ആര്‍ത്തവവിരാമം ആയുര്‍വേദത്തില്‍
ആര്‍ത്തവവിരാമം ആയുര്‍വേദത്തില്‍
Friday, May 18, 2018 3:17 PM IST
സ്ത്രീകളുടെ ജീവിതത്തിലെ ഓരോ ഘട്ടവും മനോഹരവും വൈവിധ്യം നിറഞ്ഞതുമാണ്. അവള്‍ ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന നിമിഷം മുതല്‍ ഋതുമതിയാകുന്നകാലം, അമ്മയാകുന്നത്, ആര്‍ത്തവവിരാമം എന്ന അവസ്ഥവരെ. സ്ത്രീകളിലെ പ്രകൃത്യാ ഉള്ള ഗര്‍ഭധാരണശേഷിക്ക് വിരാമമിടുന്ന ഈ കാലം ഒരിക്കലും ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍, ആര്‍ത്തവവിരാമം എന്ന ഈ പരിവര്‍ത്തനം തികച്ചും ഭദ്രവും സുഖപൂര്‍ണവും ആയാസരഹിതവുമായ ദിനങ്ങളായി മാറ്റാന്‍ ആയുര്‍വേദത്തില്‍ പ്രത്യേക ചികിത്സാവിധി തന്നെയുണ്ട്.

ആര്‍ത്തവചക്രം തുടങ്ങുന്ന സമയത്തിനും (രജോദര്‍ശനം) ആര്‍ത്തവവിരാമത്തിനും (രജോനിവൃത്തി) ഇടയിലുള്ള കാലഘട്ടത്തിന് സ്ത്രീയുടെ മാനസികവും ശാരീരികവും സാമൂഹ്യപരവുമായ കാര്യങ്ങളില്‍ പ്രബലമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ടുഘട്ടങ്ങളും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്നത്തെ ജീവിതശൈലിക്കൊപ്പം ഏറിവരുന്ന പ്രായവും, ആര്‍ത്തവവിരാമത്തെക്കുറിച്ചുള്ള ധാരണക്കുറവും വൈദ്യശാസ്ത്രത്തിന്റെ സമഗ്രമായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുക, സമൂഹത്തിന്റെ പിന്തുണയില്ലായ്മ ഇവയെല്ലാം രജോനിവൃത്തിയുടെ കാലഘട്ടത്തെ വിഷമമേറിയതാക്കുന്നു.

ആര്‍ത്തവവിരാമം

45 വയസിനും 60 വയസിനുമിടയ്ക്ക് സംഭവിക്കുന്ന സ്വാഭാവികമായ ഒരു പ്രതിഭാസമാണ് ആര്‍ത്തവവിരാമം.
ആയുര്‍വേദത്തില്‍ ആര്‍ത്തവവിരാമാവസ്ഥയെ രജോനിവൃത്തി എന്നു പറയുന്നു. വാത, പിത്ത, കഫ ദോഷങ്ങളുടെ അസന്തുലിതാവസ്ഥയുടെ കൂടെ പ്രായമേറിവരുന്നതുമൂലം ശരീരത്തിലെ ധാതുക്കള്‍, ജലം, അഗ്നി എന്നിവയുടെയും ശരീരകോശങ്ങളുടെ ക്ഷയം എന്നിവയാണ് ആര്‍ത്തവവിരാമ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്.

ലക്ഷണങ്ങള്‍

1. വാതദോഷം അധികമായി കാണുന്ന വാതപ്രകൃതിയായ സ്ത്രീകളില്‍ ഉത്കണ്ഠ, അസഹിഷ്ണുത, നിരാശ, അസ്ഥിരമായ മനോനില, സങ്കോചം, വരണ്ട ചര്‍മം, ഇന്ദ്രിയങ്ങള്‍ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, സന്ധിവേദന എന്നിവ അധികമായി കാണുന്നു.

2. പിത്തദോഷം അധികമുള്ള പിത്തപ്രകൃതിയുള്ള സ്ത്രീകളില്‍ ദേഷ്യം, മുന്‍കോപം, അസഹിഷ്ണുത, ശരീരത്തില്‍െപട്ടെന്ന് ചൂട് അനുഭവപ്പെടുക, കൂടുതല്‍ വിയര്‍ക്കുക, ദാഹിക്കുക, മൂത്രത്തില്‍ പഴുപ്പ് എന്നിവ കൂടുതല്‍ കണ്ടുവരുന്നു.

3. കഫദോഷം കൂടുതലായുള്ള കഫജ പ്രകൃതിയുള്ള സ്ത്രീകള്‍ക്ക് നിരാശ, അലസത, ക്ഷീണം, ഭാരക്കൂടുതല്‍, ദഹനക്കുറവ്, ശരീരദ്രവങ്ങളുടെ അമിതമായ ഉത്പാദനം എന്നിവ കണ്ടുവരാറുണ്ട്.

പൊതുവേയുള്ള ലക്ഷണങ്ങള്‍

* യോനീരൂക്ഷത
* ഉറക്കമില്ലായ്മ
* ശരീരത്തില്‍ പെട്ടെന്ന്‌ ചൂട് അനുഭവപ്പെടല്‍
* ഗ്രന്ഥി
* ചര്‍മ്മം വരണ്ട് നേര്‍ത്ത് വരിക
* ഉത്കണ്ഠ
* വിഷാദം
* രോമം നേര്‍ത്ത് വരിക
* മനസ് മൂടിക്കെട്ടിയ അവസ്ഥ
* ശക്തിയായ ഹൃദയമിടിപ്പ്
* അസ്ഥിക്ഷയം
* അര്‍ദ്ധാവഭേദകം/ ചെന്നിക്കുത്ത്
* അണ്‌ഡോത്പാദനം നിലയ്ക്കല്‍
* അന്തസ്രാവഗ്രന്ഥികളുടെ അസന്തുലിതാവസ്ഥ

ഇതു ശ്രദ്ധിക്കാം

സ്ത്രീകള്‍ പൊതുവേ അവരുടെ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ സ്വയം ശ്രദ്ധിക്കാനുള്ള സമയം കണ്ടെത്താന്‍ മറന്നുപോകുന്നു. പിന്നീട് രജോനിവൃത്തിയുടെ കാലമാകുമ്പോഴേക്കും ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഹോര്‍മോണ്‍ ചികിത്സ, പിന്നെ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇതെല്ലാമായി ഈ കാലത്തെ വലിയ ഒരു പ്രതിസന്ധിഘട്ടമായി കാണുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള യോഗ, പ്രാണായാമം, ധ്യാനം, ഔഷധസസ്യങ്ങളുടെ ഉപയോഗം തുടങ്ങിയവയെല്ലാം തന്റെ ജീവിതത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ ദശകളില്‍ (ഇരുപതുകളിലോ, മുപ്പതുകളിലോ) തുടങ്ങണം എന്ന അവബോധം സ്ത്രീയില്‍ ഉണ്ടാകണം. ഇത് ആര്‍ത്തവവിരാമത്തിലേക്കുള്ള അവളുടെ പരിവര്‍ത്തനത്തെ വിഷമമറ്റതാക്കാന്‍ സഹായിക്കും.

ഗ്രാമങ്ങളിലെ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ കുറഞ്ഞേ കാണാറുള്ളൂ. കാരണം ഗ്രാമീണ സ്ത്രീകള്‍ പൊതുവേ ദേഹാധ്വാനം ചെയ്യുന്നവരും ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ സമ്പുഷ്ടമായ ആഹാരം കഴിക്കുന്നവരുമാണ്. അവരുടെ ശരീരത്തിലെ ഹോര്‍മോണ്‍ നില ക്രമപ്പെടുത്താന്‍ ഇവസഹായിക്കുന്നു.

പരിഹാരം ആയുര്‍വേദത്തിലുണ്ട്

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആര്‍ത്തവവിരാമ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നമ്മുടെ ആചാര്യന്മാര്‍ ഫലപ്രദമായ പല ഔഷധ സസ്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. അവയില്‍ ചിലത്.

