യാത്രകളിൽ രാപ്പാർക്കാൻ ടെന്‍റുകൾ
യാത്രകളിൽ  രാപ്പാർക്കാൻ ടെന്‍റുകൾ
Thursday, June 14, 2018 3:31 PM IST
ഒരു യാത്ര പോയാലോ എന്നു ചോദിച്ചു തീരുന്പോഴേക്കും യാത്രക്കായി തയ്യാറാകുന്നവരുണ്ട്. യാത്രകളോടുള്ള ഇഷ്ടം പലർക്കും അത്രയധികമാണ്. വളരെ പ്ലാൻ ചെയ്തു യാത്ര ചെയ്യുന്നവരുണ്ട്. ഒരു പ്ലാനുമില്ലാതെ പെട്ടന്നങ്ങ് യാത്ര ചെയ്യുന്നവരുമുണ്ട്. ഏതു തരം യാത്രയായാലും ഒപ്പം കൂട്ടാവുന്ന ഒന്നാണ് ക്യാന്പർ. https://www.campper.com/ എന്ന ഈ വെബ്സൈറ്റ് യാത്രയ്ക്കൊപ്പം ക്യാന്പ് ചെയ്യാൻ പ്രകൃതിയോടിണങ്ങിയ ഇടങ്ങൾ നൽകും.

വീടൊരുക്കി ഇവർ

കൂട്ടുകാരോടൊപ്പമുള്ള യാത്രികർ മാത്രമല്ല ഇന്നുള്ളത്. കുടുംബവുമായി യാത്ര ചെയ്യുന്നവരുടെയെണ്ണവും വളരെയധികം കൂടികൊണ്ടിരിക്കുകയാണ്. വീടു പൂട്ടി യാത്ര പോകുന്പോൾ താമസിക്കാൻ ഒരിടം. സാധാരണ റിസോർട്ടിലോ ഹോട്ടലിലോ താമസിക്കുന്നതിനു പകരം ഒരു ടെന്‍റിൽ. യാത്ര ഇതിൽ കൂടുതൽ ഉഷാറാവാൻ എന്തു വേണമെന്നല്ലെ!

പന്ത്രണ്ടു വർഷം ഐടി മേഖലയിൽ ജോലി ചെയ്ത ശേഷമാണ് എറണാകുളം മരട് സ്വദേശി എം.ജെ പ്രബിലും പതിനാറു വർഷത്തിലധികം ബാങ്കിംഗ് മേഖലയിലെ പ്രവർത്തനപരിചയവുമായാണ് കണ്ണൂർ സ്വദേശി സൂരജ് രാജനും സംരംഭമേഖലയിലേക്ക് എത്തിച്ചേരുന്നത്. പ്രബിൽ 2015 ൽ മദ്രാസിലെ ഐടി കന്പനിയിൽ നിന്നും ജോലി രാജിവെച്ച് ഒരു ട്രാവൽ ആപ്പിന് തുടക്കം കുറിച്ചു. പക്ഷേ, അത് അത്ര വിജയമായില്ല. ഇതോടെ 2015 ഡിസംബറിൽ വാഗമണ്ണിൽ ഒരു ചെറിയ ന്യൂ ഇയർ ക്യാന്പ സംഘടിപ്പിച്ചു. അങ്ങനെയാണ് ഇത്തരം ഒരു സംരംഭ മോഡലിനെക്കുറിച്ച് ചിന്തിക്കുന്നത്.

2016 സെപ്റ്റംബറിലാണ് ക്യന്പർ വെബ്സൈറ്റിന് തുടക്കം കുറിക്കുന്നത്. പ്രബിലിന്‍റെയും സൂരജിന്‍റെയും ഒരു സുഹൃത്ത് ഇരുവരെയും പരിചയപ്പെടുത്തി. സൂരജ് സിംഗപ്പൂരിലെ ജോലി രാജിവെച്ച് കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു. സൂരജും പ്രബിലിനൊപ്പം ചേർന്നു.
അങ്ങനെയാണ് ക്യാന്പറിന്‍റെ ആരംഭം

ക്യാന്പർ യാത്ര ചെയ്യുന്ന ഇടങ്ങളിൽ ക്യാന്പ് ചെയ്യാനുള്ള സ്ഥലങ്ങൾ കണ്ടെത്താനാണ് സഹായിക്കുന്നത്. ക്യാന്പറിന്‍റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സ്ഥലങ്ങൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാം 1000 രൂപ മുതലാണ് ഒരാൾക്ക് വരുന്ന നിരക്ക്. നിലവിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി 100 ലധികം ക്യാന്പ് സൈറ്റുകളുണ്ട് ക്യാന്പറിൽ. ഓരോ മാസവും 200 മുതൽ 250 പേരോളം ക്യാന്പർ സൈറ്റ് വഴി ക്യന്പ് ചെയ്യാൻ വരുന്നുമുണ്ട്.’’ഇരുവരും പറയുന്നു.

സ്ഥലമുണ്ടോ ക്യന്പ് സൈറ്റ് ഒരുക്കാം

ഇവർ ഓരോ ക്യാന്പ് സൈറ്റും ഒരുക്കിയിരിക്കുന്നത് സ്വകാര്യ വ്യക്തികളുടെ ഭൂമികളിലാണ്. സ്വാകര്യ ഭൂമികളിൽ ടെന്‍റ് സ്റ്റേ ഒരുക്കി നൽകുകയാണ് ചെയ്യുന്നത്. അപ്പോ സുരക്ഷിതത്വത്തെക്കുറിച്ചായിരിക്കും പലർക്കും ടെൻഷൻ. പിന്നെ ഭക്ഷണത്തെക്കുറിച്ചും. അതിനെക്കുറിച്ചൊന്നും ടെൻഷനടിക്കേണ്ടതേയില്ലെന്നാണ് ഇവർ പറയുന്നത്. കാരണം ഇരുവരും ക്യന്പ് സൈറ്റുകൾ സന്ദർശിച്ച് സ്ഥലം കണ്ട് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ തെരഞ്ഞെടുക്കു. പിന്നെ നല്ല ഹോംലി ഫുഡാണ് ഡിന്നറിനും ബ്രേക്ക് ഫാസ്റ്റിനും ലഭിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടാകും. വാഷ്റൂമൊക്കെ നിശ്ചിത സ്റ്റാൻഡാർഡിൽ നിർമ്മിച്ചതായിരിക്കും. ഓരോ ക്യാന്പ്് സൈറ്റിലും ആതിഥേയനായും കെയർടേക്കറായും ഒരാളുണ്ടാകും. ക്യാന്പ് സൈറ്റുകൾക്കാവശ്യമായ കണ്‍സൾട്ടൻസി സേവനങ്ങൾ ക്യാന്പർ നൽകും. ക്യാന്പ്സൈറ്റുകളുടെ എക്സ്ക്ലൂസീവ് മാർക്കറ്റ് പാർട്ണറായിട്ടാണ് ക്യാന്പർ പ്രവർത്തിക്കുന്നത്. വരുമാനം പങ്കിട്ടെടുക്കുകായണ് ഇവർ ചെയ്യുന്നത്.


പുതിയ പുതിയ ക്യാന്പ് സൈറ്റുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഇരുവരും. എല്ലാ സ്ഥലത്തും റിസോർട്ടുകൾ പണിയാൻ സാധിച്ചെന്നുവരില്ല. എന്നാൽ പരിസ്ഥിതി സൗഹൃദമാണ് ഇത്തരം ടെന്‍റുകൾ. ഒരു ഏക്കർ ഭൂമിയെയുള്ളുവെങ്കിലും അനുയോജ്യമായ സ്ഥലമാണെങ്കിൽ അവിടെ ടെന്‍റ് സ്റ്റേകൾ ആരംഭിക്കാം. മൂന്നാർ വയനാട്, വാഗമണ്‍, കുട്ടിക്കാനം, നെടുങ്കണ്ടം എന്നിവിടങ്ങളിലെല്ലാം ക്യാന്പ് സൈറ്റുകളുണ്ട്. കേരളത്തിനു പുറത്ത് നിലവിലുള്ള ക്യാന്പ് സൈറ്റുകളെ ക്യാന്പർ മാർക്കറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. കേരളത്തിനാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.’’ സൂരജും പ്രബിലും പറഞ്ഞു.

