ആസക്തികള്‍ പലവിധം
ആസക്തികള്‍ പലവിധം
Monday, March 19, 2018 3:23 PM IST
പത്താംക്ലാസുകാരനായ ടോം പഠനത്തില്‍ വളരെ സമര്‍ഥനായിരുന്നു. അടുത്തിടെയാണ് വിദേശത്തുള്ള ആന്റി അവന് വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയത്. അതോടെ ടോമിന്റെ പഠനനിലവാരം കുറഞ്ഞു. ഏതുസമയവും ഫോണില്‍ ഇന്റര്‍നെറ്റ് ഓണാക്കിയുള്ള ഇരുപ്പാണ്. സ്‌കൂളില്‍ ഫോണിന് കര്‍ശന നിയന്ത്രണമുണ്ട്. എങ്കിലും ടോമും ചില സുഹൃത്തുക്കളും രഹസ്യമായി ഫോണ്‍ കൊണ്ടുവന്ന് ക്ലാസ് സമയത്തും ഉപയോഗിക്കാന്‍ തുടങ്ങി. മറ്റു കുട്ടികള്‍ പരാതിപ്പെതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു.

വീട്ടുകാരെ വിളിച്ചുവരുത്തി, ഫോണ്‍ സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാലെ തിരികെ കൊടുക്കൂവെന്നു പറഞ്ഞ് താക്കീതുനല്‍കി ക്ലാസില്‍ കയറ്റി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ പുതിയ ഫോണിനായി ടോം വീട്ടില്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഫോണ്‍ കിട്ടാതെവന്നപ്പോള്‍ അക്രമാസക്തനായി.

പ്രക്രിയാ ആസക്തി

ഇത്തരത്തിലുള്ള പ്രത്യേക ആസക്തിയെ പ്രക്രിയാ ആസക്തി എന്ന് വിളിക്കുന്നു. ചൂതുകളി, പന്തയം, ഫോണ്‍ ഇന്റര്‍നെറ്റ്, അനിയന്ത്രിത ടിവി ഉപയോഗം ഇവ പ്രക്രിയാ ആസക്തിയുടെ പികയില്‍ വരുന്നു. ഇത്തരം പെരുമാറ്റരീതി വ്യക്തിയില്‍ അന്തര്‍ലീനമായ ചില മാനസിക വൈകാരിക ശാരീരിക ഘടകങ്ങളുടെ ഫലമായാണ് ഉടലെടുക്കുക. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തിയാലേ ഈ രീതി നിയന്ത്രിക്കാനാകൂ. ആസക്തികളെപ്പറ്റി നൂറ്റാണ്ടുകളായി ഗവേഷണങ്ങള്‍ നടന്നുവരുന്നു. വസ്തുക്കളുടെ (ഉദാ: മദ്യം, മയക്കുമരുന്ന്) ദുരുപയോഗത്തിനു കാരണമായി പറയപ്പെടുക അവയുടെ ആകര്‍ഷണീയത, അവ നല്‍കുന്ന അനുഭൂതി, വ്യക്തിയുടെ പ്രത്യേക മാനസികാവസ്ഥയില്‍നിന്ന് ഉടലെടുക്കുന്ന നിയന്ത്രണമില്ലാത്ത അവസ്ഥ എന്നിവയാണ്. വസ്തുക്കളുടെ ദുരുപയോഗംപോലെതന്നെ ഇന്നു പ്രക്രിയാ ആസക്തിയും വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ചൂതുകളി, ലൈംഗികത, വീഡിയോ ഗെയിമുകള്‍, ഇന്റര്‍നെറ്റ് ഉപയോഗം, അനിയന്ത്രിതമായ ഷോപ്പിംഗ് പ്രവണത, കുറ്റകൃത്യങ്ങള്‍ ഇവയക്ക് അടിമകളായിത്തീരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയെല്ലാം അഡിക്ഷന്റെ പട്ടികയില്‍ പെടുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവ്യമാണ്. ഇവയിലുള്‍പ്പെടുന്ന രീതിയെ പ്രക്രിയാ (Process Addiction) എന്നു പറയുവാന്‍ കാരണം ഒരു വസ്തുവിന്റെ ഉപയോഗമില്ലാതെ ഒരു പെരുമാറ്റരീതി മാത്രമാണിത് എന്നുള്ളതുകൊണ്ടാണ്.

