കാർഷകനിൽ നിന്നു കാർഷിക സംരംഭകരിലേക്ക് കൂടുമാറാം
കാർഷകനിൽ നിന്നു കാർഷിക സംരംഭകരിലേക്ക് കൂടുമാറാം
Friday, May 18, 2018 2:42 PM IST
കൃഷിയുടെ പ്രതാപം അസ്തമിച്ചു വരികയാണ്. പഴയ കാലങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ കൃഷിക്കാർ തങ്ങളുടെ കുട്ടികളെ ജീവിതമാർഗത്തിനായി മറ്റു പ്രഫഷനുകളിലേക്കു തിരിച്ചുവിടുകയാണ്.
ഇതൊരു നല്ല കാര്യമല്ല. ഇതു മാറേണ്ടിയിരിക്കുന്നു. ഇതിനായി കൃഷിക്കാരൻ സ്വയം മാറേണ്ടിയിരിക്കുന്നു. കൃഷിക്കാരൻ കർഷകസംരംഭകരായി സ്വയം മാറണം. വെറും കാർഷിക പ്രവർത്തനങ്ങളിൽനിന്നും കാർഷിക ബിസിനസ് സംരംഭത്തിലേക്കു പരിവർത്തനം ചെയ്യണം.
ഇതെങ്ങനെ സാധിക്കും എന്നതാണ് ചോദ്യം?
ഇതിനുള്ള ഉത്തരം നമുക്ക് അന്വേഷിക്കാം.

ജയ് ജവാൻ ജയ് കിസാൻ!

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യൻ ഗവണ്‍മെന്‍റ് ആദ്യം രൂപം കൊടുത്ത മുദ്രാവാക്യമാണ് ജയ് ജവാൻ ജയ് കിസാൻ. ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ ജവാന്‍റെയും ഒരു കർഷകന്‍റെയും പ്രാധാന്യം എത്രയാണെന്ന് അന്നത്തെ നേതാക്കന്മാർ വളരെ വ്യക്തമായി മനസിലാക്കിയിരുന്നു.

ജവാൻ രാജ്യത്തെ സംരക്ഷിക്കുന്പോൾ കർഷകർ രാജ്യത്തെ തീറ്റിപ്പോറ്റുന്നു. എവിടെയോ വച്ച് നമ്മുടെ രാഷ്ട്രീയ നോതാക്കളും ഗവണ്‍മെന്‍റ് ഉദ്യോഗവൃന്ദവും ഇക്കാര്യം മറന്നുപോയിരിക്കുന്നു.
നാം, കർഷകർ ഇന്ന് നിസഹായവസ്ഥയിലാണ്. അതിനാൽത്തന്നെ സ്വന്തം നിലനിൽപ്പിനായി നാം നമ്മുടേതായ ഒരു പരിഹാരം കണ്ടെത്തിയേ മതിയാകൂ.

കാർഷികമേഖല പ്രതിസന്ധിയിൽ

കാർഷികമേഖല ദുരന്തത്തിലൂടെ കടന്നുപോവുകയാണ്. വിലയിടിവും ഉയരുന്ന കൃഷിച്ചെലവും ഇടനിലക്കാരുടെ ചൂഷണവുമെല്ലാം കൃഷിയടെ തകർത്തിരിക്കുന്നു.

* ഒരു വശത്ത് കർഷകൻ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു വിലയിടിയുന്പോൾ മറുവശത്ത് കൃഷിച്ചെലവ് ഉയരുകയാണ്.
* കർഷകന് അവന്‍റെ ഉത്പന്നത്തിനു ലഭിക്കുന്ന വില, അതിന്‍റെ ചെലവുമായി താരതമ്യപ്പെടുത്തുന്പോൾ ലാഭകരമല്ല.
* തൊഴിലാളികൾ കൂടുതൽ ആവശ്യമുള്ള പ്രവർത്തനമാണ് കൃഷി. ഇന്ന് തൊഴിലാളിയെ കിട്ടുന്നതു കുറഞ്ഞു. കൂലിച്ചെലവു കൂടുകയും ചെയ്തു. ചുരുക്കത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളുടേയും ചെലവു വർധിച്ചിരിക്കുന്നു.
* കൃഷി ഭൂമിയിൽ പ്രവേശിച്ച് വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു.
* കർഷകർ അവരുടെ കുട്ടികളോടു പറയുന്നതു കൃഷി ഭൂമി വിൽക്കാനും മറ്റു പ്രഫഷൻ സ്വീകരിക്കുവാനുമാണ്.