പ്രകൃതിയെ അറിയാം

ഇടുക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന എറ്റിസിഒഎസുമായി(അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) ക്യാന്പർ ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഫാം ഹൗസുകളിലും ക്യാന്പ് സൈറ്റുകൾ തയ്യാറാക്കി നൽകാറുണ്ട്. നിലിവൽ ഇടുക്കിയിൽ ഫാം ടൂറിസവും ചെയ്യുന്നുണ്ട്. എക്സ്പീരിയൻസ് നേച്ചർ എക്സ്പീരിയൻസ് ഫാമിംഗ്’ എന്ന ആശയമാണ് ഇവർ നടപ്പിലാക്കുന്നത്.

ക്യാന്പ് സൈറ്റിൽ എത്തുന്നവരിൽ 40 ശതമാനത്തോളം പേരും കുടുംബങ്ങളാണ്. പ്രത്യേകിച്ച് ഐടി പ്രഫഷണലുകൾ. പെണ്‍കുട്ടികൾക്കുമാത്രമായി ക്യാന്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒന്നര വയസുള്ള കുട്ടി മുതൽ 74 വയസുവരെയുള്ളവർ തങ്ങളുടെ സൈറ്റുകളിലെത്തുന്നു. ’ഇവർ പറയുന്നു.

സ്കൗട്സ് എന്ന പേരിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളുണ്ട്. അവരിൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്നവരുണ്ട്, ഫോട്ടോഗ്രാഫർമാരുണ്ട്, ബ്ലോഗർമാരുണ്ട്. പുതിയ ക്യാന്പ് സൈറ്റുകൾ കണ്ടെത്തിക്കഴിയുന്പോൾ സ്കൗട്സിന് അവിടെ താമസിക്കാൻ അവസരമൊരുക്കാറുണ്ട്. അങ്ങനെ അവരിൽ നിന്നും പുതിയ സ്ഥലത്തെക്കുറിച്ചുള്ള ഫീഡ് ബാക്ക് വാങ്ങിക്കും. ആറുമാസം കൂടുന്പോൾ നിലവിലുള്ള ക്യാന്പ് സൈറ്റുകളിലും ഇത്തരത്തിൽ സകൗട്സിനെ അയയ്ക്കും. അവരിൽ നിന്നും പ്രതികരണം വാങ്ങും. എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കും.

മണ്‍സൂണ്‍ ടൂറിസത്തെ പ്രമോട്ട് ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്നും സൂരജും പ്രബിലും പറഞ്ഞു.
മൊബൈൽ ഫ്രണ്ട് ലി വെബ്സൈറ്റാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. ജിയോ ഇൻഫോ പാർക്കിലെ ഇൻകുബേഷൻ സെന്‍ററിലാണ് കന്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ടീമിൽ അഞ്ചു പേരുണ്ട്. സ്റ്റാർട്ടപ്പായി ആരംഭിച്ച സംരംഭത്തിന് ആറുലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗ് ലഭിച്ചിരുന്നു. മൊത്തം നിക്ഷപമായി 10-12 ലക്ഷം രൂപ വേണ്ടി വന്നിട്ടുണ്ട്. മാസം മൂന്നു മുതൽ നാല് ലക്ഷം രൂപവരെ വരുമാനം ലഭിക്കാറുണ്ട്: പ്രബിലും സൂരജും പറഞ്ഞു.
SSS