ചിട്ടി ഒരു സൂക്ഷ്മ സാന്പത്തിക പദ്ധതി
ചിട്ടി ഒരു സൂക്ഷ്മ സാന്പത്തിക പദ്ധതി
Wednesday, June 20, 2018 3:26 PM IST
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേയും അർദ്ധനഗര പ്രദേശങ്ങളിലേയും സാന്പത്തിക ഫണ്ടിംഗിന്‍റെ ഏറ്റവും പ്രധാന സ്രോതസ് ചിട്ടി എന്ന അനൗപചാരിക ഫണ്ടിംഗ് രീതിയാണ്.
ഒരേ താൽപര്യമുള്ള കുറേപ്പേർ കൂടി ചേർന്ന്, കൃത്യമായ ആവൃത്തികളിൽ (ഉദാഹരണത്തിന്, എല്ലാ മാസവും) നിശ്ചിത സംഖ്യ നിക്ഷേപിക്കുകയും ആ നിക്ഷേപമെല്ലാം കൂട്ടിയിണക്കി ഒരു പൊതുനിക്ഷേപമാക്കി മാറ്റുകയും ആ പൊതുനിക്ഷേപം കൂട്ടത്തിൽ പെട്ട ഓരോരുത്തരുടെയും ആവശ്യങ്ങൾ നിവർത്തിക്കുവാൻ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ചിട്ടിയുടെ അടിസ്ഥാന സാന്പത്തിക പ്രക്രിയ. ഒന്നിൽ കൂടുതൽ പേർ ചിട്ടി പണം ആവശ്യപ്പെടുന്ന സന്ദർഭം വരുന്പോൾ, അതിൽ യോഗ്യതയുള്ളയാളെ നറുക്കെടുപ്പിലൂടെ തെരെഞ്ഞടുക്കുന്നു. (നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന കടലാസ് അഥവാ ടോക്കൺ നാടൻ ഭാഷയിൽ വ്യവഹരിക്കുന്നത് "ചിറ്റ്’ എന്ന പദം ഉപയോഗിച്ചാണ്).

ചൂഷകർ ധാരാളമുണ്ടായിട്ടു പോലും, ചിട്ടി വിപണനം സക്രിയമായി തന്നെ തുടർന്നു. ഗവണ്‍മെന്‍റിന്‍റെ സന്പൂർണ്ണ പിന്തുണയോടെ 1969 ൽ കെഎസ്എഫ്ഇ സ്ഥാപിതമായതോടെ ചിട്ടിക്ക് വിശ്വാസ്യത കൈവരികയും ചിട്ടി വരിക്കാർക്ക് സുരക്ഷയുടേതായ ഒരു ഉറപ്പ് നൽകുകയും ചെയ്തു. കേന്ദ്ര ചിട്ടി നിയമം 1982 ന്‍റെ രൂപീകരണവും നടപ്പാക്കലും ഇക്കാര്യത്തിന് കൂടുതൽ ആക്കം നൽകുകയും ചെയ്തു.

1982-ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം അതാത് സംസ്ഥാന ഗവണ്‍മെന്‍റാണ് ചിട്ടിയുടെ നിയ്രന്തിതാക്കൾ. ഈ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ചിട്ടി കന്പനിക്ക് ഇളവ് നൽകാനുള്ള അവകാശം സംസ്ഥാനഗവണ്‍മെന്‍റിന് കേന്ദ്ര ചിട്ടിനിയമം അനുവദിച്ചു തരുന്നുണ്ട്. ഇത്തരം ഇളവുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചുവേണം ചെയ്യാൻ. എങ്കിലും റിസർവ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ചിട്ടി എന്നത് അനഭിമത പ്രവൃത്തിയായി തുടരുന്നു. റിസർവ്വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ചിട്ടിക്കന്പനികൾ വരുന്നില്ല.

ചിട്ടി നൽകുന്ന മെച്ചം

വരിക്കാരെ സംബന്ധിച്ചിടത്തോളം ചിട്ടി എന്ത് മെച്ചമാണ് അവർക്കു നൽകുന്നത്? ആദ്യമായി, കൗതുകകരമായിട്ടുള്ളത്, ചിട്ടി ഒരു സംയുക്ത പദ്ധതിയാണെന്നതാണ്. ഒരു നിക്ഷേപപദ്ധതിയായി തുടങ്ങി, ചിട്ടി വിളിച്ചെടുത്താൽ വായ്പാപദ്ധതിയായി മാറുന്ന ഒന്നാണത്. ആവശ്യത്തിനു പണം സ്വരൂപിക്കാനുള്ള സൗകര്യം അതു തരുന്നു. തത്വത്തിൽ, മാസവരി സംഖ്യ എന്തായി കൊള്ളട്ടെ, കാലാവധി എത്രയായികൊള്ളട്ടെ, അതിനൊക്കെ ചിട്ടി ആരംഭിക്കാവുന്നതാണ്.

രണ്ടാമതായി, ഏതൊരാൾക്കും ചിട്ടിയിൽ ചേരാം എന്നതാണ്. ബാങ്ക് വായ്പകളിൽനിന്നും വ്യത്യസ്തമായി, ചിട്ടി ചേരുന്നതിന്‍റെ ആവശ്യകത അന്വേഷിക്കുകയോ തിരിച്ചടവിനെ സംബന്ധിച്ച കർക്കശമായ പരിശോധനയോ ചിട്ടിയുടെ കാര്യത്തിൽ ഇല്ല. ചിട്ടി തുക ഏതാനും ലക്ഷങ്ങളോ, വിരളമായ കേസിൽ മാത്രം കോടികളോ ആയതിനാൽ ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗര പ്രദേശങ്ങളിലും സൂക്ഷ്മ സാന്പത്തിക പദ്ധതി എന്ന നിലയിൽ ചിട്ടി വലിയൊരു സ്രോതസ്സാണ്.

മൂന്നാമത്തെ പ്രത്യേകത, സ്രോതസ്സിൽ നിന്നു തന്നെ പിരിക്കുന്ന നികുതിയിൽ നിന്ന് (tax deduction at source) ചിട്ടി വിമുക്തമാണ്. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും സ്ഥിരവരുമാന സെക്യൂരിറ്റികളിൽ / നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് പ്രവചിത സ്വഭാവമാണുള്ളതെങ്കിൽ ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് കുറേക്കൂടി യഥാർത്ഥ സ്വഭാവമാണുള്ളത്.


ഒരു ചിട്ടിയുടെ കാലയളവിൽ നടക്കുന്ന നിരവധി ലേലങ്ങളിൽ നിന്നും ലഭിക്കുന്ന ലേലക്കിഴിവുകളെ ആശ്രയിച്ചിരിക്കും ചിട്ടിയിൽ നിന്ന് തിരികെ കിട്ടുന്ന പണത്തിന്‍റെ അളവ്. ഇതുകൊണ്ടുതന്നെ ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനം ചിട്ടി തീർന്നതിന് ശേഷം മാത്രമേ കണക്കാക്കാൻ പറ്റൂ.

നാലാമതായി ചിട്ടിയിൽ നിന്നും ലഭിക്കുന്ന പണം തൊഴിൽപരമായ ആവശ്യത്തിനോ വ്യക്തിഗത ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ്. ബാങ്കിൽ നിന്നും വ്യത്യസ്തമായി ചിട്ടി പണത്തിന്‍റെ ആത്യന്തിക ഉപയോഗം അന്വേക്ഷിക്കേണ്ടതില്ലാത്തതുകൊണ്ട്, ചിട്ടി എന്നത് കൂടുതൽ വഴക്കമുള്ള ഒരു പദ്ധതിയാണ്.

അവസാനമായി ചിട്ടി എന്ന പ്രക്രിയയിൽ പലിശ കടന്നു വരുന്നില്ല. അതിനാൽ ശരി-അത്ത് അടിസ്ഥാനത്തിലുള്ള ഒരു സാന്പത്തിക പദ്ധതിയായി ചിട്ടിയെ വേണമെങ്കിൽ കണക്കാക്കാം. ശരി-അത്ത് അടിസ്ഥാനത്തിലുള്ള നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് അതുകൊണ്ടു തന്നെ മുൻഗണനാപൂർവം തെരെഞ്ഞടുക്കാവുന്ന ഒന്നാണ് ചിട്ടി. കാരണം, ചിട്ടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചുവടെ പ്രകാരം ഏതാണ്ട് ഇരട്ടിയാണ്.

നേരത്തെ പറഞ്ഞ പോലെ ചിട്ടിയിൽ നിന്നുള്ള വരുമാനം മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. എങ്കിലും ചിട്ടിയിലെ ഏറ്റവും നല്ല അവസ്ഥയുടേയും ഏറ്റവും മോശം അവസ്ഥയുടേയും ഒരു അപഗ്രഥനം സാധ്യമായതുകൊണ്ട് അതിനിടയിലെ ഒരവസ്ഥയെ ശരാശരി വരുമാനമായി കണക്കാക്കാം.

ചിട്ടി ഒരു സംയുക്ത സാന്പത്തിക ഉല്പന്നമായതു കൊണ്ട് അതിനെ ബാങ്ക് നിക്ഷേപവുമായോ ബാങ്ക് വായ്പയുമായോ താരതമ്യപ്പെടുത്തേണ്ടത് ആവശ്യമാണ് . ഒരു നിക്ഷേപകൻ എന്ന നിലയിലാണെങ്കിൽ, ചിട്ടി വരിക്കാരൻ ചിട്ടി വിളിച്ചെടുക്കാൻ മെനക്കെടാറില്ല. ചിട്ടി തീരുംവരെ കാത്തിരിക്കുകയാണ് ചെയ്യുക.

ചിട്ടിയുടെ കാലാവധി കുറയ്ക്കുകയാണെങ്കിൽ വരുമാനത്തിൽ വരുന്ന കുറവ് കണക്കിലെടു ക്കാനാവാത്ത വിധം ചെറുതാണ്. അതുപോലെ തന്നെ കാലാവധി കൂടുകയാണെങ്കിലും വരുമാനത്തിലുണ്ടാകുന്ന വ്യത്യാസം ചെറുതായിരിക്കും.

നിക്ഷേപം എന്ന നിലയിലും (ശരാശരി വാർഷിക പലിശ ഏതാണ്ട് 10%) വായ്പ എന്ന നിലയിലും (ശരാശരി പലിശ ഏതാണ്ട് 5%).

ഇങ്ങനെയെല്ലാമുണ്ടെങ്കിലും ചില നിക്ഷേപർ ഇപ്പോഴും ചിട്ടിയെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത് . അതിന്‍റെ കാരണം, ചിട്ടിയുടെ പേരിൽ നിരവധിതട്ടിപ്പുകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നു എന്നതുകൊണ്ടാണ്. ശക്തമായ ഒരു നിയന്ത്രണ സംവിധാനം ചിട്ടിയുടെ മേൽ ഇല്ലാത്തതാണ് ഇതിന്‍റെ പ്രധാനകാരണം. ആർബിഐയ്ക്കോ സെബിക്കോ ചിട്ടി കന്പനികൾക്കു മേൽ യാതൊരു നിയന്ത്രണവും ഇല്ല. അങ്ങനെ ഒരു ശക്തമായ ഒരു നിയന്ത്രണ സംവിധാനം ഏർപ്പെടുത്തും വരെ തെരെഞ്ഞടുക്കാൻ ഗവൺമെന്‍റ് ചിട്ടിക്കന്പനികളെ ആശ്രയിക്കുകയാണ് നിക്ഷേപർക്ക് കരണീയമായിട്ടുള്ളത്. അത്തരത്തിൽ ഗവണ്മെന്‍റ് സുരക്ഷിതത്വം ഉൾച്ചേർന്നിട്ടുള്ള ഒരു കന്പനിയാണ് കെഎസ്എഫ്ഇ.

എല്ലാ കണക്കുകൂട്ടലിലും പണത്തിന്‍റെ സമയ മൂല്യം പ്രത്യേകം കണക്കാക്കിയിട്ടില്ല. തിരിച്ചടയ്ക്കേണ്ട തുകയുടെ കാലദൈർഘ്യവും, വീതപ്പലിശയുടെ പ്രവചനാതീത സ്വഭാവവും കാരണമാണത് .
(എല്ലാ അഭിപ്രായങ്ങളും വ്യക്തിപരം)