സ്വര്‍ണ താഴ്‌വരയിലെ ജൈവമുന്തിരി
സ്വര്‍ണ താഴ്‌വരയിലെ ജൈവമുന്തിരി
Saturday, June 16, 2018 4:47 PM IST
തമിഴ്‌നാട് തെങ്കാശിക്കടുത്തുള്ള ചൊക്കംപെട്ടി മലയടിവാരം ജൈവമുന്തിരി വിളയുന്ന തോട്ടമാണ്. തിരുവനന്തപുരം പട്ടത്തെ ഷാജി സി വര്‍ക്കി യും ഭാര്യ ദീപയുമാണ് ഇതിന്റെ ശില്‍പികള്‍. ജൈവ രീതിയില്‍ വിളയുന്ന വിഷരഹിത മുന്തിരി 'ഗോള്‍ഡന്‍ വാലി' എന്ന ബ്രാന്‍ ഡില്‍ തിരുവനന്തപുരത്തെത്തിക്കുന്നു. കിലോയ്ക്ക് 150 രൂപ വിലയുള്ള ഈ മുന്തിരി വിഷഭയമില്ലാതെ കഴിക്കാമെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.
തന്റെ പഠനകാലം മുതല്‍ കൃഷിയില്‍ തത്പരനാണ് ഷാജി. ഗള്‍ഫിലെ ജോലിക്കുശേഷം കൃഷിയില്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. കേരളത്തില്‍ കൃഷിസ്ഥലത്തിനു വിലയേറിയതിനാലാണ് തമിഴ്‌നാട്ടിലെത്തിയത്.

പ്രതിസന്ധികള്‍ പലതു തരണം ചെയ്താണ് കുറ്റാലം ചൊക്കംപെട്ടി മലയടിവാരത്തെ 35 ഏക്കര്‍ തരിശുഭൂമി 1997 ല്‍ വാങ്ങിയത്. പത്തുമുപ്പതു തെങ്ങും കുറച്ചു പനകളും മാത്രമായിരുന്നു ഇവിടത്തെ കൃഷി. മുള്‍പ്പടര്‍പ്പു നിറഞ്ഞ പ്രദേശത്തിന് 'ഗോള്‍ഡന്‍ വാലി ഫാം' എന്നു പേരു നല്‍കി. അടുത്തുള്ള കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നും അല്‍ഫോണ്‍സാ മാവിന്റെ ഗ്രാഫ്റ്റുതൈകള്‍ വാങ്ങി നട്ടു. അടുത്ത അഞ്ചുവര്‍ഷം ചില പ്രതിസന്ധികള്‍ കാരണം കൃഷി ചെയ്യാനായില്ല. എന്നാ ല്‍ മാവില്‍ നി ന്നും ലഭിച്ച മാ മ്പഴമാണ് വീണ്ടും കൃ ഷിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

തുടര്‍ന്നു സര്‍ക്കാര്‍ സ ഹായത്തോടെ മഴവെള്ള സംഭരണത്തിനായി തടയണകള്‍ കെട്ടി. പരമാവധി മഴവെള്ളം ഭൂമിയിലിറക്കി. കശുമാവ്, തെങ്ങ്, മാവ്, നെല്ലി, സപ്പോട്ട, ചെറുനാരകം, മുന്തിരി തുടങ്ങിയ കൃഷികളാണ് ഇവിടെ ഷാജി വിജയകരമായി ചെയ്തിരിക്കുന്നത്. 35 ഏക്കറുള്ള തോട്ടത്തില്‍ ആറേക്കറിലാണ് മുന്തിരികൃഷി. ഒമ്പത് ഏക്കറില്‍ തെങ്ങ്, അഞ്ചേ ക്കറില്‍ സങ്കരയിനം മാവ്, മൂന്നേക്കറില്‍ കശുമാവ്, മൂന്നേക്കറില്‍ ചെറുനാരകം എന്നിവ കൃഷി ചെയ്തിരിക്കുന്നു. ഇടവിളയായി 900 നെല്ലി മര ങ്ങളും ഇവിടെയുണ്ട്. ഇദ്ദേഹം വളര്‍ത്തുന്ന 45 പശുക്കള്‍ ജൈവവളത്തിന്റെ ശ്രോതസാണ.് ഫാമില്‍ 15 തൊഴിലാളികളുണ്ട്.


നീര്‍വാര്‍ച്ചയുള്ള ആറേക്കര്‍ തെരഞ്ഞെടുത്താ യിരുന്നു മുന്തിരി കൃഷിയുടെ തുടക്കം. ഈസ്ഥലം ഉഴുതു നിരപ്പാക്കി. 50 സെന്റീമീറ്റര്‍ നീളത്തലും 50 സെന്റീമീറ്റര്‍ വീതിയിലും 60 സെന്റീമീറ്റര്‍ ആഴ ത്തിലും കുഴികളെടുത്തു. തമിഴ്‌നാട്ടില്‍ കാണുന്ന കറ്റാളം മുറിച്ച് കുഴിയില്‍ നിറച്ചു. കുളത്തിലെ ചെളി യും മണ്ണും മേല്‍മണ്ണുമിട്ട് കുഴി മൂടി. ഫാമിലെ സ്‌ളറിയും കുഴിയിലേക്കു പമ്പുചെയ്തു. 90 ദിവസം കൊണ്ട് കറ്റാളം ജൈവകമ്പോസ്റ്റായി മാറി. ഇതോടെ മേല്‍മണ്ണു നിരത്തി ചാലുകളുണ്ടാക്കി. ജലസേചനത്തിനു ഡ്രിപ്പ് സൗകര്യമൊരുക്കി.

അയല്‍ തോട്ടങ്ങളില്‍ നിന്നു ശേഖരിച്ച 'പനീര്‍ ഗുലാബി' എന്ന നാടന്‍ മുന്തിരിയിനമായിരുന്നു നടീല്‍ വസ്തു. നല്ല വണ്ണമുള്ള മുന്തിരി കമ്പുകളാണ് നടാനായി ഉപയോഗിച്ചത്. രണ്ടു കമ്പുകള്‍ തമ്മില്‍ മൂന്നടി അകലം നല്‍കി. ആവശ്യത്തിനു മാത്രം ജലസേചനം. രണ്ടാഴ്ച കഴിഞ്ഞതോടെ തണ്ടുകള്‍ കിളിര്‍ക്കാന്‍ തുടങ്ങി.

120 ദിവസം കൊണ്ട് മുന്തിരിങ്ങ പാകമാവും. വര്‍ഷത്തില്‍ 3-4 തവണ വിളവെടുക്കാം. ഏക്കറില്‍ 1500 കിലോ മുന്തിരിങ്ങ കിട്ടും. 12 വര്‍ഷം ഇത്തരത്തില്‍ വിളവെടുക്കാം. പ്രകൃതിയെ മലിനമാക്കാതെ വിഷമില്ലാത്ത മുന്തിരി ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷാജി പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി സി വര്‍ക്കി : 9895648484

സ്റ്റാഫ് പ്രതിനിധി