാഗത്തില്‍ ഉത്പന്നമെത്തിച്ച് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കണമെന്നു മനസിലാകുന്നത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാലാണ് കസ്റ്റഡിയിലെടുത്തത്. വിദേശങ്ങളിലെ ഇത്തരം രീതികള്‍ നമ്മുടെ നാട്ടിലും നടപ്പായാല്‍ മാത്രമേ വിഷഭക്ഷണം പ്രായോഗികമായി നിയന്ത്രിക്കാനാവൂ. ഫുഡ്‌സേഫ്റ്റി വിഭാഗമുള്ള നമ്മുടെ സംസ്ഥാനത്ത് ഇത്തരം പരിശോധനകള്‍ക്കുള്ള സംവിധാനങ്ങള്‍ അനായാസേന നടപ്പാക്കാനുമാകും.

ടോം ജോര്‍ജ്‌