കൃഷിചെയ്യാം, കദളിവാഴ
കൃഷിചെയ്യാം, കദളിവാഴ
Thursday, April 5, 2018 4:39 PM IST
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയും ഉണ്ട്. ചില ആയൂര്‍വേദ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കും തുലാഭാരത്തിനും ഒക്കെയായി കദളി വാഴകുല ആവശ്യമായി വരുന്നു. എവിടെയാണ് ഇതിന്റെ വിപണി എന്നറിയാവുന്നവര്‍ക്ക് വളരെ നല്ല സാമ്പത്തിക നേട്ടം ഈ കൃഷിയിലൂടെ കൈവരുന്നുണ്ട്. യഥാര്‍ഥ ആവശ്യക്കാര്‍ ആരാണെന്നറിയാതെ വെറുതെ കടകളില്‍ കൊണ്ടുചെന്നാല്‍ ചുമട്ടു കൂലിയിലും താഴ്ന്ന ഒരു തുക കിട്ടിയാല്‍ ഭാഗ്യമായി. അതോടെ കദളി കൃഷി നിറുത്തുകയും ചെയ്യും.

ഈ വര്‍ഷം കിലോഗ്രാമിന് എണ്‍പതുരൂപയ്ക്കു കുലകള്‍ വിറ്റ കര്‍ഷകരെയും കാണാനിടയായി. ഒരു വാഴക്കുലയില്‍ നിന്നും ആയിരത്തിനടുത്തതുക വരുമാനം ലഭിക്കുക എന്നു പറയുന്നത് ഒട്ടും നിസാരകാര്യമല്ലല്ലോ.

ഏതിനം വാഴക്കുലയാണെങ്കിലും വില്‍പ്പനയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് വാഴപ്പഴം ഉണക്കിയെടുക്കാം. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍ ഏറ്റവും രുചികരമായിട്ടുള്ളത് കദളിപ്പഴമാണ്. രൂചിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഏത്തവാഴപ്പഴം ഉണങ്ങിയതായിരിക്കും.

വാഴപ്പഴം ഉണക്കുന്ന വിധം

നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി സ്റ്റീല്‍ ട്രേകള്‍ ലഭ്യമാണങ്കില്‍ ട്രേകളില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെക്കണമെന്നുമാത്രം. സ്റ്റീല്‍ ട്രേകള്‍ ലഭ്യമല്ലെങ്കില്‍ നല്ലതുപോലെ കഴുകി ഉണക്കിയവെള്ളത്തുണി യോ തോര്‍ത്തുമുണ്ടോ ഓടിന്റെ മുകളിലോ വാര്‍ക്കപ്പുറത്തോ വെയില്‍ കിട്ടുന്ന ഭാഗത്ത് വിരിച്ചു വച്ച് അവയില്‍ നിരത്തിയും ഉണക്കിയെടുക്കാം. പഴം നാലായി ഘനം കുറച്ച് കീറിയെടുക്കേണ്ടിവരും.


ഇതൊരു സംരംഭമാക്കണം എന്ന് ഉദ്ദേശമുണ്ടങ്കില്‍ നല്ല ഡ്രയര്‍ തന്നെ വേണ്ടിവരും. ഇതിനുയോജ്യമായ ഡ്രയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതു മല്ലങ്കില്‍ ചില്ലുഭരണിയിലാക്കി മുകളില്‍ തേനോ ശര്‍ക്കര പാനി യോ നികക്കെ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വട്ടയപ്പം, കേക്ക് മുതലായവ ഉണ്ടാക്കുമ്പോള്‍ ഇതര ഡ്രൈഫ്രൂട്ട്‌സിന് പകരമായി ഉണക്കവാഴപ്പഴം നുറുക്കി ചേര്‍ക്കാവുന്നതാണ്.

കൃഷിരീതികള്‍

സാധാരണ വാഴയിനങ്ങള്‍ കൃഷി ചെയ്യുന്നതുപോലെ തന്നെ കദളി വാഴകൃഷിയിലും ചപ്പുചവറുകളും ചാണകപ്പൊടിയും മറ്റിതര ജൈവവളങ്ങളും ആവശ്യാനുസരണം ചേര്‍ത്തു കൊടുക്കാം. രാസവളങ്ങള്‍ അത്യാവശ്യഘടകമല്ല. ആവശ്യമെന്ന് തോന്നുന്നപക്ഷം ഒന്നോ രണ്ടോ തവണ വളരെ നേരിയ തോതില്‍ മാത്രം ചേര്‍ക്കുക. രാസവളം കൂടുതലായാല്‍ നാക്കടപ്പ് പോലെയുള്ള മാരകരോഗങ്ങള്‍ക്ക് എളുപ്പത്തില്‍ അടിപ്പെടും.

ജോസ് മാധവത്ത്
ഫോണ്‍: ജോസ്- 9645033622.