മഴക്കാലത്തെ ചര്‍മരോഗങ്ങള്‍
മഴക്കാലത്തെ ചര്‍മരോഗങ്ങള്‍
Wednesday, August 1, 2018 3:14 PM IST
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്‍. ഇവ മൂലം മഴക്കാലത്ത് പല ചര്‍മരോഗങ്ങളും താരതമ്യേന കൂടുതലായി കാണപ്പെടുന്നു.

ഫംഗസ് (പൂപ്പല്‍) അണുബാധ

ഈര്‍പ്പം ഫംഗസ് (പൂപ്പല്‍) ബാധയ്ക്ക് സഹായകമാകുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ചര്‍മത്തില്‍ ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

മഴക്കാലത്ത് കാലുകള്‍ പലപ്പോഴും നനഞ്ഞിരിക്കുന്നതിനാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ ഫംഗസ് ബാധ സാധാരണയായി കണ്ടുവരുന്നു.

മഴയത്തു നനഞ്ഞ സോക്‌സും ഷൂസും ധരിച്ച് സ്‌കൂളുകളിലും ഓഫീസുകളിലും ദീര്‍ഘനേരം ഇരിക്കേണ്ടിവരുമ്പോള്‍ ഈ പ്രശ്‌നം കൂടുന്നു. അതുപോലെ തന്നെ സൂര്യപ്രകാശമേറ്റ് ഉണങ്ങാത്ത ഈര്‍പ്പം തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലവും ശരീരത്തിന്റെ പ്രത്യേകിച്ച് തുടയിടുക്കുകളിലും മറ്റും പുഴുക്കടി അല്ലെങ്കില്‍ ഫംഗസ് അണുബാധ ഉണ്ടാകാം. അതിനാല്‍ നനഞ്ഞ ഷൂസ് ധരിച്ച് ഏറെനേരം ഇരിക്കുന്നത് ഒഴിവാക്കണം. നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രമിക്കുക. ആന്റിഫംഗല്‍ മരുന്നുകള്‍കൊണ്ട് ഇവ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഡോക്ടറുടെ കുറിപ്പടി കൂടാതെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ഫാര്‍മസികളില്‍ നിന്ന് വാങ്ങി പുരട്ടുന്നത് ഇത്തരം രോഗങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യും.

ബാക്ടീരിയല്‍ അണുബാധ

മഴക്കാലത്ത് റോഡുകളിലൂടെ ഒഴുകി വരുന്ന അഴുക്കു വെള്ളത്തില്‍ നിന്നും പല ബാക്ടീരിയല്‍ അണുബാധകളും ഉണ്ടായേക്കാം. പ്രത്യേകിച്ച് കാലുകളില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും. കാലുകളില്‍ നീരും ചുവപ്പു നിറവും വേദനയും അതോടൊപ്പം വിറയലോടുകൂടിയ പനിയും, സെല്ലുലൈറ്റിസ് എന്ന ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണമാണ്. ഉടന്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ ഇതു ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് കൈകാലുകളില്‍ എപ്പോഴും നനവ് തങ്ങിനില്‍ക്കുന്നതിനാല്‍ നഖങ്ങള്‍ക്ക് ചുറ്റുമുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയും (പാരോനൈക്യ) ഉണ്ടാകാനിടയുണ്ട്.

അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ കൈകാലുകള്‍ നല്ലവെള്ളത്തില്‍ കഴുകി തുടച്ച് ശുചിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


പ്രമേഹരോഗികള്‍ ശ്രദ്ധിക്കുക

പ്രമേഹരോഗികള്‍ക്ക് ഇത്തരത്തിലുള്ള ഫംഗസ്/ബാക്ടീരിയല്‍ അണുബാധകള്‍ താരതമ്യേന എളുപ്പത്തില്‍ പിടിപെടാനിടയുണ്ട്. മാത്രമല്ല ഇത്തരക്കാരില്‍ ഈ രോഗങ്ങള്‍ പെെട്ടന്ന് വഷളാകാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് പ്രമേഹരോഗികള്‍ മഴക്കാലത്ത് ചര്‍മശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.



വൈറസ് രോഗങ്ങള്‍

മഴക്കാലത്ത് പലതരത്തിലുള്ള വൈറല്‍ പനികളും കൊതുകുജന്യരോഗങ്ങളും പടര്‍ന്നുപിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പനിയോടൊപ്പം പലപ്പോഴും ശരീരത്തില്‍ ചുവപ്പുനിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. വൈറല്‍ പനിമൂലം രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ക്ക് ഇടയാക്കും. അടിയന്തരവൈദ്യസഹായം ഈ ഘങ്ങളില്‍ ആവശ്യമാണ്. ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ വൈറല്‍ പനികള്‍ക്കും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ ഒരു രോഗലക്ഷണമാണ്.

മഴക്കാലത്തെ ചര്‍മസംരക്ഷണം

1. ഈര്‍പ്പം തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
2. നനഞ്ഞ ഷൂസും ചെരിപ്പും ധരിച്ച് ദീര്‍ഘനേരം ഇരിക്കരുത്.
3. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ നല്ല വെള്ളത്തില്‍ കഴുകി ശരീരഭാഗങ്ങള്‍ വൃത്തിയാക്കി ഉണക്കണം.
4. കാലുകളില്‍ മുറിവുള്ളവര്‍ പ്രത്യേകിച്ച് പ്രമേഹരോഗികള്‍ പനി, വിറയല്‍, കാലുകളില്‍ വേദന, നീര്, ചുവപ്പു നിറം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
5. വീടും പരിസരവും വൃത്തിയാക്കി കൊതുകുകള്‍ പെരുകാതെയും കൊതുകുകടി ഏല്‍ക്കാതെയും ശ്രദ്ധിക്കുക.
6. പനിയോടുകൂടി ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടുകള്‍ അവഗണിക്കാതെ ഉടന്‍ വൈദ്യസഹായം തേടുക.

ഡോ.അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് , ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം