മികവിന്‍റെ ഉയരങ്ങളിൽ ഫിസാറ്റും പോൾ മുണ്ടാടനും
മികവിന്‍റെ ഉയരങ്ങളിൽ  ഫിസാറ്റും പോൾ മുണ്ടാടനും
Monday, March 19, 2018 2:42 PM IST
Change will not come if we wait for some other person or some other time. We are the ones we've been waiting for. We are the change that we seek.
- Barack Obama

കേരളത്തിലെ പ്രഫഷണൽ വിദ്യാഭ്യാസരംഗത്തു സ്വന്തമാക്കിയ അതുല്യ മികവും സാമൂഹ്യപ്രതിബദ്ധതയും പുതുവഴികൾ തെളിക്കാനുള്ള ആർജവവുമാണു ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ (ഫിസാറ്റ്) ശ്രദ്ധേയമാക്കുന്നത്. കാലഘട്ടത്തിന്‍റെ സാധ്യതകളെ തിരിച്ചറിഞ്ഞു ദീർഘവീക്ഷണത്തോടെ ഫിസാറ്റിനെ നയിക്കുന്നു ചെയർമാൻ പോൾ മുണ്ടാടൻ എന്ന പ്രതിഭ.

ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ദേശീയ സംഘടനയായ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍റെ (എഫ്ബിഒഎ) സാമൂഹ്യദർശനങ്ങളിൽ നിന്നാണു ഫിസാറ്റിന്‍റെ പിറവി. സമൂഹത്തിനു പ്രയോജനകരമായ സംരംഭങ്ങളിലേക്കു അസോസിയേഷൻ ചുവടുവയ്ക്കണമെന്ന 1999-ലെ കോട്ടയം കോണ്‍ഫറൻസിലെ തീരുമാനം, ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി. ഹോർമിസിന്‍റെ ജന്മനാടായ മൂക്കന്നൂരിൽ എൻജിനീയറിംഗ് കോളജ് സ്ഥാപിക്കുന്നതിലേക്ക് എത്തുകയായിരുന്നു. അസോസിയേഷനു കീഴിൽ രൂപീകരിച്ച എജ്യൂക്കേഷൻ സൊസൈറ്റിയ്ക്കാണു (എഫ്ബിഒഎഇഎസ്) ഫിസാറ്റിന്‍റെ നടത്തിപ്പു ചുമതല. അസോസിയേഷന്‍റെ പ്രധാന ഭാരവാഹികൾ തന്നെയാണു സൊസൈറ്റിയെ മുഖ്യമായും നയിക്കുന്നത്. നിലവിൽ അസോസിയേഷന്‍റെയും സൊസൈറ്റിയുടെയും ജനറൽ സെക്രട്ടറി എന്ന നിലയിൽ പോൾ മുണ്ടാടൻ ഫിസാറ്റ് ചെയർമാനായി സേവനം ചെയ്യുന്നു. സഹകരണ മേഖലയിൽ ട്രേഡ് യൂണിയന്‍റെ മേൽനോട്ടത്തിൽ ഒരു പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനം വിജയത്തിന്‍റെ സോപാനങ്ങൾ സ്വന്തമാക്കിയതിന്‍റെ വിജയചരിത്രം കൂടിയാണു ഫിസാറ്റിന്‍റേത്.

മൂന്നു മന്ത്രങ്ങൾ

2002ൽ ആരംഭിച്ച ഫിസാറ്റ് പ്രഫഷണൽ വിദ്യാഭ്യാസ രംഗത്തു മൂന്നു സവിശേഷ ദൗത്യങ്ങളാണ് ആരംഭം മുതൽ വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കുന്നത്. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം, സാമൂഹ്യപ്രതിബദ്ധത, ലാഭേച്ഛയില്ലാത്ത പ്രവർത്തനം എന്നിവയാണത്.

സ്വാശ്രയരംഗത്തു ദക്ഷിണേന്ത്യയിലെ മുൻനിര പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനമായി വളരുന്പോഴും നേട്ടങ്ങൾ സ്ഥാപനത്തിന്‍റെ തന്നെ നാളത്തെ വലിയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയെന്ന നയമാണു മാനേജ്മെന്‍റിനുള്ളത്. മാറിയ കാലഘട്ടത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം വിദ്യാർഥികൾക്കു ലഭ്യമാക്കുകയെന്നത് അവരുടെ അവകാശമായി മാനേജ്മെന്‍റ് കാണുന്നു. ’ഫോക്കസ് ഓണ്‍ എക്സലൻസ്’ എന്ന ആപ്തവാക്യം ഫിസാറ്റ് എൻജിനീയറിംഗ് കോളജിന്‍റെയും ബിസിനസ് സ്കൂളിന്‍റെയും ദർശനം അടയാളപ്പെടുത്തുന്നു.

കോളജിന്‍റെ തുടക്കം 240 വിദ്യാർഥികളുമായായിരുന്നു. പതിനാറു വർഷങ്ങൾക്കിപ്പുറം മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികളും മികച്ച സൗകര്യങ്ങളുമായി മുന്നേറുകയാണ് ഫിസാറ്റ്. നാക് എ ഗ്രേഡ്’ ഉൾപ്പടെ മികവിന്‍റെ ശൃംഗങ്ങൾ ഏറെ സ്വന്തമാക്കി പുതിയ ആകാശങ്ങളിലേക്കു കുതിക്കുന്ന ഫിസാറ്റ്, കേരളത്തിലും പുറത്തും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാതൃകയാണ്.

മൂക്കന്നൂരിൽ പ്രകൃതിരമണീയമായ 40 ഏക്കർ ഭൂമിയിൽ ഏഴു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണു ഫിസാറ്റ് എൻജിനീയറിംഗ് കോളജിന്‍റെ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്‍റെയും (എഐസിടിഇ) കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി (കെടിയു)യുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും അംഗീകാരത്തോടെയുള്ള ആറു വീതം ബി ടെക്, എംടെക് കോഴ്സുകളും എംബിഎ, എംസിഎ പ്രോഗ്രാമുകളുമാണു ഫിസാറ്റ് എൻജിനിയറിംഗ്, ബിസിനസ് സ്കൂൾ എന്നിവയിൽ ഉള്ളത്.

സൗകര്യങ്ങളിലെ മികവ്

എഐസിടിഇ നിർദേശിക്കുന്ന സൗകര്യങ്ങളേക്കാൾ പതിന്മടങ്ങാണു ഓരോ കാലഘട്ടത്തിലും ഫിസാറ്റ് വിദ്യാർഥികൾക്കായി സജ്ജീകരിക്കുന്നത്. പ്രഫഷണൽ കോളജുകളിൽ സാധാരണമല്ലാത്ത സൂപ്പർ കംപ്യൂട്ടർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഫാബ് ലാബ് എന്ന ആശയം കേരളത്തെ പരിചയപ്പെടുത്തിയിന്‍റെ മേന്മ ഫിസാറ്റിനു സ്വന്തം. ത്രിഡി പ്രിന്‍റിംഗ് ടെക്നോളജിയുടെ അതിനൂതന സൗകര്യങ്ങൾ വിദ്യാർഥികൾക്കു പകർന്നു നൽകുന്നതിൽ ഫാബ് ലാബിന്‍റെ സംഭാവന വലുതാണ്. പല രാജ്യങ്ങളിലെയും സമാനമായ ഫാബ് ലാബുകളിൽ നിന്നുള്ള ആശയങ്ങൾ ഏകോപിപ്പിച്ച് അതിനേക്കാൾ കുറഞ്ഞ മുതൽമുടക്കിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ 2017ൽ തയാറാക്കിയ ഫിസാറ്റിലെ ഫാബ് ലാബ് കേരളത്തിൽ ആദ്യത്തേതാണ്. പ്രഫഷണൽ വിദ്യാഭ്യാസ രംഗത്തു മികവുയർത്താൻ സഹായിക്കുന്നതാണു ഫാബ് ലാബ്. സ്കൂൾ വിദ്യാർഥികൾക്കും സമൂഹത്തിനും ഇതിന്‍റെ മേന്മകൾ പരിചയപ്പെടുന്നതിനു മൊബൈൽ ഫാബ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർഥികളിൽ നിന്നു സ്റ്റാർട്ടപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു ഇൻക്യുബേഷൻ സെന്‍റർ ഫിസാറ്റിന്‍റെ ഭാഗമായുണ്ട്. വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങൾക്കും പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും എല്ലാ പിന്തുണയും കോളജ് നൽകുന്നു. 1500 കംപ്യൂട്ടറുകൾ ഉൾപ്പടെ സർവസജ്ജമായ ലാബുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. 85000 പുസ്തകങ്ങളുള്ള ഗ്രന്ഥശാലയ്ക്കു പുറമേ സമഗ്രമായ ഡിജിറ്റൽ ലൈബ്രറിയും ഫിസാറ്റിന്‍റെ പ്രത്യേകതയാണ്. മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ, ഇൻഡോർ, ഒൗട്ട്ഡോർ കളിസ്ഥലങ്ങൾ, കലാ, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയും ഫിസാറ്റ് ഒരുക്കിയിട്ടുണ്ട്.