ഈ പ്രതിസന്ധിക്കു കാരണമെന്താണ്?

കാരണം വളരെ ലളിതം. ദരിദ്ര രാജ്യത്ത് കർഷകർ ധനികരാണ്. സന്പന്ന രാജ്യത്ത് കർഷകർ ദരിദ്രരും. ഇന്ത്യ സന്പന്നതിയിലേക്കു നീങ്ങന്നതനുസരിച്ച് കർഷകർ ദരിദ്രരാകുന്നു.
1951-2015 വരെ ഇന്ത്യൻ ജിഡിപി 6.04 ശതമാനം ശരാശരി വളർച്ച നേടിയിട്ടുണ്ട്. 2014 അവസാനത്തെ ക്വാർട്ടർ മുതൽ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനായി മാറി.

ജിഡിപിയിലെ ഓരോ പോയിന്‍റ് വളർച്ചയും നാം മനസിലാക്കണം. ഓരോ പോയിന്‍റ് ജിഡിപി വളർച്ചയിലും ഈ രാജ്യത്തെ കർഷകരായ നാം ദരിദ്രരിൽനിന്നു ദരിദ്രരായി മാറുകയാണ്.
ഈ പ്രശ്നത്തിനു പരിഹാരമുണ്ടോ?

തീർച്ചയായും, ഇതിനു പരിഹാരമുണ്ട്. എങ്കിൽ എന്താണ് പരിഹാരം?പരിഹാരമിതാണ്.
കർഷകർ സ്വയം മാറുക. കർഷകനിൽനിന്നു കാർഷിക സംരംഭകൻ എന്ന നിലയിലേക്ക്. അതായത് ഇപ്പോൾ ചെയ്യുന്ന കൃഷയിൽനിന്നു കാർഷിക സംരംഭകത്വത്തിലേക്ക് മാറുകയെന്നതു മാത്രമാണ് പരിഹാരം.

ആരാണ് കാർഷിക സംരംഭകൻ?

കൃഷിയോടുള്ള സ്നേഹവും അതേസമയം അതിനെ ബിസിനസായി കൊണ്ടുപോകുകയും ചെയ്യുന്ന സംരംഭകനാണ് കാർഷിക സംരംഭകൻ.

ഒരു കൃഷിക്കാരന് എങ്ങനെ കാർഷിക സംരംഭകനാകുവാൻ സാധിക്കും. കൃഷിയെ എങ്ങനെ കാർഷിക സംരംഭകമാക്കുവാൻ സാധിക്കും എന്നതാണ് നമുക്കു മുന്പിലുള്ളത്. ഇതു ചുരുക്കമായി പരിശോധിക്കാം.

പരസ്പരപൂരകമായ മൂന്നു വരുമാന സ്രോതസുകൾ സൃഷ്ടിക്കുന്നതുവഴി ഇതു സാധ്യമാകും.
1. കന്നുകാലി വളർത്തൽ
2. ഫാം ടൂറിസം
3. കൃഷിയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുക. എന്നവിയാണവ. ഇതിനായി കൃഷിയെ യന്ത്രവത്കരിക്കുക. കരാർ കൃഷി, മധ്യവർത്തികളെ ഒഴിവാക്കൽ, പ്രിസിഷൻ ഫാമിംഗ് തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കുക.

തുടക്കം എവിടെ

ജലസ്രോതസുകളിൽതന്നെയാവട്ടെ തുടക്കം. ജലമാണ് കൃഷിയുടെ അടിസ്ഥാനം. അതില്ലെങ്കിൽ കൃഷിയില്ല. കൃഷിയിടത്തിൽ കുളങ്ങൾ കുഴിക്കാം. നമ്മുടെ കൃഷിയിടങ്ങളിലെ ചെറിയ തോടുകൾ ആഴം കൂട്ടി വേനൽക്കാലത്തും വെള്ളം ലഭിക്കത്തക്ക വിധത്തിൽ മഴവെള്ളം ശേഖരിക്കാം. ജലസേചനം, കന്നുകാലി വളർത്തൽ , ഫാം ടൂറിസം തുടങ്ങിയവയ്ക്ക് ഈ കുളങ്ങൾ ആവശ്യമാണ്. പൊക്ലൈൻ ഉപയോഗിച്ചാൽ ഏതാനും മണിക്കൂറുകൾകൊണ്ട് കുളം റെഡി.

അടുത്തതെന്ത്?

റബറിന്‍റെ കാര്യമെടുക്കാം. റബർ ബോർഡിന്‍റെ മാർഗനിർദ്ദേശമനുസരിച്ച് 22 അടി അകലത്തിലാണ് റബർ നട്ടിട്ടുള്ളത്. അതായത് രണ്ടു റബർ മരങ്ങൾക്കിടയിലും രണ്ടു റബർ നിരകൾക്കിടയിലും സ്ഥലം വെറുതെ കിടക്കുകയാണ്. ഇവിടെ സിഒ-3 അല്ലെങ്കിൽ സിഒ-4 വിഭാഗത്തിൽപ്പെടുന്ന തീറ്റപ്പുല്ലു കൃഷി ചെയ്യാം. ഇത് കന്നുകാലി കൃഷിക്ക് ഉപയോഗിക്കാം. ഫാം ടൂറിസത്തിനായി ടെന്‍റുകൾ സ്ഥാപിക്കാം.

ഇതേപോലെതന്നെ തെങ്ങൻതോട്ടത്തിലും കാന്നുകാലി കൃഷിക്കുള്ള പുല്ലും ഫാം ടൂറിസവും പച്ചക്കറി, പഴം കൃഷിയും നടത്താം.

യന്ത്രവത്കരണം ചെലവു കുറയ്ക്കും

കൃഷിയിൽനിന്നുള്ള ഉത്പാദനം വർധിപ്പിക്കുന്നതിനായി കർഷകർ ആധുനിക സാങ്കേതികവിദ്യയും യന്ത്രവത്കരണവും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
*കൃഷിയിൽ കഴിയുന്നത്ര യ്ന്ത്രവത്കരണം കൊണ്ടുവരിക. ഇത് ചെലവു കുറയ്ക്കും. കഴിഞ്ഞ പത്തു വർഷമായി കൂലിച്ചെലവ് വലിയ തോതിൽ വർധിച്ചതായി എല്ലാവർക്കും അറിയാം. അടുത്ത 10 വർഷത്തേക്കു ഇതേ നിലയിൽ കൂലി കൊടുത്താൽ നമുക്കു വരുന്ന ചെലവു ഒന്നു ഭാവനയിൽ കണ്ടു നോക്കൂ.
*വരും ദിനങ്ങളിൽ കൂലിച്ചെലവ് കുറയ്ക്കുന്നതിലും ഉത്പാദനക്ഷമത ഉയർത്തുന്നതിലും നമ്മുടെ കഴിവിനെ ആശ്രയിച്ചുമാണ് കൃഷിയിലെ നമ്മുടെ വിജയം നിലനിൽക്കുക.
*ഉത്പാദനക്ഷമത പരമാവധി വർധിപ്പിക്കുക. ഫെർട്ടിഗേഷനോടുകൂടിയ ( വളം ജലസേചനത്തിലൂടെ നൽകുക) ഓപ്പണ്‍ ടൈപ്പ് പ്രിസിഷൻ ഫാമിംഗ് വഴി കൃഷിയിൽനിന്നുള്ള വരുമാനമുയർത്തുക.
* റബറിന് വർഷത്തിലൊന്നു വളം നൽകുന്നതിനു പകരം അതേ അളവ് നാലു തവണയായി നൽകുക. ഇതു വിളവു വർധിപ്പിക്കും.
* ഫെർട്ടിഗേഷൻ വഴി വളം ആഴ്ചയിലൊന്നോ മൂന്നു ദിവസത്തിലൊരിക്കലോ നൽകുവാൻ സാധിക്കും. ഇതു മെച്ചപ്പെട്ട വിളവു നൽകും.
*ഫെർട്ടിഗേൻ കൂലിച്ചെലവു കുറയ്ക്കും. വളർച്ച മെച്ചപ്പെടുത്തും. വിളവും വർധിക്കും.
ഫെർട്ടിഗേഷനോടു കൂടിയ ഓപ്പണ്‍ ടൈപ്പ് പ്രസിഷൻ ഫാമിംഗിൽ ഏക്കറിന് ചെലവു വരിക 40000 രൂപയാണ്. ഇത് ഉയർന്ന ഉത്പാദന ക്ഷമത നേടുവാൻ സഹായിക്കും.


