സിവയോടൊപ്പം സെലിബ്രേറ്റ് മദർഹുഡ്
സിവയോടൊപ്പം സെലിബ്രേറ്റ് മദർഹുഡ്
Thursday, March 22, 2018 3:46 PM IST
""മാതൃത്വം ആഘോഷമാക്കാം’’

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഡിസൈനർ വസ്ത്രങ്ങളുടെ ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡും കോട്ടൺ(വുവൺ) തുണിത്തരങ്ങളിലുള്ള ഗർഭകാല വസ്ത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സംരംഭവുമായ സിവ മറ്റേണിറ്റിവേറിന്‍റെ മാനേജിംഗ് ഡയറക്ടർ മെയ് ജോയ്ക്ക് തന്‍റെ സംരംഭത്തെ ഇങ്ങനെ വിശദീകരിക്കാനാണിഷ്ടം. ഒരു സ്ത്രീയുടെ ജീവിതം ഏറ്റവും അർഥവത്താകുന്ന നിമിഷമാണ് അമ്മയാകുക എന്നത്. അപ്പോൾ പിന്നെ മാതൃത്വം ആഘോഷിക്കപ്പെടേണ്ടതു തന്നെയല്ലേ. പുതു തലമുറ ഫോട്ടോഷൂട്ടും ഒൗട്ടിംഗും മറ്റുമൊക്കെയായി ഇത് ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട്. പക്ഷേ, ഇതൊക്കെ ഈ അടുത്തകാലത്ത് വന്ന മാറ്റങ്ങളാണ്.

അഴകോടെ ആത്മവിശ്വാസത്തോടെ

മനസിൽ ഗർഭകാലം ആഘോഷിക്കുന്പോഴും ഒരു കല്യാണത്തിനു പോകാൻ വസ്ത്രം കയ്യിലെടുക്കുന്പോഴെ പലപ്പോഴും മുഖം വാടും. കാരണം ഗർഭിണിയായതോടെ പഴയ വസ്ത്രങ്ങളൊന്നും പാകമാകുന്നില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വസ്ത്രങ്ങളിൽ ഗർഭകാലമങ്ങ് ഒതുങ്ങും. ട്രെൻഡിയായ വസ്ത്രങ്ങളൊക്കെ ഇക്കാലത്ത് അലമാരക്കുള്ളിലേക്ക് കയറും. ജീവിതത്തിലേക്ക് പുതിയ ഉത്തരവാദിത്തങ്ങളെ സ്വീകരിക്കാൻ ഒരുങ്ങുന്നവളാണ്. ഈ കാലഘട്ടത്തിൽ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടാകും.

പക്ഷേ, മെയ് ജോയ് പറയുന്നത് ഇതാണ്: മാതൃത്വം ആഘോഷിക്കപ്പെടണം. ട്രെൻഡിയായ വസ്ത്രങ്ങളണിഞ്ഞ് അഴകോടെയും ആത്മവിശ്വാസത്തോടെയും ആഘോഷങ്ങളിൽ തിളങ്ങണം. അതിനുള്ള അവസരമാണ് സിവ ഒരുക്കുന്നത്. ’’

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെന്‍റർ ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നിന്നും ബിരുദം നേടിയ മെയ്, അന്നു മുതൽ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തെ മനസിലേറ്റിയിരുന്നു. ഗർഭിണിയായതോടെ ആ ആഗ്രഹത്തിന് വഴിത്തിരിവായി. ഗർഭകാലം ട്രെൻഡിയായി ആഘോഷിക്കാൻ സാധിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചായി മെയുടെ ചിന്ത. പക്ഷേ, ഗർഭകാലം കഴിഞ്ഞാൽ ഈ വസ്ത്രങ്ങളൊന്നും ഉപേക്ഷിക്കാനും ഇടവരരുത്. കുഞ്ഞിന് പാലൂട്ടാൻ സാധിക്കണം. ഗർഭകാലം കഴിഞ്ഞാലും ഈ വസ്ത്രങ്ങളിൽ ട്രെൻഡി ഗേളായി തിളങ്ങാൻ സാധിക്കണം. ഈ ചിന്തയിൽ നിന്നുമാണ് സിവ’യുടെ പിറവി.

ആരോഗ്യത്തിനും വേണം പ്രാധാന്യം

അഴകിനും ആത്മവിശ്വാസത്തിനുമൊപ്പം സിവയിലൂടെ അമ്മയ്ക്കും കുഞ്ഞിനുമായി മെയ് നൽകാനുദ്ദേശിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം. ഇന്ന് ഗർഭകാലത്തും ട്രെൻഡിയായി വസ്ത്രം ധരിക്കുന്നവരും ഫോട്ടോഷൂട്ടും മറ്റുമൊക്കെ നടത്തി ആഘോഷിക്കുന്നവരുമുണ്ട്. പക്ഷേ, ധരിക്കുന്ന വസ്ത്രങ്ങൾ എത്രമാത്രം ആരോഗ്യപ്രദമാണെന്നുള്ളത് ഇവിടെ പ്രധാനമാണ്. കോട്ടണ്‍ വസ്ത്രങ്ങൾ, പ്രകൃതിദത്ത നാരുകൾ എന്നിവ ഉപയോഗിച്ചുള്ള വസ്ത്രങ്ങളാണ് ഗർഭകാലത്ത് ഏറ്റവും അനുയോജ്യമെന്ന് മെയ് പറയുന്നു. കാരണം ഇവ ഇഴയടുപ്പം കുറഞ്ഞതും വായു സഞ്ചാരവുമുള്ള തുണിത്തരങ്ങളാണ്.

ഗർഭിണിയായി ആദ്യത്തെ മാസങ്ങളിൽ ഉപയോഗിച്ചിരുന്ന ജീൻസുകളും ചുരിദാർ ബോട്ടവുമൊക്കെ പതിയെ പതിയെ മുറുകിതുടങ്ങും. അവ മുറുകി തുടങ്ങിയാൽ ഉപേക്ഷിക്കണം. പകരം അധികം മുറുക്കമില്ലാത്ത വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. കുഞ്ഞിന്‍റെ ആരോഗ്യത്തിനു കൂടി ഇത് പ്രധാനമാണ്.

ട്രെൻഡിനൊപ്പം സൗകര്യത്തിനും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനും പ്രാധാന്യം നൽകിയുമാണ് സിവ ഓരോ വസ്ത്രങ്ങളും തയ്യാറാക്കുന്നത്. വസ്ത്രങ്ങളിൽ ഡിസൈനിംഗിനുപയോഗിക്കുന്ന ഡൈയുടെയും നിറങ്ങളുടെയും കാര്യത്തിലും ഒരമ്മയുടെ കരുതൽ മെയ് സിവയിലൂടെ നൽകുന്നുണ്ട്.

റിസ്കുകളെ ആസ്വദിച്ച് തരണം ചെയ്യാം

2012 ഡിസംബറിൽ എറണാകുളത്ത് തമ്മനത്തായിരുന്നു ജ്യൂവിഷ് അപ്പാരൽസ് ആൻഡ് ആക്സസറീസ് ഇന്ത്യയുടെ തുടക്കം. 2015 നവംബർ മുതൽ ചളിക്കവട്ടത്തായി പ്രവർത്തന കേന്ദ്രം. ചളിക്കവട്ടത്തെ യൂണിറ്റിനു പുറമേ തിരുപ്പൂർ, മുംബൈ എന്നിവിടങ്ങളിലും തയ്യൽ യൂണിറ്റുകളുണ്ട്.
രണ്ടു വർഷത്തെ കഠിനപ്രയത്നമുണ്ട് സിവ എന്ന ബ്രാൻഡിന്‍റെ വളർച്ചയുടെ പിന്നിൽ. തുടർച്ചയായ ഗവേഷണവും പഠനങ്ങളും നടത്തി പിഴവുകളൊന്നുമില്ലാതെ ഏറ്റവും നൂനതനമായ രീതിയിലാണ് മെയ് ഗർഭണികൾക്കും മുലയുട്ടുന്ന അമ്മമാർക്കുമായുള്ള വസ്ത്രങ്ങൾ സിവയിലൂടെ വിപണിയിലേക്ക് എത്തിച്ചത്.

2010 മുതൽ 2012 വരെ നിരവധി ഗർഭിണികൾക്കിടയിൽ അവരുടെ ആവശ്യം എന്താണ്, ഗർഭകാലത്ത് എത്തരത്തിലുള്ള വസ്ത്രങ്ങളാണ് താൽപര്യപ്പെടുന്നത്, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവർ നേരിടുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണവും പഠനങ്ങളുമെല്ലാം സിവയെന്ന ബ്രാൻഡിനു പിന്നിലുണ്ട്. ഓരോ ഗർഭിണികളുടെയും അളവെടുത്ത് ചാർട്ട് തയ്യാറാക്കിയാണ് വസ്ത്രങ്ങളുടെ രൂപകൽപനയിലേക്ക് മെയ് എത്തുന്നത്.
അത്തരമൊരു പഠനത്തിനും ഗവേഷണത്തിനും ശേഷം തയ്യാറാക്കിയ വസ്ത്രങ്ങളായതിനാൽ ഏത് അളവിലുള്ള വസ്ത്രം തെരഞ്ഞെടുത്താലും ഫിറ്റിംഗിലും ഷെയിപിലും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും വിട്ടുവീഴ്ച്ചയും വേണ്ടാത്ത രീതിയിലാണ് ഓരോ വസ്ത്രവും തയ്യാറാക്കിയിരിക്കുന്നത്. എക്സ്എക്സ്, എക്സ്എംഎൽ, എക്സൽ, ഡബിൾഎക്സൽ, ത്രീഎക്സൽ, ഫോർ എക്സൽ എന്നീ അളവുകളിലുള്ള വസ്ത്രങ്ങൾ സിവയിൽ ലഭ്യമാണ്.
പുതിയ സംരംഭമാണ്, സ്ത്രീ സംരംഭകയാണ് പ്രതിസന്ധികൾ ഉയർന്നുവരാൻ ഇത്രയും മതി. പക്ഷേ, പ്രതിസന്ധികളിൽ തോറ്റു പിന്മാറാതെ തരണം ചെയ്തു മുന്നേറി. ആ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ് സിവയുടെ മുന്നോട്ടുള്ള കുതിപ്പിന്‍റെ പിൻബലം.

അമ്മമനസിന്‍റെ ചായ് വ് എപ്പോഴും മക്കളിലേക്കായിരിക്കും. കുടുംബത്തെയും മക്കളെപ്പോലെ സ്നേഹിക്കുന്ന സംരംഭത്തെയും വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നിടത്താണ് സംരംഭകയുടെ വിജയം. ആ വിജയം നേടാൻ മെയ് ജോയ്ക്ക് കഴിയുന്നുണ്ട്.
ഓരോ വ്യക്തിക്കും വളരാനും തങ്ങളുടേതായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളുമുണ്ടാകും. പക്ഷേ, അത് എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് ഓരോരുത്തരുടെയും വിജയം. ആരെയും ആശ്രയിക്കാതെ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങൾ ചെയ്യുക. അതിൽ വിജയിക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം. ആ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നി മുന്നേറണം.

"സ്വന്തം ബിസിനസ് എന്നത് റിസ്ക് തന്നെയാണ്. പക്ഷേ, ആ റിസ്ക് സ്വയം ഏറ്റെടുക്കുന്നവർക്ക് കിട്ടുന്ന റിസൾട്ട് വലുതായിരിക്കും. തുണിത്തരങ്ങൾ തെരഞ്ഞെടുക്കാനും മറ്റുമായി ഇന്ത്യമുഴുവൻ യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. പക്ഷേ, അതൊക്കെ ആസ്വദിച്ച് ചെയ്യുന്നു എന്നുള്ളതാണ് എന്‍റെ വിജയം.’’ മെയ് പറയുന്നു.

"തൃശൂർ ഒല്ലൂർ മുത്തിപീടിക ജോയിയും മേഴ്സിയുമാണ് മെയുടെ മാതാപിതാക്കൾ. മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും നൽകി അവരെ സ്വന്തം നിലയിൽ വളരാൻ പ്രാപ്തരാക്കുന്ന മാതാപിതാക്കളായിരുന്നു തന്‍റേതെന്ന് മെയ് പറയുന്നു.ആ പിന്തുണ മെയുടെ വളർച്ചയിൽ എന്നും മുതൽക്കൂട്ടാണ്.

നാഷണൽ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ്, ഐഐഎംഎസ് എറണാകുളം, കിറ്റക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവിടങ്ങളിൽ ജോലി ചെയ്ത അനുഭവസന്പത്തും മെയുടെ സംരംഭക യാത്രയിലെ കൈമുതലാണ്.

ഭർത്താവിന്‍റെ കുടുംബത്തിന്‍റെ പിന്തുണയും മെയ്ക്ക് ഒപ്പമുണ്ട്. പ്രതിസന്ധികളിൽ തളർന്നു പോകാതിരിക്കാൻ നീ ചെയ്തോളു കൂടെ ഞാനുണ്ട്’ എന്നൊരു പിന്തുണ ഏതൊരാളും ആഗ്രഹിക്കും.സിവയുടെ സിഇഒ കൂടിയായ ഭർത്താവ് സുമൻ പി ചാക്കോ ജീവിതയാത്രയിലും സംരംഭകയാത്രയിലും മെയക്ക് ഉൗർജമായി കൂടെയുണ്ട്.




ഗുണനിലവാരത്തിൽ നോ കോംപ്രമൈസ്

പ്രകൃതിദത്ത നാരുകൾ, പരുത്തി എന്നിവകൊണ്ടുള്ള തുണിത്തരങ്ങളാണ് അമ്മയ്ക്കും കുഞ്ഞിനുമായി മെയ് തെരഞ്ഞെടുക്കുന്നത്. നമ്മുടെ കാലാവസ്ഥയ്ക്കും ഗർഭകാലത്തും ഇത്തരം തുണിത്തരങ്ങളാണ് ഏറ്റവും അനുയോജ്യമെന്നും മെയ് പറയുന്നു.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള തുണിയിലാണ് ഓരോ വസ്ത്രവും തയ്യാറാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട കയറ്റുമതിക്കാരിൽ നിന്നുമാണ് ഇവ ശേഖരിക്കുന്നത്. അതുകൊണ്ടു തന്നെ തുണിക്ക് ഉന്നതഗുണനിലവാരം ഉറപ്പു നൽകാൻ കഴിയുന്നു.

തുണിയിൽ ഉപയോഗിക്കുന്ന ഡൈയും നിറങ്ങളും ഡിസൈനിംഗും അന്താരാഷ്ട്ര നിലവാരമുള്ളവയാണ്. സിപ്, ബട്ടണ്‍ എന്നിവയുടെ കാര്യത്തിലും ഇതേ ഗുണ നിലവാരം ഉറപ്പു വരുത്തുന്നു. 400 ലധികം സ്റ്റൈലുകളിൽ വസ്ത്രങ്ങളും അനുബന്ധ ഉത്പന്നങ്ങളും സിവ ഒരുക്കുന്നുണ്ട്.

മെയ് ജോയ് യുടെ കരസ്പർശമേൽക്കാതെ ഒരു ഡിസൈൻ പോലും ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. സംതൃപ്തരായ ഉപഭേക്താക്കളാണ് ഏതൊരു സംരംഭത്തി ന്‍റെയും ശക്തി. അതുകൊണ്ടു തന്നെ ഗുണമേൻമ, മികച്ച ഡിസൈനിംഗ് എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് മെയ് വ്യക്തമാക്കുന്നു.

സൂററ്റ്, അഹമ്മദാബാദ്, ഈറോഡ്, ബംഗളുരു, ജയ്പൂർ എന്നിവിടങ്ങളി ലെത്തി മെയ് നേരിട്ടാണ് തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇതിനു പുറമേ ഡിസൈനുകൾ നൽകി നെയ്ത്തുകാരെകൊണ്ട് ചെയ്ത് എടുക്കുന്നുമുണ്ട്. അവിടെയും മെയുടെ മേൽ നോട്ടമെത്തുന്നുണ്ട്. പ്രശസ്തരായ ഫാഷൻ ഡിസൈനർമാരടങ്ങിയ ഡിസൈനിംഗ് ടീമാണ് മെയ്ക്കൊപ്പമുള്ളത്. സ്റ്റിച്ചിംഗ് യൂണിറ്റിൽ അറുപതോളം പേർ ജോലി ചെയ്യുന്നു. 790 രൂപ മുതലുള്ള വസ്ത്രങ്ങളും ഉത്പന്നങ്ങളും സിവയുടെ ഒൗട്ട് ലെറ്റുകളിലൂടെ ലഭ്യമാണ്.

ഉത്പന്നശ്രേണി

കളിപ്പാട്ടങ്ങൾ, വീണ്ടും കഴുകി ഉപയോഗിക്കാവുന്ന നഴ്സിംഗ് പാഡ്, ട്രെൻഡിയും ഫാഷനബിളുമായ പാറ്റേണിലും കണ്‍സെപ്റ്റിലും തയ്യാറാക്കുന്ന ടോപ്, ബോട്ടംസ്, നൈറ്റ് വേർ, പാർട്ടിവേർ, സൽവാർ സ്യൂട്സ് എന്നിങ്ങനെ വൈവിധ്യമാർന്ന വസ്ത്ര ശേഖരം സിവ ഒരുക്കിയിട്ടുണ്ട്.

