ഭക്ഷണവും സർവീസും എങ്ങനെയുണ്ടായിരുന്നു? റസ്റ്ററന്റിൽനിന്ന് പുറത്തിറങ്ങിയ ഉടനെ മൊബൈലിലേക്ക് വന്ന എസ്എംഎസ് കണ്ട് ഇനി അത്ഭുതപ്പെടേണ്ട, ഗൂഗിൾ നിങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണിത്. നല്ല റസ്റ്ററന്റ് ഏതാണ്, ഗൂഗിൾ മാപ്പിലെ വഴിവക്കത്തുള്ള കെട്ടിടം ഏതാണ്, വിനോദയാത്രയ്ക്കു പോകാൻ പറ്റിയ സ്ഥലമേതാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നത് ഇങ്ങനെ ആളുകൾ നൽകുന്നതും ആളുകൾ അറിയാതെ ഗൂഗിൾ ചോർത്തുന്നതുമായ വിവരങ്ങളിലൂടെയാണ്. ഗൂഗിൾ ചോർത്തുന്നുണ്ടോ എന്ന് ഉറപ്പിച്ചുചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഗൂഗിളിന്റെ പ്രൈവസി പോളിസി ആൻഡ് പ്രൈവസി കൺട്രോളിലുള്ള നിർദേശങ്ങൾ ശരിക്കും വായിച്ചു മനസിലാക്കിയാൽ നമ്മൾ അനുവദിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ഗൂഗിൾ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം. ഇതിൽ നമ്മുടെ വ്യക്തിവിവരങ്ങളടക്കം നാം അറിഞ്ഞോ അറിയാതെയോ ഗൂഗിളിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നുള്ളതാണ് വസ്തുത. ഈ വിവരങ്ങൾ ഒരിക്കലും വിൽക്കില്ലെന്നാണ് ഗൂഗിൾ നൽകുന്ന ഉറപ്പ്.
വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെ?
ഗൂഗിൾ വിവരം ശേഖരിക്കുന്നത് പല മാർഗങ്ങിലൂടെയാണ്.
ഗൂഗിൾ നൽകുന്ന സേവനങ്ങളായ ജി-മെയിൽ, ആൻഡ്രോയ്ഡ് ഒാപ്പറേറ്റിംഗ് സിസ്റ്റം, ഗൂഗിൾ സെർച്ച് , യുട്യൂബ് വീഡിയോ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്പ്, ഗൂഗിൾ ക്രോം എന്നിവയിൽ വരുന്നതും കാണുന്നതും തെരയുന്നതുമായ വിവരങ്ങൾ ഗൂഗിൾ ഉപയോഗിക്കുന്നുണ്ട്.
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരാൾ ഗൂഗിളിന്റെ സേവനം ഉപയോഗിക്കാൻ തുടങ്ങുന്പോൾ മുതൽ അയാളെ ഗൂഗിളും ഉപയോഗിക്കാൻ തുടങ്ങും.
അയച്ചതും സ്വീകരിച്ചതുമായ മെയിലുകൾ, ഗൂഗിൾ ഡ്രൈവിലുള്ള വീഡിയോകളും ഫോട്ടോകളും ഫയലുകളും, യൂട്യൂബ് വീഡിയോകൾക്ക് നൽകുന്ന കമന്റുകൾ, ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന ഫോണിലെ വിവരങ്ങൾ, ആപ്പുകളുടെ വിവരങ്ങൾ, ലോക്കേഷൻ, ഗൂഗിളിന്റെ സേവനങ്ങളുപയോഗിക്കുന്ന ബ്രൗസറുകൾ - ഡിവൈസുകൾ, ആ ഡിവൈസുകളുമായി കണക്ട് ചെയ്തിട്ടുള്ള മറ്റ് ഉപകരണങ്ങൾ ( ഉദാഹരണത്തിന് ബ്ലൂടൂത്ത്, വൈ-ഫൈ...) തുടങ്ങിയവയിലൂടെയാണ് ഗൂഗിൾ വിവരങ്ങൾ ശേഖരിക്കുന്നത്.
വിവരങ്ങളെന്തിന്?
മെയിലുകളും വ്യക്തി വിവരങ്ങളുമെല്ലാം ഉപയോഗിക്കുന്നത് പ്രധാനമായും മൂന്നു കാര്യത്തിനാണെന്നാണ് ഗൂഗിൾ പറയുന്നത്. സ്പാം - മാൽവെയർ (വൈറസ് അടങ്ങിയ) മെയിലുകൾ കണ്ടെത്താനും സെർച്ച് റിസൾറ്റുകളിൽ കൂടുതൽ കൃത്യത വരുത്താനുമാണ് മെയിലുകൾ നിരീക്ഷിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം.
ഗൂഗിളിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും നിലവിലുള്ളത് കൂടുതൽ മികവുറ്റതാക്കുവാനും ഗൂഗിൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. പരസ്യങ്ങളിൽനിന്നാണ് ഏതൊരു സ്ഥാപനത്തിന്റെയും വരുമാനം. ഗൂഗിളിന്റെ കാര്യവും വ്യത്യസ്തമല്ല. പരസ്യദാതാക്കൾക്ക് അവരുടെ ഉപയോക്താക്കളെ കൃത്യമായി കണ്ടെത്താനും ഗൂഗിൾ വിവരങ്ങൾ നൽകുന്നുണ്ട്.
സംസാരിക്കുന്ന ഭാഷ, താമസിക്കുന്ന സ്ഥലം, ഗൂഗിളിന്റെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നൽകിയിരിക്കുന്ന താത്പര്യങ്ങൾ (ഉദാഹരണത്തിന് സിനിമ, വാർത്ത, ഒാട്ടോമൊബൈൽ...) തുടങ്ങിയവ വിശകലനം ചെയ്താണ് ഏതുതരം പരസ്യമാണ് നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റിൽ കാണിക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.
ഗൂഗിളിന്റെ ഉറപ്പ്
വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് ഗൂഗിൾ ഉറപ്പ് നൽകുന്നു. വിവരങ്ങൾ സംരക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും പ്രൈവസി പോളിസിയിൽ ഗൂഗിൾ അവകാശപ്പെടുന്നു.
എന്നാൽ ഗൂഗിളിന്റെ കസ്റ്റമർ സപ്പോർട്ട്, മറ്റ് സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പ്രൈവസി പോളിസി അംഗീകരിക്കുന്ന കന്പനികൾക്ക് വിവരം കൈമാറുമെന്നും ഗൂഗിൾ പറയുന്നു. രാജ്യ സുരക്ഷ, ഗൂഗിളിന്റെ സുരക്ഷ, ഗൂഗിൾ ഉപയോക്താക്കളുടെ സുരക്ഷ എന്നീ സന്ദർഭങ്ങളിൽ ഉപയോക്താവിന്റെ വിവരങ്ങൾ നിലവിലുള്ള നിയമമനുസരിച്ച് മറ്റൊരാൾക്ക് കൈമാറും.
പതിമൂന്നു കോടിയിലധികം സൈറ്റുകളും ആപ്പുകളും ഗൂഗിളുമായി പരസ്യകരാറുണ്ട്. ഇവരുമായി ഉപയോക്താക്കളുടെ വിവരങ്ങൾ ഗൂഗിൾ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ അവയുടെ ആഴവും വ്യാപ്തിയും ഇനിയും കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. വിവരങ്ങൾ ഷെയർ ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കുന്ന ഗൂഗിൾ, തങ്ങളുമായി ഷെയർ ചെയ്യുന്ന വിവരങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് പുതിയ അറിയിപ്പിൽ ഒാർമിപ്പിക്കുന്നു. അതിനായി സെറ്റിംഗ്സിൽനിന്ന് മൈ അക്കൗണ്ട് എന്ന ഒാപ്ഷൻ സെലക്ട് ചെയ്താൽ മതി.
പരസ്യദാതാക്കൾക്ക് ഷെയർ ചെയ്ത വിവരം, ഉപയോഗിക്കുന്ന ഡിവൈസുകൾ, ഗൂഗിൾ പ്ലസിൽ ഷെയർ ചെയ്തിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവ കാണാനും എഡിറ്റ് ചെയ്യാനും സാധിക്കും.
ഇനി ഇതെല്ലാം സഹിച്ച് മുന്നോട്ട് പോകാൻ തയ്യാറല്ലെങ്കിൽ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാമെന്നും പുതിയ പ്രൈവസി നോട്ടിഫിക്കേഷനിൽ ഗൂഗിൾ വിവരിക്കുന്നുണ്ട്.
https://policies.google.com/privacy/update എന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത പ്രൈവസി പോളിസി ഈ മാസം 25 മുതൽ പ്രാബല്യത്തിലാകും.
സോനു തോമസ്