എൻജിനിയറിംഗ്, മാനേജ്മെന്‍റ് മേഖലയിൽ പ്രവേശനത്തിന് ഏറ്റവുമധികം വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രഫഷണൽ കോളജായി ഫിസാറ്റ് മാറിക്കഴിഞ്ഞു. ക്ലാസ് മുറിക്കു പുറത്തും വിദ്യാഭ്യാസം നടക്കേണ്ടതുണ്ടെന്ന ദർശനത്തിലൂന്നി ഫിസാറ്റിൽ അക്കാദമികേതര പ്രവർത്തനങ്ങൾ നിരവധിയാണ്. കലാ, സാംസ്കാരിക രംഗങ്ങളിൽ ഫിസാറ്റിലെ മിടുക്കരായ വിദ്യാർഥികൾ മികവറിയിച്ചിട്ടുണ്ട്. സിനിമാതാരങ്ങളായ നിവിൻ പോളി, ശരണ്യ മോഹൻ, സംവിധായകരായ ഗണേഷ്, ഡിജോ ജോസ്, ഗായകരായ സച്ചിൻ വാര്യർ, അനു എലിസബത്ത്, വിവേകാനന്ദൻ, രാഹുൽ ലക്ഷ്മണൻ, ക്രിക്കറ്റർ സന്ദീപ് വാര്യർ എന്നിവർ ഫിസാറ്റിലെ പൂർവവിദ്യാർഥികളാണ്.

വിദ്യാർഥികൾക്കു നാളത്തെ നല്ല സംരംഭകരുമാവാൻ പ്രചോദനം നൽകുന്നതാണു ഫിസാറ്റിലെ അധ്യയന രീതി. ഇതിനാവശ്യമായ എല്ലാ പിന്തുണയും പ്രോത്സാഹനവും മാനേജ്മെന്‍റ് നൽകിവരുന്നു. കൃഷിരംഗത്തും സംരംഭകത്വത്തിന്‍റെ സാധ്യതകൾ കോളജ് തുറന്നു നൽകുന്നുണ്ട്. കോളജിനോടനുബന്ധിച്ചുള്ള അഞ്ച് ഏക്കർ ഭൂമിയിൽ വിജയകരമായി ജൈവകൃഷി നടത്തി മാതൃകയാവാനും ഫിസാറ്റിനു കഴിഞ്ഞു. ഫിസാറ്റിലെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുകയെന്ന കാഴ്ചപ്പാടും അതിന്‍റെ വളർച്ചയുടെ ശരിയായ ദിശയിലാണ്.


മികച്ച പ്ലേസ്മെന്‍റ്

ഏറ്റവും മികച്ച കന്പനികളെത്തി കൂടുതൽ വിദ്യാർഥികൾക്കു പ്ലേസ്മെന്‍റിലൂടെ ജോലി നൽകുന്നുവെന്നതു ഫിസാറ്റിന്‍റെ സവിശേഷതയാണ്. പ്രമുഖ കന്പനിയായ ടിസിഎസാണു ഫിസാറ്റിൽ പ്ലേസ്മെന്‍റിലൂടെ കൂടുതൽ പേർക്കു ജോലി നൽകുന്നത്. ഐബിഎസ്, ഒറാക്കിൾ, എസ്ഐബി, റോയൽ ബാങ്ക്, എച്ച്സിഎൽ, എച്ച്പി, ഗോദ്റജ്, സിന്തൈറ്റ് തുടങ്ങിയ നിരവധി കന്പനികളും പ്ലേസ്മെന്‍റിനായി ഓരോ വർഷവും ഫിസാറ്റിലെത്തുന്നുണ്ട്. ഒന്പതോളം വിദേശ യൂണിവേഴ്സിറ്റികൾ ഫിസാറ്റുമായി വിദ്യാഭ്യാസ, മാനവ വിഭവശേഷി പങ്കുവയ്ക്കുന്നതിനും സഹകരണത്തിനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇന്‍റേണ്‍ഷിപ്പ്, ബ്രിഡ്ജ് കോഴ്സുകൾ, ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പടെയുള്ള പദ്ധതികൾ ധാരണയുടെ ഭാഗമായി നടപ്പാക്കുന്നു.
നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ നേടിയിട്ടുള്ള ഫിസാറ്റിനു നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാനേജ്മെന്‍റ്.

പുതിയ ഉയരങ്ങൾ

ഫിസാറ്റ് എൻജിനീയറിംഗ് കോളജ്, ബിസിനസ് സ്കൂൾ എന്നിവയ്ക്കു പിന്നാലെ ബിആർക്ക് കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഭാവിയിൽ ഓട്ടോണമസ്, ഡീംഡ് യൂണിവേഴ്സിറ്റി പദവികളിലേക്ക് ഉയർത്തപ്പെടുക യെന്നതും ഫിസാറ്റിന്‍റെ ലക്ഷ്യങ്ങളിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ കണ്ടുപിടുത്തങ്ങളുടെ ഹബായി ഉയർത്തുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഫിസാറ്റ് ഒരുക്കുന്നത്. ഇലക്ട്രോണിക്-സാങ്കേതിക പാർക്ക് എന്നിവയും ഭാവി പദ്ധതികളാണ്.

നിരവധി സാമുഹ്യ സേവന, ജീവകാരുണ്യ സംരംഭങ്ങളും ഫിസാറ്റ് ഏറ്റെടുത്തു നടത്തിവരുന്നു. ഡയാലിസിസ് സപ്പോർട്ട് സെന്‍റർ, ഭവനനിർമാണ പദ്ധതി, സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കു പുനരധിവാസ പദ്ധതി എന്നിവയും ഉടനേ യാഥാർഥ്യമാകും.

എഫ്ബിഒഎയുടെ കീഴിലുള്ള വിവിധ പദ്ധതികളും മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. നിലവിൽ എട്ടു പ്രൊജക്ടുകളിലായി 1400 ഫ്ളാറ്റുകളും വില്ലകളും ഇപ്പോൾ എഫ്ബിഒഎയ്ക്കുണ്ട്. ഇതു കൂടുതൽ വ്യാപിപ്പിക്കും.

മികവിന്‍റെ അമരക്കാരൻ

ഫിസാറ്റ് എന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തെ സാക്ഷാത്കാര ത്തിലെത്തിച്ചു വളർച്ചയുടെ പടവുകളിലേക്കു കൈപിടിച്ച സ്ഥാപക ചെയർമാൻ പി.വി. മാത്യുവിന്‍റെ മികച്ച പിൻഗാമിയായി 2013-ലാണു പോൾ മുണ്ടാടൻ ചുമതലയേൽക്കുന്നത്. ഫിസാറ്റിന്‍റെ ദർശനവഴികൾക്കു പുതിയ ദിശാബോധവും അതിവേഗ വളർച്ചയും പകർന്നു നൽകാൻ ഇദ്ദേഹത്തിനായിട്ടുണ്ട്. മുപ്പതു വർഷമായി ബാങ്കിംഗ് മേഖലയിലുള്ള പോൾ മുണ്ടാടൻ 2005 മുതൽ എഫ്ബിഒഎയുടെ നേതൃനിരയിൽ സജീവമാണ്.

പി.വി. മാത്യു മെമ്മോറിയൽ ബ്ലോക്ക് ഉൾപ്പടെ കോളജിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായതു വലിയ നേട്ടമാണെന്നു ചെയർമാൻ പറഞ്ഞു. നാക് എ ഗ്രേഡ് അംഗീകാരം, വിശാലമായ പ്ലേഗ്രൗണ്ട്, പുതിയ ലാബുകൾ, ഫാബ് ലാബ്, ലാംഗ്വേജ് ലാബ്, ഇൻക്യുബേഷൻ സെന്‍റർ, കമ്യൂണിറ്റി റിസർച്ച് സെന്‍റർ, സ്റ്റാർട്ടപ് സൗകര്യങ്ങൾ, വിദേശ യൂണിവേഴ്സിറ്റികളുമായുള്ള സഹകരണം, കൂടുതൽ മികച്ച കന്പനികളുടെ പ്ലേസ്മെന്‍റ് എന്നിവയെല്ലാം കഴിഞ്ഞ വർഷങ്ങളിലെ മുന്നേറ്റങ്ങളാണ്.

അങ്കമാലി സെന്‍റ് ജോസഫ് ഹൈസ്കൂൾ, ആലുവ യുസി കോളജ്, തേവര എസ്എച്ച് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്‍റർനാഷണൽ മൂവ്മെന്‍റ് ഫോർ കാത്തലിക് സ്റ്റുഡന്‍റ്സ് (ഐഎംസിഎസ്) ഏഷ്യൻ കൗണ്‍സിൽ അംഗം, ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ (ഐക്കഫ്) ദേശീയ വൈസ് പ്രസിഡന്‍റ്, ആക്ടിംഗ് പ്രസിഡന്‍റ്, യുണൈറ്റഡ് നേഷൻസ് യൂത്ത് ഓർഗനൈസേഷൻ (യുഎൻവൈഒ) കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫിസാറ്റിന്‍റെ ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയ സേവനം നിർവഹിക്കുന്നതിനൊപ്പം എഫ്ബിഒഎ ദേശീയ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ പ്രൈവറ്റ് സെക്ടർ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ (എഐപിഎസ്ബിഒഎഫ്) ദേശീയ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ (എഐബിഒസി) ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, സീനിയർ വൈസ് പ്രസിഡന്‍റ്, എഫ്ബിഒഎ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫെഡ് ബാങ്കിന്‍റെ ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷൻ, പെൻഷൻ ട്രസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റി എന്നീ ചുമതലകളും നിർവഹിക്കുന്നുണ്ട്.

ദീർഘവീക്ഷണം

ജോലി സന്പാദിക്കുന്നതിനേക്കാൾ പലർക്കും ജോലി നൽകുന്ന സംരംഭകരായി വളരാനുള്ള പ്രചോദനമാണു വിദ്യാർഥികൾക്കു നൽകേണ്ടതെന്നാണു പോൾ മുണ്ടാടന്‍റെ പക്ഷം. ഇതിനു നിശ്ചയദാർഢ്യവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസവും ആവശ്യമാണ്. പ്രാഥമികഘട്ടങ്ങളിലെ പരാജയങ്ങളിൽ പിന്നോട്ടുപോകരുത്. ആസൂത്രണവും ലക്ഷ്യവും കൃത്യമാക്കണം. സംരംഭകത്വവും കണ്ടുപിടുത്തങ്ങളും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ് പെടുന്നതാകും നാളത്തെ ഇന്ത്യ. പുതിയ തലമുറയിൽ വിശ്വാസമർപ്പിക്കാൻ നമുക്കാവണം. അവർ വിസ്മയങ്ങൾ സൃഷ്ടിക്കും. നിരന്തരമായ അന്വേഷണവും ഗവേഷണവും കഠിനാധ്വാനവും അനിവാര്യമാണ്. നമ്മുടെ കരിക്കുലങ്ങൾ കാലത്തിനൊത്തു പരിഷ്കരിക്കപ്പെ ടേണ്ടതുണ്ട്. ക്ലാസ് മുറിക്കു പുറത്തേക്കും വിദ്യാഭ്യാസരീതി വളരണം. അനുഭവവേദ്യമാകുന്ന അറിവാണ് അവരെ സ്വാധീനിക്കുകയും മനസിൽ തങ്ങിനിൽക്കുകയും ചെയ്യുക: പോൾ മുണ്ടാടൻ പറയുന്നു.
മികച്ച വാഗ്മിയും എഴുത്തുകാരനും സംഘാടകനുമായ പോൾ മുണ്ടാടനു സർവകലാശാല, സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തും നിരവധി വേദികളിൽ പ്രഭാഷകനും പരിശീലകനുമായി തിളങ്ങിയ ഇദ്ദേഹം ഡിസി മീഡിയയുടെയും കെഎച്ച്ആർഎയുടെയും പ്രഫഷണൽ എജ്യൂക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

മേരി ഡേവിസാണു ഭാര്യ. കൊച്ചി വിപ്രോയിൽ ഉദ്യോഗസ്ഥനായ ജിതിൻ മുണ്ടാടൻ, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജോയൽ മുണ്ടാടൻ എന്നിവർ മക്കളാണ്.

രാഷ്ട്രദീപിക ലിമിറ്റഡിന്‍റെ 2018ലെ ബിസിനസ് ദീപിക എക്സലൻസ് ഇൻ പ്രഫഷണൽ എഡ്യൂക്കേഷൻ പുരസ്കാരത്തിത്തിലൂടെ പോൾ മുണ്ടാടന്‍റെയും ഫിസാറ്റിന്‍റെയും വളർച്ചയിൽ പുതിയ അധ്യായം കൂടിയാണ് എഴുതിച്ചേർക്കപ്പെടുന്നത്.

സിജോ പൈനാടത്ത്