അഡിക്ഷന്‍ അനുഭവിക്കുന്ന വ്യക്തികള്‍ അവരുടെ സ്വഭാവത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നതാണ് പ്രധാന കാര്യം. പ്രശ്‌നങ്ങളുണ്ടാക്കുന്ന ചൂതുകളിയും ഇന്റര്‍നെറ്റ് അഡിക്ഷനും പൊതുവില്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയുമായി സാമ്യം പ്രകടിപ്പിക്കാറുണ്ട്. ഇക്കൂട്ടര്‍ക്കും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും പിഴവോ ചിന്താക്കുഴപ്പമോ ഉണ്ടാകാം. ഇത്തരം പെരുമാറ്റരീതികള്‍ക്കനുസൃതമായ ചില ജീവിതചര്യകളും ഉണ്ടാക്കിയെടുക്കുന്നതായി കാണാം. കാലക്രമത്തില്‍ മറ്റുകാര്യങ്ങളില്‍ തീരെ താത്പര്യമില്ലാതാകുകയും നിയന്ത്രണം പൂര്‍ണമായി നഷ്ടമായിത്തീരുകയും ചെയ്യും.

പ്രശ്‌നങ്ങള്‍ പലവിധം

ചില ആളുകള്‍ അഡിക്ഷനിലേക്കു വേഗം വഴുതിവീഴാന്‍ സാധ്യതയുള്ളവരാണ്. അതുകൊണ്ടാണ് ചിലര്‍ക്ക് ജീവിതകാലം മുഴുവനും വളരെ നിയന്ത്രിതമായി മദ്യപിക്കാനാവുകയും മറ്റുചിലര്‍ക്കത് സാധിക്കാതെ വരികയും ചെയ്യുന്നത്. ഇന്റര്‍നെറ്റും ഫോണും നിയന്ത്രിതമായിമാത്രം ഉപയോഗിക്കുകയും പഠനവും മറ്റുകാര്യങ്ങളും ക്രമമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന കുട്ടികളെയും നാം കാണാറുണ്ട്. ചില കുട്ടികളുടെ അമിത പ്രവര്‍ത്തനക്ഷമത കംപള്‍സീവ് ടെന്‍ഡന്‍സി എന്നിവ ജനിതകമോ ഗര്‍ഭാവസ്ഥയിലെ അനുഭവ പശ്ചാത്തലം മൂലമോ ഉണ്ടാകാറുണ്ട്. സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക പശ്ചാത്തലങ്ങളും അഡിക്ഷനെ സ്വാധീനിക്കും. വ്യക്തി അറിയാതെതന്നെയുള്ള മാനസികരോഗാവസ്ഥ, ശാരീരികവും ജനിതകവുമായുള്ള അഡിക്ഷന്‍ സാധ്യതകള്‍ ഇവയും അഡിക്ഷനു കാരണമാകും. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ചൂതുകളി, അമിതനുഭക്ഷണം, ലൈംഗികതൃഷ്ണ, സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടല്‍ എന്നീതരത്തിലുള്ള അഡിക്ഷനുകള്‍ ഉണ്ടാകാനിടയുണ്ട്.

പ്രോസസ് അഡിക്ഷന്റെ കാരണങ്ങള്‍

നെഗറ്റീവ് റീഇന്‍ഫോഴ്‌സ്‌മെന്റ് തിയറി ഈ കാര്യത്തിനു വിശദീകരണം നല്‍കുന്നു. വ്യക്തിയില്‍ അസ്വസ്ഥതകളും അസമാധാനവും ഉണ്ടാകുമ്പോള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ വസ്തുക്കളോ പ്രക്രിയകളോ ഉപയോഗിക്കുന്നതായി കാണാം. ബയോ സൈക്കോ സോഷ്യല്‍ തിയറികള്‍ പറയുന്നത് അനവധിയാണ്. വ്യക്തിപരവും സാമൂഹികവുമായ ഘടകങ്ങള്‍ അഡിക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ്. നേരത്തേതന്നെ നിലവിലുള്ള റിസ്‌ക്ഘടകങ്ങളും അവയ്‌ക്കൊപ്പമുള്ള പ്രശ്‌നസാഹചര്യങ്ങളുമുള്ള അഡിക്ഷന്‍ സഹായകമായിത്തീരും. ഇവ പരസ്പരം ഒരു ചെയിന്‍പോലെ ബന്ധപ്പെട്ടു കിടക്കുന്നു. ഒരു അവസ്ഥയുള്ളപ്പോള്‍ മറ്റേ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുന്നുവെന്നു പറയാം. ഒന്ന് ഒന്നിന്റെ ഫലമായോ മറ്റൊന്നിന്റെ കാരണമായോ പ്രവര്‍ത്തിക്കുന്നതു കാണാം.