ശതാവരി

സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ ഔഷധസസ്യമാണിത്. ശരീരത്തില്‍ പെെട്ടന്ന് അനുഭവപ്പെടുന്ന ചൂടിനെയും മാനസിക പിരിമുറുക്കത്തേയും നിയന്ത്രിച്ച് ഹോര്‍മോണ്‍ നില സന്തുലിതാവസ്ഥയില്‍ എത്തിക്കാന്‍ ശൈത്യസ്വഭാവമുള്ള ഈ ഔഷധം സഹായിക്കുന്നു.


അശോകം

ശോകത്തെ ഇല്ലായ്മ ചെയ്യാനും ആര്‍ത്തവ വിരാമത്തിന് തൊട്ടുമുന്‍പ് ഉണ്ടാകുന്ന അധികമായ രക്തസ്രാവത്തെ നിയന്ത്രിക്കാനും ഈ ഔഷധസസ്യം ഉപകരിക്കുന്നു.

അശ്വഗന്ധ(അമുക്കുരം)

ധാരാളം ഓക്‌സിജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള ഔഷധ സസ്യമാണ് ഇത്. രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നതും ശക്തി വര്‍ധിപ്പിക്കുന്നതും നല്ല ഉറക്കം തരുന്നതും മാനസിക പിരിമുറുക്കത്തെ ശമിപ്പിക്കുന്നതുമാണ്. ആര്‍ത്തവ വിരാമകാലത്തെ വാസോമോട്ടോര്‍ ലക്ഷണങ്ങളായ ശരീരത്തില്‍ പെട്ടെന്നനുഭവപ്പെടുന്ന ചൂട്, രാത്രികാലങ്ങളിലുണ്ടാകുന്ന വിയര്‍പ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവയെ നിയന്ത്രിക്കാനും അശ്വഗന്ധ പര്യാപ്തമാണ്.

ജീരകം

പിത്ത സംബന്ധിയായ ലക്ഷണങ്ങള്‍ക്ക് ശമനം വരുത്താന്‍ ഇത് ഉപകരിക്കുന്നു.

ബല (കുറുന്തോട്ടി)

ഇതു പാല്‍ക്കഷായമായി കഴിക്കുകയാണെങ്കില്‍ ശരീരത്തില്‍ ധാതുക്കളെയും പ്രത്യേകിച്ച് എല്ലുകളെ ബലവത്താക്കാന്‍ ഉത്തമമാണ്.

നെല്ലിക്ക

വയസ്ഥാപനം ചെയ്ത് ചെറുപ്പം കാത്തുസൂക്ഷിച്ച്, നവചൈതന്യം നല്‍കാന്‍ കഴിവുള്ള ഔഷധമാണ് നെല്ലിക്ക.

യഷ്ഠിമധു/ ഇരിമധുരം

ഇതു ശ്രേഷ്ഠമായ ഒരു രസായന ഔഷധമാണ്. ഓക്‌സിജനെ ധാരാളം ആഗിരണം ചെയ്യാന്‍ കഴിവുള്ളതിനാല്‍ ഒരു നല്ല ആന്റീ ഓക്‌സിഡന്റും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഈ ഔഷധം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും വിഷാദരോഗശമനത്തിനും ഉത്തമമാണ്.



സ്തനാര്‍ബുദവും തടയാം

ഫൈറ്റോ ഈസ്ട്രജന്‍ ധാരാളം ഉള്ള ഔഷധസസ്യങ്ങള്‍ ഉണ്ട്. അവ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് ആര്‍ത്തവവിരാമലക്ഷണങ്ങളാല്‍ ഉണ്ടാകുന്ന വൈഷമ്യങ്ങളുടെ കാഠിന്യം കുറച്ച് ജീവിതം സുഗമമാക്കുന്നു. ഈ ഔഷധങ്ങള്‍ വിദഗ്‌ധോപദേശം നേടി വിവേകത്തോടെ ഉപയോഗിച്ചാല്‍ ആര്‍ത്തവവിരാമ സമയത്തുണ്ടാകുന്ന അസ്വസ്ഥതകളുളവാക്കുന്ന ലക്ഷണങ്ങളെ മറികടക്കാം. അതിലുപരി സ്തനാര്‍ബുദം എന്ന അപകടസാധ്യതകൂടി ഒഴിവാക്കാം.

ഇതിനെല്ലാം പുറമെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ ചെറുപ്പം മുതലേ നിലനിര്‍ത്താന്‍ ആയാല്‍ ആര്‍ത്തവവിരാമകാലത്തെ വിഷമമുണ്ടാക്കുന്ന ലക്ഷണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കാം. നിങ്ങളുടെ ശരീര പ്രകൃതിക്കനുസരിച്ചുള്ള സമീകൃതാഹാരം കഴിക്കുക എന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും, പ്രായാധിക്യം കൊണ്ടു വരുന്ന അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും സാധിക്കും.

ഈ സന്ദര്‍ഭത്തില്‍ ആയുര്‍വേദത്തിലെ രസായന ചികിത്സ പുനര്‍യൗവനം നല്‍കുന്നതിന് വളരെ പര്യാപ്തമാണ്. ഈ ചികിത്സ ആയുസിനും ഓര്‍മശക്തി, ബുദ്ധിശക്തി എന്നിവ വര്‍ധിപ്പിക്കാനും ചര്‍മകാന്തിയും നിറവും മെച്ചപ്പെടുത്താനും ശരീരസംപുഷ്ടിക്കും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും നല്ല ധാരണാശക്തി ഉണ്ടാക്കാനും ഏറെ വിശേഷപ്പെട്ടതാണ്.

ആരോഗ്യം എന്നാല്‍ ശരീരത്തിലെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ്. അനുയോജ്യമായ ആഹാരക്രമം, ഔഷധങ്ങള്‍, കൃത്യമായ വ്യായാമം, ലളിതമായ ജീവിതരീതിക്കുതകുന്ന ചെറിയ ചില മാറ്റങ്ങള്‍, കൃത്യമായ ദിനചര്യ, ഋതുചര്യ എന്നിവയും ആര്‍ത്തവ വിരാമകാലത്ത് ഉണ്ടാകുന്ന സന്തോഷകരമല്ലാത്ത പാര്‍ശ്വഫലങ്ങളെ കുറയ്ക്കുന്നു. ഈ അറിവും തയാറെടുപ്പും ഉണ്ടെങ്കില്‍ എല്ലാ വൈഷമ്യങ്ങളേയും തരണം ചെയ്ത് ആയാസരഹിതമായ സന്തോഷത്തോടെ ആ ദിനങ്ങളെ പുല്‍കാം.

ശരീരത്തില്‍ പെെട്ടന്ന് ചൂടനുഭവപ്പെടുന്നതിനുള്ള പ്രതിവിധി

* ബലാമൂലക്ഷീരപാകം
ബലാമൂലക്വഥ ചൂര്‍ണം 10ഗ്രാം 300 മില്ലി വെള്ളത്തില്‍ 100 മില്ലി പാലും ചേര്‍ത്ത് തിളപ്പിച്ച് 100 മില്ലി ആക്കി കുറുക്കി അരിച്ചെടുത്ത് ദിവസത്തില്‍ ഒരു തവണ സേവിക്കുക. പ്രമേഹം ഇല്ലാത്തവര്‍ക്ക് വേണമെങ്കില്‍ ശര്‍ക്കര ചേര്‍ത്ത് സേവിക്കാം.
* ക്ഷീരബലതൈലം
ഇതു ചെറുതായി ചൂടാക്കി കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തലയില്‍ തേച്ച് കുളിക്കണം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ നല്ലതാണ്.

ഡോ. ജി.ജി ഗംഗാധരന്‍
ഡയറക്ടര്‍ ആന്‍ഡ് പ്രഫസര്‍രാമയ്യ ഇന്‍ഡിക് സ്‌പെഷാലിറ്റി ആയുര്‍വേദ, ബംഗലൂരു