യുവത്വത്തിലെ വന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും
യുവത്വത്തിലെ വന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും
Wednesday, June 20, 2018 4:40 PM IST
ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് അടുത്ത കാലം വരെ ഉണ്ടായിരുന്ന സമീപനം പ്രായം ഏറുന്നതുകൊണ്ട് ഉണ്ടാകുന്ന ഒന്ന് എന്നു മാത്രമായിരുന്നു. എന്നാല്‍, ഇന്ന് യുവതലമുറയെ വരെ ഈ പ്രശ്‌നം ബാധിക്കാന്‍ തുടങ്ങി.

പുരുഷന്മാരില്‍ പ്രായമേറിയാലും ലൈംഗികമായി വളരെ ആരോഗ്യവാനായും സംതൃപ്തനായും ജീവിക്കാം എന്ന അവസ്ഥ ഇന്ന് സംജാതമായിട്ടുണ്ട്.

പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങളും കാരണങ്ങളും

ഉദ്ധാരണശേഷിക്കുറവ്

ലൈംഗികബന്ധം സംതൃപ്തമായി തീരുന്നതിനാവശ്യമായ രീതിയില്‍ ലിംഗോദ്ധാരണം ഉണ്ടാകാതെയിരിക്കുകയോ ഉണ്ടായത് തുടര്‍ന്ന് നില്‍ക്കുകയോ ചെയ്യാത്ത അവസ്ഥ.

പുരുഷനില്‍ ലൈംഗികബന്ധത്തിന് പല തവണ ശ്രമിക്കുമ്പോള്‍ ഏകദേശം മുക്കാല്‍ ഭാഗം ശ്രമങ്ങളിലും ആവര്‍ത്തിക്കപ്പൊല്‍ മാത്രമേ അതിനെ ഉദ്ധാരണശേഷിക്കുറവ് എന്ന രോഗമായി പരിഗണിക്കപ്പെടേണ്ടതുള്ളൂ. ചിലപ്പോള്‍ മാത്രം ഈ അവസ്ഥ ഉണ്ടാകുകയും പിന്നീട് അത് തനിയെ പരിഹരിക്കപ്പെടുകയും വീണ്ടും ആവര്‍ത്തിക്കപ്പെടാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഇതിനെ രോഗം എന്ന് ഗണിക്കേണ്ടതില്ല.

ലൈംഗിക അവയവത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതു കൊണ്ടും മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടുമാണ് പ്രധാനമായും ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്നത്.

പുകവലി, പ്രമേഹരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, പ്രായാധിക്യം, വിഷാദം എന്നിവയെല്ലാമാണ് രക്തസഞ്ചാരം കുറയുന്നതിനുള്ള കാരണങ്ങളായി കണ്ടുവരുന്നത്. ഇവയ്‌ക്കെല്ലാം പുറമേ പല രോഗങ്ങള്‍ക്കും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഔഷധങ്ങളും ചിലപ്പോള്‍ കാരണമായിത്തീരാറുണ്ട്.

ശീഘ്രസ്ഖലനം

ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെയോ ലൈംഗികബന്ധം ആരംഭിച്ച ഉടന്‍ തന്നെയോ ശുക്ലസ്ഖലനം നടക്കുന്ന അവസ്ഥ.

സ്ഖലനമില്ലായ്മ

താമസിച്ചോ, ഏറെ നേരത്തെ ലൈംഗിക ബന്ധത്തിനു ശേഷം മാത്രമോ ശുക്ലസ്ഖലനം നടക്കുകയോ അല്ലെങ്കില്‍ സ്ഖലനം തടസപ്പെടുകയോ ചെയ്യുന്ന അവസ്ഥ.