ഇടനില എങ്ങനെ ഒഴിവാക്കാം

ഇടനിലക്കാരാണ് കർഷകരേക്കാൾ കൂടുതൽ പണം ഉണ്ടാക്കുന്നതെന്ന്് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ ഇതെങ്ങനെ ഒഴിവാക്കാൻ സാധിക്കും
.
റീട്ടെയിൽ ചെയിനുകളിൽ നേരിട്ടു സ്പ്ലൈ ചെയ്യുക എന്നതാണ് ഒരു വഴി. മറ്റൊന്ന് ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുവേണ്ടി കരാറിടസ്ഥാനത്തിൽ കൃഷി ചെയ്യുക.

കന്നുകാലി കൃഷി

ലോകമെങ്ങുമുള്ള ഒരു പ്രവണത ഇതാണ്. സസ്യഭക്ഷണങ്ങളിൽനിന്നു മാംസാഹാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിൽനിന്നു ഇറച്ചിയും മീനും ഉത്പാദിപ്പിക്കുന്നതിലേക്കു തന്‍റെ കൃഷിയിടത്തെ മാറ്റേണ്ടിയിരിക്കുന്നു. ഇതിനെ ലൈവ്സ്റ്റോക് ഫാമിംഗ് എന്നു വിളിക്കുന്നു.
മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്നതു കാർഷിക വരുമാനത്തിൽ വൻ ഉയർച്ചയ്ക്കു വഴി തെളിക്കും. ഇതിനു കുറെ പ്രയോജനങ്ങളുണ്ട്. ഇതു തൊഴിലാളികളുമായി ചേർന്ന് ലാഭം പങ്കു വയ്ക്കുന്ന രീതിയിൽ ചെയ്യുക. ഇതു ജോലിക്കാരെ പിടിച്ചു നിർത്താൻ സഹായിക്കും.
പശു, ആട്, കോഴി തുടങ്ങിയവയുടെ കാഷ്ഠം നല്ല വളമാണ്. ഇതു കൃഷിക്ക് ഉപയോഗിക്കാം. പണം കൊടുത്തു വളം വാങ്ങുന്നത് ഒഴിവാക്കാം. മത്സ്യക്കൃഷിയിലെ ജലം കൃഷിക്ക് ഉപയോഗിക്കാം.

കോഴി, താറാവ്, ആട്, പോത്ത്, മീൻ തുടങ്ങിയവയ്ക്കു വലിയ ഡിമാൻഡ് ആണുള്ളത്. വില ഓരോ വർഷവും ഉയരുകയാണ്. ആടിനും പശുവിനും പുരയിടത്തിൽ വളരുന്ന കളകൾ തീറ്റയായി നൽകാം. ഇതുവഴി പുരയിടത്തിലെ കള നീക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാൻ സാധിക്കുന്നു.

ഫാം ടൂറിസം: കൃഷിയിടങ്ങളിൽ നേരന്പോക്ക്

ഇന്ത്യ മികച്ച സാന്പത്തിക വളർച്ചയിലൂടെ കടന്നുപോവുകയാണ്. വിദേശ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത് കൂടുതൽ വിശ്രമവേളകൾ നൽകുന്നു. ഈ പ്രവണത ലോകമെങ്ങും വർധിച്ചുവരികയാണ്. കർഷകർക്ക് ഈ അവസരം ശരിയായി വിനിയോഗിക്കാനും ഇതിൽനിന്നു വരുമാനം കണ്ടെത്തുവാനും സാധിക്കുന്നതാണ്. ഫാം ടൂറിസം സാധ്യത ഗണ്യമായി ഉയർന്നുവന്നിരിക്കുകയാണ്.