മറ്റേണിറ്റി ടോപ്സ്, നഴ്സിംഗ് ടോപ്സ്, മറ്റേണിറ്റി കിറ്റ്, തുണി തൊട്ടിൽ, മറ്റേണിറ്റി ബെല്ലി ബെൽറ്റ്, സൽവാർ ആൻഡ് ചുഡി, കുർത്തീസ്, പാർട്ടിവെയർ, നൈറ്റ്െ വെയർ, ഫീഡിംഗ് കവർ, പില്ലോ, ബോഡി പില്ലോ, നഴ്സിംഗ് പാഡ്, ഗർഭകാലത്ത് ഉപയോഗിക്കാവുന്ന അണ്ടർഗാർമെന്‍റ്സ്, മറ്റേണിറ്റി പാന്‍റീസ്, പ്രസവ ശേഷം വയറു ചുരുങ്ങുന്നതിനുള്ള ഷേപ്പർ പാന്‍റീസ്, തുടങ്ങിയ ഉത്പന്നങ്ങളെല്ലാം സിവ ലഭ്യമാക്കുന്നു.

ഇന്ത്യക്കു പുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും സിവയുടെ ഉത്പന്നങ്ങൾ എത്തിക്കഴിഞ്ഞു. യൂറോപ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ആവശ്യത്തിനനുസരിച്ച് തയ്യാറക്കിയ വസ്ത്രങ്ങളും ലഭ്യമാണ്. എറണാകുളത്ത് തമ്മനം, കോലഞ്ചേരി, ആലുവ, അങ്കമാലി, കോഴിക്കോട് എരഞ്ഞിപ്പാലം,മലപ്പുറത്ത് മഞ്ചേരി, തൃശൂർ ഒല്ലൂർ, മിഷൻ ക്വാർട്ടേഴ്സ് റോഡ്, ഇടുക്കിയിൽ പാല-തൊടുപുഴ റോഡ്, തിരുവനന്തപുരത്ത് കേശവദാസപുരം, കൊല്ലത്ത് മാടന്നട, ആലപ്പുഴ വാഴിച്ചേരി, അടൂർ, പാലത്തിന് പടിഞ്ഞാറ് വശത്ത് , ദുബായ് എന്നിവിടങ്ങളിലായുള്ള സിവയുടെ എക്സ്ക്ലൂസീവ് ഒൗട്ട് ലെറ്റുകൾക്ക് പുറമേ ആമസോണ്‍, ഫ്ളിപ്കാർട്ട്, സ്നാപ്ഡിൽ തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ ഉത്പന്നങ്ങളെല്ലാം ലഭ്യമാണ്. കൂടാതെ www.zivamom.com
വഴി ലോകത്ത് എല്ലായിടത്തും ഉത്പന്നങ്ങൾ ലഭ്യമാണ്.

ടോട്ടൽ മറ്റേണിറ്റി ഡെസ്റ്റിനേഷൻ

2020 ൽ സിവയെ ടോട്ടൽ മറ്റേണിറ്റി ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് മെയുടെ ലക്ഷ്യം.
* മറ്റേണിറ്റി വസ്ത്രങ്ങൾ
* മരം കൊണ്ടുള്ള കളിപ്പാട്ടങ്ങൾ
* 0-1 വയസുവരെയുള്ള കുഞ്ഞുങ്ങൾക്കുള്ള
വസ്ത്രങ്ങൾ
* സ്ത്രീകൾക്കു വേണ്ടിയുള്ള അണ്ടർഗാർമെന്‍റ്സ് എന്നിവയാണ് ടോട്ടൽ മറ്റേണിറ്റി ഡെസ്റ്റിനേഷനിലൂടെ ലഭ്യമാക്കുന്നത്.ഇവയെല്ലാം സ്വന്തം നിർമാണ യൂണിറ്റിൽ തയ്യാറാക്കിയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

2020 ൽ നൂറു കോടി രൂപ വിറ്റുവരവുള്ള കന്പനിയാകാനുള്ള യാത്രയും സിവ തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ഇരുപതിലധികം ഒൗട്ട് ലെറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി ഉടനേ തുറക്കുക, 2020 ആകുന്പോഴേക്കും ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഒൗട്ടലെറ്റുകൾ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണിവർ.
തിരുവാണിയൂരിലേക്ക് നിർമാണ യൂണിറ്റ് മാറ്റാനുള്ള ഉദ്ദേശവും ഇവർക്കുണ്ട്.

വസ്ത്ര വിപണന ഫാഷൻ രംഗത്തെ നിരവധി അവാർഡുകളും മെയ് ജോയ് േയയും സിവയേയും തേടിയെത്തിയിട്ടുണ്ട്. ഗർഭിണികൾക്കു വേണ്ടി ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഫാഷൻ ഷോകൾ സിവ സംഘടിപ്പിക്കാറുണ്ട്.

എറണാകുളത്ത് വൈറ്റിലയിലാണ് മെയും കുടുംബവും താമസിക്കുന്നത്. എറണാകുളത്ത് തിരുവാണിയൂർ സ്വദേശി പുളിക്കൽ സുമൻ പി ചാക്കോയാണ് ഭർത്താവ്. സിവയുടെ സിഇഒ കൂടിയായ ഇദ്ദേഹം കൊച്ചി കേന്ദ്രമായി ജ്യൂവിഷ് കാർപന്‍ററി എന്ന ഇന്‍റീരിയർ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ്. ഇവർക്ക് രണ്ടു കുട്ടികൾ. മൂത്തയൾ ജായ് റോസ് ചാക്കോ ആറാം ക്ലാസിലും രണ്ടാമത്തെയാൾ സിവ റോസ് ചാക്കോ ഒന്നാം ക്ലാസിലും പഠിക്കുന്നു.
രാഷ്ട്രദീപിക ലിമിറ്റഡിന്‍റെ 2018 ലെ ബിസിനസ് ദീപിക വുമൺ എൻട്രപ്രണർ ഓഫ് ദി ഇയർ പുരസ്കാരം നൽകി മെയ് ജോയുടെ സംരംഭക മികവിനെ ആദരിക്കുകയാണ്.

ഇവ സിവയ്ക്ക് സ്വന്തം

* പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ സിവ പ്രോത്സാഹിപ്പിക്കുന്നതേയില്ല. പകരം മരം കൊണ്ടുള്ള കളിപ്പാട്ടങ്ങളാണ് സിവയിൽ ഒരുക്കിയിരിക്കുന്നത്. കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന ഡിസൈനുകൾക്കാകട്ടെ വെജിറ്റബിൾ ഡൈയുമാണ് ഉപയോഗിക്കുന്നത്. കുഞ്ഞിന്‍റെ ആരോഗ്യത്തിനു പ്രാധാന്യം നൽകിയാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. മണ്ണിൽ അലിഞ്ഞു ചേരുന്നതിനാൽ പ്രകൃതിക്ക് ദോഷകരവുമല്ല.
* സ്പ്രിംഗ് തൊട്ടിൽ സിവയിൽ ഇല്ല. സ്പ്രിംഗ് തൊട്ടിൽ ഉപയോഗിച്ചാൽ കുട്ടികൾക്ക് ഷേക്കണ്‍ ബ്രെയിൻ സിൻഡ്രോം ഉണ്ടാകുന്നതിനാൽ തുണിതൊട്ടിലാണ് സിവ നൽകുന്നത്. ആറുമാസം മുതൽ മൂന്നു വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇത് ഉപയോഗിക്കാം. കുട്ടികളെ ഇരുത്തുകയോ കിടത്തുകയോ ചെയ്യാവുന്ന തുണിതൊട്ടിൽ കൂടുതൽ സുരക്ഷിതത്വം നൽകുന്നുവെന്ന് മെയ് പറയുന്നു.
* അമ്മയുടെ പാൽ കുഞ്ഞിന്‍റെ ജന്മാവകാശമാണ്. അതു നിഷേധിക്കാനും അനുവദിക്കില്ല. അതിനാൽ ഫീഡിംഗ് ബോട്ടിലും പ്രോത്സാഹിപ്പിക്കുന്നില്ല
* പ്ലാസ്റ്റിക് നാപ്കിനുകൾക്ക് പകരം കഴുകി ഉണക്കി ഉപയോഗിക്കാവുന്ന നാപ്കിനുകളാണ് പ്രോത്സാഹിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അലർജിയും മറ്റും ഉണ്ടാക്കില്ല, പ്രകൃതിയെ ദോഷകരമായി ബാധിക്കുകയുമില്ല.
nപരിസ്ഥിതിസൗഹൃദ ബാഗുകൾ, തുണി സഞ്ചികൾ എന്നിവയിലാണ് സിവയുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കാൾക്ക് നൽകുന്നത്. അവിടെയും സിവ പ്രകൃതിയെ ഒപ്പം ചേർത്തു നിർത്തുന്നു.