മാനസികപ്രശ്‌നങ്ങള്‍

വിഷാദം, ലൈംഗികബന്ധം വിജയകരമാക്കാന്‍ സാധിക്കുമോ എന്നുള്ള ആകാംക്ഷ, ലൈംഗിക കാര്യങ്ങളിലുള്ള താല്‍പര്യക്കുറവ് എന്നിവയെല്ലാം മാനസിക കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

വിഷാദം

ചിലപ്പോള്‍ അനുഭവപ്പെടുന്ന ഉദ്ധാരണക്കുറവും ലൈംഗികബന്ധത്തിലെ താല്‍പര്യക്കുറവും വിഷാദത്തിനു കാരണമായിത്തീരുന്നു.

ലൈംഗികബന്ധം വിജയകരമാകുമോ എന്ന ആകാംക്ഷ

ഒന്നോ അതിലധികം തവണയോ ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുമ്പോള്‍ ലൈംഗികബന്ധം വിജയകരമാക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷ ഉടലെടുക്കുകയായി. അത് ലൈംഗിക താല്‍പര്യങ്ങളില്‍ നിന്നും വിട്ട് ആകാംക്ഷയിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കാരണമാകുന്നു. പിന്നീട് ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ ശേഷിക്കുറവ് ലൈംഗിക പ്രക്രിയയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുന്നു.

ലൈംഗിക താല്‍പര്യക്കുറവ്

ലൈംഗിക കാര്യങ്ങളിലുള്ള താല്‍പര്യങ്ങളില്‍ നിന്നും കാണപ്പെടുന്ന അകല്‍ച്ചാ മനോഭാവമാണ് ലൈംഗിക താല്‍പര്യക്കുറവ്. ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അയാളുടെ താല്‍പര്യങ്ങളും കാഴ്ചപ്പാടുകളും വികസിക്കുന്നു. പക്ഷേ ലൈംഗിക താല്‍പര്യങ്ങള്‍ക്കുപരിയായി സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും ബിസിനസ് താല്‍പര്യങ്ങളിലേക്കും ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി മനസ് ലൈംഗിക കാര്യങ്ങളില്‍ നിന്നും പൂര്‍ണമായി അകന്നു പോകുന്നതായും അത് ലൈംഗിക ശേഷിക്കുറവിന് വഴിയൊരുക്കുന്നതായും കാണാം.

ജീവിതശൈലീ പ്രശ്‌നങ്ങള്‍

അടിസ്ഥാനപരമായി വളരെയധികം വസ്തുതകള്‍ ലൈംഗികപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നവയായി ഉണ്ട്. അതില്‍ ചിലത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അതായത് ശാരീരികമായി നല്ല നിലയിലുള്ള ചെറുപ്പക്കാരില്‍ പോലും ചിലപ്പോള്‍ ഇതു സംഭവിക്കാറുണ്ടെന്ന് ചുരുക്കം. ജീവിതശൈലികൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവയില്‍ പ്രധാനപ്പെ ഒന്നാണ്. അതായത് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി ശീലം എന്നിവ. ഇത്തരം അനാവശ്യ ശീലങ്ങളിലൂടെ ശരീരം വളരെയധികം രാസപദാര്‍ഥങ്ങളുടെ ഒരു കലവറയായിത്തീരുന്നു. ഈ രാസപദാര്‍ഥങ്ങള്‍ മനുഷ്യന്റെ പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുന്നു.

മാനസിക സമ്മര്‍ദം ധാരാളം ആള്‍ക്കാരില്‍ കാണുന്ന ഒരു പൊതുവായ പ്രത്യേകതയാണ്. വീട്ടിലെയും ജോലി സ്ഥലത്തെയും പ്രശ്‌നങ്ങളും സാമ്പത്തികബാധ്യതകളുമെല്ലാം യുവതലമുറയെ കൂടുതല്‍ മാനസികസമ്മര്‍ദത്തിലേക്ക് നയിക്കുന്നു. പ്രത്യേകിച്ചും ഐടി മേഖല, പുതുതലമുറ ബാങ്കുകള്‍, മാര്‍ക്കറ്റിംഗ് മേഖല എന്നിവയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ കൂടുതലായും മാനസിക സമ്മര്‍ദത്തിന് അടിമകളാണ്. ഇവരുടെയൊക്കെ വരുമാനം ജോലി ചെയ്യു ന്നതിന് അനുസരിച്ച് മാത്രമാണ്. സ്ഥിര വരുമാനം കിാതിരിക്കുകയും ചെയ്യുന്ന ജോലിക്ക് ആനുപാതികമായ വേണ്ടതും കിട്ടാതിരിക്കുന്ന അവസ്ഥയും ഇവരെ മാനസിക സമ്മര്‍ദത്തിലാഴ്ത്തുന്നു.

ദമ്പതികള്‍ രണ്ടാളുമോ, അല്ലെങ്കില്‍ ഒരാളോ ഇത്തരം തൊഴില്‍ മേഖലയിലുള്ളവരാണെങ്കില്‍ അല്‍പ സമയം പോലും ഒന്നിച്ചു ചെലവഴിക്കാന്‍ കഴിയാതെ വരുന്നു. ഇതുമൂലം ദിവസങ്ങളോ ആഴ്ചകളോ ലൈംഗികബന്ധം ഇല്ലാതിരിക്കുന്നതിനും അതുവഴി ലൈംഗികവിരക്തിക്കും കാരണമായിത്തീരാറുണ്ട്.

ഇവരില്‍ ബഹുഭൂരിപക്ഷം പേരും സമയക്കുറവ് മൂലം കൃത്രിമ ഭക്ഷണങ്ങളും പാനീയങ്ങളും ഫാസ്റ്റ് ഫുഡുമാണ് ഉപയോഗിക്കുന്നത്. ഇത്തരം ആഹാരരീതിയും വ്യായാമക്കുറവും ഇവരുടെ ശരീരത്തിന്റെ സ്ഥിതി മാറ്റുന്നു. ഇത് അമിതവണ്ണത്തിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും അനുബന്ധമായി ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങള്‍ക്കും ഇടയാക്കും. ശരീരത്തിന്റെ ഈ അവസ്ഥാവ്യതിയാനം ആകുലത വര്‍ധിക്കുന്നതിനും മാനസിക സര്‍ദം ഏറുന്നതിനും കാരണമാകും.

ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയുമായി കൂടുതലായുളള സമ്പര്‍ക്കം മൂലമുണ്ടാകുന്ന റേഡിയേഷന്‍ ലൈംഗികപ്രശ്‌നങ്ങളിലേക്കും വന്ധ്യതയിലേക്കും വഴിയൊരുക്കുന്നതായി പഠനങ്ങള്‍ വിലയിരുത്തുന്നു.

മനുഷ്യജീവിതത്തില്‍ ആഹാരത്തിനും ഉറക്കത്തിനും കൊടുത്തിരിക്കുന്ന അതേ പ്രാധാന്യം തന്നെ ആയുര്‍വേദം ലൈംഗികതയ്ക്കും കൊടുത്തിരിക്കുന്നു. ഇവ മൂന്നും മൂന്ന് തൂണുകള്‍ പോലെ ശരീരത്തിനു താങ്ങായി നിലനില്‍ക്കുന്നു എന്നതാണ് ആയുര്‍വേദ ഭാഷ്യം.

ലൈംഗികത എന്നത് പൂര്‍ണമായ ശ്രദ്ധയോടും വിശ്രമത്തോടും കൂടി ആസ്വദിക്കേണ്ട ഒന്നാണ്. ഇത് ഒരിക്കലും മനസില്ലാമനസോടെയോ, അധികം മാനസിക സര്‍ദത്തോടെയോ ചെയ്യേണ്ട ഒന്നല്ല. മാനസിക സമ്മര്‍ദവും ജോലിത്തിരക്കും മൂലം പലര്‍ക്കും ഇവയൊന്നും ശരിയായി പാലിക്കാന്‍ കഴിയാറില്ല. ഇവരെയൊക്കെയാണ് മിക്കപ്പോഴും ലൈംഗികശേഷിക്കുറവ് ബാധിക്കുന്നത്.

കാരണങ്ങളില്‍ ചിലത്

പുരുഷ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അമിതവണ്ണം, വിഷാദം, പുരുഷ ലൈംഗികാവയവത്തിലെ നാഡികളുടെ പ്രവര്‍ത്തനക്കുറവ്, അവിടെയുള്ള പേശികളുടെ ബലക്കുറവ്, വൃഷണങ്ങള്‍ ചുരുങ്ങുക, ശാരീരിക ശക്തി കുറയുക, ശ്രദ്ധയില്ലായ്മ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ചിലപ്പോള്‍ പ്രമേഹം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയും ഒരു വ്യക്തിയിലെ ഉദ്ധാരണക്കുറവിന് കാരണമാകും.


ശാരീരികവും മാനസികവുമായ കഠിനാധ്വാനം ശരീരത്തിലെ മുഴുവന്‍ ഊര്‍ജത്തെയും കുറയ്ക്കും. ശരീരത്തിന് ശരിയായ വിശ്രമവും ഉല്ലാസവും ലഭിക്കുന്നില്ലെങ്കില്‍ അതും ഉദ്ധാരണക്കുറവിനു കാരണമായേക്കും.
വളരെയധികം സമയം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയില്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ലൈംഗികോത്തേജനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

വിശ്രമവും ഉറക്കമില്ലാതെ ഏറെ നേരം ജോലി ചെയ്യുന്നതും ശരീര കോശങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കുകയും അത് മാനസിക സമ്മര്‍ദ്ദത്തിനും ഉദ്ധാരണക്കുറവിനു കാരണമാക്കുകയും ചെയ്യുന്നു.

ജീവിത പങ്കാളിയുമായി നല്ല നിലയിലുള്ള പൊരുത്തം മനസിനെ ഉത്തേജിപ്പിക്കുന്നതിനും ലൈംഗികോത്തേജനത്തിനും ആവശ്യമായ ഘടകമാണ്. പെെട്ടന്ന് ദേഷ്യം ഉണ്ടാകുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ മാനസിക സംഘര്‍ഷമുള്ളവരും മനസ് എപ്പോഴും അസ്വസ്ഥമായിരിക്കുന്നതുകൊണ്ട് ശരിയായ ശ്രദ്ധ കിട്ടാത്തവരുമായിരിക്കും.

തലച്ചോറ്, നട്ടെല്ല്, ലൈംഗികാവയവത്തിന് ചുറ്റുമുള്ള നാഡികള്‍, പേശികള്‍, കോശങ്ങള്‍, രക്തക്കുഴലുകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉത്തേജനം സാധ്യമാകുകയുള്ളൂ. പ്രമേഹം, ഉയര്‍ന്ന രക്തസര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില എന്നിവയുളളവരില്‍ ഇത് ശരിയാംവണ്ണം പ്രവര്‍ത്തിക്കില്ല എന്നതുകൊണ്ടാണ് ഉത്തേജനക്കുറവ് അനുഭവപ്പെടുന്നത്.

സ്ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികതാല്‍പര്യം, ഉണര്‍വ്, ആര്‍ദ്രത, രതിമൂര്‍ച്ഛ, സംതൃപ്തി എന്നിവയെല്ലാമാണ് സ്ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങളെ വിലയിരുത്തുന്നതിന് ആധാരമായ ഘടകങ്ങള്‍.

ഇവയെല്ലാം സ്ത്രീകളിലെ ശാരീരികവും മാനസികവുമായ അവസ്ഥകളെയും ആര്‍ത്തവചക്രത്തിന്റെ വിവിധ ഘങ്ങളെയും ശരീരഭാരത്തേയും ആശ്രയിച്ചിരിക്കുന്നു.

യുവതികളില്‍ വന്ധ്യതയുടെ ഒരു പ്രധാന കാരണമായിത്തീരുന്നത്, ആര്‍ത്തവചക്രത്തിലെ കൃത്യതയില്ലായ്മയാണ്. മിക്കപ്പോഴും മാനസികസമ്മര്‍ദ്ദങ്ങള്‍ മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് അതിനു കാരണമാകുന്നത്. കൃത്യമായ ആര്‍ത്തവചക്രം ഉണ്ടാകാത്തവരില്‍ അണ്‌ഡോത്പാദനവും കൃത്യമായിരിക്കില്ല. ഇവര്‍ക്ക് വന്ധ്യത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മാനസികവും ശാരീരികവുമായ മറ്റ് പല പ്രശ്‌നങ്ങളും ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടസപ്പെടുത്തുന്നു. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ വ്യക്തിയും രൂപപ്പെട്ടു വരുന്നത്. ലൈംഗികത പാപമാണെന്ന് മുതിര്‍ന്നവരില്‍ നിന്നും പഠിച്ചിരിക്കുന്ന സ്ത്രീകള്‍, മതപരമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സ്ത്രീകള്‍, സ്വയമേ നിയന്ത്രണങ്ങള്‍ കൂടുതലായി പാലിക്കുന്നവര്‍ എന്നിവരൊക്കെ ലൈംഗിക കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നതായി കാണാറുണ്ട്.

ലൈംഗികമരവിപ്പ്

ബാഹ്യമായതോ ആന്തരികമായതോ ആയ ഏതൊരു പ്രേരണകൊണ്ടും സ്ത്രീകളില്‍ ലൈംഗിക വികാരം ഉണ്ടാകാത്ത അവസ്ഥയാണ് ലൈംഗിക മരവിപ്പ്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍, പൂര്‍വകാല ലൈംഗിക ആഘാതങ്ങള്‍, പ്രണയ പരാജയങ്ങള്‍, വിഷാദം പോലുള്ള മാനസിക രോഗങ്ങള്‍ എന്നിവയെല്ലാം ലൈംഗിക മരവിപ്പിനു കാരണമാകുന്നു.

ഈ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പല സാമൂഹിക ഗാര്‍ഹിക പ്രശ്‌നങ്ങളും ലൈംഗിക ജീവിതം ആസ്വദിക്കുന്നതിന് മങ്ങല്‍ ഏല്‍പ്പിക്കാറുണ്ട്. ജോലിത്തിരക്കുകള്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, കുികളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കിടപ്പറയില്‍ സ്ത്രീകളുടെ സന്തോഷത്തെയും സമാധാനത്തെ യും ഇല്ലാതാക്കുന്നതാണ്.

ജീവിതശൈലി

സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍തന്നെ ഉണ്ടാകുന്ന നടുവേദന, ഇടുപ്പുവേദന, ശരീരത്തിനു ഭാരം കൂടുതല്‍ എന്നിവ ലൈംഗിക ബന്ധത്തിനു വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ലൈംഗിക പ്രശ്‌നങ്ങളിലെല്ലാം വിദഗ്ധ പരിശോധനകളും ചികിത്സകളും എത്രയും വേഗം ചെയ്യുന്നതാണ് നല്ലത്.

കൃത്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഓര്‍മ്മശക്തി, ബുദ്ധിശക്തി, ആയുസ്, ആരോഗ്യം, ശരീരപുഷ്ടി എന്നിവ ഉണ്ടാകുമെന്നും എളുപ്പത്തില്‍ ജരാനരകള്‍ ഉണ്ടാകില്ലെന്നും ആയുര്‍വേദശാസ്ത്രം പ്രതിപാദിക്കുന്നതില്‍ നിന്നും ലൈംഗികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് മനസിലാക്കാനാകും.

ലൈംഗികപ്രശ്‌നങ്ങളില്‍ ആയുര്‍വേദ ചികിത്സയുടെ പ്രസക്തി

ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ ആയുര്‍വേദ ഔഷധങ്ങളും ചികിത്സയും വളരെ ഗുണപ്രദമാണ്. പ്രത്യേകിച്ചും പഞ്ചകര്‍മ്മ ചികിത്സകള്‍, രസായന വാജീകരണ ചികിത്സകള്‍ എന്നിവ. ഇത്തരം ചികിത്സകള്‍ ചെയ്യുന്നതുകൊണ്ട് ശരീരത്തിലെ രക്തസഞ്ചാരം വര്‍ധിക്കുകയും നാഡികള്‍ക്കും ഞരമ്പുകള്‍ക്കും ബലവും ഉത്തേജനവും ലഭിക്കുകയും ചെയ്യും

സംതൃപ്തമായ ദാമ്പത്യത്തിന് ശരീരവും മനസും ആഹാരവും

സന്തുഷ്ടമായ ലൈംഗിക ജീവിതത്തിനായി ദമ്പതികള്‍ക്കു വേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യമാണ്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും ടെന്‍ഷനും വീട്ടിലേക്ക് എത്തിക്കാതിരിക്കുക. ദമ്പതികള്‍ തമ്മില്‍ തുറന്ന സംസാരങ്ങളിലൂടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും കുറിച്ച് പരസ്പരധാരണ വളര്‍ത്തുക. പരസ്പര വിശ്വാസം, ബഹുമാനം എന്നിവ കാത്തു സൂക്ഷിക്കുക. എപ്പോഴും ജോലി, കുികളുടെ കാര്യങ്ങള്‍, വീുകാര്യങ്ങള്‍ എന്നിവയെക്കുറിച്ചു മാത്രം ചിന്തിച്ചിരിക്കാതെ, വിനോദങ്ങള്‍ക്കായും സമയം കണ്ടെത്തുക. നല്ല ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തുക. ലഹരി വസ്തുക്കളെ ത്യജിക്കുക എന്നിവയെല്ലാം ദമ്പതികള്‍ക്കു ശാരീരികവും മാനസികവുമായ ആരോഗ്യവും കുടുംബ സമാധാനവും പ്രദാനം ചെയ്യുന്നതാണ്.

ഭക്ഷണത്തിലൂടെ ലൈംഗികശേഷി കൂാം

നാം നിത്യേന ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പാവയ്ക്ക, വെണ്ടയ്ക്ക, മുരിങ്ങക്കായ, മുരിങ്ങയില, മുരിങ്ങപ്പൂവ്, ചീര, നെല്ലിക്ക, കോഴിമു, പശുവിന്‍ പാല്‍, മുന്തിരി, ഈന്തപ്പഴം, പൂവന്‍പഴം, ബദാം പരിപ്പ് എന്നിവ ഉദാഹരണങ്ങളാണ്.

രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും കടിച്ചു ചവച്ചു കഴിക്കുക, അല്ലെങ്കില്‍ ചുവന്നുള്ളി കഴിക്കുക. 15 ഗ്രാം മുരിങ്ങപ്പൂവ് 250 മില്ലി പാലില്‍ കാച്ചി കുടിക്കുക. അര ടീസ്പൂണ്‍ ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് ഒരു മാസം സേവിക്കുക. കോഴിമു രാത്രിയില്‍ സേവിക്കുക. ഉണക്കിയ ഈന്തപ്പഴം സേവിക്കുക എന്നിവ ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഗൃഹൗഷധികളാണ്.

ലൈംഗികോത്തേജനത്തിന് ഔഷധപ്രയോഗങ്ങള്‍

അശ്വഗന്ധാദി ലേഹ്യം, നാരസിംഹ രസായനം, ചാതുര്‍ജാത രസായനം, ലോഹാസവം, ദ്രാക്ഷാരിഷ്ടം, അശ്വഗന്ധാരിഷ്ടം, അശ്വഗന്ധാദി ചൂര്‍ണം, അശ്വജിത് കാപ്‌സ്യൂള്‍ എന്നിവ വിധിപ്രകാരം സേവിക്കുന്നത് ശാരീരികമായി ഉണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളെ അകറ്റുന്നതും പുരുഷന്മാരില്‍ ഉണ്ടാകുന്ന ഉദ്ധാരണശേഷിക്കുറവ്, ശ്രീഘ്രസ്ഖലനം, സ്ഖലനമില്ലായ്മ, ശുക്ലത്തിന്റെ അളവ് കുറവ് എന്നിവയെ പരിഹരിക്കുന്നതുമാണ്.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം