അച്ഛനുള്ള സമ്മാനം
അച്ഛനുള്ള സമ്മാനം
Tuesday, June 26, 2018 4:42 PM IST
കോട്ടയം നാട്ടകം ഗവണ്‍മെന്റ് കോളജ് റിട്ട. പ്രഫസര്‍ കഞ്ഞിക്കുഴി പള്ളിപ്പറമ്പില്‍ പരേതനായ സലിം ജോര്‍ജിന് മകളെ സിവില്‍ സര്‍വീസുകാരിയായി കാണാനായിരുന്നു മോഹം. എങ്കിലും തന്റെ മോഹം മകളോട് പറയാതെ അദ്ദേഹം ഉള്ളിന്റെയുളളില്‍ സൂക്ഷിച്ചു. നാലുവര്‍ഷം മുമ്പ് പ്രഫ.സലിം മരിച്ചു. വളരെ യാദൃച്ഛികമായി സമീര തന്നെ സിവില്‍ സര്‍വീസ് പഠനത്തിലേക്കു തിരിഞ്ഞപ്പോള്‍ അമ്മയാണ് മകളോട് അച്ഛന്‍ പറയാതെ സൂക്ഷിച്ച ആ ആഗ്രഹം വെളിപ്പെടുത്തുന്നത്. തനിക്ക് ലഭിച്ച 28ാം റാങ്ക് അച്ഛനുള്ള സമ്മാനമായി കരുതുന്ന എസ്.സമീരയുടെ വിജയകഥ വായിക്കാം...

വിജയത്തെക്കുറിച്ച് പഠിപ്പിച്ച അച്ഛന്‍

കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലെ ജനാലയ്ക്കരികില്‍ ഇരുന്നു പഠിക്കുമ്പോള്‍ സമീര ഇടയ്ക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ചിന്തിക്കാറുണ്ടായിരുന്നു. നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന സമീരയോട് പിതാവ് സലിം ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കും ജീവിതത്തിലെ സ്വപ്‌നങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും. ആകാശത്തോളം വലിയനേട്ടവും നക്ഷത്രവിജയവും നേടിയിരിക്കുകയാണ് എസ്. സമീര എന്ന മിടുക്കി. ആകാശഗംഗകളായിരുന്നു സമീരയുടെ പഠന വിഷയം.

പഠനത്തില്‍ എന്നും മുന്നില്‍

കാരിത്താസ് ആയുര്‍വേദ ആശുപത്രിയിലെ ഡോ. അയിഷയാണ് സമീരയുടെ അമ്മ. ചെറുപ്പം മുതലേ പഠനത്തില്‍ ഒന്നാമതായിരുന്ന സമീര. കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 10ാം ക്ലാസ് പാസായത് 15ാം റാങ്കോടെയാണ്. ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് 12ാം ക്ലാസ് വിജയിച്ചതും ഉയര്‍ന്ന മാര്‍ക്കോടെ. തുടര്‍ന്ന് ചെന്നൈ സ്‌റ്റെല്ലാ മാരീസ് കോളജില്‍നിന്നും സ്വര്‍ണമെഡലോടെ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദ പഠനം നടത്തിയത് ധന്‍ബാദ് ഐഐടിയിലാണ്. തുടര്‍ന്ന് 2010ല്‍ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോണില്‍നിന്നും അഞ്ച് വര്‍ഷത്തെ ഗവേഷണ ഉദ്യോഗവൃത്തിയും കഴിഞ്ഞാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് സമീര എത്തുന്നത്.

2015ലാണു പരീക്ഷാ പരിശീലനത്തിനായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. മോക്ക് ഇന്റര്‍വ്യൂവുകള്‍ക്കായി തിരുവനന്തപുരത്തും പഠിച്ചു. 10ാം ക്ലാസ് വരെ മലയാളം മീഡിയത്തിലായിരുന്നു പഠനം. സിലബസില്‍ പറഞ്ഞിരുന്ന പുസ്തകങ്ങള്‍ പലതും നേരത്തെ വായിച്ചിരുന്നതും മലയാളം തെരഞ്ഞെടുക്കാന്‍ പ്രചോദനമായി. അതുകൊണ്ടു തന്നെ മലയാളമാണ് ഐച്ഛികവിഷയമായി തെരഞ്ഞെടുത്തത്.

അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ വിജയം ഉറപ്പ്

'അധ്വാനിക്കാന്‍ തയാറെങ്കില്‍ ആര്‍ക്കും വിജയിക്കാവുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ സമീര പറയുന്നു. പഠനത്തെ ഒരിക്കലും ഭാരമായി കാണരുത്. ആസ്വദിച്ചു പഠിക്കണം. പഠിക്കാനുളള മനസാണ് അത്യാവശ്യം. അവരവരുടെ താത്പര്യമനുസരിച്ചു പഠനസമയം ക്രമീകരിക്കണം.

എഴുത്തു പരീക്ഷകള്‍ എഴുതി പരിശീലിക്കണം. സിവില്‍ സര്‍വീസ് പരീക്ഷ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. അതിനാല്‍ പരീക്ഷകള്‍ പൂര്‍ത്തിയാകുംവരെ ആത്മവിശ്വാസം നിലനിര്‍ത്തണം. കൂടാതെ പരീക്ഷകളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനുള്ള മാനസിക തയാറെടുപ്പും ആവശ്യമാണ്. പഠനത്തിനിടെ ആവശ്യത്തിനു വിശ്രമിക്കാനും പഠനരീതിയില്‍ മാറ്റം വരുത്താനും കഴിയണം. വിശ്രമവേളകള്‍ കലാരംഗത്തോ സ്‌പോര്‍ട്‌സിലോ മറ്റു താത്പര്യമുള്ള മേഖലകളിലോ ചെലവഴിക്കണം. പ്രതിസന്ധിഘങ്ങളില്‍ മുന്നോട്ടു നയിക്കാന്‍ ഇതു സഹായകകരമാണ്. സമീര തന്റെ വിജയരഹസ്യം പറഞ്ഞു.




ആസ്വദിച്ചുള്ള പഠനം

തന്‍േറത് ആസ്വദിച്ചുള്ള പഠനമായിരുന്നതിനാല്‍ ഒരിക്കലും മടുപ്പ് തോന്നിയില്ലെന്നു സമീര പറഞ്ഞു. പഠനം പോലെ പ്രധാനമായിരുന്നു ഉറക്കവും. കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങും. മറ്റുസമയങ്ങള്‍ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കും. സമയം കണ്ടെത്തിയിരുന്നത്.

പത്രംവായിച്ച് പ്രധാന വിവരങ്ങള്‍ കുറിച്ചു വയ്ക്കുമായിരുന്നു. പിന്നീട് വേഗത്തില്‍ പഠിച്ചെടുക്കാന്‍ ഈ നോട്ടുകള്‍ സഹായകമായി. ഒറ്റഇരുപ്പില്‍ പരമാവധി മൂന്നു മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു. രാത്രി ഉറക്കം മാറ്റി വച്ചും അതിരാവിലെ എഴുന്നേറ്റു പഠിക്കണമെന്ന് നിര്‍ബന്ധമില്ല. ആറാം ക്ലാസു മുതല്‍ 12ാം ക്ലാസുവരെയുള്ള എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്കുകള്‍ നന്നായി പഠിച്ചു.

കൂട്ടിന് കുട്ടിക്കൂട്ടവും

സിവില്‍ സര്‍വീസ് എന്ന കടുപ്പമേറിയ പരീക്ഷയില്‍ റാങ്കു നേടിയ സമീരയ്ക്കു കടന്നുവന്ന വഴികളെക്കുറിച്ചും പറയുമ്പോള്‍ സഹോദരന്‍ സന്ദീപ് സലിമിന്റെ മക്കളെക്കുറിച്ചു പറയാതിരിക്കാനാവില്ല. കാരണം മൂന്നുവയസുകാരി കുക്കുവും (ഉത്തര), ആറുവയസുകാരന്‍ കിച്ചുവും (സാര്‍ഥക്) അവര്‍ പോലുമറിയാതെ സമീരയ്ക്കു പഠിക്കാന്‍ പ്രചോദനമായിട്ടുണ്ട്. പഠനം എങ്ങനെ രസകരമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സമീരയെ പഠിപ്പിച്ചത് ഈ കുട്ടികളാണ്. നീണ്ട പഠനത്തിന്റെ വിരസത സമീര മാറ്റിയിരുന്നത് കുട്ടികള്‍ക്കൊപ്പം ഭൂപടം വരച്ചും ചരിത്രകഥകള്‍ പറഞ്ഞുകൊടുത്തുമായിരുന്നു.

ഒഴിവു സമയങ്ങളില്‍ അമ്മ അയിഷയെയും സഹോദര ഭാര്യ ലതയെയും വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. യുപിഎസ്‌സി സിലബസിലെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മുഷിപ്പില്ലാതെ പഠിക്കാന്‍ ഇത്തരം ഇടവേളകള്‍ സമീരയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

കലാരംഗത്തും നേട്ടം

പഠനത്തോടൊപ്പം നൃത്തത്തിലും പദ്യപാരായണത്തിലും സമീര സാനങ്ങള്‍ നേടിയിട്ടുണ്ട്. 2003ല്‍ സിബിഎസ്ഇ സംസ്ഥാന സോണല്‍ കലോത്സവത്തിലെ കലാതിലകം കൂടിയാണ് ഈ സിവില്‍ സര്‍വീസ് ജേതാവ്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഏകസഹോദരന്‍ സന്ദീപ് സലിം കോട്ടയത്ത് ദീപിക ദിനപത്രത്തില്‍ സബ്എഡിറ്ററാണ്.

ജോമി കുര്യാക്കോസ്
ഫോട്ടോ: കെ.ജെ. ജോസ്