ചൂതുകളിയും അമിതലൈംഗികതയും മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ ഉപയോഗഫലമായുണ്ടാകാം. മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണക്കാരെക്കാള്‍ വളരെ കൂടുതല്‍ ചൂതാട്ട സാധ്യതയുണ്ട്. ഒരു അഡിക്ഷനുള്ള വ്യക്തിക്കു മറ്റ് അഡിക്ഷനുകളും ഉണ്ടാകാന്‍ സാധ്യത കൂടുന്നുവെന്ന് നാം മനസിലാക്കണം.

ആഗ്രഹങ്ങളെ കടിഞ്ഞാണിടാനുള്ള കഴിവ് ചിലര്‍ക്കു കുറവാണ്. അവര്‍ ആലോചിക്കാതെ പെെട്ടന്ന് ഒരു കാര്യത്തില്‍നിന്നു മറ്റൊരു കാര്യത്തിലേക്കു പോകുന്നവരാണ്. നിയന്ത്രണമില്ലാതെ കാര്യങ്ങളില്‍ ചെന്നുചാടാന്‍ ജന്മനാ പ്രവണതയുള്ളവരാണിവര്‍. ചിലര്‍ക്കു ചെറുപ്പത്തില്‍ ശ്രദ്ധക്കുറവും ഇതിനൊപ്പമുണ്ടാകാം. അതിനെ അറ്റന്‍ഷന്‍ ഡെഫിസിഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്നു പറയും. ഇങ്ങനെയുള്ളവര്‍ അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും പെെന്നട്ടു വഴങ്ങാന്‍ പ്രവണതയുള്ളവരായതുകൊണ്ട് എപ്പോഴും അപകടസാധ്യതയില്‍ കഴിയുന്നവരാണ്. മദ്യം, മയക്കുമരുന്ന്, സെക്‌സ്, ഇന്റര്‍നെറ്റ് ഫോണ്‍ ഇവയുടെ ഉപയോഗം തുടങ്ങി അപകടകരമായ മറ്റു കാര്യങ്ങള്‍പോലും ചെയ്യുവാന്‍ ഇവര്‍ മടികാണിക്കില്ല. എപ്പോഴും ഉത്തേജനവും ആശ്ചര്യവും ആഗ്രഹിക്കുന്ന ഇവര്‍ അത് നല്‍കുന്ന കാര്യങ്ങളില്‍ ചെന്നുവീഴാന്‍ സാധ്യതകൂടും. സ്വതസിദ്ധമായി ഇംപള്‍സിവിറ്റി കൂടുതലുള്ള കുട്ടികളും മുതിര്‍ന്നവരും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള അഡിക്ഷനുകളില്‍ പെെട്ടന്ന് ഉള്‍പ്പെടും. ഇങ്ങനെ എപ്പോള്‍ ഏതുതലത്തില്‍ വേണമെങ്കിലും ഇവര്‍ പ്രശ്‌നസ്വഭാവം കാണിക്കുമെന്നുള്ളതിനാല്‍ ഇവരെ പ്രോബ്ലം ബിഹേവിയര്‍ സിന്‍ഡ്രം ഉള്ളവരെന്നു പറയും.




ചെറുപ്പത്തില്‍ അവഗണന, പരിത്യജിക്കല്‍, ക്ഷതം, ശാരീരികമോ, ലൈംഗികമോ ആയ ചൂഷണം എന്നിവ അനുഭവിക്കേണ്ടിവന്ന വ്യക്തികള്‍ വളര്‍ന്നുവരുമ്പോള്‍ വിവിധതരം അഡിക്ഷനുകളിലേക്ക് വഴുതിവീഴാന്‍ പ്രവണത കാണിക്കും. അവരുടെ മനസില്‍ അവശേഷിക്കുന്ന ആന്തരികക്ഷതങ്ങള്‍ സൈക്കോതെറാപ്പി വഴി മാറ്റണം. അല്ലാത്തപക്ഷം അവര്‍ പലതരത്തിലുള്ള അഡിക്ഷനുകളില്‍ ചെന്നെത്താം.

മനോരോഗങ്ങള്‍

മനോരോഗങ്ങള്‍ പ്രത്യക്ഷമായോ തിരിച്ചറിയപ്പെടാതെയോ ഉള്ളവരും അഡിക്ടുകളാകാം. പലപ്പോഴും പ്രത്യക്ഷമായി വലിയ പ്രശ്‌നങ്ങളില്ലാത്തവര്‍ സ്വയം രോഗമുള്ളതായി തിരിച്ചറിയില്ല. മറ്റുള്ളവര്‍ക്കു പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കുകയുമില്ല. ഇത്തരത്തിലുള്ളവര്‍ മദ്യത്തിനും മയക്കുമരുന്നിനും ഇന്റര്‍നെറ്റിലെ വൈകൃതങ്ങള്‍ക്കുമൊക്കെ അടിമകളായിത്തീരാം. വേണ്ടവിധത്തിലുള്ള മനോരോഗ മാനസികതലത്തിലുള്ള പ്രതിരോധങ്ങള്‍ നേരത്തേതന്നെ സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ അഡിക്ഷനില്‍ ചെന്നു വിഷമസന്ധിയിലാകും.

സാമൂഹ്യപ്രശ്‌നങ്ങള്‍

ബുദ്ധിമാന്ദ്യമുള്ളവരും പെെട്ടന്ന് അഡിക്റ്റുകളായിത്തീരാം. ഒറ്റപ്പെടുത്തല്‍, സാമ്പത്തിക പരാധീനത ഇവയും ചൂതുകളിപോലുള്ള കാര്യങ്ങള്‍ക്കു വഴിതെളിക്കും. ദാരിദ്ര്യം, പണം കൂടുതലുണ്ടാക്കാന്‍ കുറുക്കുവഴികള്‍ കണ്ടെത്താന്‍ പ്രേരണ നല്‍കും. ചൂതുകളിയും ഇന്റര്‍നെറ്റ് തിപ്പുകളും ഇവര്‍ മാര്‍ഗമായി സ്വീകരിച്ച് അതില്‍ മുഴുവന്‍ സമയവും വ്യാപൃതരാകും.

പ്രായവും ലിംഗവും

പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണ് എല്ലാത്തരത്തിലുമുള്ള അഡിക്ഷനുകള്‍ക്കും വിധേയരാവുക. പ്രോസസ് അഡിക്ഷനുകള്‍ വളരെ ചെറുപ്രായത്തിലേ തുടങ്ങുന്നു. അതുകൊണ്ട് ആ പ്രായത്തില്‍ കൂടുതല്‍ കരുതല്‍ വേണം. പ്രായമായവരില്‍ ഗാംബ്ലിംഗും ഇന്റര്‍നെറ്റ് അഡിക്ഷനും സെക്‌സ് അഡിക്ഷനും സംഭവിക്കുന്നത് വിവിധ കാരണങ്ങള്‍കൊണ്ടാണ്. ജീവിതപങ്കാളിയുടെ നഷ്ടം (മരണമോ, വിവാഹമോചനമോ), വൈകല്യങ്ങള്‍ സംഭവിക്കുക, ഒരു ജോലിയും ചെയ്യാതെ അലസമായി കഴിയേണ്ടിവരുക, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, മറ്റുതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയാണത്.