കൃഷിയിടങ്ങളിൽ നേരന്പോക്ക് നൽകാം. ടൂറിസ്റ്റുകൾക്ക് നല്ലൊരു കൃഷി അനുഭവം വാഗ്ദാനം ചെയ്യാം. അതു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഭിക്കുകയില്ല.

നഗരങ്ങളിൽ വളരുന്ന യുവക്കളാണ് ഇവയുടെ സാധ്യതയുള്ള ഉപഭോക്താക്കൾ. ബംഗളരൂ, ചെന്നൈ, ഹെദരാബാദ് തുടങ്ങിയ നഗരങ്ങൾ നമ്മുടെ അടുത്തുണ്ട്. ഐടി ഉൾപ്പെടെ വിവിധ വ്യവസായ മേഖലയിൽനിന്നുള്ള പ്രഫഷണലുകൾ ഇവിടെ ധാരാളമുണ്ട്. കേരളവും ഐടിയിൽ ശക്തിയായി വളരുകയാണ്. ഈ പുതുതലമുറ പ്രഫഷണലുകൾക്ക് കാർഷിക ജീവിതം ആസ്വദിക്കുവാൻ അവസരമൊരുക്കാം. അവരാണ് ഫാം ടൂറിസത്തിന്‍റെ ഉപഭോക്താക്കൾ.
ഫാം ടൂറിസം എന്നു പറഞ്ഞാൽ ചെലവേറിയ കെട്ടിടങ്ങൾ എന്നല്ല. താൽക്കാലിക നിർമിതികൾ മതിയാകും. ടെന്‍റുകളോ ഉയർന്ന പ്ലാറ്റ്ഫോമുകളോ മതി. ഇവയൊന്നും കേരള സർക്കാരിന്‍റെ കെട്ടിടനിർമാണ ചട്ടങ്ങളിൽ വരുന്നവയല്ല. ഇതിനർത്ഥം ഇതു കുറഞ്ഞ വലിയിലുള്ള ടൂറിസമെന്നല്ല. എസി ടെന്‍റുകൾ പ്രദാനം ചെയ്യാം. മികച്ച സൗകര്യങ്ങൾ നൽകാം.
ഫാം ടൂറിസത്തിലൂടെ ഉപഭോക്താക്കൾക്കു മറക്കാനാകാത്ത അനുഭവം പ്രദാനം ചെയ്യുക എന്നതാണ്. പശുവിനെ കറക്കുന്ന, ആടിനെ കറക്കുന്ന അനുഭവം ടൂറിസ്റ്റിനു നൽകാം. ചൂണ്ടിയിട്ടു മീൻ പിടിക്കുന്ന അനുഭവം നൽകാം. കൃഷിയിടത്തിൽനിന്നു വിളവ് എടുക്കുന്ന അനുഭവം നൽകാം. കൃഷിയിടത്തിൽനിന്ന്് അപ്പോൾ പറിച്ച വിളകൾ ഉപയോഗിച്ചു വിഭവങ്ങൾ നൽകാം. ടൂറിസ്റ്റുകൾക്ക് അവരുടെ കൈകൾകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും പറിച്ചെടുക്കുന്ന അനുഭവം പങ്കുവയ്ക്കുക. കറന്നെടുത്ത പാലുകൊണ്ടുള്ള ചായ നൽകാം.
ഫാമിലൂടെ ചെറു നടപ്പിനും അവസരമൊരുക്കാം. റിവർ റാഫ്റ്റിംഗ് സൗകര്യമൊരുക്കാം. സൈക്ലിംഗ്, ട്രെക്കിംഗ്, മല കയറ്റം, നീന്തൽ തുടങ്ങിയ അനുഭവം നൽകാം....
ഒരു ടൂറിസ്റ്റിനും ഇതൊന്നും പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിക്കുകയില്ല.
ഇതിനു എത്ര ചെലവു വരുമെന്ന് ആലോചിച്ചു നോക്കിക്കേ!

കേരളത്തിന് അവസരം

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ലക്ഷ്യങ്ങളിലൊന്നായിട്ടാണ് കേരളത്തെ റാങ്കു ചെയ്തിരിക്കുന്നത്. ജീവിതകാലത്തു കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിലൊന്നായിട്ടാണ് നാഷണൽ ജോഗ്രാഫിക് ട്രാവൽ കേരളത്തെ കണക്കാക്കുന്നത്. ലോകത്തിലെ 10 പറുദീസകളിലൊന്നായിട്ടും അവർ കേരളത്തെ അംഗീകരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 100 മഹനീയ സഞ്ചാര ലക്ഷ്യങ്ങളിലൊന്നാണ് ട്രാവൽ ആൻഡ് ലിഷറിനു കേരളം.

കുടുംബങ്ങൾക്കു യാത്ര ചെയ്യാൻ ഏറ്റവും യോജിച്ച സ്ഥലമായിട്ടാണ് ലോണ്‍ലി പ്ലാനറ്റ് കേരളത്തെ റേറ്റു ചെയ്തിരിക്കുന്നത്.

ബാലി, ഫുക്കറ്റ് എന്നിവയ്ക്കു പിന്നിൽ ഏറ്റവും മികച്ച മൂന്നാമത്തെ അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമായിട്ടാണ് സ്വതന്ത്ര ഓണ്‍ലൈൻ യാത്രാ മാസികയായ സ്മാർട്ട് ട്രാവൽ ഏഷ്യ കേരളത്തെ റേറ്റു ചെയ്തിരിക്കുന്നത്. ടോക്കിയോയ്ക്കു ശേഷം ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥലമായി ട്രിപ്പ് അഡ്വൈസർ കേരളത്തെ കണക്കാക്കുന്നു.

ടൂറിസം ഡിപ്പാർട്ട്മെന്‍റിന്‍റെ കണക്കനുസരിച്ച് കേരളത്തിന്‍റെ ടൂറിസം വരുമാനം 2017-ൽ 33383 കോടി രൂപയാണ്. 2017-ൽ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 11.39 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 5.15 ശതമാനവും വർധനയുണ്ടായി.
ചുരുക്കത്തിൽ കേരളം ലോകത്തിലെ മികച്ചൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ്. കർഷകരായ നമുക്കു സൗന്ദര്യമുള്ള കൃഷിയിടങ്ങൾ കൈവശമുണ്ട്. നമുക്കു മുന്പിലുള്ള ഈ വലിയ അവസരത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ് നമുക്കു ചെയ്യാനുള്ളത്.
കൂടുതൽ റിസോർട്ട്, ഹോട്ടൽ, ഫാം സ്റ്റേ എന്നിവയുള്ളിടത്താണ് ടൂറിസം ലക്ഷ്യമാകുക. കേരളത്തിലൊട്ടാകെ ടൂറിസ്റ്റ് ലക്ഷ്യങ്ങൾ സൃഷ്ടിക്കാം.

നമുക്കൊരു കാർഷിക സംരംഭക ക്ലസ്റ്ററുകൾ സൃഷ്ടിച്ചെടുക്കാം. ഇതുവഴി ചെലവുകൾ കുറയ്ക്കാം, മെച്ചപ്പെട്ട വിലയും നേടിയെടുക്കാം.

സന്പന്നരായ കർഷകരായിത്തീരാം; കൃഷിയെ ലാഭകരമാക്കി മാറ്റാം.
കർഷകനിൽനിന്നു കാർഷിക സംരംഭകനിലേക്കുള്ള ഈ പരിണാമം മെച്ചപ്പെട്ട ലാഭക്ഷമത ഉറപ്പാക്കുകയും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയും ചെയ്യും.
(പതിനെട്ടാം വയസിൽ ബിസിനസിൽ പ്രവേശിച്ച 1962ൽ ജനിച്ച റോഷൻ കൈനടി 25 വർഷം ബിസനസിൽ ശക്തമായ സാന്നിധ്യം തെളിയിച്ചശേഷം മുഴുസമയ കൃഷിക്കാരനാകുവാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ കർഷകനിൽനിന്നു കാർഷിക സംരംഭകനെന്ന പരിണാമത്തിലേക്കുള്ള വഴിയിലാണ്. മറ്റു ചെറുകിട കർഷകരെ കാർഷിക സംരംഭകരാകുവാൻ സഹായിക്കുകയും ചെയ്തുപോരുന്നു. ഫോണ്‍:9895094940)

റോഷൻ കൈനടി