ലൈംഗിക മരുന്നുവിപണിയിലെ തട്ടിപ്പുകള്‍
ലൈംഗിക മരുന്നുവിപണിയിലെ തട്ടിപ്പുകള്‍
Saturday, June 23, 2018 4:48 PM IST
പത്രമാധ്യമങ്ങളിലും നവ സാമൂഹ്യമാധ്യമ ശൃംഖലകളിലും പ്രാധാന്യമേറി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ അഗ്രഗണ്യനാണ് ആണുങ്ങളിലെ ശക്തിക്കുറവ്, സമയക്കുറവ്, വലുപ്പക്കുറവ് എന്നിവ പരിഹരിക്കുന്ന അത്ഭുത ഔഷധക്കൂുകളെ കുറിച്ചുള്ളവ. അതിശയിപ്പിക്കുന്ന ആകര്‍ഷകത്വം എന്തെന്നാല്‍ പരിശോധന വേണ്ട, രോഗനിര്‍ണയം വേണ്ട, ഫലം ഉറപ്പ്, മരുന്ന് തപാല്‍ മാര്‍ഗം! ശക്തിഹീനനായ ഏതൊരാളും വീണുപോകും. മറ്റാരെങ്കിലും അറിയുന്നതിലുള്ള ജാള്യതയുമില്ല. നടപടികള്‍ ഉടനുടന്‍. പണം എംഒ, നിഫ്റ്റ്, ഇട്രാന്‍സ്ഫര്‍ എന്നിവയുമാകാം. കോടികളാണ് ഒഴുകിയെത്തുക.

മനുഷ്യന്റെ ചില ദൗര്‍ബല്യങ്ങളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന തട്ടിപ്പുകമ്പനികള്‍ യഥേഷ്ടം കൊഴുത്തുവളരുന്നത് ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തുന്ന നമ്മുടെ നാട്ടിലാണെന്നുള്ളത് വലിയവിരോധാഭാസം തന്നെ.

യഥാര്‍ഥത്തില്‍ പുരുഷന്‍മാരെല്ലാം അങ്ങനെയാണോ? അവര്‍ക്ക് മരുന്ന് ചികിത്സവേണോ? വേണമെങ്കില്‍ ഏതാണ് ഉചിതമാര്‍ഗം ?

ഇറക്‌ടൈല്‍ ഡിസ്ഫങ്ങ്ഷന്‍ (ഇഡി)

ഒരു മാസക്കാലമെങ്കിലും ശ്രദ്ധിച്ചതിനു ശേഷവും തൃപ്തികരമായ വിധത്തില്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവിധം ഉദ്ധാരണശക്തി ഇല്ലാത്ത അവസ്ഥയെ ഇറക്‌ടൈല്‍ ഡിസ്ഫങ്ങ്ഷന്‍ (ഇഡി) എന്നു പറയും. ലോകത്താകമാനം ഏകദേശം 20 ശതമാനം പുരുഷന്‍മാര്‍ക്ക് ഈ ബുദ്ധിമുട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കാലദേശമന്യേ എല്ലാത്തരം ആള്‍ക്കാരേയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. പ്രായമേറിയവരില്‍ ഇതിന്റെ വ്യാപ്തി അധികമാണ്.

ചില രോഗങ്ങള്‍

പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, പൊണ്ണത്തടി, പുകവലി, വിഷാദരോഗം, പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍ എന്നീ രോഗങ്ങള്‍തന്നെ ചിലരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മറ്റു ചിലരില്‍ ഈ മരുന്നുകളുടെ ഉപയോഗം ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് പുരുഷന്റെ ജീവിതഗുണനിലവാരം കുറക്കുന്നു.

1970കള്‍ക്ക് ശേഷം ആധുനിക മെഡിക്കല്‍ രംഗത്തുണ്ടായ അഭൂതപൂര്‍വമായ കണ്ടുപിടിത്തങ്ങളും വളര്‍ച്ചയും ഈ രോഗത്തിന്റെ കാരണങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താനും പരിഹരിക്കാനും സഹായിച്ചു.

രോഗനിര്‍ണയം എളുപ്പത്തില്‍

രോഗിയുടേയും ഇണയുടേയും വിവരണങ്ങള്‍, ദേഹപരിശോധന, അത്യാവശ്യ ലാബ് ടെസ്റ്റുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ രോഗനിര്‍ണയം എളുപ്പത്തിലും കൃത്യമായും ചെയ്യാന്‍ സാധിക്കും. ഒരിക്കല്‍ രോഗം സ്ഥിരീകരിച്ചാല്‍ ഏതു ചികിത്സയാണ് അഭികാമ്യമെന്ന് ദമ്പതികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നു. അവരുടെ അഭിരുചി, ലക്ഷ്യം, ഉദ്ദേശ്യം എല്ലാം ഇതിനായി കണക്കാക്കും. രോഗവിവരങ്ങളെ പറ്റിയും ചികിത്സാരീതികളെ പറ്റിയും ഇണയുമായി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യവുമാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ന്യൂറോസര്‍ജന്‍, എന്‍ഡോക്രൈനോളജിസ്റ്റ് എന്നീ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ കൂട്ടായ പ്രയത്‌നം വേണ്ടിവരാം.

അതിസങ്കീര്‍ണമായ ഡ്യൂപ്‌ളക്‌സ് അള്‍ട്രാ സോണോഗ്രാഫി, കവേര്‍ണസോഗ്രാഫി, പെനൈല്‍ ആന്‍ജിയോഗ്രഫി മുതലായ പരിശോധനയിലൂടെ രോഗത്തിന്റെ കാരണവും തീവ്രതയും കണ്ടുപിടിക്കാന്‍ സാധിക്കും.


ചികിത്സാരീതി

കാരണം കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുക എന്നതാണ് ഓരോ രോഗത്തിന്റെയും ശരിയായ മാര്‍ഗം. എന്നാല്‍ ഈ രോഗത്തിന് ഇത് ബാധകമല്ല. രോഗിക്ക് ഏതുരീതിയാണ് ഗുണകരമെന്ന് നിശ്ചയിച്ചുറപ്പിച്ച് ചികിത്സ തുടങ്ങുകയാണ് സാധാരണ ചെയ്യുന്നത്.

പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, പുകവലി മുതലായവ നിയന്ത്രിച്ച് ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ശരീരാരോഗ്യം വീണ്ടെടുക്കലാണ് ആദ്യ നടപടി.

ചികിത്സാരീതികളുടെ ഒരു നീണ്ട ശൃംഖലതന്നെയുണ്ട് ഈ രോഗത്തിന്റെ കാര്യത്തില്‍. സൈക്കോ സെക്ഷ്വല്‍ ചികിത്സ, ലിഗത്തില്‍ കുത്തിവയ്‌പ്പെടുക്കുക, ലിംഗത്തില്‍ ഇംപ്ലാന്റ് വയ്ക്കുക, വാസ്‌കുലാര്‍ സര്‍ജറി ചെയ്യുക, ഹോര്‍മോണ്‍ ചികിത്സ ചെയ്യുക എന്നിങ്ങനെ.

എന്നാല്‍ പൊതുവെ എല്ലാവര്‍ക്കും സ്വീകാര്യവും പാര്‍ശ്വഫലം കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നവയുമാണ് ഗുളികകള്‍. ഇവ ഉദ്ധാരണശേഷി വര്‍ധിപ്പിക്കുകയും ഒരിക്കല്‍ ഉദ്ധരിച്ചാല്‍ അതിനെ ഏറെനേരം നിലനിര്‍ത്തുകയും ചെയ്യും. ഇന്ന് ലഭിക്കുന്ന മൂന്ന് മരുന്നുകളും ഒരുപോലെ ഫലപ്രാപ്തി ഉള്ളവയാണ്.

1. സില്‍ഡിനാഫില്‍ ഇത് വയാഗ്ര, പിനാഗ്ര, കവേറ്റ മുതലായ കമ്പനിപ്പേരില്‍ 25 മില്ലി ഗ്രാം, 50 മില്ലി ഗ്രാം,100 മില്ലി ഗ്രാം ഡോസില്‍ ലഭ്യമാണ്.

2. ടഡാലാഫില്‍ ഇത് ടാഡില്‍, സിയാലിസ് മുതലായ പേരില്‍ 5,10, 20 മില്ലി ഗ്രാം എന്നിങ്ങനെ വിവിധ ഡോസുകളില്‍ ലഭ്യമാണ്.

3. വര്‍ഡിനാഫില്‍ 5,10,20 മില്ലി ഗ്രാം എന്നിങ്ങനെ വിവിധ ഡോസുകളില്‍ ലഭ്യമാണ്.

ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് മരുന്ന് കഴിക്കണം. 70 ശതമാനതിലേറെ പേരില്‍ ഇത് ഫലപ്രദമാണ്. ഭക്ഷണം കുറച്ചും മറ്റ് ഉത്തേജക മാര്‍ഗങ്ങള്‍ സ്വീകരിച്ചും ഡോസ് കൂട്ടിയും ഇതിന്റെ ഫലം വര്‍ധിപ്പിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിന് മുമ്പ് ഹൃദ്രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും ഉണ്ടെങ്കില്‍ വേണ്ട ചികിത്സ നടത്തേണ്ടതുമാണ്. അല്ലാത്തപക്ഷം ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. ഈ മരുന്നിന്റെ സാധാരണ പാര്‍ശ്വഫലങ്ങള്‍ തലവേദന, ശരീരവേദന, വിശപ്പില്ലായ്മ തുടങ്ങിയവയാണ്.

പ്രാദേശിക മരുന്നുകളില്‍ ഈ ഗുളികപൊടിച്ചിട്ട് വില്പന നടത്തുന്ന പ്രവണത സാധാരണമാണ്. മരുന്നു കുറിച്ചുകൊടുക്കാന്‍ യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, എന്‍ഡോക്രൈനോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് എന്നിവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ എന്നിരുന്നാലും അനധികൃതമായി ഇതിന്റെ വ്യാപാരം തകൃതിയില്‍ നടക്കുന്നു എന്നത് ഒരു രഹസ്യമല്ല.

ഡോ. പി.വി. ജോസ്
ഗൈനക്കോളജി വിഭാഗം പ്രഫസര്‍, പരിയാരം മെഡിക്കല്‍ കോളജ് , കണ്ണൂര്‍

തയാറാക്കിയത് ഷിജു ചെറുതാഴം