ഭക്ഷണ ആസക്തി (Food Addiction), തീറ്റ ആസക്തി (Eating Addiction), അനിയന്ത്രിതമായ തീറ്റ (Compulsive Eating Addiction ) എന്നിവയും പ്രോസസ് അഡിക്ഷന്റെ ഗണത്തില്‍ വരും. വ്യായാമ ആസക്തിയുള്ള ആളുകള്‍ ദീര്‍ഘദൂര ഓത്തിനും അമിത അപകടസാധ്യതയുള്ള പ്രവൃത്തികള്‍ക്കും തയ്യാറാകും. ദീര്‍ഘദൂരം ഓടുന്ന കായികാഭ്യാസികള്‍ അഡിക്റ്റുകളാണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാല്‍ ചില ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് ഒബ്‌സസ്സീവ് കംപള്‍സീവ് ഡിസോര്‍ഡറുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തെപ്പറ്റിമാത്രം എപ്പോഴും ചിന്തിക്കുകയും വ്യക്തിയുടെ സമയത്തിന്റെ ഭൂരിഭാഗവും ഇന്റര്‍നെറ്റ് അപഹരിക്കുകയും തന്മൂലം സാമൂഹ്യബന്ധങ്ങള്‍ തകരാറാകുകയും ചെയ്താല്‍ അത് അഡിക്ഷനാണെന്ന് പറയാം. ലൈംഗികതയുടെ മണ്ഡലത്തിലും ആസക്തിരോഗം കണ്ടെത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍ പെെട്ടന്നു സംഭവിക്കുന്നതിലും രൂക്ഷമാകുന്നതിലും വ്യക്തിപരമായ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്. സാമൂഹ്യ സാഹചര്യങ്ങളിലായിരിക്കുവാന്‍ പേടി, വിഷാദരോഗം, ആകാംക്ഷാരോഗങ്ങള്‍, നാണം, അന്തര്‍മുഖരീതി, ഏകാന്തത, വ്യക്തിത്വ വൈകല്യങ്ങള്‍, മദ്യംമയക്കുമരുന്ന് ഉപയോഗം, ലൈംഗിക വൈകല്യങ്ങള്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപവര്‍ ആക്റ്റിവിറ്റി എന്നിവയുള്ള വ്യക്തികള്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷനു സാധ്യതയേറും.

ചികിത്സ

ഒറ്റനോട്ടത്തില്‍തന്നെ ചികിത്സ തുടങ്ങുന്നതിനുപകരം മേല്‍വിവരിച്ച ഏതെങ്കിലും അടിസ്ഥാനകാരണം നിലവിലുണ്ടോയെന്ന് വിലയിരുത്തണം. ഉണ്ടെങ്കില്‍ ആ പ്രശ്‌നം ആദ്യം വിദഗ്ധമായി കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ അഡിക്ഷന്‍ ചികിത്സയുടെ മറ്റു ഘങ്ങളിലേക്കു കടക്കാന്‍ കഴിയൂ. അല്ലാതെയുള്ള ലക്ഷണ ചികിത്സകള്‍ അഡിക്ഷനില്‍നിന്നുള്ള താല്‍ക്കാലിക ശമനത്തിനു മാത്രമേ സഹായകമാകൂ. ഇന്റര്‍നെറ്റ് അഡിക്ഷന്‍ സാമൂഹികവും ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ജോലി നഷ്ടമാകല്‍, വിവാഹമോചനം, കുടുംബപ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, പഠന പിന്നോക്കാവസ്ഥ, സ്‌കൂളില്‍നിന്നോ ജോലിയില്‍നിന്നോ പുറത്താക്കല്‍, ഉറക്കക്കുറവ്, ശരീരവേദന, ടെന്‍ഷന്‍, തലവേദന, പോഷകക്കുറവ്, ക്ഷീണം, കാഴ്ചമങ്ങല്‍, ഓര്‍മക്കുറവ് തുടങ്ങിയ പല ലക്ഷണങ്ങളും പ്രകടമാകാന്‍ കാരണമാകും.

ഇതിന് മനോരോഗവിദഗ്ധന്മാരുടെ മേല്‍നോട്ടത്തില്‍ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്ന ചികിത്സാരീതിവഴി ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും നിരീക്ഷിക്കാന്‍ പരിശീലിപ്പിക്കാം. അവരുടെ ചിന്തകളില്‍നിന്നും വികാരങ്ങളില്‍ നിന്നുമാണ് അഡിക്ഷന്‍ പെരുമാറ്റം ഉടലെടുക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. ഈ തിരിച്ചറിവുണ്ടായിക്കഴിയുമ്പോള്‍ അതിനെ നേരിടാനുള്ള വിവിധ വഴികള്‍ കണ്ടുപിടിക്കുകയും അവയില്‍ നിലനില്‍ക്കാന്‍ ശക്തിനേടിക്കൊടുക്കുകയും ചെയ്യും. ടൈംലൈന്‍ തെറാപ്പി ഇന്ന് വളരെയധികം ഫലമുളവാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മാനസികരോഗ പ്രവണതകള്‍, ബുദ്ധിമാന്ദ്യം, ഇംപള്‍സിവിറ്റി, മാനസികാഘാതങ്ങള്‍ ഇവ കണ്ടെത്തി പ്രതിവിധികള്‍ ആസൂത്രണം ചെയ്യേണ്ടതായും വരും.

ഡോ. പി.എംചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പാള്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി